Monday, 26 August 2013

സാന്ദ്രാനന്ദം

താനല്ല, തന്നുള്ളില്‍ താനായിരിപ്പവനാരോ
അവനെന്നില്‍ ഞാനായിരിപ്പവന്‍
താനെന്നും ഞാനെന്നും ഭേദമില്ലാതെന്നു-
മാനന്ദസാന്ദ്രസ്വരൂപനായുള്ളവന്‍

സ്നേഹം

കരളിലെരിയുന്നകദനമല്ലാ സ്നേഹം
കനവില്‍ കാണും സ്വര്‍ഗ്ഗവിസ്മയമേതുമല്ല
കനിവായൊരുവനിലവനുമറിയാതെ
കുരുക്കും കാരുണ്യത്തിന്‍ പേരൊന്നാണത്രെ സ്നേഹം

ഞാന്‍

കവിയല്ല ഞാന്‍ കവിയ്ക്കുള്ളിലുണരും നിനവല്ല
കരളുമെരിയ്ക്കുന്നകദനമേതുമല്ല
കവിയും മോഹമല്ല കാരുണ്യത്തിടമ്പല്ല
അകമലരില്‍ നിറയുന്നമധുരമധുവത്രേ

എന്റെ തെറ്റോ?

മായയാലെന്മിഴിമൂടിയിട്ടെന്മിഴി
മായകണ്ടെന്നുള്ളതുമെന്റെ തെറ്റോ?
മായയാലെന്നുള്ളില്‍ മോഹമുണര്‍ത്തീട്ടാ
മായയില്‍ മോഹിച്ചതെന്റെ തെറ്റോ?

മോഹങ്ങളൊക്കെയും തട്ടിതകര്‍ത്തപ്പോള്‍
പൊട്ടിക്കരഞ്ഞതുമെന്റെ തെറ്റോ?
കള്ളപകിടകളിച്ചൊരുകാലത്തിന്‍
കള്ളമറിയാഞ്ഞതുമെന്റെ തെറ്റോ?

കാണാന്‍ കൊതിച്ചൊരാനേരത്തു നീ ദൂരെ-
യോടിയൊളിച്ചതുമെന്റെ തെറ്റോ?
കാണതിരുളിലൊളിച്ചോരു നിന്നെ ഞാന്‍
കാണാതെ പോയതുമെന്റെ തെറ്റോ?

കണ്ണീരാലെന്‍ മിഴി മൂടിയപ്പോള്‍ നിന്നെ
കാണാതെ പോയതുമെന്റെ തെറ്റോ?
കാണുവാനെന്മിഴിയ്ക്കാകാതെ പോയതും
കണ്ണാ,യിതൊക്കെയുമെന്റെ തെറ്റോ?

കാണുന്നു നിന്മന്ദഹാസമെന്നാലും ഞാന്‍
കൂരിരുളില്‍ ചെറുവെട്ടമായി
കേള്‍ക്കുന്നതുണ്ടു ഞാന്‍ വേണുഗാനം മെല്ലെ
കാറ്റിലൂടെത്തുന്നസാന്ത്വനമായ്

എന്തായിരിയ്ക്കാം ?

ചൊല്ലുന്നു ഞാ,നവന്‍ ചൊല്ലുന്നതുപോലെ
ചെയ്യുന്നതുമവന്‍ ചൊല്ലുന്നതുപോലെ
എന്നിട്ടുമെന്‍മിഴിക്കോണിലും കണ്ണീര്
തുള്ളിതുളുമ്പിയതെന്തായിരിയ്ക്കാം ?

എന്തിനോ വെമ്പിത്തുടിയ്ക്കുമെന്നെഞ്ചക-
മേവം മിടിപ്പതുമെന്തായിരിയ്ക്കാം ?
മന്ദസ്മിതത്തോടരികത്തണഞ്ഞവന്‍
ചൊല്ലാതെ ചൊന്നതുമെന്തായിരിയ്ക്കാം ?

വിസ്മയം

നിത്യമുണ്ടൊപ്പം മരണമെന്നുള്ളൊരാ
സത്യം മറപ്പതുമെത്രയോ വിസ്മയം
സത്യമിതൊന്നുമന്നൊപ്പം വരാകിലും
സ്വത്തില്‍ ഭ്രമിപ്പതുമെത്രയോ വിസ്മയം

സ്വത്വം മറന്നുതന്‍ സത്യം മറന്നിട്ടു
വിത്തം കൊതിപ്പതുമെത്രയോ വിസ്മയം
നിത്യപ്പൊരുളാകുമീശനെ നമ്പാതെ
സ്വത്തിനെ നമ്പുന്നതെത്രയോ വിസ്മയം

സത്യപ്പൊരുളിന്‍ വിലപേശിടുന്നൊരാ
ചിത്തഭ്രമം കാണ്മതെത്രയോ വിസ്മയം
സത്യപ്പൊരുളുള്ളില്‍ നിത്യം മറഞ്ഞിരു-
ന്നിത്ഥം കളിപ്പതുമെത്രയോ വിസ്മയം

ഒന്നുമാത്രം

വേണ്ട മറ്റൊന്നുമേ, വേണ്ടതെനിയ്ക്കുനി-
ന്മുഖദര്‍ശനമൊന്നുമാത്രം
ഇല്ലെനിയ്ക്കാശ്രയം നിന്‍പാദസ്പര്‍ശന
സൌഭാഗ്യമെന്നതൊന്നുമാത്രം

എങ്ങുപോയ്

പാതിയൊളിച്ചിട്ടും പാതിതെളിച്ചിട്ടും
പോയിമറഞ്ഞിരുളിന്‍ മറവിലായ്
പാതിപറഞ്ഞിട്ടും പാതിമറച്ചിട്ടും
പാറിയകന്നകലെയിതെങ്ങുപോയ്

ഒന്നേയുള്ളൂ

ഒന്നേയുള്ളെനിയ്ക്കെഴുതുവായെന്നും
ഒന്നേയനെയ്ക്കറിവതുള്ളൂ
ഒന്നേ കാണുവതുള്ളു ഞാനെപ്പൊഴുമ-
തൊന്നേ ചൊല്ലുവാനായുമുള്ളൂ
ഒന്നല്ലാതേറെയുണ്ടെന്നൊക്കെ കാണ്മതില്‍
കാണുമാറായെനിയ്ക്കൊന്നേയുള്ളൂ
ഒന്നെത്ര കോടിയസം ഖ്യമായ് കാണ്കിലും
കാണുന്നതിലൊക്കെയതൊന്നേയുള്ളൂ

ഉറവ്

ഞാന്‍ ചൊല്ലും വാക്കുകളില്‍
ഞാനില്ലയെന്നറിക
ഈ വണ്ണം ചൊല്ലുവതും
ഞാനല്ലയെന്നറിക

ചൊല്ലുന്നതാരൊരുവന്‍
ചൊല്ലിമറഞ്ഞിടുന്നു
ചൊല്ലിയവരികളെ ഞാന്‍
ചൊല്ലി മറന്നിടുന്നു

ചൊല്ലാനാവാത്ത നോവുകളില്‍
ഞാനും വലഞ്ഞിടുന്നു
ചൊല്ലുന്നോനവനെ കാണാന്‍
ഞാനെങ്ങുമലഞ്ഞിടുന്നു

എഴുത്ത്

കടലാസെനിയ്ക്കേതും വേണ്ടയിന്നെഴുതുവാന്‍
നിന്‍ ചിദാകാശത്തിലാണെന്നെഴുത്തോലകള്‍
മനതാരിലുണരുന്നെന്‍ സ്വപ്നങ്ങളെഴുതട്ടെ
സ്നേഹമാധുര്യമൂറുമെന്‍ തൂലികതുമ്പാലെ

പൊട്ടത്തവള

പൊട്ടക്കിണറ്റിലെ തവളയറിഞ്ഞില്ല
മുട്ടനൊരുലോകം വെളിയിലുണ്ടെന്നതും
പൊട്ടക്കിണറ്റിന്‍ പുറത്തുള്ളതൊക്കെയും
പൊട്ടയെന്നോതുന്നപൊട്ടനത്രേയവന്‍

