Tuesday, 3 December 2013

മത്തമര്‍ക്കടം

മനമിതതിചപലം മത്തനാം മര്‍ക്കടം പോല്‍, 

പശുപതിപദയുഗ്മേ എന്നര്‍ഘ്യമായേറ്റുകൊള്‍ക

അരുതരുതൊരുവിളംബം കരുണാപാശത്താല്‍ കെട്ടി 

തവ ചരണഭക്ത്യാല്‍ മുക്തിയുമേകിടണേ നീ

 

മനമിതില്‍ നിറയുന്നു ഭക്തിയല്ലര്‍ത്ഥമോഹം 

പനിമതിമുഖരൂപം പൂണ്ടമലരമ്പശസ്ത്രം 

പശുപതിചരണയുഗ്മം തന്നെയല്ലാതെയില്ലാ 

ഇതിനൊരുപരിഹാരം കാണ്മു ഞാനീവിപത്തില്‍

 

പ്രചോദനം : ശിവാനന്ദലഹരി

 

സദാ മോഹാടവ്യാം ചരതി യുവതിനാം കുചഗിരൌ 

നടത്യാശാശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ 

കപാലിന്‍ ഭിക്ഷോ മേ ഹ്രിദയകപിമത്യന്തചപലം 

ദ്രുഢം ഭക്ത്യാ ബദ്ധ്വാ ശിവ ഭവദധീനം കുരു വിഭോ

പനിമതിമുഖീ

കതിരവന്‍ മറയുകയായി,

പനിമതി അണയുകയായി,

പനിമതിമുഖി നീ മാത്രം

അണയാന്‍ വൈകുവതെന്തേ ?

 

പനിമതിമുഖീ, നീ

ചാരെയുണ്ടാകിലോ, കേള്‍

അതുമതി, ഭവനം മേ

സ്വര്‍ഗ്ഗതുല്യം, നിനയ്ക്കില്‍

അഷ്ടപുഷ്പങ്ങള്‍

അഹിംസയതൊന്നാം പുഷ്പം

മറ്റൊന്നിന്ദ്രിയനിഗ്രഹം

സര്‍വ്വഭൂതദയാപുഷ്പം

ക്ഷമാ, ജ്ഞാന, തപസ്സുകള്‍

 

വിശേഷാല്‍ ജ്ഞാനവും പിന്നെ

ശാന്തി, സത്യവും ചേരുകില്‍

വിഷ്ണുപ്രീതിയ്ക്കുതകീടും

എട്ടുപുഷ്പങ്ങളായെടോ

 

പ്രചോദനം

അഹിംസാ പ്രഥമം പുഷ്പം

പുഷ്പം ഇന്ദ്രിയനിഗ്രഹ:

സര്‍വഭൂതദയാപുഷ്പം

ക്ഷമാപുഷ്പം വിശേഷതഃ

ജ്ഞാനപുഷ്പം തപോപുഷ്പം

ശാന്തിപുഷ്പം തഥൈവ ച

സത്യം അഷ്ടവിധം പുഷ്പോഃ

വിഷ്ണോഃ പ്രീതികരം ഭവേത്

മണ്‍കുടം

മണ്‍കുടം താ, നിതിന്നുള്ളിലായ്  നിന്‍ കൃപ

ദീപമായെരിവതുണ്ടെന്നേയുള്ളൂ

ദീപപ്രഭയാലെ, തെല്ലിട, മണ്‍കുടം

ശോഭിച്ചു കാണുന്നുവെന്നേയുള്ളൂ

അപേക്ഷ

കൂരിരുള്‍ മൂടുമീ സംസാരം തന്നിലായ്

കാണാവതല്ലൊന്നും വ്യക്തമായി

തെറ്റാമെന്‍ പാദങ്ങള്‍, തട്ടിവീണെന്നാവാ-

മൊറ്റയ്ക്കു നീയെന്നെ വിട്ടുവെന്നാല്‍

 

മായയിലേറ്റം ഭ്രമിച്ചു നിന്‍ കൈവിട്ടു

പോയി ഞാനെന്നായിടൊല്ല കണ്ണാ

നിന്‍ കരത്താലെന്‍ കരം പിടിച്ചച്യുതാ

ഒപ്പം നടത്താന്‍ കനിയേണമേ

 

