Tuesday, 23 July 2013
മങ്കിഗീത
ചൊല്ലിയതാണുപോല്‍ മങ്കിഗീത
പണ്ടൊരുകാലത്തുണ്ടായിരുന്നുപോല്‍
മങ്കിയെന്നുള്ളോരുപേരുള്ളവന്‍
അന്നൊരുനാളവന്‍ കാളകള്‍ രണ്ടെണ്ണം
വാങ്ങിമടങ്ങുകയായിരുന്നു
കാളകള്‍ രണ്ടിനേം പൂട്ടി നുകത്തിലായ്
ഓരോന്നങ്ങോര്‍ത്തോണ്ടവനിരുന്നു
കണ്ടേറെ സ്വപ്നങ്ങള്‍ കാളകള്‍ രണ്ടിനേം
കൊണ്ടുയര്‍ത്തീടുന്നസ്വപ്നസൌധം
കാളകള്‍ രണ്ടെണ്ണം, രണ്ടായിരമാകും
സമ്പത്സമൃദ്ധിയുമേറുമൊപ്പം
വാഴുമൊരുനാളുരാജസമാനായ്
കാണുമീനാടിന്നധിപനാനാകും
കണ്ടേറെസ്വപ്നങ്ങളീവിധമെങ്കിലും
കണ്ടില്ല കാലത്തിന്‍ കൈകളവന്‍
കാണുന്നസ്വപ്നങ്ങള്‍ തച്ചുടച്ചീടുമാ
കൈകളെന്നേതുമേയോര്‍ത്തതില്ല
കണ്ണുമറയ്ക്കുന്നകാലത്തിന്‍ കാലുഷ്യം
കഷ്ടമാപാവമറിഞ്ഞതില്ല
ഒട്ടകരൂപത്തില്‍ കാലനുറങ്ങുന്ന
വീഥിയിലൂടന്നവന്‍ സഞ്ചരിയ്ക്കെ
ചെന്നുടക്കീനുകമൊട്ടകപൂഞ്ഞയില്‍
നോവാലവനേറ്റങ്ങോട്ടമായി
കാലക്കേടെന്നല്ലാതെയെന്തുതാന്‍ ചൊല്ലേണ്ടൂ
തട്ടിതകര്‍ന്നുപോയ് സ്വപ്നസൌധം
അന്നവന്‍ കണ്ടാതാം സ്വപ്നങ്ങളൊക്കെയും
തൂങ്ങികിടപ്പൂ ജഡസമാനം
അന്നവനോര്‍ത്തു പോയ് സ്വപ്നമാം വാഴ്വിത്
ഒട്ടകമുണരുന്നകാലം വരെ
കണ്ടിരിയ്ക്കാം ഭീഷ്മര്‍ തന്നെയാമങ്കിയില്‍
ചൊന്നതുതന്‍ കഥതന്നെയാകാം ?
കണ്ണുനീരില്‍ കഥയെല്ലാമൊടുങ്ങുമ്പോള്‍
കാണുന്നു കണ്ണിലൊരേകസത്യം
താനില്ല താന്‍ കണ്ടസ്വപ്നങ്ങളുമില്ല
താനെന്നഹന്തതന്‍ തേങ്ങലില്ല
കാണുന്നു കണ്‍മുന്നില്‍ കാരുണ്യരൂപനായ്
കാരണപൂരുഷനാമൊരുവന്‍
കണ്ണുനീരിന്‍ മറ മായുമ്പൊഴേ കാണൂ
കാരുണ്യമായവന്‍ തന്റെയുള്ളില്‍
നുറുങ്ങുകള്‍
മുങ്ങുമൊടുവിലെന്നാകിലും
മാനത്തുവന്നുദിയ്ക്കാതെയിരിയ്ക്കുമോ
പുത്തന്‍പുലരിയായ് സൂര്യനെന്നും ?
കാര്‍മുകിലില്ലാത്തമാനത്തുകാണുമോ
ഏഴഴകുള്ളോരുമാരിവില്ല് ?
നോവറിയാത്തൊരുനെഞ്ചിലുയരുമോ
മാധുര്യമേറുമാവേണുഗാനം ?
