Tuesday, 27 May 2014

പ്രാര്‍ത്ഥന

പ്രാണപ്രവാഹത്തെയൊഴുക്കി ഞാനാ-


മോടക്കുഴല്‍ തന്നിലണഞ്ഞു പാട്ടായ്


കേള്‍ക്കാന്‍ കൊതിച്ചെന്നുമിരിപ്പു ഞാനും


വാണീയണഞ്ഞീടുക വൈകിടാതെ


Monday, 19 May 2014

നിവേദ്യം

എന്നുള്ളിലെന്നുമുണരും പല ചിന്തയെല്ലാം

നന്നായ് കുറുക്കി പല വാക്കിലുമായൊരുക്കി

തോന്നും പ്രകാരമെഴുതുന്നുവിതെന്നുമെന്നാല്‍ -

ചൊല്ലാവതോ, കവിതയെന്നൊരു പേരിതിന്നായ് ?

വാക്കിന്‍ പടുത്വമെഴുമെത്ര മഹാരഥന്മാര്‍

മേളിച്ചിരുന്നൊരുസദസ്സിതുമെന്നുമോര്‍ത്താല്‍

കുട്ടിക്കളിക്കു പലതും പറയാമതെന്നാല്‍

നന്നെന്നു ചൊല്ലുകയെളുപ്പവുമായ് വരില്ലാ

നാവില്‍ കളങ്കമണയാതെവരുന്ന വാക്കും

ചേരും പ്രകാരമെഴുതാന്‍ കഴിവേകിടാനായ്

നിത്യം ഗുരുസ്മരണയായ് ചിലതോതുമെന്നേ

ചൊല്ലാവതുള്ളു ഗുരുവര്യനിതെന്‍ നിവേദ്യം

പൊരുള്‍

വിണ്ണില്‍ കാണുന്ന സൂര്യന്‍

ചെറിയ ജലകുടം തന്നിലായ് കാണുമെന്നാല്‍

ചൊല്ലാന്‍ പാടില്ല, ചൊല്ലാം,

ചെറുകുടമിതിലായ് കാണ്മതാണുണ്മയെന്നായ്

വെവ്വേറേ കാണ്മതുണ്ടാ-

മിവിടെ പല കുടം തന്നിലും സൂര്യനെന്നാല്‍

ചൊല്ലാമീവണ്ണമത്രേ

"കരുതുക, പലത,ല്ലൊന്നു താന്‍ സത്യമെന്നായ്"

 

മണ്ണായ് തീരുന്നതാണീ

ചെറിയ ജലകുടം തെല്ലു നേരം കഴിഞ്ഞാല്‍

കാണില്ലാ തെല്ലു പോലും

ജലവു,മതിനകത്തൊട്ടു കാണില്ല സൂര്യന്‍

പൊട്ടിപ്പോയാല്‍ കുടം ഹാ!

ധരയിലൊരുജഡം താനിതെന്നോര്‍ത്തിടാതേ

തീര്‍ക്കൂന്നൂ ശബ്ദജാലം

ഭുവി,യിതു വെറുതേ മായ കാട്ടും വിലാസം

 