സമയം

നന്നുതാന്‍ നിന്റെ ചോദ്യമെന്നാകിലു-
മിന്നാളാരിതിന്നുത്തരമേകിടാന്‍ ?
ഇന്നലെ പോയ് മറയ്കയും ചെയ്തു
നാളെയാണെങ്കില്‍ വന്നതുമില്ല

ഇന്നുമാത്രമുണ്ടെന്മുന്നിലെപ്പൊഴുമ-
തൊന്നുമാത്രം ഞാനെന്നുമേ കാണുന്നു
ഇന്നുനാളെയിന്നലെയെന്നൊക്കെ
യെന്നുമുള്ളതെന്‍ കല്പനയായിടാം

ചഞ്ചലമല്ലാതുള്ളൊരുചിത്തത്തി-
നില്ലപോലിന്നുനാളെയെന്നൊക്കെയും
എന്തുതന്നെയതാകിലുമാവില്ല ചൊല്ലാ,
നെന്നാലേവം ഞാന്‍ ചൊല്ലിടാം

ഇന്നലെ തന്റെ ഗര്‍ഭപാത്രത്തിങ്കല്‍
തന്നെയാണെന്നുമിന്നിന്റെ ജന്മവും
എന്നിലുണ്ടുവരും കാലമൊക്കെയും
ഇന്നുബീജത്തിന്‍ രൂപത്തിലാകിലും

കടപ്പാട്: ആത്മോപദേശശതകത്തിലെ
"പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ‌--ക്കൊരുപതിനായിരമാണ്ടൊരല്പനേരം
അറിവപരപ്രകൃതിക്കധീനമായാലരനൊടിയായിരമാണ്ടുപോലെ തോന്നും."

Thursday, 22 August 2013

ചഞ്ചല

ലക്ഷ്മിചഞ്ചലയാകാമൊടുവിലായ്
വിഷ്ണുപാദത്തിങ്കലെത്തും വരെയ്ക്കുമേ
വിഷ്ണുപാദമണയ്കിലോ ലക്ഷ്മിയും
വിഷ്ണുപാദം വിട്ടകലാറുമില്ലല്ലോ

സുദര്‍ശനം

തന്നില്‍ കാണാത്ത യാതൊന്നും
മണ്ണില്‍ കാണാവതല്ലെടോ
കണ്ണാല്‍ കാണില്ലയെന്നാലും
തന്നുള്ളില്‍ കാണുന്നതില്ലയോ

ഗുരുവചനം

നിറം മങ്ങുകില്ലാ മൊഴികള്‍ക്കൊരുനാളിലും
നിറമങ്ങുവതോ മിഴികള്‍ക്കെന്നറികെടോ
നിറം മങ്ങിലോ മാഞ്ഞുപോകും മനുഷ്യരാ,
നിണമതിനാലീമണ്ണിലുള്ളതെല്ലാം നശിച്ചിടും

കവിത ?

കവിത ഞാനെഴുതാറുമില്ലേതുമെന്‍സഖേ
കവിതയെഴുതാനെനിയ്ക്കറികയുമില്ലെടോ
അകതാരിലുണരുവതോരോന്നെടുത്തൊ-
രുഹാരമൊരുക്കയതൊന്നേയെനിയ്ക്കാവൂ

ഭയം

മതമല്ല മദമാണ്, മനതാരിലെങ്കിലാ-
മതമോതും മനുജനെ ഭയമെനിയ്ക്ക്
മിതമല്ല മതമിന്ന്, മനുജനെയലട്ടുന്ന-
മദമാകില്‍ മതവും ഭയമെനിയ്ക്ക്

എന്തുഹേതു?

അകതാരില്‍ വിടരുന്നഹൃദയപത്മത്തിങ്ക-
ലൊരുദീപം തെളിയുവതിനെന്തുഹേതു?
ഇരുമിഴികളിലറിയാതെ നിറയുന്നകണ്ണീരും
മിഴിയിതളുവിട്ടൊഴുകുവാനെന്തുഹേതു?

ഒരുവേളയവിടുത്തെ പാദപത്മത്തില്‍
നിന്നൊരുധൂളിയെന്മേല്‍ പതിച്ചതാകാം
ഒരുവേളയവിടുത്തെ താമരക്കണ്ണെന്‍മേല്‍
കരുണാകടാക്ഷം ചൊരിഞ്ഞതാകാം

കണ്ണനെ കാണാന്‍

കണ്ണിനാലേതുമേ കാണുവാനാകാത്ത
കണ്ണനെ കാണുവാനെന്തു നല്ലൂ?
കണ്ണടച്ചുള്ളമുരുകി നിനയ്ക്കുകില്‍
കണ്ണനെ കാണാകുമെന്നു ചൊല്വൂ

കണ്ണാല്‍ കാണുമാറാകില്ലയെങ്കിലും
കണ്ണനെ കാണാമകകണ്ണിനാല്‍
കണ്ണിനെ കാണുമകകണ്ണായുള്ളതും
കണ്ണനവന്‍ താനെന്നത്രെ ചൊല്വൂ

നവനീതചോരന്‍

അകതാരിലുറകൂടും നോവെന്നും കടയുകി-
ലതിലൂറൂം വെണ്ണ മധുരമെന്നറിവു ഞാന്‍
അതുമെടുത്തകമേയുറിലായ് വെയ്ക്കിലോ
അതെടുക്കാനവനുമെത്തുമെന്നറിവു ഞാന്‍

മനതാരിന്നുറിയിലെ നവനീതമാധുര്യമവ-
നെന്നും പ്രിയതരമെന്നത്രെ കേള്‍പ്പു ഞാന്‍
ഉറിനിറയെ വെണ്ണയും വെച്ചു ഞാനെത്ര നാള്‍
കാത്തിരിപ്പൂ നിന്നെ കാണുവാനായഹോ

ഉറിയിതില്‍ നവനീതം പോരാഞ്ഞിട്ടാകുമോ
അതിലില്ല മാധുര്യമെന്നാകയാലാകുമോ
മധുരമന്ദസ്മിതം തൂകമാകണ്ണനെന്‍
സവിധത്തിലെന്തിനിയും വന്നതുമില്ലെടോ?

മനസ്സ്

ഉള്ളത്തിലെന്നുമേയുള്ളതായുള്ളത്
മനസ്സല്ല, മനസ്സെന്നതുള്ളതല്ല
മനസ്സെന്നും ചിന്തതന്‍ കൂട്ടമല്ലേ
ചിന്തയില്ലായ്കില്‍ മനസ്സുമില്ലയത്രേ

ദര്‍ശനം

ഉലകിതിരുളിലാഴുമ്പൊഴും കാണുന്നെ-
ന്നകക്കണ്ണിന്നൊളിയായ് നിന്‍ ദിവ്യമാം രൂപം
അകതാരിന്നിരുളിലും തെളിയുന്നതുണ്ടെന്നും
കനിവാര്‍ന്നുപുഞ്ചിരിതൂകുന്നനിന്മുഖം

ഭയം

പൊയ്മുഖമിന്നും ഭയമാണെനിയ്ക്ക്
പൊയ്വാക്കുരയ്ക്കാന്‍ മടിയാണെനിയ്ക്ക്
പൊയ്വാക്കുരയ്ക്കാന്‍ മടിയ്ക്കാത്തനാവിനെ
പൊയ്യല്ലയിന്നും ഭയമാണെനിയ്ക്ക്

കഷ്ടകാലം

കാലം രണ്ടേ കഷ്ടമുള്ളൂ
വാഴ്വിലാകെയെന്നുചൊല്ലാം
ഒന്നു നീയിങ്ങണയ്വതിന്‍ മുന്‍
വേറൊന്നു നീ പോയശേഷം

പ്രചോദനം:
വക്ത് സാരീ സിന്ദ്ഗീ മേം ദോ ഹി ഗുസ്-രേ ഹേ കഠിന്‍
ഇക് തേരേ ആനേ കെ പെഹ്-ലെ, ഇക് തേരേ ജാനേ കെ ബാത്ത്