ഇന്നുപൊഴിയുന്നകണ്ണീരെടുത്തിട്ടു
കാണാചിപ്പിയൊളിച്ചുവെച്ചു
കാലമാം കാരുണ്യരൂപനവന്‍
മുത്തൊന്നുതീര്‍ക്കാനൊരുങ്ങയാകാം?
ഞാനുമെന്റെയെന്നമ്മട്ടുവിഭക്തികളേഴും
നിനച്ചാണെന്‍ ഭക്തിപോലും
താനെയൊഴുഞ്ഞുപോകില്ലതുനിശ്ചയം
നോവഹങ്കാരമെരിയ്ക്കും വരെ
Saturday, 20 July 2013
സൗഹൃദം
കൂട്ടരൊത്തുള്ളൊരീസൗഹൃദമെന്നിയേ
കൂട്ടിക്കിഴിയ്ക്കാത്തസ്നേഹമാം തേനിന്റെ
സാന്ദ്രമാം മാധുര്യമല്ലയോ സൗഹൃദം
മതി
കൊതിയേറില്ലെന്നാകിലതുമതി
മതിയില്‍ മദമില്ലായ്കിലതുമതി
മതിവിട്ടകലില്ലെങ്കിലതുമതി
വര്‍ത്തമാനകാലം
ഒന്നിത്തിരിപുഞ്ചിരിച്ചീടുവാനായ് പോലും
ഇന്നത്തരത്തിലുള്ളതായ് വന്നീലോക,മുള്ളി-
ലൊത്തിരിമോഹമായോടുന്നുണ്ടേവരും
സംഭാഷണം
അപരന്നറിവതൊരാള്‍ക്കും പറയാതറിയില്ലല്ലോ
ഇരുവരും തമ്മില്‍ പറയും പൊരുളതെന്തായാലും
പറയുന്നതിനേക്കാളേറെ ചെവിയോര്‍ത്തീടുക നല്ലൂ
Friday, 19 July 2013
കാരുണ്യരൂപന്‍
ഞാനറിയാതെചോദിച്ചുപോയതത്രെ
എന്തിനെന്‍കണ്‍കളില്‍ കണ്ണീര്‍ നിറച്ചു നീ,
എന്തിനെന്‍ജീവനില്‍ ശോകംചൊരിഞ്ഞു നീ
മന്ദസ്മിതം തൂകിയോതിയെന്നോടവ-
"നത്രമേല്‍ സ്നേഹിപ്പതിനാലെയത്രെ
നിന്റെകണ്ണിലെ കണ്ണീരില്‍ കാണുക
നീയെന്നുമന്യന്റെ കണ്ണിലെ കണ്ണുനീരും"
"നോവിന്റെ കണ്ണീര്‍ തുടയ്ക്കുവാനാവണം
നിന്റെ കരങ്ങള്‍ക്കെന്നുമെന്നു"-
മെന്നതിനാലെയാം മല്‍സഖേ നിന്നില്‍
ഞാനിത്രയും ശോകമൊളിച്ചുവെച്ചു
കണ്ണുനീര്‍ മൂടുമീകണ്ണിലാട്ടെ, കണ്ണിന്റെ
കാഴ്ചയെത്താത്തേറ്റമുള്ളിലാട്ടെ
കാണുന്നു ഞാനിന്ന് കാലിടറാത്തൊരാ
കാണാപൊരുളിന്റെയേഴഴക്
കാത്തുരക്ഷിയ്ക്കുന്നു നമ്മെയെല്ലാരെയും
കാരുണ്യരൂപനാമവനൊരുവന്‍
കാണുക കണ്ണീരില്‍ പുഞ്ചിരിപ്പൂവിലും
കാരുണ്യമൂറുമവന്റെ കൈകള്‍
സാക്ഷി
എന്നുമെന്നുള്ളത്തിലെന്തിനും സാക്ഷിയായ്
നില്‍ക്കുന്നോനാരിവന്‍ സര്‍വ്വസാക്ഷിതാനോ?
സത്യസ്വരൂപനായ് സാക്ഷിസ്വരൂപനായ്
കാണുന്നോനാരിവന്‍ സര്‍വ്വസാക്ഷിതാനോ?
