Wednesday, 12 December 2012

മാനസസരോഹംസങ്ങള്‍

മാനസസരസ്സിലെന്തേ
ഹംസമൊന്നുമില്ലാതായി
മോഹാകുലമായെന്നുള്ളം
അലയടിപ്പതിനാലോ

Tuesday, 11 December 2012

കൌശികി

പിറന്നുപുനരഹന്ത
അജ്ഞാനതമസൃഷ്ടിയാം
മഹിഷമായ് വളര്‍ന്നുള്ളില്‍
കവര്‍ന്നെന്‍ ലോകമൊക്കയും

വധിക്കിലോ പിറക്കുന്നു
രൂപം മാറീട്ടു പിന്നെയും
മഹിഷമാം സിംഹമാവും
മനുജനായെന്നും വരും

രൂപം മാറി പിറന്നെത്രെ
ദ്രോഹം ചെയ്യുന്നു പിന്നെയും
തളരുന്നെന്‍ ദേഹമെന്നില്‍
നിറയുന്നിരുളെങ്ങുമേ

ഭയത്തില്‍ ജീവനാമിന്ദ്രന്‍
സ്വപ്രഭാവം മറന്നപോല്‍
സ്വര്‍ലോകവും വെടിഞ്ഞെന്തേ
സ്വയമേവ മറഞ്ഞുവോ

ഇച്ഛാജ്ഞാനക്രിയാശക്തി
സമന്വയസ്വരൂപമായ്
പിറക്കെന്നന്തരംഗേ
ഹനിക്കീമഹിഷത്തിനെ

മാനസസരസ്സക്കരെ
കേവലബിന്ദുരൂപമായ്
കാണാകുന്നപരാശക്തി
കനിവോടുണരേണമേ

ശിവശക്തിപ്രഭാവത്തില്‍
മാനസസരസ്സിങ്കലായ്
അഹങ്കാരമൊടുക്കാനായ്
കൌശികിയായ് പിറക്കണേ

Saturday, 8 December 2012

ആരറിവൂ?

മിഴിവിട്ടൊഴുകും  മിഴിനീരിനോ
നിറയും മിഴിതന്‍  നോവറിവൂ
തൂലികത്തുമ്പിലെ തുള്ളികളില്‍
കരളിലെ നൊമ്പരമെന്തറിവൂ

പലതും പറയുമെന്‍ നാവതിനോ
നിത്യസത്യത്തിന്‍ നേരറിവൂ
താനേ മിടിക്കുമെന്‍ചിത്തിനോ
താനെന്നസത്യപൊരുളറിവൂ

Wednesday, 5 December 2012

മഹാബലി

ഒരു ആത്മഗതം ... ഒരു തിരിച്ചറിവ്... സമര്‍പ്പണം

മഹാബലിയെന്നഭിമാനമോടാ
മായാബലത്തില്‍ ഭ്രമിച്ചു പാരം
മഹാബലിയായീരേഴുലോകനാഥനെ
ന്നോര്‍ത്തു ഞാന്‍ വാണ കാലം

ഏറ്റം കുറിയ രൂപവുമായന്നു നീ
ഒരു ചെറു പൈതലായ് വന്ന നേരം
തെല്ലുമറിഞ്ഞില്ല എന്നിലേറ്റം നിന്ദ്യ-
മന്നഭിമാനം വളര്‍ന്നുവന്ന കാര്യം

ഈരണ്ടു കാല്‍ വയ്ച്ചു കൊണ്ടു നീ
യീരേഴുലോകമന്നളന്നെടുക്കേ
ഈറനാമെന്‍ മിഴിക്കോണറിഞ്ഞൂ
നീന്നീരേഴുലോകം നിറഞ്ഞ രൂപം

ഒക്കെ ത്വദര്‍പ്പണം ചെയ്തു ഞാനും
നിന്‍പാദത്തിലെന്‍ മിഴിനീരൊഴുക്കി
കേവലകാരുണ്യമായി നിന്‍ സ്വരൂപം
അകകാമ്പിലന്നാദ്യമായ് കണ്ടു ഞാനും

ബലിയര്‍പ്പിക്കാനിനിയെന്നെ മാത്രം
ബലമാവതുനിന്നരുളതൊന്നുമാത്രം
ബലമായെന്നുമരികിലിരിപ്പാനെന്നി
ലന്‍പാര്‍ന്നൊരു വരം നീ തന്നിടാവൂ