ശാശ്വതം

സ്നേഹാമൃതം നല്കും മോഹിനീരൂപവും
മായായാമതുമാഞ്ഞുപോയേ മതിയാവുള്ളൂ
തന്നുള്ളിലില്ലാത്തതൊന്നുമേ കാണില്ല
മന്നിതില്‍ ശാശ്വതമെന്നത്രെ കേള്‍പ്പു ഞാന്‍

അരുത്

മനസ്സിന്റെമൊഴിയേതും കേള്‍ക്കാതിരിയ്ക്കരുത്
മനം നൊന്തുപാടുമ്പോള്‍ താളം പിടിയ്ക്കരുത്
കരള്‍ നീറിയെരിയുമ്പോള്‍ കരയാതിരിയ്ക്കരുത്
മിഴിനീരുപൊഴിയുമ്പോള്‍ കാണാതിരിയ്ക്കരുത്

മര്‍ത്ത്യന്‍

മനസ്സില്‍ പെരുക്കുമഹങ്കാരത്തിനാലത്രെ
മറക്കും മനുഷ്യന്‍ ദൈവത്തിനെ പോലും
തന്നെയറിയാതെ തന്നെതിരയുന്നു
തന്‍വാഴ്വുവ്യര്‍ത്ഥമായ് തീര്‍ക്കുന്നവന്‍ മര്‍ത്ത്യന്‍

'ഇന്നു ഞാന്‍ നാളെ നീ'

'ഇന്നു ഞാന്‍ നാളെ നീ'യെന്നുള്ള വാക്യങ്ങ-
ളിന്നാരുമോര്‍പ്പതില്ലെന്നതാണത്ഭുതം
എന്തിനോ വേണ്ടിത്ര നെട്ടോട്ടമോടുമ്പോ-
ളെന്തൊക്കെ നഷ്ടമായെന്നുമറിവീല
------------------------------------------
'ഇന്നു ഞാനും നാളെ നീ'യെന്നോര്‍പ്പതില്ലാരുമേ
എന്നുമേയെന്നപോല്‍ വാഴ്വതുണ്ടിതേവരും
എന്നുമേയുണ്ടാകയില്ലയിന്നു നമ്മള്‍ കാണ്മതി-
ലൊന്നുമേയെന്നോര്‍ത്തിടുന്നതില്ലയെങ്ങുമാരുമേ

നാടെവിടെ?

തുമ്പിതുള്ളുന്നെന്റെ നാടെവിടെ, മുറ്റത്തു
തുമ്പപൂക്കുന്നെന്റെ നാടെവിടെ?
തുമ്പമില്ലാത്തെന്റെ നാടെവിടെ, ഉള്ളത്തി-
ലന്പുനിറഞ്ഞൊരെന്‍ നാടെവിടെ?

കണ്ണീര്

ഉള്ളവനുള്ളത്തിലുള്ളതും കണ്ണീര്
ഇല്ലാത്തവനെന്നുമുള്ളതും കണ്ണീര്
ഉള്ളിതുറന്നതിന്നുള്ളം തിരയുമ്പോള്‍
തള്ളിവരുന്നതുണ്ടിതെന്നുമീ കണ്ണീര്

ഉള്ളതുകാണുവാനുള്ളിത്തൊലിപൊളി-
ച്ചുള്ളില്‍ ഞാന്‍ നോക്കുമ്പോള്‍ വന്നതും കണ്ണീര്
ഉള്ളിതന്നുള്ളിലൊന്നുമില്ലെന്നറി-
ഞ്ഞുള്ളം തപിയ്ക്കുമ്പോള്‍ വന്നതും കണ്ണീര്

ഉള്ളതുകാണുവാന്‍ തന്റെയുള്ളില്‍ തന്നെ
ചെന്നുതിരയുമ്പോള്‍ വന്നതും കണ്ണീര്
ഉള്ളതിപൊരുളേകമുള്ളില്‍ തെളിയുമ്പോള്‍
കണ്ണില്‍ നിറയ്വതുമെന്നുമീ കണ്ണീര്

ആന

ശിരസ്സില്‍ തിടമ്പ്
കാലില്‍ ചങ്ങല
ആന വലിയൊരബദ്ധം

പ്രഹേളിക

നോവിച്ചതില്ലെന്നെയിത്രമേലേതുമേ
മോഹത്തിലേറ്റുള്ളോരോമുറിവുപോലെ
മോഹിപ്പതിപ്പൊഴുമിതെന്തേ വിചിത്രം
നോവേറ്റുതേങ്ങുന്നൊരെന്‍മനസ്സുതന്നെ

അനന്തം

അനന്തമായുള്ളതുണ്ടൊന്നിലുമേറെയെങ്കില്‍
അനന്തമെന്നതിനെ ചൊല്ലിടാമോ?
ഉണ്മയൊരുവേള പലതായി കാണ്കിലുമത്
പലതെന്നുതോന്നുവതുണ്മയാമോ?

Friday, 16 August 2013

കാരുണ്യസ്പര്‍ശം

ലളിതമെന്മലയാളം മധുരം മനോഹരം
തരളമെന്മമാനസം കേവലാനന്ദസാന്ദ്രം
സുഖദമീധരയിലെ ജീവിതവും സുകൃതം
കരുണമയനവന്‍ തന്റെകാരുണ്യസ്പര്‍ശം

ആനന്ദം

മാനത്തുവിമാനങ്ങള്‍ പാറിപറന്നോട്ടെ
പാതയില്‍ കാറുകള്‍ പാഞ്ഞുനടന്നോട്ടെ
താണ്ടുവാനില്ലേറെദൂരമെനിയ്ക്കാകയാല്‍
മന്ദം നടന്നു ഞാനാനന്ദം നുകര്‍ന്നോട്ടെ

ഉണ്മ

മനോബുദ്ധി രണ്ടുമേ നമ്പിടാതെന്‍സഖേ
മഹാമായതന്നിരുകരങ്ങളിതെന്നറിക നീ
മഹാമായകാട്ടും ദിവാസ്വപ്നങ്ങളിലല്ലുണ്മ
മഹേന്ദ്രജാലമിതുകാണുമകണ്ണുകളാണുണ്മ

'അഹം' ആവാം 'വയം'

'അഹം' ആവാം 'വയം' പക്ഷെ ആര് ആവും സ്വയം? :)

അഹം എന്നതിന്റെ ബഹുവചനം ആണല്ലൊ വയം അഥവാ നമ്മള്‍ എന്നത്. 'ഞാന്‍' 'എന്റെ' എന്ന സ്വാര്‍ത്ഥചിന്തകള്‍ വെടിയണം എന്ന് പറയുമ്പോള്‍ പലപ്പോഴും പലരും അത് ചെയ്ത് കാണിയ്ക്കാറില്ല... ഹിന്ദിക്കാര് പറയണത് പോലെ ഹാഥീ കാ ദാന്ത് ഖാനേ കാ ഏക് ദിഖാനേ കാ ഏക് (ആനയുടെ പല്ല് കാണിയ്ക്കാനുള്ളതൊന്ന്, തിന്നുവാന്‍ മറ്റൊന്നും!)

സംസ്കൃതം പഠിയ്ക്കുമ്പോള്‍ സിദ്ധരൂപം (അതായത് നാമരൂപങ്ങളുടെ വചനങ്ങളുടെ വ്യത്യാസവും (ഏക, ദ്വി, ബഹു) വിഭക്തി (പ്രഥമ മുതല്‍ സപ്തമി വരെ) ) പഠിച്ചിരുന്നു കുട്ടിക്കാലത്ത്; അതില്‍ അഹം എന്നതിന്റെ പ്രഥമ ഇങ്ങിനെ ആണ് കൊടുത്തിരിയ്ക്കുന്നത് "അഹം ആവാം വയം".. അഹം ഏകവചനവും ആവാം എന്നത് ദ്വിവചനവും വയം എന്നത് ബഹുവചനവും ...ആവാം എന്നതിന് അഹം എന്നതിന്റെ ദ്വിവചനം അല്ലാതെ മലയാള വാക്കിന്റെ അര്‍ത്ഥത്തില്‍ പ്രയോഗിയ്ക്കുക എന്ന ഒരു കുസൃതി കൂടി ഉദ്ദേശിച്ചിരുന്നു.