മാറ്റം
നാം തന്നെയത്രേ നമുക്കുശത്രു
അന്യന്റെ കണ്ണിലെ കണ്ണീരു
കാണാത്ത കാപട്യമത്രേ നമുക്കുശത്രു
മാറില്ലൊരുനാളുമോര്‍ക്കണമെപ്പൊഴും
നമ്മിലായ് മാറ്റമുണ്ടാകും വരെ
മാറില്ലൊരുനാടുമെന്നുമറിയണം
ഏവരും കൈകോര്‍ത്തു നീങ്ങും വരെ
കാളിന്ദി
കാളിന്ദിയെങ്കിലും പാവമല്ലേ
കാളിയവിഷമേറ്റുകാടെല്ലാമെരിഞ്ഞാലും
കാളിന്ദിയപ്പൊഴും പാവമല്ലേ
കാളിയനാടുന്നു വിഷദര്‍പ്പഫണമേന്തി
കാളിയവിഷമെങ്ങുമൊഴുകിടുന്നു
കാളിന്ദിതീരത്തെ പൈക്കളും പൂക്കളും
കാളിയവിഷത്താലൊടുങ്ങിടുന്നു
കാളിയദര്‍പ്പമടക്കുവാനായ്
കണ്ണന്‍ വരുന്നതും കാത്തിരിപ്പൂ
കാളിയമര്‍ദ്ദനനര്‍ത്തനം കാണുവാന്‍
കാളിന്ദിയിന്നും കാത്തിരിപ്പൂ
മനസ്സ്
മനസ്സേവമെന്നെവലയ്ക്കുന്നതെന്തെന്നും
മാനത്തുകാണുന്നമേഘം പോലാകുമോ
മാനസമെന്നുനാം ചൊല്ലുന്നതാം വസ്തു
കാറ്റത്തിളകുന്നൊരാഴിത്തിരപോലെ
കാണുന്നുണ്ടേറെയായ് ചിന്തയെന്നില്‍
ആടും തിരയ്ക്കൊപ്പമാടിക്കളിയ്ക്കുന്ന
തോണിപോലാടുന്നുണ്ടിന്നുഞാനും
Thursday, 18 July 2013
നരന്‍
നാടുകാണാനായിവന്നെന്നുകേട്ടുഞാന്‍
പിന്നെയാവാനരന്‍ പേടിച്ചൊളിച്ചുപോല്‍
നാടല്ലകാടുതാന്‍ നന്നെന്നുറച്ചുപോല്‍
നാടുവിട്ടോടിയാക്കാട്ടിലേയ്ക്കന്നവന്‍
കാട്ടിലെകൂട്ടരോടൊപ്പം വസിച്ചുപോല്‍
നാട്ടിലെവാര്‍ത്തകള്‍ ചൊല്ലിക്കൊടുത്തവന്‍
കാടുതാന്‍ നന്നെന്നുചൊല്ലിക്കൊടുത്തവന്‍
കാട്ടിലെക്കൂട്ടരോകൊല്ലുകില്ലാരെയും
കാരണംകൂടാതെയെന്നത് നിശ്ചയം
കൊല്ലുകിലാത്മരക്ഷ്യ്ക്കാകാമല്ലേല്‍
തന്റെതന്നെപശിതീര്‍ക്കാനാവാം
നാട്ടിലുണ്ടേറ്റം ഭയങ്കരനായവന്‍
നരനെന്നാണത്രെയവനുപേരും
കാട്ടുമൃഗങ്ങളെപോലല്ലിവരോക്കെ
കണ്ടാലറിയില്ലയുള്ളിലെക്രൂരത
വാനരനല്ലിവന്‍ വാലുമുറിഞ്ഞവന്‍
വാലുള്ളവാനരജാതിവെടിഞ്ഞവന്‍
കാട്ടുന്നുഗോഷ്ടികളോര്‍ത്താല്‍ നടുങ്ങു-
മാകാടുമീനാടിതുമൊക്കെമുടിച്ചവന്‍
