Thursday, 13 June 2013

കുചേലന്‍

സാധുസുഹൃത്തിന്റെചുറ്റുപാടും 
ദാരിദ്ര്യം കോമരം തുള്ളുമ്പോഴും 
കണ്ണുനീരിന്‍ നനവേതും തന്നെ
കണ്ണനാകണ്‍കളില്‍ കണ്ടതില്ല

കണ്ണൊന്നുചുറ്റുമോടിയ്ക്കുകിലോ
കാണുന്നുലോകമേ ദുഃഖശപ്തം 
ഏറുന്നലോഭമോഹങ്ങളൊത്താ-
ണേറുന്നുദുഃഖമെന്നാരറിഞ്ഞു?

തന്മുന്നില്‍ കാണുന്ന സാധുവിപ്രന്‍ 
തന്നെ നിനച്ചെത്രനാള്‍ കഴിച്ചു 
താനെന്തുകഷ്ടം മറന്നതോര്‍ത്തോ
ശൌരിമിഴികളില്‍ നീരണഞ്ഞു?

Wednesday, 12 June 2013

വിദ്വാന്‍

വിദ്വാനേ അറിയുന്നുള്ളൂ
വിദ്വാന്‍ ചെയ്യും പരിശ്രമം
വന്ധ്യകളറിയുന്നില്ലാ
തീവ്രം പ്രസവവേദന

പ്രചോദനം :
വിദ്വാനേവ വിജാനാതി
വിദ്വത്ജനപരിശ്രമം 
ന ഹി വന്ധ്യാ വിജാനാതി
ഗുര്‍വ്വീം പ്രസവവേദനാം

ഭ്രമണം

വട്ടം ചുറ്റുന്നലോകത്തില്‍
വട്ടം ചുറ്റുന്ന ജീവനായ്
വട്ടം ചുറ്റിത്തിരിഞ്ഞെത്ര
നട്ടം ചുറ്റുന്നു ഞാനഹോ

ആദ്യന്തസത്യം

കാണാം താനായുമകമലരിലുണരും ജീവകാരുണ്യമായും,
കാണാനായിതിരഞ്ഞീടി, ലവനിയിലടരാടും ചൈതന്യമായും
പാരം ​നോവേറ്റുനീറീടിലുമടിപതറാത്താത്മവിശ്വാസമായും
കാണാനാവില്ലെയെന്നോതിടുമഖിലാധീശനാമാദ്യന്തസത്യം

Tuesday, 11 June 2013

താനാര്?

താനാരിതെന്നോരുചോദ്യവുമായ് പണ്ടു
താമരനൂലിലൂടെത്തിരഞ്ഞുപോല്‍
താമരകണ്ണന്റെ നാഭിപത്മത്തിലെ
താനേപിറന്നൊരാതാരകബ്രഹ്മവും

താനാരിതെന്നോരുചോദ്യവുമായിന്നും
താനാരിതെന്നതും തെല്ലറിയാതെയും
തേടിയലഞ്ഞിങ്ങുപാരം വലയുന്നു
താനെന്നഹന്തതന്‍ മായയില്‍ വീണവന്‍

തന്നെയറിയുവാന്‍ താനെങ്കിലും വേണം
താനെങ്കിലും തന്നെ താനേയറിയണം
താനെന്നുതന്നിലെ താനെയറിയുമ്പോള്‍
തന്നിലെതാനായിട്ടെന്നെയറിഞ്ഞിടും

അറിവ്

അറിവറിയുമെന്നോതിടുന്നോനൊരുവന്‍
അറിവവനോടര്‍ത്ഥിച്ചിടുന്നോനൊരപരന്‍
അറിയുന്നതില്ലിരുവരുമെന്നതറികെടോ
അവനവനിലമരുന്നോരറിവിന്‍ പ്രകാശവും

Monday, 10 June 2013

ജീവിതം

ജീവിതരണഭൂവില്‍ ജീവിച്ചുജയിക്കുക
ജീവനിലടങ്ങുന്നോരാനന്ദം ​നുകരുക
ജീവിതമഖിലര്‍ക്കുമാനന്ദം പകരുവാനാ-
ജീവനാന്തമിങ്ങുജീവിതം നയിക്കുക

മര്‍ത്ത്യജന്മം?