എന്നാലും ചൊല്ലിടാം ഞാന്‍

ധരണിയിലനിശം കാണുമീകാഴ്ചയോര്‍ത്താല്‍

തോന്നുന്നൂ വിസ്മയം മേ

പറയുകയെളുത,ല്ലുള്ളമോ തേങ്ങിടുന്നൂ

മുന്നില്‍ കാണുന്നതെല്ലാ-

മവനവനുസുഖം നല്കുമെന്നോര്‍പ്പു മര്‍ത്ത്യ-

ന്നീ മണ്ണില്‍ സ്വാര്‍ത്ഥമോഹാത്

പല പല ദുരിതം തിന്നവന്‍ വാണിടുന്നൂ

പുണ്യം

എന്നുമെന്മനസി വന്നു നീ നടനമാടുവാനുമതുകാണുവാന്‍

നിന്‍ കരാംഗുലികളെന്റെ തന്ത്രികളെ മീട്ടുവാനുമൊരുഗാനമായ്

നവ്യഭാവമണയാനതെന്നുമതിഹൃദ്യമായുമറിയാന്‍ വിഭോ

പുണ്യമായ് വരണമെന്നുമെന്‍ ദുരിതമൊക്കെ നീക്കി വരമേകിടാന്‍

Saturday, 17 May 2014

അപേക്ഷ

തെറ്റുന്നെന്‍ വാക്കു, കഷ്ടം!, പലകുറിപറയുന്നെങ്കിലും മാറ്റമെന്ന്യേ


തെറ്റുന്നൂ വീണ്ടുമെന്നാല്‍ കരുതരതു ഗുരോ ഭോഷനീശിഷ്യനെന്നായ്




തെറ്റാതെന്‍ കാലു വയ്ക്കാന്‍ കരുതലുപലതും നോക്കി ഞാന്‍ വെച്ച പാദം
തെറ്റിപ്പോയെന്നു വന്നാല്‍ തരിക കരബലം ശങ്കയറ്റെന്നുമേ നീ


തെറ്റാതെന്നാവിനെന്നും ഗുരുകരുണ ബലം തന്നിടാനായി നിത്യം
ഭക്ത്യാ ഞാനും നമിപ്പൂ ഗുരുചരണയുഗം കാത്തുരക്ഷിക്കണേ നീ
എന്നാവില്‍ നല്ലവാക്കായ് സദയമണയുവാന്‍ നിത്യവും ഞാന്‍ നമിക്കാം
തോന്നേണം ബുദ്ധിരൂപേ തവചരണയുഗം മാനസം തന്നിലെന്നും



ഈശ്വരന്‍

പ്രേമം താനീശ്വരത്വം കപടത ശകലം പോലുമില്ലാത്ത പുണ്യം

കാണാം മര്‍ത്ത്യന്നുമുള്ളില്‍ സദയമമരുമാശാന്തകാരുണ്യഭാവം

ലോകത്തിന്‍ ശാന്തിമന്ത്രം പറയുകയെളുതല്ലെങ്കിലും പേരതിന്നായ്

പേരൊന്നും ചൊല്ലിടാതേ സകലരുമറിയും സത്യമാണത്രെയീശന്‍

ധന്യം

ധര്‍മ്മത്തിന്‍ ഗ്ലാനിവന്നീ ധരയിതുകരയും നേരമെല്ലാമുദിക്കും

സ്നേഹത്തിന്‍ രൂപമല്ലീ പറവതുപലതായ്, പേരിതിന്നീശ്വരത്വം !

ധന്യന്മാരത്രെ നമ്മള്‍ കഥയിതുതുടരും നിത്യമെന്നോര്‍ത്തുകൊണ്ടാ

രൂപം നന്നായ് സ്മരിച്ചീധരയിതിലമരും നിത്യമെന്നായി വന്നാല്‍

Friday, 16 May 2014

ഹന്തഃ ഭാഗ്യം ജനാനാം

നാരത്തിന്‍ മാര്‍ഗ്ഗമേകും ഗുരുകരുണയെഴും ദിവ്യമാം സത്യമത്രെ
നിത്യം കാണുന്നു നമ്മള്‍ ഗുരുപവനപുരേ കൃഷ്ണരൂപത്തിലെന്നും
എന്നും നാമം ജപിയ്ക്കില്‍ ഗുരുപവനപുരാധീശകാരുണ്യപുണ്യം
നല്കും, വേണ്ടത്രെ ശങ്ക, മനുജനുസദയം നല്ലതായുള്ളതെല്ലാം