കാട്ടുമൃഗങ്ങളെകൊന്നുതിന്നുന്നവന്‍
നാട്ടിലുമന്യന്റെസ്വത്തുതട്ടുന്നവന്‍
കാട്ടിലും നാട്ടിലും സ്വൈര്യമായ് വാഴുന്ന
കൂട്ടരെകാരണമില്ലാതെകൊന്നവന്‍
കാണുന്നതൊക്കെയും തന്റെയാക്കീടുവാ-
നാവുന്നപോലൊക്കെതന്ത്രം മെനഞ്ഞവന്‍
തന്റെയല്ലാതുള്ളതെല്ലാം നശിപ്പിച്ച്
തന്റെവംശത്തിന്റെശാപമായ് തീര്‍ന്നവന്‍
തന്നെയറിയാതെതന്നെയുലകത്തിന്‍
തന്റെയല്ലാതുള്ളതെല്ലാം ദുഷിപ്പിച്ച്
താനെന്നഹന്തതന്‍ വേഷമണിഞ്ഞിട്ടു
തന്നെതിരഞ്ഞങ്ങുമിങ്ങുമലഞ്ഞവന്‍
നന്നായറിയേണം നിങ്ങളിക്കൂട്ടെരെ
കണ്ടാലകലേണം ദൂരേയ്ക്കൊളിയ്ക്കണം
തൊട്ടുനശിപ്പിച്ചതല്ലാതീഭൂമിയി-
ലില്ലയാതൊന്നുമേയെന്നുമറിയണം
തമസോര്‍മാജ്യോതിര്‍ഗമയാ
വെട്ടത്തിനായിട്ട് മര്‍ത്ത്യന്‍
വെട്ടം കെടുത്തീട്ടിരുട്ടിലിരുന്നിട്ട്
വെട്ടം കൊതിയ്ക്കുന്നു മര്‍ത്ത്യന്‍
മായ
ഇല്ലാതെമറയ്ക്കുന്നമായായാല്‍ തന്നെയല്ലേ
ഉള്ളതായ് മുന്നില്‍ കാണുമുലകത്തിങ്കലെല്ലാം
ഇല്ലാതെയാക്കുന്നതും ഉള്ളതായ് കാട്ടുന്നതും ?
Wednesday, 17 July 2013
Tuesday, 16 July 2013
മൃഗം
ജീവനെന്നോതിടാം മൃഗം
സ്വാര്‍ത്ഥമോഹിയായ് മര്‍ത്ത്യന്‍
കാട്ടും ഗോഷ്ടികള്‍ കാണുകില്‍
Monday, 15 July 2013
കര്‍മ്മബലം
ചിന്തയൊന്നാലെയായിടാ
ഉറങ്ങും സിംഹത്തിന്‍ വായില്‍
ചെന്നേറില്ലേതുജന്തുവും
പ്രചോദനം:
ഉദ്യമേന ഹി സിദ്ധ്യന്തി
കാര്യാണി ന മനോരഥൈഃ
ന ഹി സുപ്തസ്യ സിം ഹസ്യ
പ്രവിശന്തി മുഖേ മൃഗാഃ
മാറ്റം
മാനത്ത് പാറിപ്പറക്കുന്നമേഘങ്ങള്‍ നീരായ് പതിയ്ക്കുന്നകാണാം
കൂരിരുള്‍ ക്കാടുപിളര്‍ന്നുവരും പുതുപുലരിപ്രകാശവും കാണാം
നെട്ടോട്ടം
ഓടുന്നതിന്നെടയ്ക്കില്ലെനിയ്ക്കൊട്ടുമേ കരയാനും ചിരിയ്ക്കാനുമുള്ളനേരം
നേരേചൊവ്വേയൊന്നുശ്വാസം വലിയ്ക്കുവാനില്ലെനിയ്ക്കൊരുനേരമെന്തുകഷ്ടം
