Friday, 27 March 2015

മയിലാട്ടം

ആട്ടിവിട്ടാലാടാതെന്തു താന്‍ ചെയ്തിടാ-

മാടുമീപ്പാവയുമെന്തറിഞ്ഞീടുന്നു

ആട്ടവിളക്കണഞ്ഞീടുന്ന നേരത്തു

കൂട്ടിനു നീയല്ലാതാരുതാനുള്ളതും

പാട്ടായി, പ്രാണനായ്, ജീവനാധാരമാ-

യീണമായ്, താളമായ്, നീയെന്റെയുള്ളിലായ്

വെട്ടമായേകമാമുണ്മയായ് കാണുമ്പോ-

ളാടുന്നു പീലിവിരിച്ചെന്റെ മാനസം

മുത്ത്

കണ്ണുനീരുള്ളിലെ ശോകാഗ്നിയില്‍ സ്ഫുടം

ചെയ്തുതപശ്ശക്തിയാലതു മുത്തായി

കണ്ണിനും കാതിനുമിമ്പമേകീടുന്ന

കണ്ണന്റെ കാല്‍ത്തളമുത്തായി മാറട്ടെ

Sunday, 22 March 2015

ധ്യാനം

നാനാദ്വാരങ്ങളുള്ളാകുടമതിലെഴുമാദീപമായ് മിന്നി നില്ക്കും

ജ്ഞാനം കാണായ് വരുന്നൂ മിഴികളി,ലതുപോലുള്ളതാം ദ്വാരമാര്‍ഗ്ഗേ

നൂനം വെട്ടം പകര്‍ന്നീടുവതു,മുലകവും കാട്ടിടും സത്യമത്രേ

ഞാനെന്നും കാണ്മതാകും ഗുരു, തവ ചരണേ ഞാന്‍ നമിക്കുന്നു നിത്യം

 

പ്രചോദനം (തര്‍ജ്ജമയല്ല)

നാനാഛിദ്രഘടോദരസ്ഥിതമഹാദീപപ്രഭാഭാസ്വരം

ജ്ഞാനം യസ്യ തു ചക്ഷുരാദികരണദ്വാരാ ബഹിഃ സ്പന്ദതേ

ജാനാമീതി തമേവ ഭാന്തമനുഭാത്യേതത് സമസ്തം ജഗത്

തസ്മൈ ശ്രീഗുരുമൂര്‍ത്തയേ നമയിദം ശ്രീദക്ഷിണാമൂര്‍ത്തയേ

ഏകം

വിദ്യാവിനയസമ്പന്നേ

ബ്രാഹ്മണേഗവിഹസ്തിനി

ശുനിചൈവശ്വപാകേച

പണ്ഡിതാസമദർശിനഃ

 

പ്രചോദനം

 

ബ്രാഹ്മണന്‍ പശു,നാ,യാന

നായയെയും ഭുജിപ്പവന്‍

വിനയാന്വിതനാം ജ്ഞാനി-

ക്കില്ല ഭേദമിതൊന്നിലും

Saturday, 21 March 2015

നിഴല്‍

നിന്നിലത്രേ പിറന്നീടുന്നതെന്നുമേ

നിന്നില്‍ ലയിച്ചത്രെയില്ലാതെയാവതും

നിന്നെ വിട്ടില്ലെനിക്കസ്തിത്വമീലോക-

മെന്നെയറിവതു നിന്‍ നിഴലായ് മാത്രം

Friday, 20 March 2015

ഹരിണി

ലക്ഷണം നസമ ഹരിണിക്കാറും പത്തും മുറിഞ്ഞു രസം ലഗം

000/000/(യതി)/---/-(യതി)0-/00-/0-

ഭുവനമഖിലം ശോകത്താലേറെ നോവു പകര്‍ന്നിടും
സമയമിവിടേ മോഹത്തേരേറി തേടുവതോ സുഖം ?
നിജ,മൊരുവനും കാണാറില്ലെങ്കിലും തിരയും സദാ
നയനയുഗവും ചേർത്തങ്ങടച്ചിരുട്ടു വരുത്തുവോർ