Thursday, 15 May 2014

കണ്ണാ

കണ്ണാ ഞാന്‍ ഭക്തനല്ലേ പിഴവുകളെഴുമൊട്ടേറെയായെന്നു കണ്ടാല്‍

തെറ്റുണ്ടെന്നോതിയെന്നേ തഴയുകയരുതേ പൂര്‍ണ്ണവേദപ്പൊരുളേ

ഞാനും നിന്‍ ദാസനല്ലേ പുനരിതുകരുതില്‍ കേവലം മര്‍ത്ത്യനല്ലേ

തെറ്റെല്ലാം തീര്‍ത്തു നീയെന്നരകിലണയുമെന്നുള്ളതേ ധര്‍മ്മമാകൂ

ശ്രീഹരേ നമഃ

വിശ്വപ്രേമസ്വരൂപം മിഴികളിലൊഴുകും ഭക്തവാത്സല്യവര്‍ഷം

നിത്യം മത്ചിത്തമദ്ധ്യേ കനിവൊടുതെളിയും ശുദ്ധസത്യപ്രകാശം

വേദത്തിന്‍ പൂര്‍ണ്ണരൂപം ഗുരുവരുളൊളിയായ് മിന്നുമാദിവ്യരൂപം

സന്താനക്ഷേമമേകാന്‍ ധരയിതിലമരും ശ്രീഹരേ മത് പ്രണാമം

അജാമിളമോക്ഷം

പണ്ടേതോ സാധുവിപ്രന്‍, പലകുറി,യഘവും ചെയ്തു പോയെങ്കിലും നിന്‍ 
പേര്‍ ചൊല്ലീയെന്നതിന്നാല്‍ മരണഭയമവന്നേറ്റു തേങ്ങുന്നനേരം 
ഏകീ നീ മോക്ഷമാര്‍ഗ്ഗം തവമഹിമയഹോ ഭൂതലേയാരറിഞ്ഞൂ !
കേള്‍പ്പൂ ഞാനിത്ഥമത്രേ ഗുരുപവനപതേര്‍ നാമമാഹാത്മ്യമായി

സത്യം

കാണാം, നാം കാണുമെന്നാല്‍,  ധരയിതിലഖിലം കൂരിരുള്‍ മൂടിയാലും

സത്യത്തിന്നില്ല നാശം, പുനരപി തെളിയും, തെല്ലു നാം കാത്തിരുന്നാല്‍

പാരെങ്ങും തിങ്ങി നില്ക്കുന്നിരുളിതുമറയും, കാര്‍മുകില്‍ മൂടിയാലും

മാനത്തുണ്ടത്രെ സൂര്യന്‍, പുനരതു തെളിയും, കാര്‍ മുകില്‍ മാറിടുമ്പോള്‍

Tuesday, 13 May 2014

പാഹി

കഷ്ടം കാണുവതെന്തിതിത്ഥമിവിടേ കൃഷ്ണാ! കനിഞ്ഞീടണേ

കഷ്ടപ്പാടൊഴിയുന്നതല്ലതു ദൃഢം ധര്‍മ്മം വെടിഞ്ഞീടുകില്‍

ദുഷ്ടര്‍ മാനവജീവനൊക്കെയുമെടുത്തമ്മാനമാടും ക്ഷണേ

ശിഷ്ടര്‍ക്കെന്നുമൊരാശ്രയം മമ വിഭോ! നീതന്നെയല്ലേ ഹരേ!

 

പ്രചോദനം

 

http://www.thehindu.com/news/cities/chennai/one-killed-in-blasts-at-chennai-central-station/article5965170.ece?homepage=true

പ്രണാമം *

എന്നില്‍ ഞാനെന്ന ഗര്‍വ്വം പലകുറിപകരും നോവകറ്റീടുവാനാ-

യെന്നുള്ളില്‍ തിങ്ങി നില്ക്കും തമസുടനകലാന്‍ സത്യമുള്ളില്‍ തെളിയ്ക്കാന്‍

ബ്രഹ്മജ്ഞാനപ്രകാശം ഹൃദയമലരിതില്‍ നിത്യമായ് കാണുവാനായ്

വന്ദിച്ചീടുന്നു ഞാനും ഗുരുപദകമലം, സദ്ഗുരോയെന്‍ പ്രണാമം

 

സത്യം ജ്യോതിസ്വരൂപം കനിവൊടുതെളിയും സച്ചിദാനന്ദമോര്‍ത്താ-

ലേകാന്തധ്യാനവേദ്യം തെളിവൊടെയനിശം മിന്നിടുന്നാത്മദീപം

ഞാന്‍ ഞാനെന്നുള്ള മന്ത്രം സകലനിമിഷവും ഗൂഢമായ് തങ്ങി നിന്നി-

ട്ടെന്നെഞ്ചിന്നുള്ളിലെന്നും സസുഖമമരുമാ സത്യമേ,യെന്‍ പ്രണാമം

 