ഒടുവിലൊരുശ്വാസത്തിലെല്ലാമൊടുക്കുവാനോടുന്നൊരോട്ടത്തിലാണുഞാനും
കാലത്തിന്‍ മൊഴി
കേട്ടുവോ കൂട്ടരേ നിങ്ങള്‍
"കാലത്തിന്‍":" മൊഴികേട്ടുവോ
കാശിന്റെ മൊഴിപേശുന്ന
കൂട്ടരെ നിങ്ങള്‍ കണ്ടുവോ
കാരുണ്യരൂപനാം കാലം
കനിഞ്ഞേകുന്നതൊക്കെയും
കട്ടെടുക്കുന്നവര്‍ ചൊല്ലും
കാരണം നിങ്ങള്‍ കേട്ടുവോ
കാശില്ലാത്തോനെകാണാത്ത
കമ്പോളകണ്ണുകണ്ടുവോ
കാരുണ്യലേശമില്ലാത്ത
കണ്ണുകള്‍ നിങ്ങള്‍ കണ്ടുവോ
കമ്പോളകണ്ണിലായ് കാണാം
കാശിന്നാര്‍ത്തിയെഴും മുഖം
കാണില്ലകനിവോ തെല്ലും
കാശിരക്കുന്നകണ്ണിതില്‍
Thursday, 11 July 2013
സ്നേഹം
കാണുന്നെന്തതുതന്നെയാം
കരുണയായ് കാരുണ്യമായ്
കാണാം ലോകൈകധര്‍മ്മമായ്
Wednesday, 10 July 2013
മാറുന്നകാലം
കാലങ്ങള്‍മുമ്പൊരുകാലമോര്‍ക്കുന്നു ഞാന്‍
ഞാനൊരുകുഞ്ഞായിരുന്നകാലം
മണ്ണില്‍കളിച്ചുവളര്‍ന്നകാലം ഞാനും
മണ്ണിനെ സ്നേഹിച്ചിരുന്നകാലം
മണ്ണിനെവിട്ടുപോയിന്നുഞാനും സ്വന്തം
മണ്ണിനെപേടിച്ചിടുന്നകാലം
മണ്ണിനെകാണാതെ കീടാണുവെതന്നെ
കണ്ടുനടുങ്ങുന്നകഷ്ടകാലം
പണ്ടുമുണ്ടായിരുന്നില്ലയോമണ്ണിതില്‍
കണ്ണില്‍തെളിയാത്തകീടാണുവത്രയും
മണ്ണില്‍കളിച്ചുതാനല്ലേവളര്‍ന്നതും
മണ്ണിന്റെമക്കളായന്നൊക്കെയുള്ളവര്‍
മണ്ണിനെകണ്ടാല്‍ ഭയക്കുന്നമട്ടിലായ്
മണ്ണില്‍പിറന്നുള്ള മര്‍ത്ത്യരുമത്ഭുതം
മണ്ണോട്മണ്ണായിടുന്നവരെന്തേയീ
മണ്ണിനോടിത്രയും പേടിയായ് വാഴുന്നു
വിഗ്രഹം
യുടയുന്നലോഹത്താല്‍ വിഗ്രഹമൊക്കെയും
ഉടയുന്നവിഗ്രഹമുടഞ്ഞാലുടയട്ടെ തന്നി-
ലുടയാതിരിയ്ക്കട്ടെയുടയോന്റെവിഗ്രഹം
Tuesday, 9 July 2013
കരയുന്നോര്‍
നേരമെല്ലാം കരയുന്നോര്‍ നോവേറ്റോനായ് കരഞ്ഞിടൂ
പ്രചോദനം:
രോനേ വാലോം സേ കഹോ ഉന്‍കാ ഭീ രോനാ രോയേ
ജിന്‍കോ മജ്ബൂര്‍-ഏ-ഹാലാത്ത് നേ രോനേ നാ ദിയാ
മഹാപ്രസ്ഥാനപര്‍വ്വം
പോരാളിയെന്നുമെന്നുള്ളില്‍ മിഥ്യാഹന്തവളര്‍ന്നുവോ?
