Sunday, 31 May 2015

പറയൂ മനസ്സേ

കണ്ണില്‍ പിറന്ന മിഴിനീരതു വിട്ടു പോകു-
ന്നെന്തേ നിനക്കഴലുവയ്യിനിയെന്നുവെന്നോ ?
കണ്ണും വെടിഞ്ഞകലുമാമിഴിനീരിനാമോ
ദെണ്ണത്തെയൊട്ടറിയുവാന്‍ പറയൂ മനസ്സേ

കലഹകാരണം

കൈവിട്ടതോ മന, മതിന്‍ പഴി, പാവ, മെന്നും
വീഴുന്നതാം കടുകിനെന്നതു നല്ലതാണോ ? *
ആവും വിധം കലഹമൊന്നൊഴിവാക്കു നീയി-
ന്നേവം പഴിച്ചിടരുതാരെയുമെന്നതോര്‍ക്കു

* കടുകു തൂവിയാല്‍ കലഹം ഉണ്ടാകും എന്നൊരു വിശ്വാസം

Saturday, 30 May 2015

സത്യം *

ഒന്നായിട്ടുള്ള സത്യം
പിരിയുകയുമതൊന്നായിടാനായടുക്കു-
ന്നെന്നെല്ലാം കാണ്മു നിത്യം
കരുതുകിലിതു നിന്‍ ലീലയല്ലേ മഹേശാ
എന്നാലാവുന്നതല്ലാ
നിജമറിവതിനായ് കണ്ണു മൂടുന്നു കണ്ണീ-
രെന്നല്ലാതെന്തു ചൊല്ലാന്‍
തുടരുക നടനം ശങ്കരാ കൈതൊഴുന്നേന്‍

==============================

എന്തേ ഞാന്‍ ചൊല്ലിടേണ്ടൂ

തവമനമുരിയാടുന്നതിമ്മട്ടുകാണ്‌കേ

യന്തം വിട്ടിന്നിരിക്കും

മമ ഹൃദി നിറയുന്നുണ്ടു മോദം വിശിഷ്യാ

ചിന്തിച്ചാലൊന്നുതാനീ

യുലകവുമതിലായുള്ളതാം ജ്ഞാനമെല്ലാ-

മെന്തിന്നായിട്ടു നമ്മള്‍

കരുതണമിതിനേ സ്വന്തമായ് വേറെയെന്നും


ഒന്നാണീസത്യമെന്നാല്‍

മനമിതുപലതായ് കാണ്മതാണെങ്കിലും നാ-

മൊന്നൊന്നായിട്ടിതെല്ലാ-

മറിയണമിതിനാധാരവും തേടിടേണം


എന്നാലക്കണ്ടതിന്നും(+)

തിരയണമുലകില്‍ തന്നിലും ഭേദമെന്ന്യേ-

യെന്നാലോ കാണ്മതാകു-

ന്നറിവുമറിയണം സത്യമല്ലെന്നു തന്നെ




തന്നാലാകുന്ന മട്ടില്‍

തിരയുകിലൊരുനാള്‍ ദൃശ്യമാകും മനസ്സും

ചെന്നീടാതുള്ളിടത്താ-

യറിവതറിയുവാന്‍ ബുദ്ധിയാലാകയില്ലാ

അന്നേവം കണ്ടതെല്ലാം

പല കുറി തിരയുന്നോര്‍ക്കു കിട്ടീടുവാനായ്

തന്നിട്ടെങ്ങോ മറഞ്ഞാ

കനിവിനുപറയാമിന്നിതാ വന്ദനം ഞാന്‍




ഒന്നായീടുന്ന സത്യം

ഹൃദി തെളിയുകിലോ ചെയ്തിടാനൊന്നുമില്ലാ-

യെന്നല്ലാ ചെയ്വതെല്ലാ-

മപരനുസുഖമേകീടുവാനാകുമെന്നും

എന്നും കാട്ടില്‍ കഴിഞ്ഞാ-

പരമസുഖദമാം സത്യവും കണ്ടിരിക്കാന്‍

ചെന്നീടുന്നോര്‍ക്കതാവാ-

മരചനതുവിധം വാഴുവാനാവുകില്ലാ




എന്നോര്‍ത്തിട്ടായിടാമാ

ഗുരുവരനൊരുനാള്‍ ഭേദമേവം വിധിച്ചൂ

വെന്നല്ലാതെന്തു ചൊല്ലാ-

മടിയനുമെളുതോ ലോകസത്യം ഗ്രഹിക്കാന്‍

ചെന്നെത്തും വെള്ളമെല്ലാം

ജലധിയിലതു ഹാ വിണ്ണിലേക്കെത്തിയാലേ

വന്നെത്തൂ വര്‍ഷമായും

കഥയിതു തുടരും ലോകമുള്ളത്ര കാലം



* എന്റെ അഭിവന്ദ്യനായ ഒരു സുഹൃത്ത് ഗ്രീക്ക്-ഭാരതീയ ചിന്തകളെ സമന്വയിപ്പിച്ച് എഴുതി അയച്ചു തന്നെ ശ്ലോകങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ വന്നത്


+നേതി = ഇത് അല്ല (സത്യം എന്ന് പ്രത്യക്ഷത്തില്‍ തോന്നതെല്ലാം അല്ല എന്ന് നിഷേധിച്ച് എല്ലാ മറയും മാറ്റുന്നത്)

മാറുന്ന അതിര്‍ വരമ്പുകള്‍

ഒരു കുട്ടി ബസ്സിലിരുന്നു ചോക്ക്ലേറ്റ് കഴിക്കുകയായിരുന്നു; ഒന്നിനും പുറകെ മറ്റൊന്ന്.

അടുത്തിരിക്കുന്ന വ്യക്തി: ചോക്ക്ലേറ്റ് കുറെ കഴിച്ചാല്‍ പല്ലിനു നല്ലതല്ലാട്ടോ

കുട്ടി: എന്റെ മുത്തച്ഛന്‍ നൂറു വയസ്സു വരെ ജീവിച്ചിരുന്നു

അടുത്തിരുന്നയാള്‍ : എന്താത്? ചോക്ക്ലേറ്റ് കഴിച്ചോണ്ടാണോ?

കുട്ടി: അല്ല...അദ്ദേഹം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ടിരുന്നില്ല

(ഫേസ്ബുക്കില്‍ കണ്ട ഒരു പോസ്റ്റിനോട് കടപ്പാട്... മുതിര്‍ന്ന വ്യക്തികള്‍ കുട്ടികളെ സ്വന്തമല്ലെങ്കിലും നല്ലത് ഉപദേശിക്കുക എന്ന സമ്പ്രദായം ക്രമേണ നഷ്ടമാകുന്നു. അണുകുടുംബങ്ങള്‍ നമ്മുടെ സംസ്കാരമായി മാറുമ്പോള്‍ ഇവ പലതും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു; നമുക്ക് അത് സ്വീകരിക്കാനായാലും ഇല്ലെങ്കിലും)

മുല്ലയ്ക്കലമ്മേ!