എന്തുകൊണ്ട്?

നിത്യമല്ലാതുള്ള മായികകാഴ്ചയില്‍
നിത്യമെന്‍ മാനസം മുഴുകുന്നുവെങ്കിലും
നിത്യപ്പൊരുളിന്റെ സത്യപ്രകാശവും
നിത്യവുമുള്ളില്‍ തെളിയുന്നതുമുണ്ട്

സത്യപ്രകാശപ്പൊലിമയിലെന്മനം
നിത്യവും കാണുന്നുലോകമെന്നാകിലും
നിത്യമനിത്യമാം ലോകത്തിലെന്മനം
സത്യപ്രകാശം തിരയുന്നതെന്തിനായ് ?

സത്യമേ നിത്യമായുള്ളതായറികിലും
സത്യമനിത്യത്തില്‍ തേടുവതെന്തിനായ്
നിത്യപ്പൊരുളാകും സത്യമെന്നുള്ളിലും
നിത്യം പ്രകാശിപ്പതിന്നാലെയാകുമോ?

സ്വാതന്ത്ര്യം

തോന്നുന്നതൊക്കെയും ചൊല്ലുവാനുള്ളൊരു
സ്വാതന്ത്ര്യമല്ലെടോ സ്വാതന്ത്ര്യമെന്നത്
തോന്നുന്നതൊക്കെയും ചെയ്യുവാനുള്ളൊരു
സ്വാതന്ത്ര്യവുമല്ല സ്വാതന്ത്ര്യമെന്നത്

കര്‍മ്മപഥങ്ങളിലൊന്നിച്ചുനീങ്ങുവാന്‍
ധര്‍മ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചീടുവാന്‍
നല്ലൊരുനാളെയ്ക്കായ് നല്ലൊരുനാടിനായ്
നന്മചെയ്യാനാട്ടെ സ്വാതന്ത്ര്യമെന്നുമേ

ശാന്തം

മാനസം ശാന്തമാണിന്നു
ഓടിത്തളര്‍ന്നകാറ്റിനെ പോലെ
ആടിത്തകര്‍ന്നതിരകളെ പോലെ

മാനസം മൂകമാണിന്നു
അലറിമടുത്തവാനം പോലെ
പാടാന്‍ മറന്നകുയിലിനെപോലെ

മാനസം ശൂന്യമാണിന്നു
പെയ്തൊഴിഞ്ഞമേഘം പോലെ
ദാഹനീരില്ലാത്തനദിയെ പോലെ

നോവുന്നനേര്

നേരോതുന്നനാവുണ്ട്
നോവേകുന്നനേരുണ്ട്
നീറീടുന്നനോവുണ്ട്
നീറുന്നൊരുനോവെന്റെ
നേരായിവിടെന്നൂണ്ട്

Sunday, 11 August 2013

പാവം മനുഷ്യന്‍

ദൈവമൊട്ടല്ലൊരുദേവപുത്രനുമല്ല ഞാന്‍
പാവമൊരുമാനുഷജന്മമാണത്രെ ഞാന്‍
എന്‍കണ്ണിലായ് കാണാം കണ്ണുനീരൊരുവേള
എന്‍ചുണ്ടില്‍ പുഞ്ചിരി കാണാം നീ ചിലനേരം

നോവേറ്റുനീറുമ്പോള്‍ താനേയൊഴുകുന്ന
കണ്ണുനീര്‍തുള്ളികളുണ്ടെന്റെ കണ്‍കളില്‍
ദുഃഖത്തിന്‍ പേമാരിപെയ്തിട്ടും സത്യത്തെ
കാണാന്‍ മടിയ്ക്കുന്നകക്കണ്ണുമെനിയ്ക്കുണ്ട്

നോവും മനസ്സുണ്ട് മോഹഭംഗങ്ങളുണ്ടെന്നാല്‍
സ്വപ്നങ്ങള്‍ കാണുന്നകണ്ണുമെനിയ്ക്കുണ്ട്
ഉള്ളില്‍ കളവുണ്ടേറെസ്വാര്‍ത്ഥതയുമുണ്ട്
ഞാനെന്നഹന്തയടങ്ങാതെയുണ്ടെന്നില്‍

വിജ്ഞാനദാഹത്തിന്‍ പൊയ്മുഖമുണ്ടെന്നും
അജ്ഞാനതമസ്സുണ്ടറിവുണ്ടെന്ന ഗര്‍വ്വവും
തന്നോടുചേര്‍ക്കാനൊരുങ്ങുന്നസര്‍വ്വവും
തന്നെവിട്ടകലുമ്പോള്‍ തകരുന്നതുണ്ടെന്നും

മൃഗം

കാപട്യമില്ലപോല്‍ തെല്ലും
കാനനം തന്നിലായ് കാണും
കാട്ടുജീവ്യേതിനേക്കാളും
ക്രൂരനാം മാനവന്‍ വെല്ലും

കാട്ടുന്നഗോഷ്ടികള്‍ കണ്ടാല്‍
വാലുള്ളവാനരന്മാര്‍ക്കും
നാണമെന്നത്രേയറിവൂ
പൂര്‍വ്വികരെന്നുള്ളപേരില്‍

നന്മയില്ലാത്തമനുഷ്യന്‍
തിന്മതന്മൂര്‍ത്തസ്വരൂപം
മൃഗമെന്നോതുകവയ്യ
മൃഗമത്രനീചരല്ല

Saturday, 10 August 2013

അവന്‍

ചാരത്തണഞ്ഞെന്നെത്തൊട്ടുണര്‍ത്തുന്നവന്‍ 
ദൂരേയ്ക്കകന്നെന്നില്‍ നോവുപകര്‍ന്നവന്‍ 
ദൂരയെല്ലേറ്റമരികത്തിരുന്നിട്ടും 
കാണുവാനാകാതെതന്നെമറപ്പവന്‍ 

കണ്ണിനും കണ്ണായിട്ടെന്നിലിരിപ്പവന്‍ 
കാണാത്തകാരുണ്യരൂപനായുള്ളവന്‍ 
കണ്ണിലെ കണ്ണുനീരായുമിരിപ്പവന്‍ 
കണ്ണുനീരൊപ്പുമാകൈയ്യുമവനല്ലോ

പുഞ്ചിരിതൂകുന്നസാന്ത്വനമാണവന്‍ 
നെഞ്ചകം തേടുന്നസ്നേഹത്തിടമ്പവന്‍ 
കൊഞ്ചുന്നപൈതലില്‍ സൌന്ദര്യമാര്‍ന്നവന്‍ 
പഞ്ചബാണോപമപ്രേമസ്വരൂപനും 

കാര്‍മുകില്‍ കാണുമ്പോളാടും മയിലുപോ-
ലാടുമെന്‍ മാനസം കാണുന്നവനവന്‍ 
ആടുമെന്‍ മാനസമാടുന്നതിന്നൊപ്പം 
ആടുന്നകേവലാനന്ദസ്വരൂപനാം

എന്തിനാവാം?