എന്തിതാ കണ്ണനിന്നെന്നെ വിട്ടകന്നെന്നുകേട്ടതും
തളരുന്നു ദേഹമസ്വസ്ഥം, ഗാണ്ഡീവം വയ്യെടുക്കുവാന്‍
തൊട്ടടുത്തായിരുന്നിട്ടും തോഴനായിട്ടുമെന്തഹോ
തെല്ലും നിന്നെയറിഞ്ഞില്ല എന്നഹന്തമറതീര്‍ക്കയാല്‍
തേരാളിയിരുന്നോനെ തോഴനെന്നത്രെയോര്‍ത്തു ഞാന്‍
തേരും തേരാളിയും ഞാനും നിന്‍ കൃപയെന്നോര്‍ത്തതില്ല ഞാന്‍
അന്യന്റെ കണ്ണീര്‍
കാണാതുള്ളോനൊരിക്കലും
കാണുകില്ലാരുമേകൂടെ
കണ്ണീര്‍തൂകുമ്പൊ,ഴോര്‍ക്കണം
കാണുകാകണ്‍കളില്‍ തന്നെ
കണ്ണീരില്‍ തന്റെസ്വപ്നവും
കാണുമന്നേരം തന്നുള്ളില്‍
പുഞ്ചിരിയ്ക്കുന്നകണ്ണനെ
Monday, 8 July 2013
കര്‍മ്മപാശം
പ്രാരബ്ധകര്‍മ്മഫലത്തില്‍ നിന്നാര്‍ക്കുമേ
മോചനമില്ലെന്നുചൊല്ലിടുന്നു
എങ്കിലും കഷ്ടമീ കര്‍മ്മപാശം തന്നില്‍
മാനുഷരെന്നും വലഞ്ഞിടുന്നു
കര്‍മ്മത്തിലാണുപോല്‍ നമ്മള്‍ക്കധികാരം
കര്‍മ്മഫലങ്ങളിലല്ലേയല്ല
കര്‍മ്മഫലങ്ങളില്‍ ബദ്ധമായ് മാനസ-
മെന്തിനുപിന്നെയും തേങ്ങിടുന്നു
കര്‍മ്മം വെടിവതും നല്ലതല്ലെന്നതും
ശാസ്ത്രങ്ങളൊക്കെയുമോതിടുന്നു
കര്‍മ്മത്തെയല്ല ഫലങ്ങളെയാണത്രെ
എന്നുമേ വര്‍ജ്ജിക്കവേണ്ടതായി
Sunday, 7 July 2013
കര്‍മ്മവൈഭവം
യഥാകാലം ഫലം തരും
വെല്ലാനാവില്ലൊരുത്തര്‍ക്കും
സുദൃഢം കര്‍മ്മവൈഭവം
കര്‍മ്മങ്ങളുണ്ടുപോലോര്‍ക്ക
സഞ്ചിതാദികളായവ
ചെയ്തുവെച്ചോരുകര്‍മ്മങ്ങള്‍
സഞ്ചിതമെന്നതിന്നുപേര്‍
സഞ്ചിതമെങ്കിലോ ചൊല്ലാം
പൂണിതന്നിലെയസ്ത്രമാം
കൈയ്യിലെ ബാണാമാണാത്രേ
ക്രിയമാണമാം കര്‍മ്മവും
വില്ലുവിട്ടശരം പോലെ
പ്രാരബ്ധമെന്നുചൊല്ലിടാം
സ്വേച്ഛായാലിന്നു ചെയ്യുന്ന
കര്‍മ്മമാഗാമിയാണുപോല്‍
ജ്ഞാനാഗ്നിയിലെരിഞ്ഞീടും
ക്രിയമാണാഗാമിദ്വയം
പ്രാരബ്ധം ലക്ഷ്യമെത്താതെ-
യൊടുങ്ങില്ലെന്നു കേള്‍പ്പു ഞാന്‍
യാത്ര
നോവേറ്റുകേഴാത്തോരാരുമില്ല
എങ്കിലുമുണ്ടല്ലോ ധരയിലെന്നാളുമേ
ജീവിതയാത്രതന്നാനന്ദവും
നല്ലവഴിയ്ക്ക് നടക്കാന്‍ പഠിപ്പിയ്ക്കും
നല്ലമനസ്സാം ഗുരുവുമുണ്ട്
കൈപിടിച്ചൊപ്പം നടക്കുവനായ് കൂടെ
നല്ലവരാം കൂട്ടരേറെയുണ്ട്
ജീവിതയാത്ര
ജീവിതയാത്രതുടര്‍ന്നിടുമ്പോള്‍
കൂടെ നീ വന്നെന്റെ കൂട്ടായിരുന്നിട്ടും
കാണുവാനായില്ലെന്‍കണ്ണിനാലെ
കണ്ണുനീര്‍ മൂടിയെന്‍കണ്ണുകള്‍ക്കായില്ല
കണ്ണനെ കാണുവാനെന്തുകഷ്ടം
കണ്ണീര്‍ തുടച്ചൊരാകൈകളകന്നുവോ
കണ്ണുതുറന്നു തിരഞ്ഞിടുമ്പോള്‍
അത്ഭുതം
പറയാനൊരുങ്ങുന്നതാണെനിയ്ക്കത്ഭുതം
പറയാതിരിയ്ക്കുവാനാകാതെയാരെന്നെ
പറയുവാനായിപറഞ്ഞയയ്ക്കുന്നതും ?