മുല്ലയ്ക്കലമ്മേ* കരുണാബലം സദാ
നല്ലോണമേകീടണമെന്റെ വാഴ്‌വിലായ്
വല്ലാത്ത നോവേറ്റു വലഞ്ഞിടാതെ ഞാ-
നുല്ലാസമോടക്കരെയെത്തുവാന്‍ ശിവേ

അല്ലാകിലാര്‍ക്കാണെളുതിങ്ങു വാണിടാ-
നെല്ലാരിലും കാണ്മതു നിന്റെ ശക്തി താന്‍
വല്ലാത്ത ദര്‍പ്പത്തിലുലഞ്ഞ മാനസം
തെല്ലൊന്ന തോര്‍ത്തില്ലതു നീ പൊറുക്കണേ

കല്ലായി ഞാന്‍ കണ്ടതുമെന്റെയുള്ളിലാ-
യെല്ലാമറിഞ്ഞീടുവതായിരിപ്പതും
വെല്ലാനൊരാള്‍ക്കും കഴിയാത്ത കാലമായ്
ചൊല്ലുന്നതും നീയിതുമോര്‍ത്തതില്ലഹോ

എല്ലാമൊടുക്കാനണയുന്ന മാത്ര ഞാന്‍
ചൊല്ലീല നിന്‍ നാമവുമെങ്കിലും ശിവേ
തെല്ലൊന്നിതോര്‍ത്തിടണമാര്‍ക്കുമായിടാ
ചൊല്ലീടുവാനുള്ളു നടുങ്ങി നില്ക്കവേ

ഇല്ലായെനിക്കാശ്രയമാരുമെങ്ങുമേ
ചൊല്ലേണമോ നിന്‍ കൃപയെന്നിയേ ശിവേ
കല്ലിന്നകത്തും തെളിയുന്ന ശക്തി നീ
തെല്ലാകിലും കാണുകയില്ലെയെന്നിലും

ചൊല്ലാമിതൊന്നെന്‍ ഹൃദി നിന്റെ രൂപമൊ-
ന്നല്ലാതെയൊന്നും തെളിയൊല്ല നിത്യവും
അല്ലാകിലോ കാണുവതൊക്കെയമ്മയെ-
ന്നല്ലാതെ തോന്നാതെയിരിക്കണം സദാ

* മുല്ലയ്ക്കല്‍ ഭഗവതി ഞങ്ങളുടെ പരദേവതയാണ്.

പ്രണാമം

"എല്ലാരുമേ വെറുതെ"യൊന്നൊരുമട്ടു ഞാന-
ന്നെല്ലാം മറന്നു ചില നാളു നടന്നുവെന്നാല്‍
"നി,ല്ലൊന്നു നീ വരികയീവഴി"യെന്നൊരിക്കല്‍
ചൊല്ലാനണഞ്ഞ പിതൃസോദരനെന്‍ പ്രണാമം

ഞാന്‍ കുറെ നാള്‍ പലരിലും നിന്ന് അകലെയായ് എന്റെ ദന്തഗോപുരത്തിന്റെ സുഖമാണ് സ്വര്‍ഗ്ഗം എന്ന കണക്കില്‍ നടന്നിരുന്നു. അന്ന് ബന്ധുക്കളെ കാണാന്‍ പോക്ക് പേരിനു മാത്രമായിരുന്നു. അതില്‍ കൂടുതല്‍ പ്രസക്തി മനസ്സിലായിരുന്നില്ല എന്നതാണ് സത്യം.

അച്ഛനെയും അമ്മയെയും കാണാന്‍ പോകാറുണ്ടായിരുന്നു; പക്ഷെ ബന്ധുക്കളെ കാണാന്‍ പോക്ക് പേരിനു മാത്രമായിരുന്നു..

ആയിടയ്ക്ക് എന്റെ അച്ഛന്റെ ജ്യേഷ്ഠന്‍ സ്നേഹത്തോടെ പറഞ്ഞു (മനസ്സില്‍ സ്നേഹവും വാക്കില്‍ പരിഭവവും വിഷമവും പ്രകടമായിരുന്നു). "താനിങ്ങിനെ സിനിമ പോലെ ഒന്ന് വന്ന് പോവാനാണെങ്കില്‍ വരണ്ട... വരികയാണെന്നുണ്ടെങ്കില്‍ ഒരു ദിവസം എല്ലാവരും ഉള്ളപ്പോള്‍ നില്ക്കാന്‍ പാകത്തിനു വരിക. എല്ലാവരെയും കാണാം അല്ലെങ്കില്‍ വരണ്ടാ" ന്ന്.

അതിനു ശേഷം, കഴിയുന്നതും, ഇന്ന് വരെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവിടെ എത്താന്‍ ശ്രമിക്കുന്നു, ആ സ്നേഹം മനസ്സില്‍ സ്മരിച്ചും അച്ഛനു കൊടുത്ത വാക്ക് കാത്തുസൂക്ഷിക്കാനും (അവരു രണ്ടു പേരും ഇന്നില്ല) ... അങ്ങിനെയാണ്, എന്താണ് നഷ്ടപ്പെട്ടത് എന്ന് ഞാന്‍ മനസ്സിലാക്കിയതും

.കൂട്ടുകുടുംബത്തിലാണ് വളര്‍ന്നതെങ്കിലും കാലക്രമേണ ഏകദേശം ഒരു അണുകുടുംബം പോലെ ആയി, പല കാരണങ്ങള്‍ കൊണ്ടും ... പക്ഷെ ഒരു തിരിച്ചറിവ് ആവശ്യമായിരുന്നു; അത് തന്ന കാരുണ്യത്തിനും സ്നേഹത്തിനും ആണ്, പ്രണാമം (ഇങ്ങിനെ വല്ല്യച്ഛന്‍ എന്നോട് പറഞ്ഞത് പോലെ പറയാനും ഒരാള്‍ വേണം കുടും ബത്തില്‍ അത് തകരാതിരിക്കണമെങ്കില്‍ ...ഇല്ലെങ്കില്‍ എന്റെ തെറ്റും നഷ്ടവും ഞാന്‍ ഒരു കാലത്തും അറിയുമായിരുന്നില്ല)

Friday, 29 May 2015

ദേഹം നാഹം, കോഹം സോഹം

മോഹം വന്നണയുന്നതുണ്ടു മുകിലായാമേഘവും കണ്ടതാ
ദേഹം നിത്യവുമാടിടുന്നു മയിലായ, ക്കാണ്മതോ ജീവിതം ?
കോഹം ? മാനസമല്ല, ദേഹമിതിലായുള്ളൊന്നുമല്ലു, ണ്മയാം
സോഹം തന്നെ, യിതൊന്നു കണ്ടമരുവാനാകില്ലയോ വാഴ്‌വിതില്‍

ആമ്പലിനോട്

നേരോതെന്നാമ്പലേ നീ
മിഴികളിലധുനാ കാണ്മതെന്തേ മയക്കം ?
ചാരേവന്നെത്തിയാരേ
തഴുകിയ,തിരുളിന്‍ കമ്പളം മാറ്റി, നിന്നേ ?
താരാനാഥന്റെ കൈ നി-
ന്നരികിലൊരുനിലാവെട്ടമായ് വന്നണഞ്ഞോ ?
പാരെങ്ങും ചുറ്റിയെത്തും
പവനകരതലേ തെല്ലു ചാഞ്ചാടി നിന്നോ ?