ചൊല്ലാം

കനവായ് വിരിഞ്ഞതും ചൊല്ലാം

പറയാന്‍ നിനച്ചതും ചൊല്ലാം

അറിവായ് തെളിഞ്ഞതും ചൊല്ലാം

അറിയാന്‍ കൊതിച്ചതും ചൊല്ലാം

ഞാന്‍

ജ്യോതിസ്വരൂപമാം സൂര്യന്‍

അല്ല, ഞാനറികെന്‍, സഖേ

രാവില്‍ ചെറുനിലാവെട്ടം

തൂകുമമ്പിളിയല്ലയോ

 

എന്നില്‍ കാണും നിലവെട്ടം

എന്റെയല്ലതു നിര്‍ണ്ണയം

സൂര്യതേജസ്സിനംശം ഞാ-

നേകും വെട്ടമസംശയം

അര്‍ഘ്യം

കരളിലെ നോവാണ്, കവിതയല്ല

കണ്ണുനീരാണിത്, മുത്തുമല്ല

കദനത്തിന്‍ മൊഴിയാണ്, കപടമല്ല

കണ്ണാ, നിനക്കിതെന്നര്‍ഘ്യമത്രേ

ശരണാഗതി

കണ്ണാലെ കാണുവാന്‍ നിന്‍ ദിവ്യമാം രൂപം

കാതാലെ കേള്‍ ക്കുവാന്‍ നിന്‍ വേണുഗാനവും

നാവാലെ ചൊല്ലുവാന്‍ നിന്നപദാനങ്ങള്‍

മന്ത്രിയ്ക്കുവാനായ് നിന്‍ നാമമന്ത്രവും

കണ്ണാ

ഇരുളിലെന്‍ പാദങ്ങള്‍ പതരുമ്പോഴും

കണ്ണാ ചിരിയെന്തേ  നിന്റെ ചുണ്ടില്‍ ??

മിഴികളില്‍ കണ്ണുനീര്‍ നിറയുമ്പൊഴും

കണ്ണാ, കളിയോ നിനക്കിതെല്ലാം ?

 

കളിയാം നിനക്കെന്നാല്‍ പതറുന്നുണ്ടെന്മനം

കളിയല്ല നോവേറ്റു നീറുന്നതുണ്ടു ഞാന്‍

മറയത്തിരുന്നൊക്കെ കണ്ടിട്ടു നീയെന്നെ

പരിഹസിച്ചീടുകിലതുചിതമോ കേശവാ?

കളിപ്പന്ത്

അമ്മാനമാടിക്കളിയ്ക്കുവാനെന്‍ മനം ,

കണ്ണാ, നിനക്കുകളിപ്പന്തുപോലെന്നോ ?

തട്ടിക്കളിപ്പതില്‍ തെറ്റില്ലയെങ്കിലും

തട്ടിത്തകരാതെ കാത്തുകൊള്ളേണമേ

ആത്മഗതം

അമ്മ വയറ്റില്‍ കഴിഞ്ഞ നാളീല്‍ പിന്നെ

ബാലരോഗങ്ങള്‍ വലച്ച നാളില്‍

ഇല്ലായിരുന്നെനിയ്ക്കാശ്രയമായേതും

നിന്‍ കൃപയെന്നൊന്നതെന്ന്യേയെങ്ങും

 

കാലം കഴിഞ്ഞെന്റെ യൌവ്വനകാലത്തില്‍

പാരം ഭ്രമിച്ചു വലഞ്ഞു ഞാനും

ആനന്ദരൂപമാം നിന്നെയറിയാതെ ഞാന്‍

ലോകം മുഴുവനും തേടിയല്ലോ

 

കണ്ടില്ല നിന്നെ ഞാനെങ്ങുമൊരേടത്തും

എന്റെ യൌവ്വനഗര്‍വ്വം മറച്ചതാവാം

അജ്ഞാനമാകുന്നതൂണുപിളര്‍ന്നു നീ

മുന്നില്‍ തെളിയുന്നതെന്നാണാവോ

തെറ്റല്ല

തെറ്റല്ല, നിന്നെ നിന്‍ തായുരലില്‍ കെട്ടി

നിര്‍ത്തിയതില്‍ ദുഃഖമില്ലെനിയ്ക്ക്

ഒട്ടല്ലെന്‍ മാനസം നോവേറ്റു നീറുന്നു
മായാപാശത്താല്‍ നീയെന്നെ ബന്ധിയ്ക്കയാല്‍

നീ

ചുണ്ദില്‍ തെളിയുന്ന പുഞ്ചിരി നീയല്ലേ
കണ്ണില്‍ നിറയുന്ന കണ്ണീരും നീ തന്നെ
പ്രാണനും പ്രാണന്റെ സ്പന്ദനമായ് നിത്യം
ഹൃദയമോതീടുന്നമന്ത്രവും നീയല്ലോ