കഷ്ടമീയത്യാചാരം ചെയ്തിടും മര്‍ത്ത്യന്റെ ജന്മം
ദുഷ്ടതകാട്ടുവതിന്നിത്രെയെന്നതിരില്ലെന്നോ
തൊട്ടുതലോടിയെന്നാലും  തട്ടിതകര്‍ത്തെന്നാലും
ഇഷ്ടമില്ലെനിയ്ക്കേതുമിക്കൂട്ടരോടൊത്തുക്കൂടാന്‍

മാനവമനസാക്ഷി

വഴിവിട്ടസംസ്കാരം
വഴികാട്ടിയായിടുമ്പോള്‍
വഴികിട്ടാതലയുന്നു
മാനവമനസാക്ഷി

ശൂന്യത

ശൂന്യമാമവസ്ഥയെ തന്നെയല്ലേ
പൂജ്യമെന്നോതുന്നതെല്ലാവരും
ശൂന്യതയ്ക്കാദിയെന്നുള്ളതാമോ
അന്ത്യവുമുണ്ടെന്നിരിക്കുമെന്നോ

ശൂന്യതയില്‍ നിന്നും പൊങ്ങി വന്നു
ശൂന്യതയില്‍ ചെന്നൊടുങ്ങിടുന്നു
ശൂന്യമെന്‍ ചിത്തത്തില്‍ നിന്നു പൊങ്ങും
ചിന്തയൊടുങ്ങുന്ന പോലെ തന്നെ

Sunday, 9 June 2013

ഭാരം ചുമക്കുന്ന ബാല്യം

കാലങ്ങളേറെ കഴിഞ്ഞുപോയെങ്കിലും 
ഭാരതഭൂവിലിതെന്തുകഷ്ടം 
പാരം വലഞ്ഞു കഴിയുന്നു ജീവിത-
ഭാരം ചുമക്കുന്ന ബാല്യമിന്നും 

പുഞ്ചിരിതൂകുന്നഗാന്ധിമുഖത്തിലെ 
കണ്ണുനീരിന്‍ നനവാരറിയാന്‍ 
ചര്‍ക്കതിരിക്കുന്നകൈയ്യിന്റെ സാന്ത്വന-
സ്പര്‍ശമറിയാത്തകാലമല്ലേ

Saturday, 8 June 2013

കഷ്ടം

കരളിലെ കത്തുന്ന ദീപ-
പൊരുളേതുമറിയാതെയല്ലേ
ഉലകൊക്കെ തേടുന്നു കഷ്ടം 
ഇരുളകറ്റുന്നോരുദീപം

ഗവേഷണം

തന്നില്‍ തെളിച്ചോരു ദീപം
തെല്ലുമറിയാതെ മര്‍ത്ത്യന്‍
എല്ലായിടത്തും തിരഞ്ഞു
വല്ലതെ കഷ്ടം വലഞ്ഞു

തന്നുള്ളില്‍ കാണാത്തതൊന്നും
മണ്ണിലും കാണുകയില്ല
വിണ്ണിലും കാണില്ല ചൊല്ലാം
തന്‍ കണ്ണാലെ കാണുമാറായി

ഭാരതം

ഭാരതയുദ്ധപെരുമപറഞ്ഞൊരു
ഭാരതമിന്നോ പെരുവഴിയില്‍
തേരിലെസാരഥിയിന്നെവിടെ?
നേരുരചെല്ലുവനുമിന്നെവിടെ?