അശ്രുപ്രണാമം

കാലം കാറ്റായി വീശും
സമയമിവിടെയിക്കാണ്മതെല്ലാം മറഞ്ഞെ-
ന്നാലും മാറാതെ കാണും
ചിലതു, മനവുമാക്കാഴ്ചയില്‍ വിണ്ടുകീറും
കാലത്തില്‍ മാഞ്ഞുപോയാ-
വരകളിലിതു പോല്‍ കണ്ടിടും നേരമെന്തി-
ന്നാലേ കണ്ണീരുതിര്‍ന്നെ-
ന്മിഴികളി, ലതു നിന്‍ കാല്‍ക്കലശ്രുപ്രണാമം

Thursday, 28 May 2015

ധ്യാനം

നേരാണെന്‍ ചിത്തമെന്നും
തവ കഥയിതു പോല്‍ കേട്ടിരിക്കാന്‍ കൊതിച്ചി-
ട്ടോരൊന്നും ചൊല്ലിടുന്നൂ
കരുതുകയിതു നിന്‍ പൂജയായിട്ടു കൃഷ്ണാ
പാരാകും കാനനത്തി-
ന്നിരുളിലലയുമെന്‍ ജീവനാം പൈയ്യു വേഗം
ചാരത്തെത്തീടുവാന്‍
പകരുക ഭഗവന്‍ വേണുഗാനാമൃതം നീ

ആരാലാവുന്നു കണ്ണാ
തവ കഥയിതുപോലെന്നുമോതീടുവാനായ്
കാരുണ്യം തന്നെയെന്നായ്
കരുതുവതുചിതം തന്നെയെന്നത്രെ കാണ്മൂ
നാരം നല്കീടുവാനാ-
യനുദിനമിവിടെചൊല്ലിടും ലീലയെല്ലാം
പാരിന്‍ നോവൊക്കെ നീക്കീ-
ട്ടരുളണെ നിതരാമായുരാരോഗ്യസൌഖ്യം

പ്രചോദനം: ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ)

ധ്യാനം

കാരുണ്യം തന്നെയല്ലേ
മിഴിയിലടിയനിക്കാണ്മതാം ലോകമായും
പാരം നോവേറ്റിടുമ്പോള്‍
കനിവൊടുതഴുകും സ്നേഹമായും തെളിഞ്ഞൂ
നാരം നല്കീടുവാനാ-
യണയുമൊരുകൃപാരൂപമായെത്തിടും നീ
യാരാണെന്‍ ദേശികന്‍ താന്‍
കനിയുക ഭഗവന്‍ ഞാനിതാ കുമ്പിടുന്നേന്‍

പ്രചോദനം: ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ)

Wednesday, 27 May 2015

ആശംസ

എന്നെന്നും നെഞ്ചകത്തെ-
ക്കിളിയൊടുസദയം വര്‍ത്തമാനങ്ങളോതാന്‍
വന്നെത്തും സ്നേഹമെല്ലാ-
മറിവതു പറയാമമ്മ പാടുന്ന പാട്ടായ്
ഇന്നപ്പാട്ടൊന്നു കേള്‍ക്കാ-
നുഴലുമൊരുമനസ്സിന്നുമാശ്വാസമേകാന്‍
വന്നെത്തീടുന്നതമ്മേ
തവ മൊഴി സതതം പാടിടും പാട്ടു തന്നേ

ആരേ കാലങ്ങളായീ
മധുരിമ നിറയും വാക്കിനാലേ കുറിച്ചോ-
നാരേതൊട്ടെന്മനസ്സില്‍,
സുഖദമൃദുകരസ്പര്‍ശമോടെത്തിയാരോ
നേരുന്നൂ നന്മയെന്നും
ഹൃദി നിറയുവതാം മാനവസ്നേഹമോടീ
കാരുണ്യം വാണിടട്ടേ
കവിവര! കൃപയാമീട്ടുകാവീണവീണ്ടും

മൌനം

മൌനം വാചാലമാകും
മൊഴി,യിതു സതതം ഗൂഢമായന്തരംഗേ
ജ്ഞാനത്തില്‍ രൂപമാര്‍ന്നി-
ട്ടമരു,മതു തെളിക്കുന്നതാണത്രെ ലോകം
മാനം മുട്ടുന്ന ഗര്‍വ്വി-
ന്മറ മറയുവതായ് വന്നിടും നേരമുള്ളില്‍
താനേ കാണാവതാകു-
ന്നൊളിയിതു കൃപ താനെന്നു തന്നേ നിനയ്ക്കാം

വെറുതെ

കത്തീടാന്‍ തുണയായിടുന്ന പവനന്‍ ചാരത്തണഞ്ഞീടുകില്‍
കത്തും നാളമണഞ്ഞിടുന്നു, രിപുവാരാണാ,രു താന്‍ മിത്രവും ?
സത്തായ് തന്നിലമര്‍ന്നിടുന്നൊരൊളിയല്ലാതില്ലയിങ്ങാര്‍ക്കുമേ
യോര്‍ത്തീടേണമൊരാശ്രയം, വെറുതെയാണിക്കാണ്മതായൊക്കെയും

Tuesday, 26 May 2015

ധ്യാനം

എന്നും നിന്‍ ചുണ്ടിലും നി-
ന്നരയിലുമതുപോല്‍ കയ്യിലായും രമിക്കും

പൊന്നോമല്‍ വേണുവാകാ-
നിവനൊരുവരമേകീടുവാന്‍ വൈകിടാമോ ?

എന്നുള്ളില്‍ ശ്വാസമായി-
ട്ടറിവതു ഭഗവന്‍ നിന്റെ നിശ്വാസമല്ലേ-

യെന്നാലെന്തേയുണര്‍ന്നി-
ല്ലകമെ സുഖദമാം വേണുഗാനം മുരാരേ

നന്മ

തന്നെപ്പോലന്യനേയും
കരുതുകിലിവിടെക്കാണുകില്ലിത്ര ദുഃഖം
തന്നെപ്പോലും മറക്കാ-
മപരനു ഹൃദി വന്നുള്ള നോവൊന്നറിഞ്ഞാല്‍
തന്നെക്കൊണ്ടാകുവോളം
ഭുവിമരുവിടുമേവര്‍ക്കുമേ നന്മ ചെയ്താല്‍
തന്നത്താന്‍ പോകുമത്രേ
ദുരിതമഖിലവും ഭൂമിയും സ്വര്‍ഗ്ഗമാകും

ക്ഷണഭംഗുരം

തഴുകിടുമാ സമയത്തൊരീണമാ-

യൊഴുകിവരും സ്വരമത്രെ വീണയില്‍

മഴ കനിവായിഹ തന്നകന്നുപോം

മഴമുകിലെന്നതുപോല്‍ മറഞ്ഞിടും

Monday, 25 May 2015

വിശ്വാസം

ഉച്ഛ്വാസം ചെയ്ത ശേഷം

ഞൊടിയിടയിലുനിശ്വാസമുണ്ടാകുമെന്നാ-

വിശ്വാസം മാറിടാം ഞാ-

നറിവതു, മിഴികാട്ടുന്നതും മാറിയേക്കാം

വിശ്വേശാ! നീയൊഴിച്ചീ-

യുലകിലെയഖിലം മാറുമെന്നായിരിക്കാ-

മാശ്വാസം തേടി ഞാനാ-

ചരണയുഗളമാണെന്നുമേയാശ്രയിപ്പൂ

കവിതയോട്

നന്നായ് കൊഞ്ചിക്കുഴഞ്ഞീ-
ടുവതിനിവളഴകോടെന്നുമാമാനസത്തില്‍
വന്നീടുന്നെന്നുവന്നാ-
ലടിയനു, പറയാ,മില്ല സന്ദേഹമേതും
എന്നാലും ഞാനുമേറ്റം
കൊതിയൊടെമരുവുന്നെന്നറിഞ്ഞിട്ടുമെന്തേ
എന്‍ നാവില്‍ വന്നിടാനായ്
മടി,യിതു കവിതേ നന്നു താനോ കഥിയ്ക്ക

എന്‍ നാവില്‍ വന്നിടായ്കില്‍
പരിഭവമിവനില്ലെങ്കിലും ചൊല്ലിടട്ടേ-

യെന്നും കാണുന്നു നിന്നേ

പരിചൊടുനടമാടുന്നതായ് ലോകമെങ്ങും

നന്നായിട്ടുള്ള ചിത്താം-

ബുജനടുവിലതേ പോലെ ഞാന്‍ കാണ്മു നിന്നേ

യിന്നേറ്റം വൃത്തിയറ്റാ-

ചിലമനുജമനസ്സിങ്കലാ,യെന്തിതേവം ?

