Tuesday, 31 January 2012

നിറവ്

നിറവെങ്ങും നിറയുന്നു
നിറവെന്നില്‍ നിറയുന്നു
നിറയുവതറിയുന്നു,അതി-
ന്നറിവെന്നില്‍ തെളിയുന്നു

ഇരുളിലും തെളിയുന്നു
ഇരുള്‍ മാറ്റി തെളിയുന്നു
സ്വയമേയതു തെളിയുന്നു
എന്നകമേയതു തെളിയുന്നു

അകകണ്ണില്‍ തെളിയുന്നു
എന്നുയിരായതറിയുന്നു
എന്നുണര്‍വായിവളരുന്നു
എന്മിഴിരണ്ടും നിറയുന്നു

Thursday, 26 January 2012

പ്രണാമം

പാഠപുസ്തകതാളുകളിലൂടെ ചരിത്രം പഠിക്കുമ്പോള്‍ കണ്ടതെല്ലാം , തീരാപകയുടെ കിടമല്‍സരത്തിന്റെ യുദ്ധത്തിന്റെ ചോരപുഴയുടെ അധിനിവേശത്തിന്റെ കഥകളത്രേ.

പലപ്പോളും ഒര്‍ക്കാറുണ്ട്, ഇതോ നാം വാഴ്ത്തുന്ന പാരമ്പര്യം, ഇതോ നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന മാനവസംസ്കാരം

സാമാന്യേന വിരളമെങ്കിലും, അങ്ങിങ്ങായ് കാണാം വേറിട്ടൊരു സംസ്കാരം.

മാനവിക പരിമിതികളില്‍ നിന്നും വലയുന്ന വളരുന്ന മനുഷനെ സ്നേഹിച്ച, കേവലം അറിവിനെ പരമാം ദൈവമായ് ആദരിച്ച ഓര്‍മ്മകള്‍ ഇവിടെയുറങ്ങുന്നു.

ഉച്ചനീചത്വതടയണകള്‍ തകര്‍ത്തെറിഞ്ഞ് ജ്ഞാനഗംഗ മലയാളഭൂവിലൂടൊഴുക്കിയ ഭഗീരഥപ്രയത്നത്തിന്റെ ഓര്‍മ്മകള്‍ ഇവിടെയുറങ്ങുന്നു.

ആ ഓര്‍മ്മകള്‍ക്കു മുന്നില്‍, തീരാത്ത കടപ്പാടിനു മുമ്പില്‍, എത്രയും വിലപ്പെട്ട പൈതൃകത്തിനായ് എന്റെ വിനീത പ്രണാമം

Friday, 20 January 2012

എന്റെ നിഴല്‍

വീണ്ടുമൊരു പ്രഭാതമായ്, ഞാനുണര്‍ന്നു
ഞാനെന്‍ യാത്ര തുടരുന്നു
എന്‍ മുന്നിലൊരുചെറുനിഴല്‍ തെളിഞ്ഞു
അതെന്‍നിഴലായ് ഞാനറിയുന്നു

കത്തും വെയിലെന്‍ ദേഹമെരിയുന്നു
ചിത്തം തളരുന്നു, പാദം വിറക്കുന്നു
തണലിന്‍ സുഖം തേടി ഞാനെന്‍ നിഴല്‍ തിരയുന്നു
നിഴലുലുമെന്നെവിട്ടകന്നതായ് ഞാനറിയുന്നു

തളരുമെന്‍ മിഴികളില്‍ ശോകം നിറയുന്നു
ചിതറും മിഴിനീരില്‍ മഴവില്ലുതെളിയുന്നു
മഴവില്ലിന്‍ ശോഭയിലൊരു സത്യം തെളിയുന്നു
നിറപകിട്ടിന്‍ നിറമാമതിന്‍ സത്യം ഞാനറിയുന്നു

നിഴല്‍ വീണ്ടും തെളിയുന്നു, നിഴലകന്നതല്ല,
ഞാനായ് എന്നിലലിഞ്ഞതായ് ഞാനറിയുന്നു
തളരുമേതോ പഥികനു തണലായെന്‍ നിഴല്‍ വളരുന്നു
നിശയിലിരുട്ടിലൊളിക്കുവാനെന്‍ നിഴല്‍ വളരുന്നു

വിശ്വാസം

'വിശ്വാസി' തന്‍ വിശ്വാസം വെടിഞ്ഞു
ദൈവമൊരു പൂജാവിഗ്രഹമായ്
കേവല സ്വാനിഷ്ടനിവ്രിത്തിയായ്
നിത്യവ്രിത്തിക്കൊരുരൂപമായ്

ദൈവമൊരു കോവില്‍ നടയിലൊളിച്ചു
വിശ്വാസി സാന്ത്വനത്തണല്‍ തേടിയലഞ്ഞു
വിദൂരസ്വര്‍ഗ്ഗത്തിലെവിടെയോ, ഇനിയും
അടങ്ങാത്ത മനസ്സിന്‍ ശാന്തി തിരയുന്നു

Thursday, 19 January 2012

സത്യദര്‍ശനം

യുക്തി ശാസ്ത്രദര്‍പ്പണത്തില്‍ സത്യം തിരഞ്ഞു
പിഞ്ചുവിരല്‍കളാല്‍ സത്യത്തിന്നളവുകുറിക്കുന്നു
മനനഭകാര്‍മുകില്‍മറക്കുള്ളിലെവിടെയോ സത്യമൊളിക്കുന്നു,
പുനരൊരുമിന്നലായ്, മുകിലിന്‍ നെഞ്ചകം തകര്‍ത്തലറുന്നു

ചിന്തകള്‍ തന്‍ ചക്രവാളസീമയില്‍ സത്യം ജ്വലിക്കുന്നു
സ്വയം പ്രകാശമാം സത്യപ്രകാശത്തില്‍ സത്യം തിരയുന്നു
ദിനാന്ത്യത്തിന്നിരുളില്‍ സ്വര്‍ണ്ണമെങ്ങുംവിതറി സത്യം മറയുന്നു
അകത്തളത്തിലെവിടെയോ യുഗപ്പിറവിതന്‍ ശംഖൊലി മുഴങ്ങുന്നു