മന്ദം നടന്നെന്നരികത്തുവന്നിന്നു
മന്ദസ്മിതം തൂകിനില്‍പവനാരിവന്‍?
മന്ദാനിലന്‍ മൂളും വേണുഗാനം കേട്ടെ-
ന്നുള്ളം തുടിപ്പതിന്നെന്തിനാവാം

 

 

മതം

കാരുണ്യമീശ്വരന്‍
സ്നേഹമാണെന്മതം
ശാന്തിയെന്‍സന്ദേശം
മൈത്രിയെന്‍മാര്‍ഗ്ഗവും

സാന്ത്വനമെന്‍സ്പര്‍ശം
സൌഖ്യമെന്‍ലക്ഷ്യവും
മിഴിനീര്‍ തുടയ്ക്കുന്ന
കൈകളെന്‍ കൂട്ടുകാര്‍

മേഘങ്ങളേ

വിണ്ണില്‍ പറക്കുന്ന മേഘങ്ങളേ നിങ്ങള്‍
മണ്ണില്‍ കളിച്ചിരിന്നോരല്ലയോ
മണ്ണിന്റെ നീരായിരുന്നോരല്ലെ നിങ്ങള്‍
മണ്ണിന്റെ നോവറിവോരല്ലയോ

Thursday, 8 August 2013

ചൊല്ലാത്തനോവുകള്‍

കാണാമോരോരോപൂവിനുമുള്ളിലു-
മാരും കാണതുള്ളതാം നൊമ്പരം
കാണാമോരോമാനസം തന്നിലു-
മാരും ചൊല്ലാതുള്ളതാം നോവുകള്‍

പ്രഹേളിക

വാക്കുരയ്ക്കുന്നത് നാവെന്നിരിയ്ക്കിലും
ശിക്ഷയേല്‍ക്കില്ലവനതുനിര്‍ണ്ണയം
പല്ലിനേകിടും ശിക്ഷയെന്നേ കേള്‍പ്പൂ
നാവിനില്ലൊരുഭയമതിനാലേതും

ആങ്കാരം

ആകാരം ചെറുതെന്നാലും ആകാരം വലുതാകിലും
ആങ്കാരം ചെറുതെന്നാലുണ്ടാകാദോഷമൊരിക്കലും
ആങ്കാരം വലുതെന്നാലോ ആകാരം വലുതാകിലും
ആടിത്തളര്‍ന്നു വീണേപോം ആഴിത്തിരകണക്കിനേ

എന്തേ?

മൌനത്തിലൊളിച്ചെന്തു നീ-
യെന്നുള്ളിലൊളിച്ചെന്തു നീ
എന്നരികില്‍ വന്നെന്തെന്റെ
മിഴികളെ മറച്ചു നീ

ജീവന്റെ സ്പന്ദനം

മരണം മറച്ചില്ലേയിന്നലെക്കണ്ടതും?
പിറന്നതേയില്ലിന്നും നാളെയെന്നുള്ളതും
ഇന്നു നാം കാണുമീനിമിഷത്തിലേ കാണൂ
എന്നും തുടിയ്ക്കുന്നജീവന്റെ സ്പന്ദനം

പൊയ്മുഖം

കാണുന്നവനെ നാം കാണുന്നതുവരെ
കാണുന്നതൊക്കെയും പൊയ്മുഖമല്ലയോ
കാണുന്നവനെ ഞാന്‍ കാണുവാണിത്ര
കാലമായ് കാത്തിരിയ്ക്കുന്നതുമീവിധം

പ്രഹേളിക

പൊയ്മുഖം കാണുമ്പോള്‍ പേടിച്ചലറുന്ന
പൈതലാണിന്നും ഞാന്‍, 'വളരുന്ന'തില്ലയോ
പൊയ്വാക്കുരയ്ക്കാനറയ്ക്കുന്നനാവെന്റെ
ശത്രുവോ മിത്രമോ ചൊല്ലെടോ നീ സഖേ

മോഹം

മോഹമുണ്ടാകാമീനദിയ്ക്കൊരുവേളയാ
സഹ്യന്റെ മടിയില്‍ തലവെച്ചുറങ്ങുവാ-
നെങ്കിലും സാദ്ധ്യമല്ലെന്നത്രെയോതുന്നു
കാലത്തിന്‍ കൈയ്യിലെ പാവകളല്ലേ നാം

വിശ്വാസം

നാരായണന്‍ താനിവിടുള്ളതാകായാല്‍
നല്ലതേ കാണാവൂ നല്ലതേ കൈവരൂ
നാലുനാള്‍ ചെന്നാല്‍ നാറിപുഴുക്കുന്ന
നമ്മുടെ ദേഹത്തെയല്ലിന്നുനമ്പേണ്ടൂ

സ്നേഹാമൃതം

വിഷമമൃതുമാകാം ചിലപ്പോളമൃതുവിഷവുമായെന്നിരിയ്ക്കാം
രണ്ടായാലുമധികമെന്നാല്‍ ദോഷം തന്നെയസംശയം
സ്നേഹമായാലും വിഷമം ദ്വേഷമായാലും വിഷമം
രണ്ടായാലുമുണ്ടാം മനസ്സിന്നു നോവെന്നുള്ളതിലില്ലൊരുസംശയം

കണ്ണാടിമാളിക

കണ്ണാടിമാളികയ്ക്കുള്ളില്‍
കാണുന്നമുഖമൊക്കെയും
എന്റെയെന്നറിയാതല്ലോ
ഏറ്റം ഭയമാര്ന്നു ഞാനും

പ്രചോദനം: ശീശ് മഹല്‍ മേം ഇക് ഇക് ചെഹ്-രാ അപ്നാ ലഗ്താ ഹെ

കണ്ണനോട്

എന്നരികേ വന്നെന്‍ കണ്ണുകള്‍ മൂടി
എന്നുടെയൊപ്പമവനിരുന്നു
എന്നേമറന്നു ഞാനെല്ലാം മറന്നുപോയ്
എന്നിലവനെ ഞാന്‍ കണ്ടറിഞ്ഞു

എന്തറിഞ്ഞു കഷ്ടമിന്നവനീവണ്ണം
എന്നെവിട്ടോടുമെന്നോര്‍ത്തതില്ല
ഇല്ല പരിഭവമെങ്കിലും കണ്ണനോടൊന്നു
നിന്നെ കാണാനാവുമെങ്കില്‍

എല്ലായിടത്തുമിരിപ്പവനെങ്കിലും
എന്നുള്ളിലെന്നുമേയുള്ളവനെങ്കിലും
കാണാമറയത്തിരിയ്ക്കയല്ലേയവന്‍
എന്‍കരളിലെ നോവവനറികയില്ലേ

പ്രഹേളിക

ജീവിതത്തിലൊരുഭാഗം കൊണ്ടുപോയിന്നലെകളും
മറ്റൊരുഭാഗമതില്‍ നിന്നും നാളെയ്ക്കായ് ചേര്‍ത്തുവെച്ചു ഞാന്‍
'ഇന്നി'നായിട്ടെനിയ്ക്കുള്ള നിമിഷങ്ങളുമെന്തിതാ
ഇന്നലെ-നാളെയും ചേര്‍ന്നുതിന്നുതീര്‍ക്കുന്നതിപ്പൊഴും ?

എന്തുള്ളു ബാക്കിയായ്?

ചൊല്ലു നീയിനിയെന്തുഞാനോതണം
ചൊല്ലുവാനിനിയെന്തുള്ളുബാക്കിയായ്
ചൊല്ലിടുന്നു ഞാനെന്തൊക്കെയോ എന്നും
ചൊല്ലുവാനായ് നീ ചൊല്ലുന്നപോല്‍ തന്നെ

മന്ദസ്മേരമോടെന്നെമയക്കി നീ
മന്ദമെന്നെവിട്ടകന്നെന്നതും
സുന്ദരസ്വപ്നവിസ്മയം പോലവേ
പിന്നെ വന്നെന്നെ പുല്‍കിയണച്ചതും

കണ്ണുനീരില്‍ കുഴഞ്ഞകാലങ്ങളും
കണ്ണുകാട്ടുന്നവിസ്മയദൃശ്യവും
കണ്ണുകാട്ടാതെകാണുന്നതൊക്കെയും
കണ്ടപോലെഞാന്‍ ചൊല്ലിയതല്ല

മാരിവില്‍

മാനത്തെ മാരിവില്‍ കണ്ടുനിന്നോട്ടെ ഞാന്‍
മായയാണെങ്കിലും മാഞ്ഞുപോമെങ്കിലും
കാണുന്നുണ്ടേഴുനിറമതിലെങ്കിലും
കാണുന്നതിന്‍ പൊരുളേകമെന്നുള്ളതും