ഒന്നോതാം, കാവ്യഗംഗേ

ധരണിയിലൊഴുകാന്‍ കൊണ്ടുവന്നെന്തിനാകാ-

മെന്നൊന്നോര്‍ത്തീടണേ നീ

യഘമിഹ പലതും നിന്നിലായ് ചേര്‍ക്കുവാനോ ?

ഇന്നിക്കാണുന്നതാകും

മലിനത കളയൂ പൂര്‍വ്വരൂപത്തിലെത്തീ

ട്ടെന്നും നീറന്നതാകും

മനുജഹൃദി നിറച്ചീടു നീ സ്നേഹവര്‍ഷം

വന്നീടാം ഭൂവിലായ് നീ-

യൊഴുകിടുമളവില്‍ തന്റെ പാപങ്ങളെല്ലാം

നിന്നില്‍ മുക്കീടുവാനാ-

യതിലൊരുകുറവും വേണ്ട,വര്‍ ചെയ്തിടട്ടേ

എന്നാല്‍ നിന്നുള്ളിലേറ്റീ-

ടരുതവയിതു താന്‍ ചൊല്ലിടാമൊന്നു നിന്നോ-

ടെന്നല്ലാതെന്തു ചൊല്ലാ-

നൊഴുകുക സതതം ഭൂമി തന്‍ ഭാഗ്യമായി

Sunday, 24 May 2015

ധ്യാനം

സന്തോഷം തോന്നിടുന്നൂ
മമ ഹൃദി ഭഗവന്‍ നിന്റെ മാഹാത്മ്യമേവം
ചിന്തിച്ചീടുന്ന നേരം
പകരുമിതുസുഖം ജീവനീവാഴ്‌വിലെന്നും
സന്താപം മാറ്റുവാനായി-
ത്തുടരുക കഥ,യിമ്മട്ടു നിത്യം ശ്രവിക്കാന്‍
വന്ദിച്ചീടുന്നു നിന്നെ-
പ്പുനരിതുപറയും ശ്രേഷ്ഠനാം ഭക്തനേയും

അന്തം കാണാത്തതാമീ
കരുണയറിയുവാനാവതില്ലെങ്കിലും മേ
യെന്തെന്നില്ലാത്ത മോഹം
വരുവതുനിജമാണെന്നുമേ കേട്ടിരിക്കാന്‍
എന്തായാലും വരാം ഞാ-
നിതുവഴിയൊഴുകും ഭക്തിയാം ഗംഗയില്‍ വ-
ന്നെന്‍ പാപങ്ങള്‍ കളഞ്ഞാ
കരുണനുകരുവാനായി വിഷ്ണോ തൊഴുന്നേന്‍

പ്രചോദനം: ഫേസ്ബുക്ക് നാരായണീയം ഗ്രൂപ്പിലെ ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ)

ഓം നമോ ഭഗവതേ വാസുദേവാ‍യ..

കുറേ നാളായി ഉണ്ടായിരുന്ന മോഹമായിരുന്നു ദ്വാദശാക്ഷര മന്ത്രം കൊണ്ട് ശ്ലോകമെഴുതാന്‍ ...ഫേസ് ബുക്കില്‍ നാരായണീയം ഗ്രൂപ്പില്‍ കണ്ട ഭാഗവതമാഹാത്മ്യം ആണ് ഇന്ന് ഈ വരികള്‍ എഴുതാന്‍ നിമിത്തവും പ്രചോദനവും ആയത്

ഓരോ നാളിലുമേവമുള്ള കഥകള്‍ കേട്ടീടുവാനീവീധം
നേരായുള്ള വഴിക്കു ജീവിതരഥം നിത്യം ചലിച്ചീടുവാന്‍
പാരായ് കാണ്മതിലുള്ള മോഹമഖിലം മാറ്റീടുവാനും സദാ
ചാരേ വന്നു തുണച്ചിടുന്ന പൊരുളാം നിന്‍ കാല്‍ക്കലെന്‍ വന്ദനം

നന്നായെന്നുമിതേ കണക്കു കഥകള്‍ ചൊല്ലീടുവാനായി നീ
വന്നീടേണമെനിക്കു വാഴ്‌വിലനിശം, കൃഷ്ണാ! കനിഞ്ഞീടണേ
എന്നും പാറി നടന്നിടുന്ന മനമാം വണ്ടിന്നു നാരായണാ!
തന്നീടേണമൊരാശ്രയം ചരണമാം പങ്കേരുഹം തന്നിലായ്

മോഹം ഹൃത്തിലുണര്‍ത്തിടുന്നു വെറുതേ മാനായ് വരും ലോക,മീ
ദേഹം പിന്നെയലഞ്ഞിടുന്നുവതു കൈവന്നീടുകില്ലെങ്കിലും
ദേഹാപായമടുത്തിടുന്നസമയത്താരേകിടും രക്ഷ,യീ
ദേഹത്തിന്നുമകത്തെഴുന്ന പൊരുളായ് നില്ക്കുന്ന നീയെന്നിയേ

ഭള്ളായുള്ളൊരുദര്‍പ്പമൊക്കെയകലാന്‍ സത്യം തെളിഞ്ഞീടുവാ-
നുള്ളാരാശ്രയമെന്നുമേയവനിയില്‍ നീയെന്നിയേ, കേശവാ !
ഉള്ളിന്നുള്ളിലിരുന്നു ലോകമഖിലം കാട്ടുന്നതായ്, കാണ്മതാ-
യുള്ളെന്താണതു സര്‍വ്വവും മുരരിപോ! നീയെന്നു കാട്ടീടണം

ഗര്‍വ്വം കാളിയനാഗമായി മനമാം കാളിന്ദിയില്‍ കാണ്മു ഞാന്‍
സര്‍വ്വസ്വം വിഷലിപ്തമായുമിവിടെക്കാണുന്നതില്ലേ ഹരേ
സര്‍വ്വാഭീഷ്ടമറിഞ്ഞുകാത്തരുളുമാക്കാരുണ്യമേ വന്നിടൂ
ഗര്‍വ്വത്തിന്‍ ഫണമേറിയിട്ടു നടനം ചെയ്തീടുവാന്‍ മാനസേ

വന്ദീച്ചീടുവതിന്നുമാര്‍ഗ്ഗമറിയാതെന്തൊക്കെയോ കാട്ടി ഞാ-
നെന്തായാലുമതൊക്കെയും കരുതണേ നിന്‍ പൂജയായിട്ടു നീ
ചിന്തിക്കാനെളുതല്ലെനിക്കു ഭഗവന്‍ നിന്‍ ലീലയെന്നാകിലും
ചിന്തിക്കുന്നതിലൊക്കെയും തെളിയണേ കാരുണ്യമായ് നിത്യവും