മഞ്ജരി

ആരറിയുന്നു ഹാ കാകളി കേകയും
മഞ്ജരിയും മറ്റു വൃത്തങ്ങളും
ചാടുവാനായ് വളയം വേണ്ടയൊക്കെയു-
മിന്നു ഫാഷന്‍ 'വായില്‍ തോന്നും വിധം'
കുത്തിക്കുറിക്കുകയെന്നതൊന്നാണതില്‍
വന്നിടും ലൈക്കും കമന്റുകളും
ലൈക്കും കമന്റുമെഴുത്തിനല്ലത്രെയ-
തൊക്കെയെഴുതുന്നവര്‍ക്കു തന്നെ
വേണ്ടതു നല്ല തൊലിക്കട്ടിയാണതി-
നൊത്തസഭ്യങ്ങളുമൊത്തുചേര്‍ന്നാല്‍
ആധുനികനെന്ന പേരില്‍ നടന്നിടാം
കാളിദാസന്റെയും മേലെയാകും
നല്ലഴകുള്ള പ്രൊഫൈല്‍ ചിത്രമാണെങ്കില്‍
വന്നിടും 'ഹാ ഹൂ' കമന്റുകളും
കഷ്ടം കവിതയ്ക്കു വന്നു പോയ് ദുര്‍ഗതി
മറ്റുകലകളെക്കാളും കഷ്ടം

Thursday, 19 March 2015

ധ്യാനം

കാവു തീണ്ടുന്നതാം ചിന്താ-
കോമരം തുള്ളിയാര്‍ക്കവേ
കാളി! നിന്‍ കണ്ണിലെ തീയ്യില്‍
മോഹത്തിന്‍ ബലിയര്‍പ്പണം

ക്രോധത്തിന്‍ പുത്രനായെത്തും
രക്തബീജമഹാസുരന്‍
ദര്‍പ്പമായ് കാണ്മു ലോകത്തില്‍
സര്‍വ്വനാശസ്വരൂപമായ്

ചുടലക്കളമായ് മാറും
ലോകത്തില്‍ ശാന്തിവന്നിടാന്‍
അജ്ഞാനം മാറിടാന്‍ കാളീ
വിളങ്ങൂ ജ്യോതിരൂപമായ്

Wednesday, 18 March 2015

ആഖ്യാനകി

ലക്ഷണം: ആഖ്യാനകിയ്ക്കൊറ്റയിലിന്ദ്രവജ്ര;യിരട്ടയില്‍ പിന്നെയുപേന്ദ്രവജ്ര

--0/--0/0-0/--
0-0/--0/0-0/--

നാരീജനത്തിന്‍ മുഖമേവമെന്നും

മുരാരി തന്‍ പാദവുമാണുപോലും

പാരില്‍ വസിച്ചീടുവതായ കാലം

നരന്നു മോദം പകരുന്ന മാര്‍ഗ്ഗം

നാരായണാ! നിന്‍ പദസേവയൊന്നാല്‍

വരും സുഖം നിത്യമനന്ത,മെന്നാല്‍

നാരീമുഖം, വാനിലെ മാരിവില്‍ പോല്‍,

തരും സുഖം തെല്ലിടമാത്രമത്രേ

നേരെന്നുമേ നിന്‍ കൃപയൊന്നുമാത്രം

നിരന്തരം കാണുമതീജഗത്തില്‍

പാരില്‍ സുഖം തന്നിടുമാപദത്തെ

വരിച്ചിടാം ജീവിതലക്ഷ്യമായി

പ്രചോദനം:

നാരായണന്‍ തന്റെ പദാരവിന്ദം
നാരീജനത്തിന്റെ മുഖാരവിന്ദം
മനുഷ്യനായാലിവരണ്ടിലൊന്നു
നിനച്ചുവേണം ദിവസം കഴിപ്പാന്‍

Sunday, 15 March 2015

പ്രാരബ്ധം

വില്ലു വിട്ട ശരം പോലെ

വാക്കും പ്രാരബ്ധകര്‍മ്മവും

തെല്ലുമാകാ തടഞ്ഞീടാന്‍

മര്‍ത്ത്യ,നീശ്വരനും തഥാ

കല്ല്‌

കല്ലില്‍ കണ്ടെന്നു വന്നേക്കാ-

മുള്ളിലുള്ളീശ്വരത്വവും

തെല്ലും കാണില്ലയെന്നാലും

കല്ലാകും ഹൃത്തിലാപ്പൊരുള്‍

Saturday, 14 March 2015

പഞ്ചചാമരം

ചിരിച്ചു വോട്ടു വാങ്ങി പിന്നെ മന്ത്രിയാകിലാരെയും
തിരിഞ്ഞു നോക്കുകില്ലയെന്നതൊക്കെയും സഹിച്ചിടാം
തരിച്ചു ഞാനിരുന്നു പോയി രണ്ടു നാളു മുമ്പിലായ്
ഭരിച്ചിടാന്‍ നടത്തിടുന്ന ഗോഷ്ടി കണ്ടു നില്ക്കവേ

നരച്ച ചിന്തയത്രെയിന്നു നാടു വാണിടുന്ന,ത-
ന്നിരച്ചു വന്ന ചോര പോലുമിന്നും ഹാ തണുത്തു പോയ്
വരം ലഭിച്ചതെന്ന പോലെ മക്കളും വരുന്നു ഹാ
ഭരിച്ചിടാനിതിന്നു പേര്‍ ജനാധിപത്യമെന്നതോ ?