അറിവ്

അറിയേണ്ടതിലൊക്കെയറിവുള്ളവനും
അറിവില്ലതനിക്കതുമിതറിയുന്നവനും
അഹമെന്നൊരുഭേദമകലുമ്പൊഴറിയും
ഇവിടില്ലൊരുഭേദമിവരറിയുന്നതിലും

ദക്ഷന്‍ ( = സമര്‍ത്ഥന്‍ )

ദക്ഷനാണെന്നഗര്‍വ്വത്താ-
ലിക്ഷിതിവാണിടുമ്പൊഴും
രക്ഷയാമേകമാസത്യ-
മിക്ഷണമോര്‍ത്തുകൊള്ളണം

ആത്മഗതം

അറിവിന്നുറവയതറിയുന്നറിവും
അറിവായകമെയുണരുന്നതറിയാന്‍
അഹമെന്നൊരുഭേദമുണരാതറിക
ഇവിടുള്ളതറിവെന്നതുമാത്രമെടോ

അന്വേഷണം

ശാന്തിനൈര്‍മ്മല്യമാനന്ദമീവക
മന്നിലെങ്ങുമേ കാണുവാനാകില്ല
വിണ്ണില്‍ ചെന്നുതിരഞ്ഞുവെന്നാകിലും 
കാണുകില്ലുള്ളില്‍ കാണുന്നതുവരെ

Friday, 7 June 2013

പാവം

അറിയാതെ ഞാനെന്റെ തൂലികത്തുമ്പാലെ
വാക്കിനെ നോവിച്ചതിന്നാലെയാകാം
മറയത്തിരുന്നിന്നൊരുവാക്കുരിയാടാതെ
പാവമെന്‍ മാനസം കേണിടുന്നു

കനിവ്

കരളുകത്തിയെരിയും നേരവും
കനവുനല്‍കുമാകനിവിനെ
കരളിലിത്തിരിനേരമെങ്കിലും
ഇരുളകറ്റുവാന്‍ കാണണേ

പ്രാരബ്ധം

പ്രാരബ്ധകര്‍മ്മത്തിന്‍*  ബാണം
തടുക്കുവാനാര്‍ക്കെളുതുള്ളൂ
എന്നോതുവാനാകുമോ കണ്ണന്‍
മന്ദസ്മിതം തൂകിനില്‍പ്പൂ

സന്ദര്‍ഭം: വേടന്റെ അമ്പേറ്റ് കണ്ണന്റെ സ്വര്‍ഗ്ഗാരോഹണം (പൂര്‍വ്വജന്മത്തിലെ ബാലിവധവും ഭാരതയുദ്ധം കഴിഞ്ഞുള്ള ഗാന്ധാരീശാപവചനങ്ങളും കൂടി ഓര്‍ക്കുക)

സിദ്ധാന്തം: അവനവന്‍ ചെയ്യുന്ന കര്‍മ്മഫലം അവനവന്‍ സ്വയം അനുഭവിച്ച് തീര്‍ക്കുകയേ വഴിയുള്ളൂ എന്നത് ശാസ്ത്രവിദിതസത്യം.  സഞ്ചിതവും ആഗാമിയുമായ കര്‍മ്മങ്ങള്‍ ജ്ഞാനാഗ്നിയില്‍ ദഹിയ്ക്കുമെങ്കിലും പ്രാരബ്ധകര്‍മ്മം എന്നത് വില്ലിന്‍ നിന്നും തൊടുത്തു വിട്ട അമ്പ് പോലെയത്രെ; ഉദ്ദിഷ്ടലക്ഷ്യത്തില്‍ ചേര്‍ന്നേ മതിയാകൂ. ആഗാമിയില്‍ ബദ്ധനാകാതിരിക്കാനുള്ള സ്വാതന്ത്യം ജീവനുണ്ട് എന്നും, അത് സമര്‍പ്പണത്തിലൂടെ സാദ്ധ്യം എന്നും  ശാസ്ത്രമതം. 