തേനായ് പൂവിലണഞ്ഞിടുന്നു കനിവാമട്ടെന്റെ ചിത്താംബുജേ
താനേ വന്നു നിറഞ്ഞിടേണമനിശം വിശ്വേശരാ ഭക്തിയും
ആനന്ദം ഹൃദി തന്നിടുന്ന കൃപയായ് കാണേണമെന്നുള്ളിയായ്
ഞാനെന്നുള്ളൊരഹന്ത മാറ്റിയധുനാ! നീ വിശ്വനാഥാ! തൊഴാം

വാടും മാനസപുഷ്പമെങ്കിലുടനേ കാറ്റായി വന്നീടു നീ
യാടും തൊട്ടരികത്തണഞ്ഞസമയത്താ കാല്‍ക്കലായ് വീണിടാന്‍
വാടില്ലാമലരെന്നുമേയരികിലായ് കാണും ഭവാനെങ്കിലോ
തേടും നിന്റെ പദാംബുജങ്ങള, തിനേ നിന്നോടു ചേര്‍ക്കൂ ഹരേ

സുപ്താവസ്ഥയിലെന്മനസ്സുമകലും നേരത്തുമാരെന്നിലായ്
നിത്യം കാണുവതെന്നു തേടുമളവില്‍ കാണാവതാകുന്നുവാ
സത്യം തന്നെയറിഞ്ഞിടുന്നു കൃപയായ് ലോകം തെളിച്ചീടുവാ-
നെത്തും വെട്ടവുമെന്നു തന്നെ ഗുരുവായ് നീ നിന്നിടും മാത്രയില്‍

ദേവാ! നിന്‍ തിരുരൂപമെന്നുമകമേ കാണായ് വരാനായ് തഥാ
നാവാലാതിരുനാമമെന്നുമുരുവിട്ടീടാനുമായ് മാധവാ
ജീവന്നേകുക ഭക്തി നിന്റെ ചരണദ്വന്ദങ്ങളാം പൂവിലായ്,
നീ വന്നീടുക, വിശ്വമൊക്കെ ഭഗവന്‍ നീയെന്നു കാട്ടീടണേ

വാനില്‍ ക്കാണുവതായ താരകളുമാമേഘങ്ങളും ചന്ദ്രനും
താനേ വിണ്ണിലുദിച്ചു ഭൂവിനു സദാ വെട്ടം തരും സൂര്യനും
ഞാനെന്നും മരുവീടുമീധരയുമീകാണാവതായൊക്കെയും
ഞാനാം ജീവനുമന്യരും മുരഹരാ! നീയെന്നു കാട്ടി തരൂ

യാതൊന്നെന്നിലിലുണര്‍ന്നിടുന്നു മദമായ് മോഹങ്ങളായും സദാ
യാതൊന്നായ് തകരുന്നു പിന്നെ വെറുതേ താനേയുദിച്ചീടുവാന്‍
യാതൊന്നെന്മിഴികാട്ടിടുന്ന,തഖിലം കാണുന്നതായുള്ളതും
യാതൊന്നാണതുമെന്നുമേ തെളിയണേ നീ തന്നെയായെന്‍ പ്രഭോ

Tuesday, 19 May 2015

നൃത്തം

ഹൃത്താം കാട്ടിലൊളിച്ചഭക്തിമലരാല്‍ ഹാരം ചമച്ചെന്നുമേ

ചാര്‍ത്തുന്നൂ വനമാല,യെന്നു ഭഗവന്‍ ! കാണുന്നതില്ലേ വിഭോ?

നൃത്തം ചെയ്വതു കാണ്മു മാനസമയില്‍ കാര്‍മേഘവും കണ്ടു നീ

യെത്തീയെന്നു ധരിച്ചുനിന്റെ നിറമാ മേഘത്തിനായ് നല്കിയോ?

നാവിനോട്

എന്‍ നാവേ പറയേണമെന്നു ദൃഢമാണെങ്കില്‍ പറഞ്ഞീടു നീ
യെന്നും കൃഷ്ണകഥാമൃതത്തെ വെറുതേ ചൊല്ലേണ്ട മറ്റൊന്നുമേ
നന്നായ് മാനസശുദ്ധിയോടെ ദിനവും ചൊല്ലീടുമെന്നാകിലോ
വന്നീടും പുരുഷാര്‍ത്ഥമൊക്കെയതിനായ് കാതോര്‍ക്കുമീലോകവും

Monday, 18 May 2015

കുസുമമഞ്ജരി

* എല്ലുമാംസമിവയുള്ളദേഹമഴുകുന്നതാണു ചിലനാളിലാ-

യില്ലഭേദമിവിടാര്‍ക്കുമേ,യിതിലുജീവനുള്ളസമയത്തു നാം

ചില്ലുപാത്രസമമായ് നിനയ്ക്ക,യിതിലെന്തു കാണ്മതൊരഹന്തയോ

തെല്ലുകൈക്കരുതലില്ലയങ്കിലൊരു കല്ലുപാത്രവുമുടഞ്ഞുപോം

* വല്ലതും പറയുവാനൊരുങ്ങി പലതും പറഞ്ഞു പഴി കേട്ടിടാ-

നില്ല ഞാ,നിവിടെ മൌനമാണുചിതമെന്നു തന്നെ കരുതാം സദാ

നല്ല ബന്ധവുമുലഞ്ഞിടുന്നു ചിലവാക്കിനാലെയിതുമോര്‍ക്ക നാം

തെല്ലുകൈക്കരുതലില്ലയങ്കിലൊരു കല്ലുപാത്രവുമുടഞ്ഞുപോം

* മെല്ലെ വന്നു തഴുകുന്ന കാറ്റിലിളകുന്നതായമലരൊക്കെയും

വല്ലി വിട്ടടരുമെന്നു കാണ്മു ചെറു കാറ്റിലും, സമയമെത്തിയാല്‍

ഇല്ലയീധരയിലൊന്നുമേ മനുജ! നിത്യമെന്നു കരുതീടുവാന്‍

തെല്ലുകൈക്കരുതലില്ലയങ്കിലൊരു കല്ലുപാത്രവുമുടഞ്ഞുപോം

* അരിയന്നൂര്‍ സദസ്സിലെ (web site: http://www.aksharaslokam.com/)  ഒരു സമസ്യാപൂരണം

സാലഭഞ്ജിക ചമച്ചതാരു, ഹൃദി നൃത്തമാടുമൊരു ദിവ്യനാം
ബാലനാ,രവനു പേരുമെന്തു നവനീതചോരശിശുവല്ലയോ ?
നീലവര്‍ണ്ണനകതാരിലെന്നുമിതു മട്ടു വന്നു നടമാടുകില്‍
കാലവും ശില കണക്കിലാകു,മൊരു ജീവനെന്തു ഗതി വേറെയായ് ?