അറിഞ്ഞിടുന്നു കാവു തീണ്ടുവാനുറച്ചു മാനസേ

വരുന്നതുണ്ടു ചിന്തയേറെ നിന്‍ കടാക്ഷമൊന്നിനായ്

കുരുത്തു വന്ന മോഹമൊക്കെ ഞാനരിഞ്ഞിടാമതൊ-

ന്നറിഞ്ഞു നീ കുരുംബ! നല്കിടേണമേ കൃപാബലം

ജനിച്ചതില്ല ഞാന്‍, മരിക്കുകില്ലയെന്നതൊന്നുമേ
മനസ്സിലായിടുന്നതില്ല,യെത്ര തന്നെ ചൊല്ലിയും
മനസ്സുമെന്റെയെന്നു ഞാന്‍ പറഞ്ഞിടുന്നുവെങ്കിലും
മനസ്സു ഞാന്‍ പറഞ്ഞിടും വഴിക്കു പോകയില്ലെടോ

തനിക്കു തോന്നിടും വഴിക്കു പോയിടുന്നതാം മന-
സ്സെനിക്കു നന്മ ചെയ്കയില്ല,തല്ല ഞാനൊരിക്കലും
മനസ്സുമല്ല ദേഹമല്ലയെങ്കിലാരു നിത്യവും
നിനച്ചിടുന്നു ദുഃഖമീജഗത്തിലെന്നു ചൊല്കെടോ

Friday, 13 March 2015

അഷ്ടാവക്രഗീത [3 - ജ്ഞാനപരീക്ഷ]

അഷ്ടാവക്ര ഉവാച

അവിനാശിനമാത്മാനം
ഏകം വിജ്ഞായ തത്ത്വതഃ
തവാത്മജ്ഞാനധീരസ്യ
കഥമര്‍ത്ഥാര്‍ത്ഥനേ രതിഃ (1)

അഷ്ടാവക്രന്‍ പറഞ്ഞു
നാശമില്ലാത്തതാമാത്മാ-
വേകമെന്നറിയും ഭവാന്‍
ധീരനെന്നാല്‍ ധനത്തിനാ-
യാശയെങ്ങിനെ വന്നുപോയ് (1)

ആത്മാജ്ഞാനാദഹോ പ്രീതിര്‍
വിഷയഭ്രമഗോചരേ
ശുക്തേരജ്ഞാനതോ ലോഭോ
യഥാ രജതവിഭ്രമേ (2)

ചിപ്പി കാണാത്തതിന്നാലേ
വെള്ളിയില്‍ ഭ്രമമേറിടാം

ആത്മജ്ഞാനം മറഞ്ഞെന്നാല്‍

വിഷയത്തില്‍ ഭ്രമിച്ചിടാം (2)

വിശ്വം സ്ഫുരതി യത്രേദം
തരംഗാ ഇവ സാഗരേ
സോƒഹമസ്മീദി വിജ്ഞായ
കിം ദീന ഇവ ധാവസി (3)

ആഴിയിലല പോലത്രെ
വിശ്വമുള്ളിലറിഞ്ഞു നീ
ദീനനെ പോലെയോടാനായ്
ഹേതുവെന്തെന്നു ചൊല്കെടോ (3)

ആഴിയിലല പോല്‍ വിശ്വം
നിന്നിലാണെന്നറിഞ്ഞ നീ
ദീനനെന്നു ധരിച്ചേവം
പായുന്നെന്തിനു നിത്യവും (3)

ശ്രുത്വാപി ശുദ്ധചൈതന്യ-
മാത്മാനമതിസുന്ദരം
ഉപസ്ഥേƒത്യന്തസംസക്തോ
മാലിന്യമധിഗച്ഛതി (4)

ശുദ്ധചൈതന്യമത്യന്തം
സുന്ദരം തന്നെ താന്‍ സ്വയം
കാമാസക്തിയതിന്നാലേ
മാലിന്യം കാണ്മതേവമായ് (4)

സര്‍വ്വഭൂതേഷു ചാത്മാനം
സര്‍വ്വഭൂതാനി ചാത്മനി
മുനേര്‍ ജാനത ആശ്ചര്യം
മമത്വമനുവര്‍ത്തതേ (5)