Tuesday, 4 December 2012

ദര്‍പ്പശമനം

അഹങ്കാരവിഷനാഗം
തന്‍ഫണംവിരിച്ചാടുന്നു
മാനസയമുനയിതാ
വിഷലിപ്തമായ്തീരുന്നു

ഉയരുമെന്‍ഫണങ്ങളില്‍
പാദംചലിക്കവേയതു
തളരുന്നുതാഴുന്നതു
തന്നിലേയ്ക്ക്മടങ്ങുന്നു

Monday, 3 December 2012

പാലാഴിമഥനം

ഉയരുമെന്നഹങ്കാര
മാമലയൊരുമത്തായി
തുടരുമഹോമഥന
മെന്മാനസപാലാഴിയില്‍

അന്തമില്ലാതുള്ളഹന്ത
തന്‍ വന്മല താഴുന്നുവോ
ഹന്ത! ആഴക്കയങ്ങളില്‍
ചെന്നതുമറയുന്നുവോ

ചീറ്റുന്നു ചിതറുന്നുഹാ
മോഹപാശാമാം വാസുകി
അമൃതല്ല വരുവതു
കൊടും കാളകൂടം വിഷം

ബഹിര്‍ഗമിച്ചീടിലതു
ലോകനാശത്തിനായിടാം
തന്നിലടക്കുമെന്നാലോ
ആത്മനാശവുമായ് വരാം

കണ്ഠത്തിലതടക്കുക
സര്‍വ്വനാശം തടുക്കുക
കണ്ഠം നീലയാര്‍ ന്നുണര്‍ ന്നെ
ന്നിലമ്രിതം പകരുക

Saturday, 1 December 2012

മനുജജന്മം

മറ്റൊരു സമസ്യാപൂരണം 

മന്നില്‍ പിറന്നമനുജരാശിയെത്രെകഷ്ടം 
കൊന്നും മുടിച്ചുമിവിടെയിന്നുമമര്‍ന്നിടുന്നു
തന്നില്‍ തെളിച്ചൊരൊളിതെല്ലുമറിഞ്ഞിടാതെ
തിന്നും കുടിച്ചുമിനിയെത്ര ദിനം കഴിക്കും?

ബാച്ച്ലേര്സ് ഡേയ്സിന്റെ ഓര്‍മ്മയ്ക്ക്

തലസ്ഥാനനഗരിയില്‍ കഴിച്ച ബാച്ച്ലേര്സ് ഡേയ്സിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി സമര്‍പ്പിച്ചു കൊണ്ട് , ഒരു സമസ്യാപൂരണം....ഈ പുതു സമാഗമം ഒരു സങ്കല്പം മാത്രമാണെന്നുകൂടി സൂചിപ്പിക്കട്ടെ

ഒത്തുപാര്‍ത്തചിലകൂട്ടരൊത്തിവിടൊട്ടുനാള്‍ ചെന്നീവിധ
മൊത്തുചേര്‍ന്നവരുമൊത്തുചെയ്തിരുന്നൊരപ്പഴയവേലക
ളോര്‍ത്തെടുക്കുവതിനൊരല്പമദമിന്നേറ്റുവാനൊരുകുപ്പിയു
മൊത്തുചേര്‍ന്ന രുചി വിസ്ത്തരിപ്പതിനു ശക്തനല്ല ഫണിരാജനും.