ആനന്ദം

ഉയരത്തില്‍ പാറുന്ന പറവയ്ക്കുമുള്ളി-

ലുണ്ടെരിയുന്ന നോവെന്നുമപ്രകാരം

അകലയേയാഴത്തിലാണ്ടു പോയാലു-

മീയുലകത്തില്‍ നോവൊന്നു തന്നെ കാണാം

വാനത്തിലേക്കുദിച്ചെത്തുന്ന സൂര്യനും

നീറി നില്ക്കുന്നതായ് കാണ്മതില്ലേയെന്നും

ആഴി തന്നാഴത്തിലാണ്ടു പോകാമെന്നാ-

ലാശ്വാസം കാണാതെ വീണ്ടുമെത്തുന്നവന്‍

നിത്യവുമീവിധം കാണുന്നു കാഴ്ചകള്‍

മാനസമേയെന്തറിഞ്ഞു നീ ലോകത്തെ

കാണാമിതേമട്ടിലാണതിലുള്‍ത്തടം

നീറി നുറുങ്ങാതെയാരുമില്ലെങ്ങുമേ

എന്നുനിന്നുള്ളിലായ് മാറ്റമില്ലാതെന്നു-

മാശ്വാസമേകുമാസത്യം തെളിഞ്ഞിടും

അന്നു വന്നീടുമാനന്ദമാശ്വാസവു-

മല്ലാതെയില്ലൊരു മാര്‍ഗ്ഗമേതുംതന്നെ

പ്രചോദനം Bobisha Velan

Sunday, 17 May 2015

അരി

അരിയോ വിളയുന്നീമണ്ണിലാണെന്റെയുണ്ണീ
യരികള്‍ നിറയുന്നൂ മാനസം തന്നിലത്രേ
അരിവാളാലെയറുത്തീടുക നെല്ലിന്‍ കതി-
ലരി തന്‍ കഴുത്തറുത്തീടുവാനായിക്കൂടാ

Friday, 15 May 2015

സ്രഗ്ദ്ധര

ലക്ഷണം ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

---/--0/-(യതി)00/000/0-(യതി)-/0--/0--

കാരുണ്യത്തിന്‍ കരങ്ങള്‍ വെറുമൊരുശിലയാമെന്നിലായ് വന്നിടുമ്പോ-
ലാരും കാണാതെ കണ്ണീര്‍ വരുമതുമൊഴുകീട്ടെന്റെ കണ്ണും മറയ്ക്കാം
പാരം നോവേറ്റു ചിത്തം തളരുമളവിലായ് നീ പ്രകാശം ചൊരിഞ്ഞെന്‍
ചാരത്തെത്തുന്നുവെന്നാലതിലുമുപരിയായെന്തു ഞാന്‍ തേടിടേണ്ടൂ

തയ്യാറാകുന്നതില്ലാ ഹൃദി പലതരമാം നോവു വന്നീടുമെന്നാല്‍
"വയ്യാ", "വേണ്ടൊന്നു"മെന്നും പറയു,മതുവെറും ഭോഷ്കു താനെന്നു കാണാം
വയ്യെന്നോതീട്ടകന്നാ ലുലകിതിലെവനും നോവകന്നീടുകില്ലാ
ചെയ്യാനാവില്ലയൊന്നും വരുമതു വിധിപോല്‍ തന്നെയീവാഴ്വിലാര്‍ ക്കും

നന്നായ് കൊഞ്ചിക്കുഴഞ്ഞീ-
ടുവതിനിവളഴകോടെന്നുമാമാനസത്തില്‍
വന്നീടുന്നെന്നുവന്നാ-
ലടിയനു, പറയാ,മില്ല സന്ദേഹമേതും
എന്നാലും ഞാനുമേറ്റം
കൊതിയൊടെമരുവുന്നെന്നറിഞ്ഞിട്ടുമെന്തേ
എന്‍ നാവില്‍ വന്നിടാനായ്
മടി,യിതു കവിതേ നന്നു താനോ കഥിയ്ക്ക



മന്ത്രം ചൊല്ലീല പണ്ടേ

തവ കഥ വിധി പോല്‍ കേട്ടറിഞ്ഞില്ല കൃഷ്ണാ

മന്ത്രിച്ചീടുന്നുവെന്നാല്‍

മമ ഹൃദയമഹോ നിന്റെ നാമം, വിചിത്രം!

യന്ത്രം പോലായിടാം ഞാ-

നറിയുകയെളുതോ നിന്റെ മാഹാത്മ്യമെന്നാ-

ലിന്നേവം കേട്ടിരിക്കാ

നവസരമിതുപോല്‍ തന്നതെന്‍ ഭാഗ്യമല്ലേ

പ്രചോദനം: ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ) , Facebook

 

പാശം

ചുറ്റുന്നുണ്ടിഹ ഭൂമി,യെന്നുമതിലായ് ചുറ്റുന്നിതാ മര്‍ത്ത്യനും
ചുറ്റാന്‍ കാരണമെങ്ങുമേ നിറയുമോരാകര്‍ഷണം തന്നെയും
തെറ്റെന്നോതുവതെന്തിനായി മനുജന്‍ ലോകത്തിലാകൃഷ്ടനായ്
ചുറ്റുന്നെങ്കി,ലറുക്കുവാനുമെളുതല്ലിപ്പാശമാര്‍ക്കും ഹരേ

Thursday, 14 May 2015

പ്രദക്ഷിണഫലം

പാപമേതേതുമാകട്ടെ

ജന്മാന്തരകൃതങ്ങളായ്

പ്രദക്ഷിണം ചെയ്തുവെന്നാ-

ലവയെല്ലാം നശിച്ചുപോം

പ്രചോദനം:

"യാനി യാനിച പാപാനി

ജന്മാന്തര കൃതാനിച
താനി താനി വിനശ്യന്തി

പ്രദക്ഷിണപദേപദേ"

Wednesday, 13 May 2015

ധര

പുലരിയായ് ധരയീറനുടുത്തു തന്‍

പടി കടന്നു വരുന്നതു കാണ്‌കവേ

പുളകമോടതു കണ്ടു രസിച്ചതാ

പകലവന്‍ ദിവി നില്പതു കാണ്മു ഞാന്‍


പ്രിയതരം പല വാക്കുര ചെയ്തവന്‍

പൃഥിവിയെത്തഴുകാനണയുന്നിതാ

പരിഭവം പറയും പുനരീധര

പ്രിയനൊടൊത്തുരസിച്ചു നടക്കയായ്


കിരണമാം കരമോടു ദിവാകരന്‍
ധരണിയെത്തഴുകും സമയത്തഥ
കരയുമോ? ധര തന്നുടെ കണ്ണിലായ്
വരുവതെ,ന്തതു നിര്‍വൃതിയല്ലയോ?

Monday, 11 May 2015

ജ്ഞാനം

ഉത്തരാരണിയാചാര്യ-

നധരാരണിശിഷ്യനും

ചേര്‍ന്നാല്‍ കാണുന്ന വെട്ടത്തെ

ജ്ഞാനമെന്നത്രെ ചൊല്വു നാം

കൊള്ളിമീൻ

അകലെയായിരുളാര്‍ന്ന വിണ്ണിലായ് സ്നേഹത്തിന്‍
ഒളിയായ് നീ നിന്നു തെല്ലു നേരം
മറയുവതായ് കണ്ടു പിന്നെ, നിന്നെ വിണ്ണിന്‍

മുകില്‍ മാല തെല്ലു മറച്ചതാണോ ?
കദനത്താലെരിയുന്ന നെഞ്ചിലെ നോവല്പം
മഴയായിട്ടേകി മറഞ്ഞതാണോ ?
ചിരി തൂകിയെത്തുന്ന സ്വപ്നമായെന്നുള്ളില്‍
തെളിയുവാനായ് നീയൊളിച്ചതാണോ ?