സ്വര്‍വ്വജീവനിലും തന്നെ
തന്നിലാണവരെന്നുമായ്
കാണ്മതാകും മുനിയ്ക്കും ഹാ
കാണ്മൂ മമതയുള്ളതായ് (5)

ആസ്ഥിതഃ പരമാദ്വൈതം
മോക്ഷാര്‍ത്ഥേƒപി വ്യവസ്ഥിതഃ
ആശ്ചര്യം കാമവശഗോ
വികലഃ കേളിശിക്ഷയാ (6)

പരമാദ്വൈതിയായാലും
മോക്ഷാര്‍ ത്ഥിയാകിലും നരന്‍
കാമത്തിനടിമപ്പെട്ടെ-
ന്നാലേ ദുര്‍ബലനായിടും  (6)

ഉദ്ഭൂതം ജ്ഞാനദുര്‍മിത്ര-
മവധാര്യാദി ദുര്‍ബലഃ
ആശ്ചര്യം കാമമാകാംക്ഷേത്
കാലമന്തമനുശ്രിതഃ (7)

പൊങ്ങി വന്നിടുമാകാമം
ശത്രുവെന്നു ധരിക്കിലും
ദുര്‍ബലന്നന്ത്യകാലത്തും
കാമത്തിന്നുകൊതിപ്പു ഹാ (7)

ഇഹാമുത്ര വിരക്തസ്യ
നിത്യാനിത്യവിവേകിനഃ
ആശ്ചര്യം മോക്ഷകാമസ്യ
മോക്ഷാദേവ വിഭീഷികാ (8)

നിത്യാനിത്യമറിഞ്ഞോനും
വിരക്തനായിരിപ്പോനും
മോക്ഷമാശിച്ചിടാമെന്നാല്‍
മോക്ഷം ഭീതിയുമേകിടും (8)

ധീരസ്തു ഭോജ്യമാനോƒപി
പീഡ്യമാനോƒപി സര്‍വദാ
ആത്മാനം കേവലം പശ്യന്‍
ന തുഷ്യതി ന കുപ്യതി (9)

ധീരന്‍ സുഖം ഭുജിച്ചാലും
നോവിക്കപ്പെട്ടുവെങ്കിലും
ആത്മാ താനെന്നറിഞ്ഞൊട്ടും
കോപം കാട്ടില്ല മോദവും (9)

ചേഷ്ടമാനം ശരീരം സ്വം
പശ്യത്യന്യശരീരവത്
സംസ്തവേ ചാപി നിന്ദായാം
കഥം ക്ഷുഭ്യേത് മഹാശയഃ (10)

ചേഷ്ട കാട്ടുന്നതാം ദേഷം
തന്റെയല്ലെന്നു കാണ്മവന്‍
സ്തുതിയും നിന്ദയും കേട്ടാല്‍
ക്ഷോഭിച്ചീടുന്നതെങ്ങിനെ? (10)

മായാമാത്രമിദം വിശ്വം
പശ്യന്‍ വിഗതകൌതുകഃ
അഹി സന്നിഹിതേ മൃത്യൌ
കഥം ത്രസ്യതി ധീരധീഃ (11)

വിശ്വത്തെ മായയായ് കണ്ടു
കൌതുകം പോയ ധീരനു
മൃത്യുവന്നെത്തിയെന്നാലും
ഭീതിയെങ്ങിനെ വന്നിടും  (11)

നിസ്പൃഹം മാനസം യസ്യ
നൈരാശ്യേƒപി മഹാത്മനഃ
തസ്യാത്മജ്ഞാനതൃപ്തസ്യ
തുല്യതാ കേന ജായതേ (12)

ആശയൊന്നിലുമില്ലാതെ
സ്പൃഹയറ്റിട്ടു തൃപ്തനായ്
ആത്മജ്ഞാനം രസിപ്പോനു
തുല്യമായുള്ളതെന്തെടോ (12)

സ്വഭാവാദ് ഇവ ജാനാനോ
ദൃശ്യമേതന്ന കിം ചന
ഇദം ഗ്രാഹ്യമിദം ത്യാജ്യം
സ കിം പശ്യതി ധീരധീഃ (13)

ദൃശ്യമായൊക്കെയും മിഥ്യ-
യെന്നറിഞ്ഞൊരു ധീരനോ
നേടാന്‍ കാണുകയില്ലൊന്നും
ത്യജിക്കാനില്ലയൊന്നുമേ (13)

അംതസ്ത്യക്തകഷായസ്യ
നിര്‍ദ്വന്ദസ്യ നിരാശിഷഃ
യദൃച്ഛയാ ഗതോ ഭോഗോ
ന ദുഃഖായ ന തുഷ്ടയേ (14)