Friday, 30 November 2012

ഒരു ചെറു തോണി, ഒരു കളിത്തോണി

ഒഴുകുന്നു തോണി
അലയുന്നു തോണി
പതറുന്ന കാല്‍വെയ്ക്കി
ലുലയുന്നു തോണി

കാറ്റിന്‍ കരംപിടി
ച്ചൊഴുകുന്നു തോണി
കാറ്റടിയ്ക്കുമ്പോള്‍
വിറയ്ക്കുന്നു തോണി

അലകളില്‍ തുള്ളി
ക്കളിയ്ക്കുന്നു തോണി
അലകളില്‍ പെട്ടഹോ
തളരുന്നു തോണി

മഴനീരില്‍ മെല്ലെ
പിടയ്ക്കുന്നു തോണി
മിഴിനിരുപോലൊട്ടു
വിതുമ്പുന്നു തോണി

അകലങ്ങളില്‍
കാണാത്തകലങ്ങളില്‍
ആനന്ദമെന്നെന്നും
തിരയുന്നു തോണി

ആരുമേ കാണാത്തൊ
രാനന്ദലോകത്തിന്‍
തീരങ്ങളും തേടി
അലയുന്നു തോണി

ആഴിമടിത്തട്ടില്‍
ആഴക്കയങ്ങളില്‍
ആനന്ദവും തേടി
അലയുന്നു തോണി

Thursday, 22 November 2012

കത്തിരി

എരിയുമന്നൊരു'കത്തിരി'വേനലി
ലലയുവാനൊരു സംഗതിയാകയാല്‍ 
തലതിരിഞ്ഞിടുമെന്നൊരുഭീതിയില്‍ 
കുലമണേ ലമണേഡു കുടിച്ചു ഞാൻ

ഒരു സമസ്യാ പൂരണത്തിനുള്ള ശ്രമഫലമാണിത്

അഹം ബോധം

കര്‍മ്മമാം  കാരണമെന്നമട്ടി
ലഹംകാരകമെന്നുരയ്ക്കും
അഹങ്കാരമൊഴിഞ്ഞുവെന്നാ
ലഹംബോധം  തെളിഞ്ഞുകാണാം

ആശ്ചര്യം

ആശ്ചര്യമോടൊട്ടു കാണുന്നിതു ചിലര്‍
ആശ്ചര്യമെന്നോണം ചൊല്ലുന്നിതു ചിലര്‍
ആശ്ചര്യമായിട്ടു കേള്‍ക്കുന്നിതു ചിലര്‍
ആശ്ചര്യമെന്നിട്ടുമറിയുന്നില്ലിതാരുമേ

പ്രചോദനം :
ആശ്ചര്യവത് പശ്യതി കശ്ചിദേനം
ആശ്ചര്യവത് വദതി തഥൈവ ചാന്യ
ആശ്ചര്യവത് ചൈനമന്യത് ശ്രുണോതി
ശ്രുത്വാപൈനം വേദ ന ചൈവ കശ്ചിത്

[youtube http://www.youtube.com/watch?v=Z2TabtTPm2w&w=420&h=315]

Wednesday, 21 November 2012

രജ്ജുസര്‍പ്പം

പാമ്പോയെന്നറിയുമക്കയറിലെന്‍ പാദം ചെന്നുടക്കീട്ടതി
ലമ്പോയെന്നിലുയുര്‍ന്നുവന്നു ഭയവുമെന്തിന്നു ചെയ്യാവു ഞാന്‍
നമ്പീടാനൊരാശ്രയമൊന്നുമില്ലിഹ ഹരേ പാര്‍ത്താലൊ മത്ജീവിതം 
“പാമ്പും ചാവുകയില്ല കോലുമൊടിയില്ലെന്നായി വന്നത്ഭുതം“

സമസ്യാപൂരണത്തിനുള്ള ഒരു ശ്രമം ആയിരുന്നു ഇത്... എന്റെ വിഷയം: വേദാന്ത പ്രതിപാദ്യമായ രജ്ജുസര്‍പ്പം ... അതായത് കയറിനെ പാമ്പായി തെറ്റിധരിക്കുന്നതിന്റെ പരിഭ്രാന്തി..അത് പാമ്പല്ല കയറാണെന്ന് എത്ര തന്നെ ബുദ്ധികൊണ്ടൊറപ്പിച്ചാലും വെളിച്ചം വരുന്നത് വരെ അജ്ഞാനം  ബാക്കിയാണ്

Tuesday, 20 November 2012

നല്ല വാക്ക്

നന്നായിട്ടുള്ള വാക്കെന്നുമെന്നീതൂലികത്തുമ്പിലെത്താന്‍
നന്നായിട്ടുള്ള ചിന്തയത്രേ എന്നുമെന്‍ ചിത്തേ തോന്നിടാവൂ
നന്നായിട്ടുള്ള ചിന്തയെല്ലാമെന്നുമേ മനസി തോന്നീടാനോ
നന്നായിട്ടുള്ളിലേറ്റം തെളിവൊടു തവരൂപം തെളിഞ്ഞിടാവൂ

Monday, 12 November 2012

ഇതോ ജനാധിപത്യം ?