എന്നുമെന്‍ മാനസപുഷ്പത്തിന്‍ നിറയുന്ന
പ്രണയമാം മധുവിലെ മാധുര്യം നീ തന്നെ
എന്നുമാപുഷ്പത്തെ തഴുകിയുറക്കുന്ന
സ്നേഹമന്ദാനിലസ്പര്‍ശവും നീ തന്നെ

വിക്രമാദിത്യന്‍

മോഹം ചിതയിലെരിയുന്ന ഭൂമിയില്‍

വീണ്ടുമെത്തീടുന്ന വിക്രമാദിത്യന്‍ ഞാന്‍

പ്രാരബ്ധകര്‍മ്മത്തില്‍ വേതാളം പേറുന്നു

വീണ്ടുമെന്‍ യാത്ര തുടരുന്നു വാഴ്വിതില്‍

ആര്‍ദ്രം

ചുവന്നുകോപിച്ചമിഴികള്‍ക്കുമാകുമോ, ഹേ സഖേ,

കാരുണ്യവര്‍ഷത്തിന്‍ നേരറിയാന്‍ ?

ഉരുക്കുമുഷ്ടികള്‍ക്കാവുമോ, മത്സഖേ,

സ്നേഹമായെപ്പൊഴും കൈകോര്‍ത്തിരിയ്ക്കുവാന്‍

അറിവ്

അന്യന്റെ നോവില്‍ നീ നിന്‍ നോവ് കാണുകില്‍

അന്യന്റെ കണ്ണീരില്‍ നിന്നുള്ളവും തേങ്ങുകില്‍

ധന്യന്‍ നീയന്നുനിന്നുള്ളില്‍ തെളിഞ്ഞിടും

സ്നേഹമാണീശ്വരനെന്നത്രെ കേള്‍പ്പൂ ഞാന്‍

 

മുന്നിലായ് കാണുന്നവിശ്വമെല്ലാം

തന്നുള്ളിലായ് കാണാകുമെന്നുവന്നാല്‍

മന്നില്‍ നാം കാണുന്നജീവനെല്ലാം തന്നെ

തന്നുള്ളത്തിന്‍ സ്നേഹം പകരുമെന്നാല്‍

എന്റെയും നിന്റെയുമെന്നുള്ള ഭേദത്തില്‍

തെല്ലുമേ ചിത്തം ഭ്രമിച്ചിടായ്കില്‍

വന്നുപോയ് നിന്നിലാവിശ്വേശകാരുണ്യം

ജ്ഞാനസ്വരൂപമായ് നീ ജ്ഞാനി തന്നെ

സത്യപ്രകാശം

സത്യപ്രകാശത്തെ മൂടീവെച്ചീടുവാനാകായില്ലാര്‍ക്കുമെന്നേയ്ക്കുമായ്

സൂര്യനെ മേഘമറയ്ക്കിലും കണ്ണാലെ കാണ്മതില്ലെന്നത്രെ ചൊല്ലിടുന്നു

മേഘമകലവേ സൂര്യന്‍ തെളിഞ്ഞിടും കണ്ണികള്‍ക്കാനന്ദമേകിടുന്നു

ആഴക്കടലില്‍ മറഞ്ഞാലും പിന്നെയും പൂര്‍വ്വാദ്രി തന്നില്‍ തെളിഞ്ഞിടുന്നു

കാരുണ്യം

കാലാതിവര്‍ത്തിയാം കാരുണ്യമല്ലോ

ഈശ്വരനാമത്തില്‍ നാമറിവൂ

കണ്ണിന്നുകണ്ണായിടുന്നതാം പൊരുളിന്റെ

കാരുണ്യമല്ലാതെന്തുവാഴ്വില്‍ ?