അകലെയല്ലകലുവാനാകില്ല നീയെന്റെ
ഹൃദയത്തിന്നൊളിയാകും സ്നേഹമല്ലേ ?
മിഴി തന്നില്‍ നിറയുന്ന മിഴിനീരും നെഞ്ചിലെന്‍
ഹൃദയത്തിന്‍ സ്പന്ദനമാവതും നീ
മറയുന്നു നീയെങ്കിലിവിടില്ല ഞാനുമെന്‍
ഹൃദയത്തില്‍ കാണും കിനാക്കളില്ല
ഒരു സ്വപ്നമായൊരു ജീവനായ് വാണീടാ-
മിവിടെ,യല്ലാകിലിങ്ങൊന്നുമില്ല

Sunday, 10 May 2015

പ്രഹര്‍ഷിണി

ലക്ഷണം: ത്രിച്ഛിന്നം മനജരഗം പ്രഹർഷിണിക്ക്

– – –/υ υ υ/υ – υ/– υ –/-


വല്ലാതെന്നകമലരൊന്നുലഞ്ഞിടുമ്പോള്‍

ചൊല്ലുന്നൂ തവ തിരുനാമമെന്റെ ചിത്തം

നല്ലോണം ഹൃദി തെളിയൂ, ഗണേശ! നീയി-

ന്നില്ലാ മേതുണ ചരണാബ്ജമെന്നതെന്ന്യേ

"നേരം പോയ് വെറുതെ"യിതും പറഞ്ഞു കഷ്ടം
പാരെല്ലാം സുഖമണയാനലഞ്ഞിടുന്നൂ
കാരുണ്യം മനസി സദാ തെളിഞ്ഞുവെന്നാല്‍
പാരേകും സുഖ,മതിനായലഞ്ഞിടേണ്ടാ

Saturday, 9 May 2015

ബന്ധനം

ശുദ്ധമാം സ്നേഹമേ നിന്നെ

ബന്ധിച്ചാരൊരുനാളിലായ് ?

ബുദ്ബുദം തന്നിലാരാവോ

ബന്ധിച്ചീലോകമൊക്കെയും ?

കുടം തന്നില്‍ തെളിഞ്ഞുള്ള

സൂര്യനെ കണ്ടു ചൊല്കയോ

ഞാനെന്റെ മണ്‍ കുടം തന്നില്‍

ബന്ധിച്ചെന്ന കണക്കിലായ് ?

അഷ്ടാവക്രഗീത [11 – നിശ്ചിതജ്ഞാനഫലം]

അഷ്ടാവക്ര ഉവാച

ഭാവാഭാവവികാരാശ്ച
സ്വഭാവാദിതി നിശ്ചയീ
നിര്‍വികാരോ ഗതക്ലേശഃ
സുഖേനൈവോപശാമ്യതി (1)

അഷ്ടാവക്രന്‍ പറഞ്ഞു

ഭാവാഭാവം വികാരങ്ങ-
ളറിഞ്ഞീടൂ സ്വഭാവമായ്
ക്ലേശമറ്റു വികാരങ്ങള്‍
വിട്ടു ശാന്തിയണഞ്ഞിടൂ (1)

ഈശ്വരഃ സര്‍വനിര്‍മ്മാതാ
നേഹാന്യ ഇതി നിശ്ചയീ
അന്തര്‍ഗളിതസര്‍വാശഃ
ശാന്തഃ ക്വാപി ന സജ്ജതേ (2)

എല്ലാം നിര്‍ മ്മിച്ചതീശന്‍ താ-
നില്ല മറ്റാരും നിശ്ചയം
ഇതറിഞ്ഞോരനാസക്ത-
നാശ വിട്ടിട്ടു ശാന്തനാം (2)

ആപദഃ സം പദഃ കാലേ
ദൈവദേവേതി നിശ്ചയീ
തൃപ്തഃ സ്വസ്ഥേന്ദ്രിയോ നിത്യം
ന വാഞ്ഛതി ന ശോചതി (3)

സമ്പത്താപത്തുകാലങ്ങള്‍
ഭാഗ്യമെന്നതുറച്ചവന്‍
ശാന്തനാം തൃപ്തനാണെന്നു-
മാശയില്ലൊരുദുഃഖവും (3)

സുഖദുഃഖേ ജന്മമൃതു
ദൈവാദൈവേതി നിശ്ചയീ
സാധ്യാദര്‍ ശീ നിരായാസഃ
കുര്‍ വ്വന്നപി ന ലിപ്യതേ (4)

ജന്മമൃതു സുഖം ദുഃഖം
ദൈവനിശ്ചയമെന്നപോല്‍
അറിഞ്ഞു ചെയ്ക കര്‍ മ്മങ്ങള്‍
തൊടുകില്ലവ ചെയ്കിലും (4)

ചിന്തയാ ജായതേ ദുഃഖം
നാന്യഥേഹേതി നിശ്ചയീ
തയാ ഹീനഃ സുഖീ ശാന്തഃ
സര്‍ വ്വത്ര ഗളിതസ്പൃഹഃ (5)

ചിന്തയാല്‍ വന്നിടും ദുഃഖം
മറ്റൊന്നാലല്ല നിശ്ചയം
ചിന്തയറ്റാശ വിട്ടുള്ളോന്‍
സുഖിച്ചീടുന്നു ശാന്തനായ് (5)

നാഹം ദേഹോ ന മേ ദേഹോ
ബോധോƒഹമിതി നിശ്ചയീ
കൈവല്യം ഇവ സം പ്രാപ്തോ
ന സ്മരത്യകൃതം കൃതം (6)

ദേഹമല്ലയെനിക്കില്ല
ദേഹമെന്നുമുറച്ചവന്‍
ചെയ്ത കര്‍ മ്മങ്ങള്‍ ചെയ്യാതെ
യുള്ളതൊക്കെ സ്മരിച്ചീടാ (6)

ആബ്രഹ്മസ്തം ബപര്യന്തം
അഹമേവേതി നിശ്ചയീ
നിര്‍ വികല്പഃ ശുചിഃ ശാന്തഃ
പ്രാപ്താപ്രാപ്തവിനിര്‍ വൃതഃ (7)

ആബ്രഹ്മതൃണപര്യന്തം
താനെന്നുള്ളിലുറച്ചവന്‍
വികല്പമറ്റുനഷ്ടങ്ങള്‍
ചിന്തിക്കാ ശാന്തനെപ്പൊഴും (7)

നാനാശ്ചര്യമിദം വിശ്വം
ന കിം ചിദിതി നിശ്ചയീ
നിര്‍വാസനഃ സ്പൂര്‍ത്തിമാത്രോ
ന കിം ചിദിവ ശാമ്യതി (8)

ആശ്ചര്യകരമാം വിശ്വ-
മൊന്നുമല്ലെന്നുറച്ചവന്‍
വാസന വിട്ടു ചിദ്രൂപന്‍
ശാന്തനായിട്ടമര്‍ന്നിടും (8)

അഷ്ടാവക്രഗീത [10 – ഉപശമം]

നേരത്തെയുള്ള അദ്ധ്യായങ്ങളില്‍ ഒന്നും തന്നെ ത്യജിക്കാന്‍ ഇല്ല എന്ന് പറഞ്ഞ അഷ്ടാവക്രമഹര്‍ഷി തന്നെ ഈ അദ്ധ്യായത്തില്‍ ത്യജിക്കാന്‍ തന്നെയാണ്,സൂചിപ്പിക്കുന്നത്...പക്ഷെ അത് എല്ലാം വിട്ടു പോകുന്ന സന്യാസം എന്ന നിലയില്‍ അല്ല, എല്ലാ വ്യാപൃതനായ് തന്നെ ചെയ്യേണ്ട ആന്തരികമായ ത്യാഗം എന്ന നിലയില്‍ ആണ്. ചൈനീസ് സിദ്ധാന്തങ്ങളില്‍ പറയുന്ന wu-wei യും സെന്‍ മാസ്റ്ററുടെ പരമോന്നതമായ അവസ്ഥയും ആയാണ്  ഞാന്‍ മനസ്സിലാക്കുന്നത്