ഇടതുവലതുമാറിഹ
ജനമര്‍ദ്ദനം തുടരുന്നു
ഇടനെഞ്ചുപിടയുമൊരു
ചെറുമദ്ദളം കരയുന്നു

കാലങ്ങള്‍ കഴിയുമ്പോളതി
നൊത്തുതാളവും മുറുകുന്നു
ജനഭരണമിവിടോര്‍ക്കില്‍
തനിയാവര്‍ത്തനമാകുന്നു

Joy of Life

Oh, Strange is deception
The work of great illusion
As I strive for destination
I am caught in desperation

Be aware that it’s decoy
Take care these don’t annoy
At the core is pure joy
Which I must see to enjoy

Neither joyance nor grievance
A bit about patience (with the world around)
A lot about balance (within)
Life is just an experience

At its heart, no substance
Yet there is some brilliance
I look around with askance
Yet I marvel with reverence

Sunday, 11 November 2012

Life

Life is too brief
To place my belief 
Against your belief
And fight into grief 

Life is not a belief
but an experience though brief
If you accept this brief
It gets you a lot of relief

Deepavali

As I light a lamp
Sitting in glow of inner light
I see the world around
Shining in glory of divine light

Saturday, 10 November 2012

ജീവമുരളിക

ശോകപരിതപ്തയാമൊരു
ഗോപികയൊരുനാളില്‍
മാധവമുരളികയോടാ
യേവമുരചെയ്തൂ പോല്‍

ഏകാശ്രയമായവനെ
കാണുവതെന്നാലെന്നെയും
ഈ ഘോരവനഭൂവിയില്‍
വിട്ടെവിടെ മറയുന്നു

അവനിഹ മറയ്കിലും
മധുരമായൊഴുകീടും
മുരളീഗാനമെന്‍ ജീവ
മന്ത്രം പോലുണരുന്നതാം

അറിവത് ഞാനല്പമിതിന്‍
പൊരുളെന്തെന്നു ചൊന്നാലും
പ്രിയസഖിയാമെന്‍ ശോക
താപൌഷധിയുമായീടാം

അതിന്നുത്തരമായിട്ടേ
വമോതീയാമുരളിക
“ഗുഹ്യമൊരുസത്യമേ
തുമേയറിവില്ലടിയനും

അറിവില്ല പൊരുളേതും
നിജമിഹയാരറിവൂ
അറിവതുഞാന്‍ ചൊല്ലീടാം
എനിയ്ക്കാവതു പോലെല്ലാം

ചൊല്ലിടാം കേള്‍ക്കനീയിഹ
പാര്‍ക്കിലുടനറിഞ്ഞീടാം
ഇല്ലെന്നകമേയൊന്നുമേ
പ്രാണവീഥിയതെന്നിയേ”

Tuesday, 6 November 2012

കോഹം

മണ്ണില്‍ പിറന്നുമനുജനായ് പലനാളുമുന്നേ
മണ്ണില്‍ കളിച്ചുനടന്നൊരു ബാല്യവും പോയ്
മണ്ണും മറന്നു ചില നാളു കഴിച്ചൊടുവിലിഹ
മണ്ണായിടുന്നപൊരുളിനോ ഞാനെന്നു ചൊല്വൂ

ചുറ്റുന്നലോകമതിലൊരുനാളിവിടെതിരിഞ്ഞു
ചുറ്റുന്നതാകുമെളുതാമൊരുജീവനോ ഞാന്‍
ചുറ്റാതെയെവിടെയുമലയാതകമേ വിചിത്രം
ചുറ്റുന്നലോകമറിയുമൊരറിവിന്‍ വിളക്കോ

Friday, 2 November 2012

ഓര്‍മ്മകള്‍

നന്നായിമറന്നപലപല ഓര്‍മ്മകളെന്‍
മുന്നിലായിന്നുപുനരാടുവതെന്തേ
ചൊന്നാലുമെന്തിത് മിഥ്യയോ കിനാവോ മതി-
ഭ്രമമോ മധുരവാല്‍സല്യകനിവോ

Thursday, 1 November 2012

മാനസസരസ്സിന്‍ തീരത്ത്

വന്നീടുന്നൊരനന്തകോടിതിരപോലെത്തും വിചാരങ്ങളില്‍
തൊട്ടും തെല്ലുലസ്സിച്ചുമവയില്‍  വിസ്മയം പൂണ്ടിട്ടുമവ
തള്ളിതള്ളി വരും വഴികളില്‍ കണ്ണെത്തി നോക്കിട്ടുമിഹ
നില്‍പ്പൂ ഞാനൊരുപൈതലായ് സരോതീരത്തിലേകാകിയായ്