 

പേരുകള്‍ മാത്രമേ മാറുന്നതായുള്ളൂ

മാറുന്നതില്ലിതില്‍ പ്രഭാവം

പേരുമറച്ചീടുമാസത്യപ്രകാശത്തെ

കാണുവാനും കൃപാ തന്നെ വേണം

 

പേരുകള്‍ ചൊല്ലിയത്രെ പിരിഞ്ഞു നാം

പേരെഴുമീപൊരുളോര്‍ത്തിടാതെ

പേരിലെ ഭേദമീ പൊരുളിനില്ലെന്നോരു

നേരുട്ടുമേ നാമറിഞ്ഞിടാതെ

ആനന്ദം

വിട്ടുവീഴ്ചയിലുള്ളതാമാനന്ദം

വെട്ടിനേടുകിലുണ്ടാകയില്ലല്ലോ

വെട്ടിനേടുവതൊക്കെയിവിടെ നാം

വിട്ടുപോകണമെന്നതുനിര്‍ണ്ണയം

ചിത്രം

ചിത്രങ്ങളെന്റെ നീയെത്രവരയ്ക്കിലും

ചിത്രത്തിലെന്നെ നീ കാണില്ല നിര്‍ണ്ണയം

ചിത്രമല്ലല്ലോ ഞാന്‍ ജീവനാമെന്നെ നീ

ചിത്രമായ് കാണ്മതാണേറ്റം വിചിത്രം

തിരുവിളയാടല്‍

തിരുവിളയാടല്‍ താന്‍ കാണുന്നതൊക്കെയും

തെളിയുന്നില്ലെന്‍ കണ്‍കളിലെന്നേയുള്ളൂ

കരുണയാര്‍ന്നൊഴുകുന്ന വേണുഗാനം കേള്‍ക്കാ-

നാവുന്നതില്ലെനിയ്ക്കെന്നുമെന്നേയുള്ളൂ

 

വേണുഗാനം

കവിയല്ല ഞാന്‍ പാടും കുയിലുമല്ലൊട്ടുമേ

പാടുവാനറിയാത്ത പാഴ്മുളം തണ്ടത്രെ

ഗായകപ്രാണനീതണ്ടിലൂടൊഴുകുമ്പോള്‍

പാട്ടായി കേള്‍പ്പതുണ്ടെന്നത്രെ ചൊല്ലാവൂ

 

മിന്നാമിനുങ്ങ്

മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍ കാണുന്നു

മിന്നാമിനുങ്ങൊരു കൊച്ചുലോകം

മിന്നാതിരുള്‍ മൂടും ലോകത്തെ കാണുന്നു

മിന്നാമിനുങ്ങെന്നു വന്നീടുമോ ?

 

ഇത്തിരിയുള്ളൊരു ജീവിയാണെങ്കിലും

ഇത്തിരിനേരമേ ജീവനുള്ളെങ്കിലും

ഇത്തിരി വെട്ടം പകരുന്നു നീയെന്നി-

ലൊത്തിരി വെട്ടം തെളിച്ചിടുന്നു

 

സ്വാമി ശരണം

ഉള്ളില്‍ തെളിയുന്ന ദീപത്തെ കാണുവാന്‍

ഭള്ളു മറന്നു കരഞ്ഞു വിളിയ്ക്കുകില്‍

ഉള്ളത്തിലെ ദീപം തെല്ലു തെളിഞ്ഞിടും

കണ്ണിലന്നേരം നിറഞ്ഞിടും  കണ്ണീരും

 

അഴലായി കണ്ടതാം അഴുതയും താണ്ടി ഞാന്‍

അജ്ഞാനമാകുമാകരിമലയും താണ്ടി

തേടിയെത്തീടുമ്പോള്‍ കാത്തുകൊള്ളേണമേ

മാമലയില്‍ വാഴും കാരുണ്യദീപമേ

 

പുണ്യപാപത്തിന്റെ ഇരുമുടിക്കെട്ടുമായ്
പതിനെട്ടുപടിയേറാന്‍ വന്നിടുമ്പോള്‍
പാദബലം തരും കാരുണ്യായെന്നെ
കാത്തരുളേണമേ തമ്പുരാനേ

