Monday, 1 June 2015

ധ്യാനം

സത്യം തേടീട്ടലഞ്ഞൂ
ഭുവനമഖിലവും നഷ്ടമായിത്ര കാലം
നിത്യം നിന്നെ സ്തുതിക്കാ-
തിവിടെയമരുവാന്‍ കഷ്ടമെന്തേ വിധിച്ചൂ
സത്യത്തിന്‍ രൂപമായി-
ട്ടമരുവതുലകില്‍ നിന്‍ കൃപാവര്‍ഷമൊന്നീ
സത്യം കാണാതിരിക്കാന്‍
മമ മിഴി ഭഗവന്നെന്തിനായ് നീ മറച്ചൂ

മുന്നില്‍ ക്കാണുന്നതാമീ-
യുലകമതിലെഴും ജീവജാലങ്ങളായി-
ട്ടെന്നും ഞാന്‍ കാണ്മതെല്ലാ-
മടിയനുഭഗവാനെന്നു കാണായ് വരേണേ
എന്നും മേ മാനസത്തില്‍
തെളിയുവതഖിലം കൃഷ്ണ! നീ മാത്രമാട്ടേ
യെന്നല്ലാതെന്തുഭാഗ്യം
വരണമവനിയില്‍ മോദമോടേ വസിക്കാന്‍

പ്രചോദനം ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ, Facebook)

ഭ്രാന്തന്‍

എന്നും ഭ്രാന്തന്‍ കല്ലുമാ, യെത്ര കഷ്ടം
കുന്നിന്മേലേയ്ക്കേറിടു, ന്നെന്തിനാവോ?
പിന്നെക്കൈയ്യും വിട്ടിടും കല്ലുവീഴു-
ന്നെന്നേ കാണാം ഭ്രാന്ത! നിന്‍ കേളികൊള്ളാം

എന്നേവം ഞാന്‍ ചൊല്ലിയപ്പോളവന്നും
മന്ദസ്മേരത്തോടെയോതീ, ഭവാനും
ചെയ്യുന്നേവം തന്നെയല്ലേ, സുഹൃത്തേ
ചിന്തിയ്ക്കൂ നീ, കല്ലിതെന്‍ കര്‍മ്മമത്രേ

എന്നുമ്മേലെക്കേറ്റുമിക്കല്ലുതാഴേ
ത്തന്നേ വീഴുന്നെന്നറിഞ്ഞിട്ടുമീഞാന്‍
വന്നീടുന്നീകല്ലുമേലേക്കുകേറ്റാന്‍
പിന്നെത്താഴേക്കിട്ടിടാനായ് ചിരിക്കാന്‍

എന്നാലും നിന്‍ കണ്ണിലായ് തെല്ലു കണ്ണീര്‍
വന്നീടുന്നുണ്ടെന്തിനായ്, ചൊല്ലിടാമോ ?
എന്തേ മാറ്റാനാകുമോ കര്‍മ്മബന്ധം
എന്തിന്നായി ത്തേങ്ങിടുന്നൂ മനസ്സും ?

ഒന്നോര്‍ത്താലേ ഭേദമുള്ളൂ, സുഹൃത്തേ
യെന്നും കര്‍മ്മം ചെയ്തിടും നമ്മള്‍ തമ്മില്‍
എന്നും കണ്ണീര്‍ തൂകി നില്ക്കുന്നു നിങ്ങള്‍
മന്ദസ്മേരത്തോടെയേ ചെയ്വു ഞാനും

ഭ്രാന്താര്‍ക്കാണീപുഞ്ചിരിക്കുന്നെനിക്കോ
ഭ്രാന്തന്‍ നീയെന്നോതിന്നോര്‍ക്കു താനോ ?
മന്ദസ്മേരം ഭ്രാന്തു താനെങ്കിലോതാം
ഭ്രാന്തേ നന്നിമ്മട്ടു ഞാന്‍ വാണുകൊള്ളാം

ധ്യാനം

വിറച്ചു പോകും മനതാരു വിഘ്നം
നിറച്ചു കാണൂം സമയം ഗണേശാ
അറിഞ്ഞു നീ വന്നു തുണച്ചിടേണം
മറഞ്ഞു നിന്നീടരുതെന്റെയുള്ളില്‍

ധ്യാനം

തെറ്റാകാം മോഹമെന്നില്‍
വരുവതു ഭഗവന്നെന്തു ചെയ്യേണ്ടു ഞാനെന്‍ -
തെറ്റെല്ലാം മാറ്റിടാനായ്
തവ കൃപയൊഴികില്ലെങ്ങുമേയാശ്രയം മേ
തെറ്റായിക്കണ്ടിടാതാ-
കുറവുകളഖിലം തീര്‍ത്തു തന്നീടുവാനായ്
മാറ്റം കൂടാതെയെന്നും
തെളിയണമകമേപ്പൂവിലെത്തേന്‍ കണക്കേ

തെറ്റുന്നെന്‍ പാദമെന്നാ-
ലരികിലണയണേ കൃഷ്ണ! നീ വൈകിടാതെന്‍
ചുറ്റും താങ്ങായി നിന്നി-
ട്ടുടലിനുയിരിനും നിന്‍ കൃപാവര്‍ഷമേകൂ
ഏറ്റം കാരുണ്യമോട-
ന്നുലകിലമരുമാദൈത്യയാം പൂതനയ്ക്കും
കുറ്റം തീര്‍ത്തേകിമോക്ഷം
തവ കൃപയിവനും നല്കിടാവുന്നതല്ലേ

തെല്ലായാലും കൃപാലോ
തവ കരുണയിവന്നുണ്ടതിന്നാലെയല്ലേ
യെല്ലാനാളും ശ്രവിക്കാന്‍
കഥകളുരുവിടാന്‍ വന്നതാചാര്യനേവം
ചൊല്ലീടാനാവുകില്ലാ
മമ ഹൃദി നിറയും മോദമെന്തെന്നു കണ്ണീ-
രല്ലാതിന്നെന്തു നല്കാന്‍
കരുതുകയിതു ഞാന്‍ ചെയ്തിടും പൂജയായ് നീ


പ്രചോദനം ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ in facebook)