* എന്റെ വൃത്തത്തില്‍ എഴുതാനുള്ള ശ്രമങ്ങളുടെ ഭാഗം ആയി എഴുതിയതാണ്...ഈ രൂപത്തില്‍ എത്തുന്നതിനു മുമ്പ് സഹൃദയമനസ്സുകളുടെ തിരുത്തുകളുണ്ടായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.  അങ്ങിനെയുള്ള എന്റെ പ്രത്യക്ഷഗുരുക്കന്മാര്‍ക്കും ആദിഗുരുവായ ദക്ഷിണാമൂര്‍ത്തിയ്ക്കും പ്രണാമം

 

സദാശിവസമാരംഭാം

ശങ്കരാചാര്യ മദ്ധ്യമാം

അസ്മദാചാര്യ പര്യന്താം

വന്ദേ ഗുരുപരമ്പരാം

ഭക്തി

കണ്ണാ നിന്‍ ഭക്തിയോളം ധരയിലിതെളുതായില്ല മറ്റൊന്നുമെന്നാ-

ലിന്നോളം വന്നതില്ലാ മമമനമലരില്‍ തെല്ലുമെന്നായതെന്തേ ?

മുന്നില്‍ കാണായതെല്ലാം പലകുറിദുരിതം തന്നുവെന്നാലുമെന്തേ

വീണ്ടും മോഹിച്ചിടുന്നൂ ? മനമിതുചപലം തന്നെയെന്നത്രെ ചൊല്ലാം

നിസ്സഹായത

അമ്മേ ചൊല്ലാവതല്ലീധരയിതിലടിയന്‍ വാഴുവാനായൊരുങ്ങേ

നീ തന്നൂ ഗര്‍ഭപാത്രം, പുനരധികതരം നോവുമേറ്റെത്രയോ നീ

എന്നാല്‍ ഞാന്‍ കാണ്മതിന്നോ, പലതരദുരിതം തിന്നു നീ കേണിടുമ്പോ-

ളയ്യോ ഞാന്‍ നിസ്സഹായന്‍, വിധിയിതുകഠിനം തന്നെയെന്നത്രെ കാണ്മൂ

തമസോമാ ജ്യോതിര്‍ഗമയാ

യാതൊന്നിന്നൊളിയെന്നുമെന്റെയകമേ ഞാനെന്നു ചൊല്ലുന്നതോ
യാതൊന്നിന്നൊളിയാലെ മുന്നിലുലകം കാണാവതായ് വന്നതോ
യാതൊന്നിന്‍ പൊരുളെന്റെ കണ്ണുകളുടന്‍ കൂമ്പുന്ന നേരത്തുമെന്‍
സ്വപ്നം പോലെ തെളിഞ്ഞു കാണ്മതിനെഴും സദ്ദീപമേ കൈതൊഴാം





യാതൊന്നിന്‍ പൊരുള്‍ തേടി നിത്യമലയും മാര്‍ഗ്ഗത്തിലായെന്നുമേ
യാതൊന്നിൻ കൃപ കാണ്മതുണ്ടൊരൊളിയായെന്നും സുമാർഗം തരാൻ
യാതൊന്നെന്റെ മനസ്സിലെത്തിയുണരും വാക്കായിയെന്‍ നാവിലും
പേരെന്തന്നറിയാതെ ഗൂഢമമരും ജ്യോതിസ്സിനെ കൈതൊഴാം