കണ്ണാ

പിഴച്ചുവെന്‍ പാദമെന്നാകിലാപിഴയും

നിന്‍ പാദത്തിലര്‍ഘ്യമെന്‍ കണ്ണാ

 

വഴിപോലെ പിഴ തീര്‍ത്തു കാത്തരുളീടു-

കെനകതാരിന്നൊളിയായി കണ്ണാ

 

നിലച്ചുവെന്‍ നാദമെന്നാകിലതും

നിന്റെ കാരുണ്യമല്ലയോ കണ്ണാ

 

മൊഴിയായെന്മിഴിയായുമുയിരായുമുലകാ-

യുമമരുമൊരൊളിയായ് തെളിക

കുരുക്ഷേത്രം

ആയുധമില്ലാതെ മാധവനൊരുവശം

സായുധരാകിയ സൈനികരൊരുവശം

ആയുധമേന്തിടുമോരോമുഖത്തിലും

മാധവസ്മേരവും കാണുവതെന്തു ഞാന്‍ ?

മാറ്റം

നന്നല്ല, അന്യരെ നന്നാക്കിടാനുള്ള

മോഹമൊരിയ്ക്കലും നല്ലതല്ല"

എന്നല്ല, അന്യരെ നന്നാക്കിടും മുന്നെ

മാറേണ്ടതെപ്പൊഴും ഞാനല്ലയോ

 

കൃഷ്ണാരാധന

കണ്ണനേകാറുണ്ടു ഹൃദയമാം കോവിലില്‍

കണ്ണീരുകൊണ്ടെത്ര അഭിഷേകങ്ങള്‍

കണ്ണനേകാറുണ്ടു മനസ്സിലെ നോവെല്ലാം

വെണ്ണനൈവേദ്യമായ് ഭക്തിസാന്ദ്രം

സൌന്ദര്യലഹരി

വശ്യമാം സൌന്ദര്യം കാട്ടു,കല്ലായ്കിലോ

വിശ്വമായ് തന്നെ നീ തെളിക

വിശ്വൈകവന്ദ്യേ, നീ ലഹരിയായെന്നിലി

ന്നാനന്ദമായിട്ടമര്‍ന്നരുള്‍ക

സ്വാമി ശരണം

പുണ്യപാപത്തിന്റെ ഇരുമുടിക്കെട്ടുമായ്

പമ്പാനദീതടം ലക്ഷ്യമാക്കി

ധന്യമീമണ്ഡലനാളിലെന്‍ മാനസം

തീര്‍ത്ഥാടനത്തിനൊരുങ്ങി നില്‍പൂ

 

എരുമേലി വാസന്റെ മുന്നിലഹന്തയും

അടിയോടെ തുള്ളിയടങ്ങി  പിന്നെ

ഗുരുവായി വാവാരു സ്വാമിയെ കുമ്പിട്ടു

കാനനം തന്നിലേയ്ക്കെത്തിടുന്നു

 

അഴലിന്റെയഴുത ഞാനേറുമ്പോളെന്‍ പാദം

ഇടറാതെ കാക്കും പരം പൊരുളേ

കരിമലയാകുമജ്ഞാനമാമലയി-

റങ്ങിടാനൊപ്പമുണ്ടായിടണേ

 

ദുരിതങ്ങളൊക്കെയും പമ്പാനദിയില്‍ ഞാന്‍

കഴുകി ദേഹത്തിന്നു ശുദ്ധിയേകി

ഗണപതി,യുമ,രാമ,ഹനുമത് ചരണങ്ങളില്‍

തൊഴുതു നമസ്കാരം ചെയ്തശേഷം

 

കലിയുഗവരദന്റെ മാമലകേറുവാന്‍

ശബരീശകാരുണ്യം തേടുകയായ്

അപ്പാച്ചിമേട്ടിലും ശബരിപീഠത്തിലും

വിധിപോലെ കുമ്പിട്ടുവലവും വെച്ചു

 