ഉള്ളിലെ ചേറു മാറ്റീട്ടു
ദ്വൈതബോധമകന്നവന്‍
യദൃച്ഛയാ രമിച്ചാലും
ദുഃഖം കാണില്ല മോദവും (14)

ഹൃത്സ്പന്ദനം

കവിയല്ല ഞാ,നിതു കവിതയല്ലാ, ഞാനൊ-

ട്ടെഴുതാറുമില്ലെടോ കവിതയേതും

കവിയെന്ന പേരിന്നു മോഹവുമില്ല ഞാ-

നറിയുന്നു സ്നേഹമതൊന്നു മാത്രം

അറിയുന്നതില്ല ഞാനൊന്നുമിതെന്നിയേ

പറയുവാനില്ല മറ്റൊന്നുമോര്‍ത്താല്‍

എഴുതുന്നു പിന്നെയും വെറുതെയിമ്മട്ടിലാ-

യറിയുകിതെന്റെ ഹൃത്സ്പന്ദനം താന്‍

നന്മ

പൂവിന്‍ സുഗന്ധമകലുന്നതല്ല പോ-
ലാപൂകരിഞ്ഞുപോമെന്നാകിലും

ഹൃത്തിലെ നന്മയും മായുകയില്ല പോ-
ലെത്ര നോവില്‍ മനം നീറീടിലും

കണ്ണീരുമേഘമായ് കാണുന്ന മാനത്തു
കാണുന്നഴകുള്ള മാരിവില്ല്.
ഉള്ളിലെ നീറുന്ന നോവുമറച്ചല്ലേ
നമ്മെ ചുമക്കുന്നതീധരയും

Thursday, 12 March 2015

മനീഷാപഞ്ചകം

അകലെയകലുവാനായ് ചൊല്വതിന്നെന്തിനോടാ-
യുടലിനറികയില്ലാ മാറുവാന്‍ ദേഹി പോയാല്‍
അകലണമതിനുള്ളില്‍ വാഴ്വതാം ശക്തിയെന്നാല്‍
സകലപൊരുളിലും ഹാ! കാണ്മതാസത്തുതന്നെ

പ്രചോദനം (തര്‍ജ്ജമയല്ല):

അന്നമയാത് അന്നമയം
അഥവാ ചൈതന്യമേവ ചൈതന്യാത്
യതിവര! ദൂരികര്‍ത്തും വാഞ്ഛസി
കിം ബ്രൂഹി ഗഛ ഗഛേത്?

യതിവര! അന്നമയമായതില്‍ (ദേഹം ...ദേഹത്തിന് ചൈതന്യത്തിന്റെ സഹായം കൂടാതെ മാറാന്‍ കഴിയില്ല... എന്തിന്, അനങ്ങാന്‍ പോലും ആകില്ല) നിന്ന് അന്നമയമായതോ, അതോ ചൈതന്യത്തില്‍ നിന്ന് ചൈതന്യമോ (അത് സര്‍വ്വവ്യാപി; എല്ലാത്തിലും എല്ലാവരിലും ഒരുപോലെ ) ഏതാണ്, ദൂരെ മാറ്റാന്‍ ആഗ്രഹിക്കുന്നത്. എന്തിനോടാണ്, മാറൂ എന്ന് പറയുന്നത്

പകലവനൊരുപോലെക്കാണ്മുഗംഗാജലത്തില്‍
സകലചെളിയുമുള്ളാതോട്ടിലും തുല്യമായി

പറയുക,യൊരുഭേദം കാണ്മതോ മണ്‍കുടത്തില്‍
നിറയുവതൊരുപൊന്നിന്‍ ചെപ്പിലാണെങ്കിലും ഹാ

പ്രചോദനം
കിം ഗംഗാബുനി ബിംബിതേƒബരമണൌ ചാണ്ഡാളവാടീ പയഃ
പൂരേ ചാന്തരമസ്തി കാഞ്ചനഘടീ മൃത്‌കുംഭയോര്‍വാംബരേ