അഷ്ടാവക്ര ഉവാച

വിഹായ വൈരിണം കാമ-
മര്‍ത്ഥം  ചാനര്‍ത്ഥസംകുലം
ധര്‍മ്മമപ്യേതയോര്‍ ഹേതും
സര്‍വത്രാനാദരം കുരു (1)

അഷ്ടാവക്രന്‍ പറഞ്ഞു

വിട്ടീടൂ കാമമനര്‍ത്ഥം
നല്കീടുമര്‍ത്ഥവുമൊപ്പം
രണ്ടിന്നും ഹേതുവായീടും
ധര്‍മ്മത്തെയും വിട്ടുകൊള്‍ക (1)

സ്വപ്നേന്ദ്രജാലവത് പശ്യ
ദിനാനി ത്രീണി പഞ്ച വാ
മിത്രക്ഷേത്രധനാഗാര-
ദാരാദയാദി സമ്പദഃ (2)

മിത്രം ഭൂമി ധനം ദാരാ-
യെന്നീ സമ്പാദ്യമൊക്കെയും
ചില നാളില്‍ മറഞ്ഞീടും
കാണ്‌ക സ്വപ്നമായ് മായയായ് (2)

യത്ര യത്ര ഭവേത്തൃഷ്ണാ
സം സാരം വിദ്ധി തത്ര വൈ
പ്രൌഢവൈരാഗ്യാമാശ്രിത്യ
വിതതൃഷ്ണഃ സുഖീ ഭവ (3)

തൃഷ്ണ കാണുന്നിടം തന്നെ
സം സാരം നീ ധരിച്ചിടൂ
വൈര്യാഗ്യമൊന്നിനാല്‍ തൃഷ്ണ
വിട്ടു നീ നേടു സൌഖ്യവും (3)

തൃഷ്ണാമാത്രാത്മകോ ബന്ധ-
സ്തന്നാശോ മോക്ഷ ഉച്യതേ
ഭവാസംസക്തിമാത്രേണ
പ്രാപ്തി തുഷ്ടിര്‍മുഹുര്‍മുഹുഃ (4)

തൃഷ്ണ ബന്ധമതിന്‍ നാശം
മോക്ഷവെന്നത്രെ ചൊല്വതും
ആസക്തിയറ്റുവെന്നാലോ
നിത്യാനന്ദം ലഭിച്ചിടും (4)

ത്വമേകശ്ചേതനഃ ശുദ്ധോ
ജഡം വിശ്വമസത്തഥാ
അവിദ്യാപി ന കിഞ്ചിത്സാ
കാ ബുഭുത്സാ തഥാപി തേ (5)

ശുദ്ധചേതനയാകും നീ
ജഡം ലോകമസത്തു താന്‍
ഉണ്മയല്ലതവിദ്യാ താ-
നെന്നാല്‍ ജിജ്ഞാസയെന്തിനായ് (5)

രാജ്യം സുതാഃ കളത്രാണി
ശരീരാണി സുഖാനി ച
സം സക്തസ്യാപി നഷ്ടാനി
തവ ജന്മനി ജന്മനി (6)

രാജ്യം സുതര്‍ കളത്രങ്ങള്‍
ശരീരം സുഖമെന്നിവ
ആസക്തിയോടെ വാണിട്ടും
എത്ര ജന്മത്തില്‍ നഷ്ടമായ് (6)

അലമര്‍ത്ഥേന കാമേന
സുകൃതേനാപി കര്‍മ്മണാ
ഏഭ്യഃ സംസാരകാന്താരേ
ന വിശ്രാമഭൂന്മനഃ (7)

അര്‍ത്ഥകാമങ്ങളും കര്‍മ്മം
വേണ്ടാ സുകൃതമാകിലും
സംസാരകാനനം തന്നില്‍
മനശ്ശാന്തി തരില്ലിവ (7)

കൃതം ന കതി ജന്മാനി
കായേന മനസാ ഗിരാ
ദുഃഖമായാസദം കര്‍മ്മ
തദദ്യാപ്യുപരമ്യതാം (8)

ദേഹത്താല്‍ മനസാ വാക്കാല്‍
ചെയ്തു ജന്മാന്തരേ കര്‍മ്മം
ദുഃഖമേകുന്നതെല്ലാമി-
ന്നിപ്പോള്‍ നീയതു വിട്ടിടൂ (8)


പലജന്മത്തിലും ചെയ്തു
കര്‍മ്മങ്ങള്‍ പല മട്ടിലും
ദുഃഖമേകുമറിഞ്ഞിട്ടി-
ന്നിപ്പോള്‍ നീയതു വിട്ടിടൂ (8)



Thursday, 7 May 2015

ചാരണഗീതം

ലക്ഷണം: ഭംഭഭഗംഗുരു ചാരണഗീതം
-00/-00/-00/--

ശ്രീഗണനായക നിന്‍ പദപത്മം

വേഗമണഞ്ഞിടണേ മനതാരില്‍

ശോകമകറ്റുവതിന്നു ഗണേശാ

നല്കുക ജീവനു നിന്‍ കൃപ നിത്യം

നീ വരു മാനസമാം മലരിന്നായ്
ദേവി തരൂ കൃപയാം മധു നിത്യം
പൂവതിലായമരൂ വരവാണീ
തൂവുക നീ ഹൃദി ബോധവെളിച്ചം

വാനിലുദിച്ചു വരുന്നു വിവസ്വാന്‍
മാനസമേയുണരൂ ചിരിയോടെ
താനുണരാന്‍ മടി കാട്ടുവതെന്തേ
താനെ വരില്ല സുഖം ഭുവിയാര്‍ക്കും

Tuesday, 5 May 2015

ഏകമേവാദ്വിതീയം

പടിയില്ല, ബന്ധമില്ലാ ബന്ധനങ്ങളും
പലതല്ല പലതായി കാണുന്നതിന്‍
പൊരുളൊന്നു താനതു താന്‍ നിന്നിലെന്നുമേ
പുലരുന്നു നിന്നിലെ നീ തന്നെയായ്

പലതായി കാട്ടുന്ന മിഴി കൂമ്പിയുള്ളിലെ
പൊരുളൊന്നു തേടാനൊരുങ്ങുമെങ്കില്‍
പല നാളു വേണ്ടതു തെളിയുന്നതായ് കാണാം 
പതിവായി നിന്നില്‍ നിന്നുണ്മയായി


പതറുന്ന ചിത്തത്തിന്നകമെയും കാണ്മതാം
പരമപ്രകാശമാം സ്നേഹമത്രെ
പല നോവു തിന്നിട്ടുമണയാതെ മിന്നുന്ന
പൊരുള,തു താനത്രെ ചൊല്ലിടുന്നു
പല പേരില്‍, ദൈവമായ് കാരുണ്യമെന്നുമായ്
പ്രകൃതിയായ് വിശ്വത്തിന്നാധാരമായ്
പറയുവാനില്ലൊന്നുമറിയുവാനില്ലൊന്നും
പരമമാമീസത്യമോര്‍ക്കുമെങ്കില്‍