ശരം കുത്തിയാലിലെന്‍ ശരവുമെറിഞ്ഞു ഞാന്‍

താവകസന്നിധാനത്തിലെത്തി

പതിനെട്ടുപടിമേലെ നില്‍ക്കുമാ വരദന്റെ

പാദപത്മം കൂപ്പി നിന്നിടുന്നു

ശ്രീഹരേ നമഃ

കണ്ണനോടിക്കളിച്ചീടുമാ മണ്ണിലുരുളാന്‍

കൊതിയ്ക്കുമക്രൂരനാണെന്‍ മനം

തട്ടുമാളികകെട്ടിലാകൊലാ താവക

പാദപത്മത്തിങ്കലാകട്ടെയെന്‍ മനം

സമര്‍പ്പണം

കളവുണ്ടെന്നുള്ളിലായെങ്കിലാ

കളവും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

കളവിലാബാലിയെ കൊന്നകാരുണ്യമായ്

കളവൊടുക്കീടു നീ കണ്ണാ

 

കുറവുണ്ടെന്നുള്ളിലായെങ്കിലാ

കുറവും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

കുറവകറ്റീട്ടുള്ളിലറിവായ് തെളിക നീ

കാരുണ്യവാരിധേ കണ്ണാ

 

പിഴയുണ്ടെന്നുള്ളിലായെങ്കിലാ

പിഴയും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

വഴിപോലെ പിഴതീര്‍ത്തു കാത്തരുളീടുക

വഴിവിളക്കാക നീ കണ്ണാ

 

അഴലുണ്ടെന്‍ വാഴ്വിലായെങ്കിലാ

അഴലും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

അഴലലട്ടീടുമ്പോള്‍ കനിവോടെ വന്നെന്നെ

കാത്തരുളീടുകെന്‍ കണ്ണാ

 

അഹന്തയുണ്ടുള്ളിലായെങ്കിലാ-

അഹന്ത നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

അലിവോടണഞ്ഞഹന്തയാം നക്രത്തിന്‍

ഗളമറുത്തെന്നെ നീ കാക്ക

 

കഴിവുണ്ടെന്നുള്ളിലായെങ്കിലാ

കഴിവും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു

കഴിവെല്ലാമര്‍ ച്ചനാപുഷ്പമായ് നിന്‍ പാദ-

സേവയ്ക്കുതകട്ടെ കണ്ണാ

പൂര്‍ണ്ണത്രയീശ്വരാ

പൂര്‍ണ്ണമായ് മുങ്ങിയീ സം സാരചക്രത്തില്‍

തീരാത്തനോവുമായി ഞാന്‍ വലഞ്ഞീടുമ്പോള്‍

പൂര്‍ണ്ണത്രയീശ്വരാ, നിന്നെ മറന്നിഹ

ചെയ്തപരാധങ്ങളൊക്കെ പൊറുക്കണേ

 

പൂര്‍ണ്ണത്രയീശന്റെ പാദാം ബുജങ്ങളെന്‍

മാനസേ നിത്യവും കാണുവാനായെന്നും

പൂര്‍ണ്ണത്രയീശ്വരാ നിന്‍ കൃപാവൈഭവം

തന്നെയല്ലാതൊന്നും ആശ്രയമായില്ല

 

പൂര്‍ണ്ണത്രയീശ്വരാ

പൂര്‍ണ്ണത്രയീശ്വരാ ദേവാ നമോസ്തുതേ

പൂര്‍ണ്ണത്രയീപുരനാഥാ നമോസ്തുതേ

പൂര്‍ണ്ണഭക്ത്യാ വണങ്ങീടുവോര്‍ക്കൊക്കെയും

പൂര്‍ണ്ണമോദം നല്‍കുമീശാ നമോസ്തുതേ

 

പൂര്‍ണ്ണത തേടിയീസംസാരചക്രത്തില്‍

പൂര്‍ണ്ണമായ് മുങ്ങി ഞാന്‍ കാലം കഴിയ്ക്കുമ്പോള്‍

പൂര്‍ണ്ണവേദപ്പൊരുളേ നിന്നില്‍ ഭക്തിയും

പൂര്‍ണ്ണമായെന്നെന്നുമെന്നിലുണ്ടാകണേ

 

പൂര്‍ണ്ണത്രയീപുരം തന്നിലായ് നിത്യവും

പൂര്‍ണ്ണമോദം നല്‍കും സത്യപ്രകാശമായ്

പൂര്‍ണ്ണത്രയീശ്വരാ നിന്‍ പാദപങ്കജം

പൂര്‍ണ്ണഭക്ത്യാ വണങ്ങീടുവാനാകണേ