Monday, 9 March 2015

സ്നേഹം

ഖണ്ഡങ്ങളാക്കീട്ടു സത്യം തിരയുന്ന

മൌഢ്യമേ നീയൊന്നറിഞ്ഞു കൊള്‍ക

നിന്‍ വഴിയ്ക്കില്ല ഞാന്‍ നന്മ തന്‍ മന്ത്രം നിന്‍

നാവിലണയാത്ത കാലത്തോളം


എത്ര മുറിച്ചു നീയെങ്ങു തിരഞ്ഞാലും

കാണില്ല, ഞാനൊരു ഖണ്ഡമല്ല

സത്യമാണെങ്ങും നിറയുന്ന സ്നേഹ-

മാണെന്നെ മുറിച്ചറിയേണ്ടതല്ല

നിന്നില്‍ നിറയുന്ന സ്നേഹപ്രകാശത്തില്‍

ലോകം തെളിഞ്ഞു കാണുന്ന നേരം

മാത്രമേ കാണുവാനാകൂ നിനക്കെന്നെ

നിന്നിലുമെങ്ങും നിറഞ്ഞതായി

കാഴ്ച

പാഴം മുളം തണ്ടിലും പാട്ടുണര്‍ന്നീടു-

ന്നുണ്ടാവിരലൊന്നു തഴുകിടുമ്പോള്‍

മൂകമാം വീണയും പാടുന്നതുണ്ടു പോ-

ലാവിരലൊന്നുതൊട്ടീടുമെന്നാല്‍

ഇല്ലില്ലവിസ്മയം താരപൈതങ്ങളേ

വിണ്ണിലേവം മിന്നി നിന്നിടുമ്പോള്‍

കാണുന്നതു കൃപാവെട്ടമെന്നൊന്നു താന്‍

കാണുന്നില്ലന്യഥായൊന്നുമേ ഞാന്‍

Sunday, 8 March 2015

കല്ല്‌

ഭക്തി തന്‍ മാസ്മരസ്പര്‍ശമില്ലായ്കിലാ-

കല്ലു വെറും കല്ലു മാത്രമത്രെ

സ്നേഹമാം തേന്‍ കണമില്ലാത്ത മാനസം
കല്ലു താന്‍, വ്യര്‍ത്ഥമാജന്മമത്രെ

Saturday, 7 March 2015

ശ്രീഹരേ നമഃ

ഇന്ന് പൂര്‍ണ്ണത്രയീശന്റെ ഉത്രം തിരുനാളാണ് എന്നാണ് അറിവ്:
ഉത്രം നാളായി ചിത്തം തവ പദമലരിന്‍ ഭക്തിയാം തേന്‍ നിറഞ്ഞി-
ട്ടെത്താനേറെ ക്കൊതിച്ചിട്ടമരുവതറിയുന്നില്ലയോ ശ്രീഹരേ നീ
ഭക്തര്‍ക്കാനന്ദമേകുന്നടിമലരിണയെന്‍ ഹൃത്തടേ കാണുവാനായ്
സത്യം മൂടുന്നമായാ മറയിനി കളയാനെത്തു പൂര്‍ണ്ണത്രയീശാ
വേദങ്ങള്‍ നാലുമോര്‍ത്താ,ലറിവ,തു ഭഗവന്‍ നിന്‍ കൃപാവര്‍ഷമല്ലേ
വേദത്തിന്‍ സാരമെന്നാല്‍ മമ ഹൃദി തെളിയുന്നാചിദാനന്ദമല്ലേ
മോദം നല്കുന്നതാകുന്നൊളിയകമലരില്‍ കാണ്മതാം സ്നേഹമല്ലേ

ഖേദം മാറ്റീട്ടു ചിത്തേ തെളിയുക സതതം ശ്രീഹരേ ഞാന്‍ നമിപ്പൂ

ശ്രീഹരേ നമഃ

ഇന്ന് പൂര്‍ണ്ണത്രയീശന്റെ ഉത്രം തിരുനാളാണ് എന്നാണ് അറിവ്:

ഉത്രം നാളായി ചിത്തം തവ പദമലരിന്‍ ഭക്തിയാം തേന്‍ നിറഞ്ഞി-

ട്ടെത്താനേറെ ക്കൊതിച്ചിട്ടമരുവതറിയുന്നില്ലയോ ശ്രീഹരേ നീ

ഭക്തര്‍ക്കാനന്ദമേകുന്നടിമലരിണയെന്‍ ഹൃത്തടേ കാണുവാനായ്

സത്യം മൂടുന്നമായാ മറയിനി കളയാനെത്തു പൂര്‍ണ്ണത്രയീശാ

വേദങ്ങള്‍ നാലുമോര്‍ത്താ,ലറിവ,തു ഭഗവന്‍ നിന്‍ കൃപാവര്‍ഷമല്ലേ

വേദത്തിന്‍ സാരമെന്നാല്‍ മമ ഹൃദി തെളിയും സച്ചിദാനന്ദമല്ലേ

മോദം നല്കുന്നതാകുന്നൊളിയകമലരില്‍ കാണ്മതാം സ്നേഹമല്ലേ

ഖേദം മാറ്റീട്ടു ചിത്തേ തെളിയുക സതതം ശ്രീഹരേ ഞാന്‍ നമിപ്പൂ

Thursday, 5 March 2015

ജ്യോതിര്‍ഗമയ

പാടട്ടെ പാണ,നാസത്യമതു കേട്ടു

വാളെടുക്കുന്നതിന്നെന്തിനാവോ ?
വെട്ടമണച്ചിട്ടൊളിയ്ക്കുന്നതെന്തിനു
സത്യത്തെയെന്തേ ഭയപ്പെടുന്നൂ