ചിദാകാശം

ചിന്തതന്‍ കാര്‍മുകില്‍ പെയ്തൊഴിഞ്ഞേ
തെളിയു ബോധാര്‍ക്കന്‍ ചിദാകാശത്തില്‍
മാരിവില്‍ കണ്ടതില്‍ മയങ്ങൊല്ല മനമേ
മായയാണിതുമാഞ്ഞുപോയേ മതിയാകൂ

സത്യം

ഇരുളല്ല സത്യം
ഇരുളിലൊളിപ്പതല്ല സത്യം
ഇരുളിന്റെമറതീര്‍ത്തൊളിപരത്തീടുന്ന
കാരുണ്യമാണത്രെ സത്യം

പൊയ്യല്ല സത്യം
പൊയ്മുഖമല്ല സത്യം
പൊയ്മുഖമൊക്കെയെരിയ്ക്കുന്ന
കത്തുന്നതീജ്വാലയാണത്രെ സത്യം

പാഴാവില്ല സത്യം
പാഴ്വാക്കല്ല സത്യം
വാക്കുമുദിയ്ക്കുമന്തരംഗത്തിലെ
ആദിസ്പന്ദമത്രെ സത്യം

കണ്ണീര്‍ പുഴയല്ല സത്യം
വിരിയും ചിരിയല്ല സത്യം
കരയുന്ന കണ്ണിലും ചിരിതൂകുന്ന ചുണ്ടിലും
തെളിയുന്നജീവന്റെതെളിവത്രെ സത്യം

ലക്ഷ്യം

കൂരിരുള്‍മൂടുന്നെങ്ങുമെന്നാകിലും
നേര്‍വഴികാട്ടും വിളക്കുമുണ്ട്
ഓരോ വിളക്കിലും കത്തിജ്വലിയ്ക്കുന്നൊ
രേകപൊരുളാകും സത്യമുണ്ട്

ഓരോവിളക്കിലും കാണുന്നതൊക്കെയും
ഏകമാം സത്യമെന്നറിഞ്ഞീടിലോ
തന്നുള്ളില്‍ തന്നെയും തെളിയുന്നതായ് കാണാം
താനായ് തന്റെയസ്ഥിത്വമായി

താനെന്ന മിഥ്യാഭിമാനമകന്നിടും
താനുമാസത്യമായ് മാറുമത്രെ
തന്നെയീവണ്ണമറിയുവതാണത്രെ
ജീവിതയാത്രതന്നേകലക്ഷ്യം

പുരുഷാര്‍ത്ഥം

നാലായിട്ടുള്ളോരുപുരുഷാര്‍ത്ഥമുള്ളതില്‍
കാമാര്‍ത്ഥമിതുരണ്ടിലൊതുങ്ങുന്നുജീവിതം
അര്‍ത്ഥമില്ലാത്തോണമര്‍ത്ഥം നിറഞ്ഞിട്ടും
വ്യര്‍ത്ഥമായ് പോവുന്നുണ്ടെത്രയോ ജീവിതം

കാമാര്‍ത്തരായിട്ടുന്മത്താരായിട്ടുമിന്നി-
തെത്രയോവ്യര്‍ത്ഥമായ് തീരുന്നു ജീവിതം
അര്‍ത്ഥകാമങ്ങളില്‍ ഹോമിച്ചിതെത്രെയ-
നര്‍ത്ഥങ്ങളിന്നു നാം മുന്നിലായ് കാണുന്നു

ഓണാഘോഷം

ഒരുനാളിലൊരുനേരമുണ്ണാനില്ലാത്തോ-
നൊരുനേരമുണ്ണാനൊരുക്കുകയാകണം
ഒരുപോലെയേവരുമിരുന്നകാലത്തിന്റെ
ഒരുമതന്‍ പെരുമയെ പാടുമോണത്തിന്

ഒരുനാളിലെങ്കിലും ഒരുവനാണെങ്കിലും
എരിയുന്നവയറിലെപശിയടക്കീടുവാന്‍
കരയുന്നകണ്ണിലെ കണ്ണുനീരൊപ്പുവാന്‍
ഇനിവരും കാലത്തെയോണത്തിനാവണം

അഭിഷേകം

തേവാരബിംബത്തിലാരാരും കാണാതെ
തോരാത്തകണ്ണീരിന്നഭിഷേകമുണ്ടത്രെ
തേവരിന്‍ കണ്ണും നനഞ്ഞുകണ്ണീരിനാല്‍
തീരാത്തനോവിന്റെ നേരറിവോനല്ലേ?

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ 'കൃഷ്ണപക്ഷം ' എന്ന പുസ്തകത്തില്‍, അദ്ദേഹത്തിന്റെ പൂര്‍വ്വകാലസംബന്ധിയായ 'വാസരം - ഹരിവാസരം ', 'അരുതുകള്‍ മാത്രം ' മുതലായ ചില കവിതകള്‍ വായിയ്ക്കാനിടയായി. അതെന്റെ മനസ്സില്‍ സൃഷ്ടിച്ച അലയൊലിയാണിത്.

മണികര്‍ണ്ണികാഘട്ടം

മനമടങ്ങീടില്‍ പരമശാന്തിയുണ്ടായ് വരും
ആ ശാന്തിതീര്‍ത്ഥമത്രേ മണികര്‍ണ്ണികാഘട്ടം
ജ്ഞാനപ്രവാഹമോ വിമലഗംഗപോലാണുപോല്‍
ആ കാശിയത്രെ ഞാനെന്നനിജബോധരൂപം

പ്രചോദനം:
മനോനിവൃത്തി പരമോപശാന്തി
സാ തീര്‍ത്ഥവര്യാ മണികര്‍ണ്ണികാ ച
ജ്ഞാനപ്രവാഹാ വിമലമാദി ഗംഗാ
സാ കാശികാഹം നിജബോധരൂപഃ

കാശി

കാശീലേ കാശി കാണുള്ളൂ
കാശിയെന്തും തെളിച്ചീടും
ആ കാശിയാരുകാണുന്നൂ
അവനാം കാശി കാണ്മവന്‍

പ്രചോദനം:
കാശ്യാം ഹി കാശതേ കാശീ
കാശീ സര്‍വ്വപ്രകാശികാ
സാ കാശീ വിദിതാ യേന
തേന ദൃഷ്ടാഹി കാശികാ

നോവ്

ആനന്ദതള്ളളാലാട്ടെ
ശോകപേമാരിയാലാട്ടെ
കണ്ണീരും തിങ്ങും കണ്ണില്‍
നോവൊന്നത്രെ സത്യം

കണ്ണന്‍

കണ്ണാലെ കാണില്ലയെങ്കിലും കണ്ണാ നീ-
യെന്നിലെയുള്‍ക്കണ്ണുതന്നെയല്ലെ

കാതാലെ കേള്‍പ്പതില്ലെങ്കിലും പ്രാണന്റെ-
യാദ്യന്തസ്പന്ദം നീ തന്നെയല്ലെ

കൈയ്യാലെതൊട്ടറിയാന്‍ വയ്യെനിയ്ക്കെന്നാല്‍
കൈയ്യിന്‍ കരുത്തു നീ തന്നെയല്ലെ

വര്‍ണ്ണിയ്ക്കാനാവില്ലെന്‍ നാവിനെന്നാലുമെന്‍
മൊഴിയാവതെന്നും നീ തന്നെയല്ലെ

എങ്ങും നിറഞ്ഞു നീയെന്നില്‍ നിറഞ്ഞു നീ-
യെന്‍ പ്രാണനായ് നില്‍പുണ്ടെന്നാകിലും

എന്തിനായെന്നുമേ കാണാമറയ്ക്കുള്ളില്‍
ഞാനറിയാതെയൊളിച്ചിരുന്നൂ?

തിര

തിരയുകയോ തിര പുതുകനവിന്‍ തീരത്തില്‍
ഒരുതെല്ലുവിശ്രമസുഖനിമിഷം ?
തിരയുകയോ തിര കനിവൊരുഗംഗയായ്
ചൊരിയുന്നകരുണാര്‍ദ്രപാദയുഗ്മം ?