Saturday, 3 May 2014

ഉപാസന

വൃത്തനിബദ്ധമായി എഴുതുക എന്നത് എന്റെ ഒരു ചിരകാലമായുള്ള ആഗ്രഹം ആയിരുന്നു. ഇപ്പോള്‍ ഞാന്‍ പഠിച്ചു എന്നല്ല, എങ്കിലും എന്നെക്കൊണ്ട് എഴുതാനാവും എന്ന വിശ്വാസം തോന്നുന്നു.  ഇനിയും തെറ്റാം ഇനിയും കുറെയേറെ അറിയാനുണ്ട് എന്നൊക്കെയാണെങ്കിലും ഇങ്ങിനെയെങ്കിലും എഴുതാന്‍ സാധിക്കാന്‍ കാരണം ഫേസ്ബുക്കിലെ ഒരു സഹൃദയസുഹൃത്ത് ((പേരു അദ്ദേഹത്തിന്റെ അനുവാദമില്ലാതെ കൊടുക്കുന്നത് ശരിയല്ല എന്നത് കൊണ്ട് മറയ്ക്കുന്നു)) കാണിച്ച തെറ്റ് ചൂണ്ടിക്കാണിച്ച് ശരിയായ വഴിയെ നടത്താനുള്ള സന്മനസ്സും ക്ഷമയും ആണ്  എന്ന് കൂടി സൂചിപ്പിച്ചില്ല എങ്കില്‍ ഗുരുനിന്ദയാകും

ഇങ്ങിനെ ഞാന്‍ എഴുതിയ ചില ശ്ലോകങ്ങള്‍

വരേണമെന്നും തവപാദപങ്കജം

മമാന്തരംഗത്തിലതിന്നു സംഗതി

ശിവേ! തവാരാധനയെന്നതെന്നിയേ

എനിക്കു കാണ്മാന്‍ കഴിയില്ലൊരാശ്രയം
വൃത്തം: വംശസ്ഥം.

ഗണേശ, ദേവാ, തവപാദയുഗ്മം

എന്നെന്നുമെന്നുള്ളില്‍ തെളിഞ്ഞുകാണാന്‍

വരേണമേ നിന്‍ കൃപയെങ്കലായി

പാദാരവിന്ദത്തില്‍ നമിപ്പു ഞാനും

വൃത്തം: വിപരീതാഖ്യാനകി.

ഞാനെന്നുമേയിവിടെയോതാനെനിക്കുമൊരുവാക്കായുണര്‍ന്നിടുക നീ

ഞാനെന്നഹന്തയകലാനായിയെന്നകമനസ്സില്‍ തെളിഞ്ഞിടുക നീ

കാണുന്നതൊക്കെയകതാരിന്നുദുഖഫലമേകുന്നതായറിയുവാന്‍

കാണായിടേണമതിചേതോഹരം, അഭയമേകുന്ന നിന്റെ ചരണം

വൃത്തം: മത്തേഭം  

അഹോ കഷ്ടമജ്ഞാനമുള്ളില്‍ നിറഞ്ഞെ-

ന്നഹന്തയ്ക്കു നിന്‍ രൂപമജ്ഞാത,മെന്നാല്‍

സ്മരിച്ചില്ല നിന്‍ പാദപത്മങ്ങളെന്നായ്

പഴിക്കൊല്ല, കൈവിട്ടിടൊല്ലെന്നെയമ്മേ

അഹോ കഷ്ടമത്യുഗ്രസംസാരസര്‍പ്പം

കടിച്ചാ വിഷത്തില്‍ ദഹിക്കുന്നനേരം

അടുത്തെത്തി മോക്ഷം തരാനായിയമ്മേ

മറക്കൊല്ല, നീയെന്റെ കൈവിട്ടിടല്ലേ

വൃത്തം: ഭുജംഗപ്രയാതം 

കനിയുക, ദേവീ അടിയനിലെന്നു-

മൊരു ചെറുവാക്കായുണരുകവേണം

ഒരു ചെറുവാക്കായുണരുവതെല്ലാം

തവപദയുഗ്മേയടിയനുമേകാം

വൃത്തം: കുസുമവിചിത്ര 

മമ മാനസകമലേ തവ തിരുനര്‍ത്തനസമയേ

മിഴിനീര്‍ മണി മിഴിവിട്ടഥ തവപാദമതണയാന്‍

മമ ജീവനിലണയും പല ദുരിതങ്ങളുമകലാന്‍

കരുണാമയ, തരുകില്ലയൊ ചരണാംബുജശരണം

വൃത്തം: ശങ്കരചരിതം 

ഭജിക്കാം ഞാന്‍ നിത്യം തവചരണപ.ത്മം ശിവസുതാ

ജപിക്കാം നിന്നാമം വരികയരികില്‍ ഗൌരിതനയാ

മറക്കാതേയെന്നും മനവുമുരുകും നേരമിവനോ

കൊളുത്താമെന്നും ഞാന്‍ ചെറിയൊരുവിളക്കും ഭയഹരാ!