വ്യക്തിജീവിതത്തിന്റെ ദൃഷ്ടികോണില്‍ നിന്നും നോക്കിയാല്‍ കണ്ണന്റെ ജീവതം ​(മറ്റ് മഹത്-വ്യക്തികളുടെയെല്ലാം പോലെ തന്നെ) ദുഃഖപൂര്‍ണ്ണം തന്നെ ആയിരുന്നു. എങ്കിലും തന്റെ കര്‍മ്മപഥത്തില്‍ നിന്നും വ്യതിചലിയ്ക്കാതെ മുന്നേറുക തന്നെ ആയിരുന്നു; കര്‍മ്മഫലത്തില്‍ അധികാരം ഇല്ല  (ഏറെ തെറ്റിദ്ധരിയ്ക്കപ്പെട്ട ഉപദേശം ) എന്ന് അറിഞ്ഞുകൊണ്ട് തന്നെ. കര്‍മ്മവിമുഖതയല്ല കര്‍മ്മോല്‍സുകതയാണ്  ആ ജീവിതം നമ്മെ പഠിപ്പിക്കുന്നത്  

മോഹം

മോഹം ഏറിവരുന്നതുണ്ടുമനസ്സില്‍ ചൊല്ലീടുവാനെങ്കിലും
വാണീ നീ കൃപയാര്‍ന്നു കരവിരല്‍ത്തുമ്പില്‍ വരില്ലെങ്കിലോ
തന്നെതാനറിയാതെ തകരുന്നൊരാഴിത്തിരയെന്നപോല്‍
മൂകം മാമകമാനസക്കടലിലിതൊടങ്ങീടുമെന്നേവരൂ

വിസ്മയം

കാണും പൊരുളുകളേതും മരണം തീണ്ടാതില്ലാ
കാണാമവനിയിലെന്നും മരണമതേകം സത്യം
കാണാമെന്നാലിവിടെ വിസ്മയമിതെന്നേ ചൊല്ലാം
കാണില്ലൊരുവനുമതിനെ തെല്ലുനിനപ്പത് പോലും

അവനവനവനിയില്‍ നിന്നും മറയുമതുമറിയുന്നില്ലാ
അവനിയിലമരുവതത്രേ അവനുടെയറിവില്‍ കാണൂ
അപരനിലിതറിയുന്നോനവരുടെവിധിയെന്നോതും
അവനതുവരുമെന്നാരും അണുവിടയോര്‍പ്പതുമില്ലാ

Thursday, 6 June 2013

വിശ്വാസം

 കൈവിടുകില്ലവന്‍ നൂനം 
കാലദേശങ്ങള്‍ക്കതീതന്‍ 
കാലദേശങ്ങള്‍ക്കടന്നും 
കൈപിടിച്ചൊപ്പം നടത്തും

നല്ലത്

നല്ലത് കേള്‍ക്കുക നല്ലത് കാണുക
നല്ലത് ചെയ്യാനിടവരിക
നല്ലത് ഓര്‍ക്കുക നല്ലത് ചൊല്ലുക
നല്ലമനസ്സുമുണ്ടായ് വരിക

നല്ലതാമിഭൂവില്‍ നല്ലൊരുമര്‍ത്ത്യനായ്
തെല്ലിടയാകിലും വാഴുവാനായ്
നല്ലഗുരുത്വമുണ്ടാവണം സല്‍കര്‍മ്മം
നല്ലപോല്‍ ചെയ്ത് വസിച്ചീടണം

നല്ലൊരീഭൂവിതില്‍ നല്ലൊരുജീവിതം
നല്‍കിയോനെയിടയ്ക്കോര്‍ത്തീടണം
നല്ലതുണ്ടായ് വരുമെന്നുമോര്‍ത്തീടുകില്‍
നല്ലഗുരുപാദയുഗ്മങ്ങളും 

യുഗാന്ത്യം?

തീരാത്തഹന്തയിരിമ്പിന്റെമുസ്രമായ്
സാംമ്പഗര്‍ഭത്തില്‍ പിറന്നപോലെ
തമ്മിലടിച്ചിട്ട് താനേതകരുവാന്‍
മര്‍ത്ത്യനെ കാലം ശപിയ്ക്കയാമോ?