രാമായണം

രാമായണമോര്‍ക്കെയുള്ളില്‍ തെളിയുന്നു
ഞാനെന്നുഞാനറിവതൊക്കെ

എന്നിലുള്ളിലുണ്ടത്രെ രാമനും സീതയും
രാവണന്‍ തൊട്ടുള്ളരാക്ഷസരും

ഒന്നല്ല രണ്ടല്ല പത്തുതലയുള്ള രാവണന്‍
ഞാനെന്നഹന്തതന്നെ

മനോബുദ്ധിയാണത്രെ സീതയും രാമനും
ലക്ഷ്മണന്‍ വൈരാഗ്യം തന്നെയത്രെ

ജ്ഞാനസ്വരൂപമായ് കാണുന്നണ്ടെപ്പൊഴും
അഞ്ജനാപുത്രനാം മാരുതിയെ

രാവണമായയാം മാനില്‍ മയങ്ങുന്നു
പാവമെന്‍ മാനസമെത്രകഷ്ടം

മാനസപ്രേരണയാലത്രെ ബുദ്ധിയും
മാനിന്‍ പിറകില്‍ നടന്നകന്നു

ബുദ്ധിയ്ക്കുപിന്നേയകന്നുവൈരാഗ്യവും
മാനസപ്രേരണയാലെ തന്നെ

പ്രച്ഛന്നവേഷത്തിലെത്തുന്നഹന്തതന്‍
പൊയ്മുഖം മാനസമെന്തറിഞ്ഞു

ജ്ഞാനവൈരാഗ്യസമേതനായ് ബുദ്ധിയാ
മോഹമാം പുരിയിലണയും വരെ

താനെഹന്തതന്‍ മായയെല്ലാം രാമ
ബാണത്തിലൊടുങ്ങിയടങ്ങും വരെ

കാത്തിരിപ്പാണിന്നു ശോകാര്‍ത്തമാനസം
രാമനിങ്ങണയുന്നസമയം വരെ

ഭക്തി

പ്രേമാര്‍ദ്രഹൃദയത്തിന്‍ സ്പന്ദനമറിയാത്തോന്‍
ഭക്തിയോതുന്നതുമുണ്മയാമോ ?
പ്രേമമതൊന്നുതാനല്ലയോ ഭക്തിയും,
ഭക്തനതുള്‍വിളിതന്നെയല്ലേ ?

ധാര്‍ഷ്ട്യമല്ലതുമൂഢപുരോഹിതബദ്ധമാ-
മജ്ഞാനചരടിന്റെ കെട്ടിലല്ല
തട്ടിതകര്‍ത്തലറിയെത്തുന്നിരുള്‍വീശും
വൈരകൊടുംകാറ്റുമല്ലതന്നെ

ആരവന്‍ ?

കൂരിരിള്‍മൂടുമീരാവിതിലാരാവോ
മിന്നലില്‍ ചൂട്ടുമായീവഴിവന്നുപോയ് ?
പൊട്ടിച്ചിരിച്ചെട്ടും നടുക്കുമാ-
കാര്‍വര്‍ണ്ണനാരവനെന്തിനായ് വന്നതോ ?

തോരാതെകണ്ണീരുതൂകുന്നമുകിലിന്റെ
കണ്ണുനീരൊപ്പുമാകൈയ്യാരുടേതാവോ?
കണ്ണീരില്‍ മുങ്ങുമാഭൂവിലും സ്നേഹത്തിന്‍ -
സാന്ത്വനമായ് വന്നതെന്നലിതാരാവോ

പ്രവാസം

തഴുകിതലോടുന്നൊരുകുളിര്‍കാറ്റുമിവിടില്ല
കുളിര്‍പെയ്തിറങ്ങുന്നമുകിലെങ്ങുമിവിടില്ല
ചുടുകാറ്റില്‍ പൊരിവെയിലിലെരിയുന്നമരുഭൂവില്‍
തളരാത്തമനസ്സുള്ളമനുജരുണ്ടിവിടെങ്ങും

ഒരു വര

ഒരുവരിയിലൊരുവരയാം ഞാനെന്നചിന്തയി-
ലൊതുങ്ങുന്നഹന്തതന്‍രൂപമാം ഞാനെന്നും
ഒരുവരിയിലൊരുവരയിലൊതുങ്ങുന്നതില്ല പോല്‍
ഞാനെന്നഹം ബോധരൂപമാം സത്യവും

കാരണം ?

ചിത്തത്തിലുണരുന്നവാക്കുകളൊക്കെയും
വൃത്തമൊക്കാതെന്നിലുണരുവതെന്തെടോ?

നിത്യവും സാധനചെയ്യാത്തതിന്നാലോ?
സത്യമെന്നുള്ളില്‍ തെളിയാത്തതിന്നാലോ?

ചിത്തത്തില്‍ സത്യപ്രഭതെളിഞ്ഞീടുവാ-
നിത്രയും വൈകുവാന്‍ കാരണമെന്തെടോ?

എത്രയോ ഗഹനമാം സംസാരകൂപത്തി
ലിത്രനാളാണ്ടുപോയെന്നതിനാലാമോ?

തത്രഭവാനുടെ മായ സത്യത്തിനെ
പൊന്മറ തീര്‍ത്തുമറച്ചതിനാലാമോ ?

എന്തിന്?

നദിയൊഴുകുന്നതെന്തിനായിരിയ്ക്കാമെ-
ന്മനമുരുകുവതുമെന്തിനായിരിയ്ക്കാം
ദിനമുണരുവതുമെന്തിനായിരിയ്ക്കാമൊ-
രുപൂ വിടരുവതുമെന്തിനായിരിയ്ക്കാം?

ഋഷിമൂലവും നദിമുലവും തിരയരുതെന്നാണ് കേട്ടിരിയ്ക്കുന്നത്. എങ്കിലും തിരയുവാന്‍ പ്രേരിപ്പിയ്ക്കുന്നത് മാനുഷപ്രകൃതി അഥവാ നിയതി. നദീതീരത്തിലൂടെ നടക്കുമ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യം ..എന്തിന്?

കാരണമില്ലാത്തകാര്യത്തിനൊക്കെയും
കാരണം തേടിവലയുവതിതെന്മനം
കാരണപുരുഷനെ കാണുവാനാകാതെ
കാനനം തന്നിലലയുന്നിതെന്മനം

നദിയോടുചോദിച്ചുവതിനറിവീലയത്രേ
ദിനകരനോടുചോദിച്ചുവറിവീലയത്രേ
പൂവിനുമറിയില്ലയിതെന്നത്രെചൊല്ലുന്നു
മനമാകിലേവമുരചെയ്തിട്ടുമൂകവുമായി

ഒരുതുള്ളിനീരിനായ് കാത്തിരിപ്പുണ്ടാരോ
കടലിരുകൈനീട്ടിവിളിപ്പതുണ്ടകലെങ്ങോ
പുതുനാളിനായിവിടെനോമ്പിരിപ്പുണ്ടാരോ
ഒരുതുള്ളിതേനിനായലയുന്നുണ്ടിവിടാരോ

നിയതിയാകാമിതുശുദ്ധപ്രക്രിതിയാകാ-
മൊരുവേളയിതുദൈവഹിതമായിടാം
അറിയാതെയുരുകുന്നകരുണയാകാമെന്‍
മനതാരിന്‍ വെറുമൊരുതോന്നലാകാം