മാലിന്യം മാറ്റാതെ മോടി പിടിപ്പിച്ചാല്‍
മാലിന്യമുക്തമായീടുമെന്നോ?
കണ്ണു തുറക്കുക മുന്നിലെ മാലിന്യം
കണ്ണാലെ കണ്ടൊന്നറിഞ്ഞു കൊള്‍ക

കണ്ണീരു കണ്ണില്‍ നിറയുന്നുവെന്നാലും
കണ്ണടയ്ക്കാതിതു കണ്ടു നില്ക്കൂ
കണ്ണിനിതിഷ്ടമായ് തോന്നുന്നതില്ലെങ്കില്‍
കണ്ണടയ്ക്കൊല്ലിതു, ശുദ്ധമാക്കൂ

Wednesday, 4 March 2015

കാരുണ്യം

ആഴിത്തിരയാഴി കാണുന്നുവോ, ചെറു-

ബുദ്ബുദം ഭൂവെന്നു ചൊല്ലാവതോ ?

പാഴ്‌മുളം തണ്ടെന്തേ പാടീടുമോ, സഖേ,

ഗായകന്‍ ചുണ്ടോട് ചേര്‍ക്കാകിലും ?

 

കാര്‍മുകില്‍ മാനത്തണയുന്നതും പിന്നെ

വര്‍ഷമായ് ഭൂവിലേയ്ക്കെത്തുന്നതും

കാടുകള്‍ മേടുകള്‍ താണ്ടിയതാറായി

ദാഹനീരേകാനൊഴുകുന്നതും

ആഴിയില്‍ സാന്ത്വനം തേടുന്നതും തിര-

യായതുതീരത്തണയുന്നതും

വിസ്മയം തന്നെയിതൊക്കെയൊരുക്കുന്ന-

തെന്തതു കാരുണ്യം തന്നെയല്ലേ?

Tuesday, 3 March 2015

വല

വലയും വലയില്‍ പെട്ടീ-
വലയുന്നിരയും തഥാ
വല നെയ്യുന്നതും ചിത്തിന്‍
കല താനെന്നു കണ്ടിടാം

കല കാലക്രമത്താലേ
പൂര്‍ണ്ണമായീടുമെങ്കിലോ
നിലാവാം ബോധമായ് കാണാം
പൂര്‍ണ്ണചന്ദ്രസമം സദാ

ഇരുളില്‍ ഭീതിയേകീടും
രൂപവും മാറിവന്നതും
ഭേദചിന്തയകന്നെല്ലാ-
മൊന്നാണെന്നു തെളിഞ്ഞിടും

Monday, 2 March 2015

അഷ്ടാവക്രഗീത - പാശ്ചാത്തലം

കഥ കേട്ടറിവ് മാത്രം ആധികാരികം ആകണം എന്നില്ല. തെറ്റുണ്ടെങ്കില്‍ അറിയുന്നവര്‍ പറഞ്ഞു തരും എന്ന പ്രതീക്ഷയോടെ:


ജനകമഹാരാജാവിനെ സത്യാന്വേഷിയായും ഋഷിതുല്യനായും പറയുന്നു പലയിടങ്ങളിലും ... ബ്രഹ്മജ്ഞാനം ഞൊടിയിടയില്‍ ലഭ്യമാണ് എന്ന് വായിച്ച് കേട്ടു. അത് ശരിയോ തെറ്റോ എന്ന് അദ്ദേഹം സംശയം ഉന്നയിച്ചുവത്രെ. അത് ശരി എന്ന് സ്ഥാപിയ്ക്കാന്‍ ശ്രമിച്ച് സാധിക്കാത്തവരെ ജയില്‍ അടച്ചുവത്രെ

അഷ്ടാവക്രമഹര്‍ഷി ഇത് കേട്ടറിഞ്ഞ് രാജാവിനെ കാണാന്‍ ചെന്നു. ശരി എന്ന് സ്ഥാപിക്കാന്‍ ആകുന്നില്ല എന്ന ഒരേ കാരണത്താല്‍ ശിക്ഷിക്കുന്നത് ശരിയല്ല, ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ പറഞ്ഞുവത്രെ. അറിവ് പകരണമെങ്കില്‍ അര്‍ഹത വേണം (ആഗ്രഹം വേണം അറിവ് പകരുന്ന ഗുരുവിനെ വിശ്വസിക്കണം ) അതുണ്ടെങ്കില്‍ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ച് കാട്ടിലേക്ക് അനുഗമിക്കാന്‍ പറഞ്ഞുവത്രെ.