വൃത്തം: ശിഖരിണി

വിശ്വം നിന്‍ തിരുരൂപമെന്നു ഹൃദയേ നന്നായുറച്ചീടുവാന്‍

നിത്യം കാണുവതായ് വരുന്നതഖിലം പൊയ്യെന്നറിഞ്ഞീടുവാന്‍

ഹൃദ്യം താവകനാമമാധുരിയൊഴിഞ്ഞില്ലേതുമെന്നായിടാന്‍

കൃഷ്ണാ മാമകമാനസത്തിലനിശം നന്നായ് തെളിഞ്ഞീടണേ

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
ഹൃദ്യം ജ്യോതിസ്വരൂപം പലരിതുപലതായ് കാണുമദ്വൈതസത്യം

ഒന്നാണെന്നുള്ളതോര്‍ക്കാനടിയനവയിലുണ്ടായ മോഹം ശമിക്കാന്‍

ഗര്‍വ്വത്തിന്‍ വിത്തറുക്കാനടിമലരിണയല്ലാതെയില്ലോരുപായം

എന്നോര്‍ത്തെന്നും കൊളുത്താമടിയനിഹവിളക്കെന്റെ കൈലാസനാഥാ !
വൃത്തം: സ്രഗ്ദ്ധരാ

തരികയെന്നുമെനിക്കു ദയാപരാ
ദുരിതശാന്തിയണഞ്ഞിടുവാന്‍ കൃപാ
തവപദങ്ങളിലേക ഗണേശ നീ- 

യധികഭക്തി വരുന്നതിനായ് വരം


വൃത്തം: ദ്രുതവിളംബിതം

കാണുന്നതൊക്കെ മദകാരണമെന്നുകണ്ടു
മോഹം വെടിഞ്ഞു തവപാദബലം നിനച്ചാല്‍ 
നിന്‍ പാദഭക്തിയണയാന്‍ കരുണാകടാക്ഷം 
എന്നില്‍ കനിഞ്ഞു പകരൂ ശിവശക്തി രൂപേ

വൃത്തം: വസന്തമാലിക/വസന്തതിലകം

ചിന്തചെയ്തമരേണമെങ്കിലൊ നല്ലതായതുവന്നിടാന്‍
നിന്റെ രൂപമതിങ്കലെന്റെ മനസ്സു വന്നു നിറഞ്ഞിടാന്‍
നല്ല വാക്കുരിയാടുവാനുമെനിക്കു നീ കൃപയേകിടാ- 

നിന്നിതാതെളിയിച്ചിടുന്നു വിളക്കു, നീ വരമേകണേ


വൃത്തം: മല്ലിക

രികയെന്നുമെന്നുള്ളിലായി നീ
തരിക ദര്‍ശനം ഭീതിയറ്റിടാന്‍ 
തരിക മേ വരം ശങ്കരപ്രിയേ
മമ മനസ്സിലെ ജ്യോതിരൂപമേ

വൃത്തം: സമ്മത

എന്നകതാരിന്നിരുളകലാനായ്
അന്തകഹാരീ വരുകിനിവേഗം
എന്മനതാരില്‍ തിരുവിളയാട്ടം 

ചെയ്യുവതിന്നായണയുക, ദേവാ


വൃത്തം: മൌക്തിക മാല

പ്രാണപ്രവാഹത്തെയൊഴുക്കി ഞാനാ-

മോടക്കുഴല്‍ തന്നിലണഞ്ഞു പാട്ടായ്

കേള്‍ക്കാന്‍ കൊതിച്ചെന്നുമിരിപ്പു ഞാനും

വാണീയണഞ്ഞീടുക വൈകിടാതെ

വൃത്തം: ഇന്ദ്രവജ്ര

പ്രകാശമുള്ളില്‍ തെളിയാനെനിയ്ക്കെന്‍
വിനായകാ നീ തുണയായിടേണേ
വരുന്നദുഃഖത്തെയകറ്റിയെന്നേ 

ഗണേശ, കാത്തീടുകയെന്നുമേ നീ


വൃത്തം: ഉപേന്ദ്രവജ്ര