അമ്മ

കാലത്തിന്‍ കാരാഗൃഹത്തിലിന്നും
മൂകം വിതുമ്പുന്നകദനമാണെന്നമ്മ

കാലമടച്ചൊരെന്റെകാതില്‍ കേള്‍ക്കാത്ത
തേങ്ങലാണെനിയ്ക്കെന്റെയമ്മ

താനേയറിയാതെയെന്നുള്ളില്‍ കിനിയുന്ന
സ്നേഹത്തിന്‍ മധുരമാണെന്റെയമ്മ

തന്റെമകനെന്നും താങ്ങായിനില്‍ക്കുന്ന
നിത്യസ്നേഹത്തിന്‍ രൂപമാണെന്റെയമ്മ

തേങ്ങുന്നകണ്ണീരുതന്നിലടക്കിയുമോതുന്ന
സാന്ത്വനമാണെന്റെയമ്മ

തേങ്ങുകിലെന്നൊപ്പം തേങ്ങിക്കരയുന്ന
തീരത്തവാല്‍സല്യമാണെന്റെയമ്മ

പ്രഹേളിക

എന്തേ കണ്ണീര്‍ നിറഞ്ഞൂ മമമിഴികളി-
ലവസത്യം കണ്ടതില്ലേ ?
എന്തേ വിങ്ങുന്നു ചിത്തമുലകമഖിലവും
ത്വത് കല്പിതം തന്നെയല്ലേ

അച്ഛന്‍

സത്യമാണച്ഛന്‍ സ്നേഹമാണച്ഛന്‍
കാരുണ്യത്തിന്നൊരുപേരാണെന്റച്ഛന്‍

കണ്മുന്നിലുള്ളപ്പോള്‍ കാണാതെയെപ്പൊഴും
കണ്ണില്‍ നിറഞ്ഞൊരാസ്നേഹമാണച്ഛന്‍

കണ്ണീരുകാട്ടാതെ പുഞ്ചിരിതൂകിയ
കാരുണ്യത്തിന്നൊരുരൂപമാണച്ഛന്‍

കാണാതിരിയ്ക്കുമ്പോള്‍ കണ്ണുതിരയുന്ന
കാലം മറച്ചൊരുരൂപമാണച്ഛന്‍

കാണതിരിയ്ക്കുമ്പോള്‍ കണ്ണില്‍നിറയുന്ന
കണ്ണുനീരിന്നൊരുപേരാണെന്നച്ഛന്‍

എന്തിനായ്?

കരയുവതരുതെന്നാകില്‍
മിഴിനീരുതന്നതെന്തിനായ്
കരളിതുമെരിയരുതാകില്‍
കദനം തരുവതെന്തിനായ്

വര്‍ജ്ജ്യം

ഒഴുകാത്ത ജലവും വര്‍ജ്ജ്യം
പകരാത്ത അറിവും വര്‍ജ്ജ്യം
ചിരിവിടരാത്തമുഖവും വര്‍ജ്ജ്യം
കനിവുണരാത്തമനവും വര്‍ജ്ജ്യം

ന്നേയുള്ളൂ

പ്രേമമുണ്ടെനിയ്ക്കുള്ളില്‍,
കണ്ണനോടതെന്നേയുള്ളൂ

ആസക്തനാണത്രേ ഞാനും,
ഭക്തിയിലെന്നേയുള്ളൂ

മോഹമുണ്ടെനിയ്ക്കുള്ളില്‍,
മുക്തിയ്ക്കാണെന്നേയുള്ളൂ

ദോഷമുണ്ടെനിയ്ക്കുള്ളില്‍
നിന്നിലര്‍പ്പിച്ചുവെന്നേയുള്ളൂ

സാഫല്യം

കണ്ണാ, നിന്‍ കാരുണ്യരൂപത്തെ കാണുമ്പോള്‍
കണ്ണുകളെന്തേ നിറഞ്ഞുപോയി

കണ്ണില്‍ നിന്‍രൂപത്തെ കാണുവാനാകാതെ
കണ്ണുനീരിന്മറതീര്‍ത്തതെന്തേ?

കണ്ണനെ കാണുവാനാകയില്ലെങ്കിലെന്‍
കണ്ണുകളിന്നെനിയ്ക്കെന്തിനായി

കണ്ണനെ പാടിയുണര്‍ത്തുവാനല്ലായ്കില്‍
പിന്നെയെന്നാവെനിയ്ക്കെന്തിനായി

കാതിലോടക്കുഴല്‍ പാട്ടുകേള്‍ക്കായ്കിലീ
കാതുകളുമെനിയ്ക്കെന്തിനായി

കൈയ്യാലെയര്‍ച്ചനചെയ്കവയ്യെങ്കിലെന്‍
കൈയ്യുകളുമെനിയ്ക്കെന്തിനായി

കര്‍മ്മങ്ങള്‍ നിന്നിലര്‍പ്പിച്ചതല്ലെങ്കില്‍
കര്‍മ്മങ്ങള്‍ ചെയ്യുവതെന്തിനായി

മാനസം നിന്നാമം മന്ത്രിയ്ക്കയില്ലെങ്കില്‍
മാനസവുമെനിയ്ക്കെന്തിനായി

കണ്ണില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിയില്‍
കാരുണ്യരൂപന്റെ കൈയൊപ്പുകാണണം

കണ്ണുമറച്ചകക്കണ്ണായമരുന്ന
കാരണരൂപന്റെ കൈയ്യൊപ്പുകാണണം

ആദിത്യബിംബത്തിലമ്പിളിവട്ടത്തി-
ലാകാശനീലിമതന്നിലുമെപ്പൊഴും
ആഴപ്പരപ്പിലുമന്തരംഗത്തിലു-
മാനന്ദരൂപന്റെ കൈയ്യൊപ്പുകാണണം

കാലം കഴിഞ്ഞന്ത്യകാലമണയുമ്പോള്‍
കേവലാനന്ദസ്വരൂപനെ കാണണം

കണ്ണുനീരില്‍ മറ മാറിയെന്‍ കണ്മുന്നില്‍
കൈവല്യമേകുന്നരൂപമായ് കാണണം

ആര്‍ദ്രമാം ചിത്തവും സാന്ദ്രമാം ഭക്തിയും
പ്രാര്‍ത്ഥനനിര്‍ഭരമാം നിമിഷങ്ങളും
മാത്രം നിറഞ്ഞതാം ജീവിതമെങ്കിലോ
ഭദ്രമാജന്മവും സിദ്ധസാഫല്യമാം

ഞാന്‍

സത്യമെനിയ്ക്കച്ഛന്‍
സ്നേഹമെനിയ്ക്കമ്മ
സത്യമാം സ്നേഹത്തിന്‍
സ്വപ്നമത്രേ ഞാനും

ആത്മഗതം

എന്തിനായ് ജീവന്‍ പിറപ്പതുഭൂമിയില്‍
എങ്ങിനെയാണതിന്നന്ത്യം വരുന്നതും
എന്തിനായ് ശോകം നിറച്ചതുജീവനില്‍
കേവലാനന്ദസ്വരൂപനെന്നാകിലും

കാണുന്നകാര്യങ്ങളീവണ്ണമൊക്കെയും
കാണുമ്പോള്‍ ചിന്തയിലാഴുന്നിതെന്മനം
ചോരച്ചുവപ്പാര്‍ന്നോരന്തവാനം കണ്ടി-
ട്ടാഴിയില്‍ മുങ്ങുമൊരാദിത്യനെന്നപോല്‍

കാണുന്നകാര്യത്തിന്‍ കാരണം ചിന്തിച്ചു
കാരണം കൂടാതലയുന്നിതെന്മനം
കാര്യമില്ലെന്നറിയുന്നുവെങ്കിലും
കാടുകേറുന്നലയുന്നിതെന്മനം

കാരണമില്ലാതെകാര്യമുണ്ടായിടാ-
യെന്നത്രെയോതുന്നുനൂതനചിന്തകര്‍
കാര്യങ്ങള്‍ കാരണമെന്നുള്ള ഭേദങ്ങള്‍
മായയെന്നോതുന്നുവേദശാസ്ത്രങ്ങളും

സംശയം

ചിത്തത്തിലുള്ളോരുചിന്തയിന്നെന്‍
വാക്കായ് പിറക്കാന്‍ കൊതിയ്ക്കയാണോ ?
മാനത്തുനില്ക്കുമൊരുഗന്ധര്‍വ്വനേതോ
മാനുഷരൂപം കൊതിയ്ക്കുമെന്നോ ?