അവരെ മോചിപ്പിച്ച് സേവകരൊപ്പൊം കാട്ടിലേക്ക് പോകെ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ അവരെയും പറഞ്ഞു വിടാന്‍ പറഞ്ഞു; സേവകരെ പറഞ്ഞു വിട്ടു. ജ്ഞാനോപദേശത്തിനായി കുതിരയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയ രാജാവിനോട് അതേ നിലയില്‍ നില്ക്കാന്‍ ആജ്ഞാപിച്ചു. ജ്ഞാനോപദേശം വേണമെങ്കില്‍ ഗുരുവായി സ്വീകരിക്കണം ഗുരുദക്ഷിണ എന്ത് എന്ന് ചോദിച്ചുവത്രെ. തന്നെയും തന്റെ എല്ലാം തന്നെയും (ശരീരവും മനസ്സും സ്വത്തും എല്ലാം തന്നെ) ഗുരുദക്ഷിണയായി കൊടുത്തു. മഹര്‍ ഷി എങ്ങോ മറഞ്ഞു; രാജാവ് പ്രതിമ പോലെ നിശ്ചലനും ...

സേവകര്‍ എങ്ങിനെയോ രാജാവിനെ കണ്ടുപിടിച്ച് കൊട്ടാരത്തില്‍ തിരിച്ചെത്തിച്ചു. അപ്പോഴും രാജാവ് പ്രതിമ കണക്ക്. രണ്ട് നാള്‍ കഴിഞ്ഞ് മഹര്‍ഷി വന്ന് രാജാവിനെ വിളിച്ചു എന്തേ ഇങ്ങിനെ പ്രതിമ പോലെ എന്ന് ചോദിച്ചു. രാജാവ് ഇങ്ങിനെ മറുപടി പറഞ്ഞുവത്രെ. എന്റെ എല്ലാം തന്നു കഴിഞ്ഞു (മനസ്സും ബുദ്ധിയും അടക്കം ) ... ഇനി ആജ്ഞയില്ലാതെ ഒന്നും ചെയ്യാനാവില്ല എന്ന്

ബ്രഹ്മസ്വരൂപമായ് തീര്‍ന്ന രാജാവിനെ ശിഷ്യനായി സ്വീകരിക്കുന്നു. രാജാവ് മഹര്‍ഷിയെ നമസ്കരിച്ച് ചോദ്യം ചോദിക്കുന്നു

കഥം ജ്ഞാനമവാപ്നോതി
കഥം മുക്തിര്‍ ഭവിഷ്യതി
വൈരാഗ്യം ച കഥം പ്രാപ്തം
ഏതദ് ബ്രൂഹി മമ പ്രഭോ

(ജ്ഞാനമെങ്ങിനെ കിട്ടീടും
മുക്തിയെങ്ങിനെ വന്നിടും
വൈരാഗ്യപ്രാപ്തിയും ചൊല്ലൂ
നേടുമെങ്ങിനെയെന്‍ പ്രഭോ)

Sunday, 1 March 2015

സ്നേഹം

കുടത്തിന്നുള്ളിലാകാശം
വേറെയായ് കാണ്മതുള്ളപോല്‍
വേറെയായ് കാണ്മതാം സ്നേഹം
വേറെയാകില്ല നിര്‍ണ്ണയം

കാരുണ്യം

കണ്ണുനീര്‍ കണ്ണില്‍ നിറഞ്ഞൊരു നാളില്‍ ഞാന്‍
കണ്ണോനോടെന്തേവമെന്നുകേണൂ
പുഞ്ചിരി തൂകിയിട്ടോതിയവനപ്പോള്‍
തെല്ലുള്ളില്‍ നോവറിഞ്ഞുള്ളവനേ
കാണുള്ളുവന്യന്റെ കണ്ണിലെ കണ്ണീരും
കണ്ണീര്‍ തുടയ്ക്കുന്നതാം കൈകളും
കണ്ണുനീരില്ലാതെ കാണാവതല്ല പോ-
ലാനന്ദമീവാഴ്വിലെങ്ങുമാര്‍ക്കും 
കാര്‍ മുകിലില്ലാത്ത വാനിലുണ്ടാകുമോ
ഏഴഴകുള്ളോരു മാരിവില്ല്