കാവ്യഗംഗ

ദേശവും കാലവും സങ്കല്പസൃഷ്ടിയെന്നോതുന്നശാസ്ത്രങ്ങള്‍ സത്യമെങ്കില്‍
കണ്ണടച്ചുള്ളില്‍ തെളിഞ്ഞൊരുസങ്കല്പസ്വര്‍ഗ്ഗത്തില്‍ നിന്നൂര്‍ന്നിടും കാവ്യഗംഗ
എന്നിലെയെന്നെയും നിന്നിലെ നിന്നെയുമൊന്നായി പുല്‍കുന്ന പുണ്യഗംഗ
നമ്മളെയൊന്നായ് തീര്‍ക്കുവാനീമണ്ണിന്‍ പുണ്യമായൊഴുകട്ടെ ഭംഗലേശമെന്യേ

ഓര്‍മ്മ

നമ്മളെ നാമാക്കി നന്നായ് വളര്‍ത്തിയ
നല്ലമനസ്സിനെ ഓര്‍മ്മവേണം
നോവിലും സാന്ത്വനസ്പര്‍ശമായ് നിന്നതാം
നല്ലമനസ്സിനെ ഓര്‍മ്മവേണം

ദോഷങ്ങള്‍ തീര്‍ക്കുവായ് ശിക്ഷയായ് വന്നതാം
നല്ലമനസ്സിനെ ഓര്‍മ്മ വേണം
കണ്ണീര്‍ മറച്ചിട്ട് പുഞ്ചിരിതൂകിയ
നല്ലമനസ്സിനെ ഓര്‍മ്മ വേണം

നല്ലത് കാണുവാന്‍ നല്ലത് ചൊല്ലുവാന്‍
നല്ലമനസ്സുമുണ്ടായ് വരണം
നല്ലത് കേള്‍ ക്കുവാന്‍ നല്ലത് വന്നിടാന്‍
നല്ലഗുരുത്വമുണ്ടായ് വരണം

സ്വാര്‍ത്ഥം

തന്റേതെന്നുചൊല്ലീടാനുണ്ടോ
ഏതാകിലൊന്ന് വാഴ്വിതില്‍
താനല്ലാതെന്തുതാനുള്ളൂ
തന്നെവിട്ടകലാത്തതായ്

ഭാഗ്യം

ഭൂമിതന്‍ പൂമടിത്തട്ടില്‍ 
വാഴും മാനവനെത്രമേല്‍ 
ഭാഗ്യവാനെന്നറിഞ്ഞിടില്‍ 
ഭാഗ്യം തന്നെയസംശയം

Saturday, 1 June 2013

ഹൈകു ചിന്തകളുമായ് വീണ്ടും

മിഴിനീര്‍ വറ്റിയ മാനത്ത്
സ്വപ്നസുഖം തേടുന്നു
മരുഭൂമി

സാഗരത്തില്‍ മുക്തി തേടി
ഒരു നീര്‍ക്കുമിള
ജീവന്‍

വിഷം (വിഷമം)വെളിയില്‍ തൂകാതെ
ഉള്ളിലിറക്കാതെ
നീലകണ്ഠനായ് ജീവന്‍

രണ്ടാം പിറവിയിലെ
സത്യം തിരഞ്ഞ്
ഒരു ദ്വിജജന്മം
(ഒരു ജന്മംതന്നിലെ തന്നെയറിയാത്ത മനുഷ്യനായ്; രണ്ടാം ജന്മം തന്നെ അറിയുന്ന, മറ്റേത് ജീവനേയും താനായറിയുന്ന തന്നോളം സ്നേഹിക്കുന്ന മനുഷ്യനായ്)

കാര്‍മുകിലിന്റെ
ഗദ്ഗദം
ഇടിമുഴക്കമായ്

മരിക്കുന്ന ഓര്‍മ്മകളില്‍
ദുഃഖത്തിന്നറുതി
ശേഷം ചിന്ത്യം

ചിതായായെരിയും ഇല
പുകയില

എത്താത്ത കൊമ്പത്തെ
പൂവിന്‍ സുഗന്ധം
ഹൈക്ക്

തകരുന്നഭ്രമണപഥത്തില്‍
കാലത്തിന്നന്ത്യം കുറിച്ച്
ഗുരുത്വാകര്‍ഷണം

അറിയാതെ പകരുന്നു
പലതായ് പെരുകുന്നു
മോഹമാം വൈറസ്സ്