അറിയാതെയുള്ളിലുദിയ്ക്കുന്നചിന്ത-
തന്നറയിലാരാണിരിയ്ക്കുന്നതെന്നതും
അറിയുവാനായിട്ടെന്നകമേ തിരയുവാ-
നറിയാതെ ഞാനൊട്ടലയുന്നതത്ഭുതം
ഉപഭോഗസംസ്കൃതി
ലടിയുറയ്ക്കാതുള്ളമാനവസംസ്കൃതി?
അടിതെറ്റിവീഴുന്നതറിയുന്നതില്ലയോ, ജീവ,-
നടിമയാക്കുന്നൊരീയുപഭോഗസംസ്കൃതി?
അടിയേറ്റുവീഴുന്നമര്‍ത്ത്യനും ഹാ കഷ്ട-
മറിയുന്നതില്ലിതിലൊളിമിന്നും വന്‍ചതി
അറിയാതെയോര്‍ത്തുപോം മുമ്പൊരുനാളിലാ
കവിമനസ്സോതിയോരലിവെഴുമീരടി
'സ്നേഹിയ്ക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും '
സ്നേഹിയ്ക്കവയ്യെത്ര നല്ലതെന്നാകിലും
മര്‍ത്ത്യനോവറിയാത്തേതുസംസ്കൃതിയാകിലും
Saturday, 6 July 2013
നോവിന്‍ മഷി
തൂലികത്തുമ്പതിനാലെയോ
തൂലികത്തുമ്പിലും കണ്ണീര്‍
വാക്കായ് തുള്ളിതുളുമ്പതും ?
മനസ്സാക്ഷി
സാക്ഷിയായ് നില്‍പതെപ്പൊഴും
നിനക്കും ഇല്ല വിശ്വാസം
എന്മേലെന്നതിനാലെയോ?
ശിവോഹം
പഞ്ചേന്ദ്രിയങ്ങളിലേതേതുമല്ലഞാന്‍
പഞ്ചഭൂതങ്ങളിലൊന്നുമേയല്ലഞാന്‍
ചിദാനന്ദസ്വരൂപശിവമാകുമീഞാന്‍
പ്രചോദനം
മനോബുദ്ധ്യഹങ്കാരചിത്താനിനാഹം
ന ച ശ്രോത്രജിവ്ഹേ ന ച ഘ്രാണനേത്രേ
ന ഭൂമിര്‍ ന തോയം ന തേജോ ന വായുഃ
ചിദാനന്ദസ്വരൂപശിവോഹം ശിവോഹം
മഴമേഘങ്ങള്‍
താഴത്തുനോക്കിച്ചിരിക്കുന്നതെന്തിനായ്?
ഉള്ളില്‍ തിരിഞ്ഞൊന്നുനോക്കിയാല്‍ കാണില്ലെ
നിന്നുള്ളിലാകിലും കണ്ണീര്‍കണങ്ങളും ?
മാനത്തുപാറിപ്പറക്കുമ്പൊഴോര്‍ക്കുമോ
താഴത്തൊരിക്കല്‍ നീ വീഴുമെന്നുള്ളതും ?
താഴത്തുനീരായ് നീ വീഴുന്നതും കാത്തിരുപ്പുണ്ടു
കാലത്തിന്‍ വേഴാമ്പല്‍ ഭൂമിയില്‍
Thursday, 4 July 2013
നോവുകള്‍
ആരും കേള്‍ക്കാത്ത നോവുകള്‍
വാക്കാല്‍ ചൊല്ലുവതാകാര്‍ക്കും
വാക്കിലാനോവടങ്ങിടാ
വാക്കായെന്നാലും വന്നീടും
വിങ്ങും മാനസനൊമ്പരം
കണ്ണില്‍ തിങ്ങുന്ന കണ്ണീരും
കണ്ണില്‍ നിന്നൊഴുകുന്നപോല്‍
ആ വാക്കില്‍ കാണുമാചിത്തം
പേറും നൊമ്പരമൊരല്പമായ്
കണ്ണുമൂടുന്നകണ്ണീരില്‍
ലോകം കാണുന്നപോലവെ
താന്‍
താനെപൊങ്ങിയമര്‍ന്നിടും
താനായ് തന്നിലമര്‍ന്നീടും
തന്നെതാനറിഞ്ഞീടുകില്‍
താനിക്കാണുന്ന ലോകത്തില്‍
താനല്ലാതുള്ളതൊക്കെയും
താനും തന്റെതുമെല്ലാമേ
താനെ തന്നറിവായിടും
തന്നുള്ളില്‍ തന്നെയല്ലേ നാം
ലോകമെന്നതുകാണ്മതും
തന്നിലെതന്നെയല്ലാതെ
താനാരേയുമേ നമ്പൊലാ
താനല്ലാതിനിയാരേയും
താന്‍ നമ്പീടുകിലോര്‍ക്കണം
തന്നെ വിട്ടതുപോയീടും
താനെതാനെന്നുമാശ്രയം
ഹാരം
തന്റെയുള്ളിലൊളിപ്പിച്ചമുത്തുചിപ്പിയെടുത്തിടാം
തന്റെകണ്ണീരൊളൊപ്പിച്ചു കാലം താന്‍ തീര്‍ത്തുവെച്ചതാം
തന്റെചിപ്പിതന്‍ മുത്തല്ലീകവിതയാം ഹാരമാവതും ?
Wednesday, 3 July 2013
അവന്
അകതാരില്‍ വിരിയുന്നൊരിമ്പത്തിന്മലരായും
അരുളായും അറിവെല്ലാമറിയുന്നപൊരുളായും
അകമേയാരമരുന്നോ അവനെല്ലാമറിയുന്നു
അവനേനാമറിയായ്കിലറിവെല്ലാം വെറുതേയാം
അവനേനാമറിഞ്ഞീടിലറിവെല്ലാം വെളിവാകും
അവനേനാമറിയാതിങ്ങുലകെല്ലാമലയുന്നു
അകലേയല്ലകമേയാണവനെന്നതറിയാഞ്ഞോ?
നാവിനോട്
തെല്ലും വിവേകം നിന്നുള്ളിലില്ല
ഇല്ലൊട്ടുമൌചിത്യബോധം നിനക്കഹോ
എല്ലില്ല വാക്കിന്നുറപ്പുമില്ല
അപ്രിയമോതാന്‍ ഭയമേതുമില്ലൊട്ട-
ഹിതമുരയ്ക്കാന്‍ മടിയുമില്ല
തോന്നുന്നപോല്‍ തന്നെ നീ ചിലച്ചീടുകില്‍
ദുഃഖം ഭവിയ്ക്കുമെന്നോര്‍ത്തീടണം
ചൊല്ലുവാനൊന്നുമില്ലെന്നാകിലോ
തെല്ലിട മൌനം ഭജിയ്ക്ക നല്ലൂ
അന്നം ഭുജിയ്ക്കുന്നകാര്യത്തിലാകിലും
നിന്നിഷ്ടം തന്നെ നടക്കേണമോ
നിന്നിഷ്ടമോടെ ഭുജിയ്ക്കുന്നവര്‍ക്കുള്ളില്‍
വന്നുഭവിയ്ക്കുന്നകഷ്ടതകള്‍
ഓര്‍ത്താല്‍ നടുങ്ങും നീ ഭോജനം
ജീവനത്തിന്നെന്നതോര്‍ത്തു ഭുജിയ്ക്ക നല്ലൂ