Sunday, 28 October 2012

തത്വമസി

ദേഹമെന്നോര്‍ക്കില്‍ ദാസനാം
ജീവനെന്നാകില്‍ നിന്നംശമാം
ആത്മാവെങ്കില്‍ നീ തന്നെയാം
എന്നതെനിക്കു നിശ്ചയം

പ്രചോദനം

ദേഹബുദ്ധ്യാ തു ദാസോഹം
ജീവബുദ്ധ്യാ ത്വദംശകഃ
ആത്മബുദ്ധ്യാ തമേവാഹം
ഇതി മേ നിശ്ചിതാ മതി

Thursday, 25 October 2012

ദീപാവലി

അന്തര്‍ദീപപ്രഭയിലിരുന്നു ഞാനിഹ
ബഹിര്‍ദീപം തെളിച്ചീടവേ
ചുറ്റും തെളിഞ്ഞുകാണ്മതായ് വരുമഹോ
ലോകത്തില്‍ ദീപാവലി

Wednesday, 17 October 2012

കാശീപഞ്ചകം

ആചാര്യസ്വാമികളുടെ കാശീ പഞ്ചകത്തിന്  വിവര്‍ ത്തനം ചമയ്ക്കാനൊരൊ വിഫലശ്രമം

മനമടങ്ങവേ പരമശാന്ത്യാം
ആ തീര്‍ത്ഥമത്രേ മണികര്‍ണ്ണികയും
ജ്ഞാനപ്രവാഹം വിമലമാംഗംഗാ
ആ കാശി ഞാനാം നിജബോധരൂപം

ആരുടെ കല്‍പനയീ ഇന്ദ്രജാലം
ചരാചരം കാണും മനോവിലാസം
സംസത്ചിദ്സുഖിയാം പരമാത്മരൂപം
ആ കാശി ഞാനാം നിജബോധരൂപം

കാശിയിലേ കാശി കാണ്മൂ
കാശിയെല്ലാം പ്രകാശിപ്പൂ
കാശിയതെന്നാരറിവൂ
കാശി കാണുവതവനാം

മൂലം

മനോനിവൃത്തി പരമോപശാന്തി
സാ തീര്‍ത്ഥവര്യാ മണികര്‍ണ്ണികാ ച
ജ്ഞാനപ്രവാഹാ വിമലമാദി ഗംഗാ
സാ കാശികാഹം നിജബോധരൂപഃ

യസ്യാമിദം കല്‍ പിതമിന്ദ്രജാലം
ചരാചരം ഭാതി മനോവിലാസം
സത്ചിദ്സുഖൈകാ പരമാത്മരൂപാ
സാ കാശികാഹം നിജബോധരൂപഃ

കാശ്യാം ഹി കാശ്യതേ കാശീ
കാശീ സര്‍വ്വപ്രകാശികാസാ
സാ കാശീ വിദിതാ യേന
തേന ദൃഷ്ടാഹി കാശികാ

 

ഏകശ്ലോകി

എന്റെ അഹങ്കാരം എന്ന് പറയണോ, തോന്നിവാസം എന്ന് പറയണോ വിവരക്കേടെന്ന് പറയണോ, കുട്ടിക്കളി എന്ന് പറയണോ... അറിയില്ല, എങ്കിലും ഒരു കടുത്തസാഹസം .... അതായത് ശങ്കരാചാര്യര്‍ വേദാന്തരഹസ്യം മുഴുവനും കാച്ചികുറുക്കി ഗുരുശിഷ്യസംവാദമായി അവതരിപ്പിച്ച ഏകശ്ലോകിയ്ക്കൊരു പരിഭാഷ 'ചമയ്ക്കുന്നു'... തെറ്റുകള്‍ ധാരാളം ഉണ്ടാകാം, ഉദ്ദേശശുദ്ധി മാത്രമേ ബലമായൂള്ളൂ .....'പിഴയാകിലും ...' എന്ന സങ്കല്പത്തില്‍ ഗുരുപാദങ്ങളില്‍ തന്നെ അര്‍പ്പിക്കുന്നു

മൂലം:

കിം ജ്യോതിസ്തവ, ഭാനുമാനഹനി മേ, രാത്രൌ പ്രദീപാദികം സ്യാദേവം, രവിദീപദര്‍ശനവിധൌ കിം ജ്യോതിരാഖ്യാഹി മേചക്ഷുഃ, തസ്യ നിമീലനാദിസമയേ കിം, ധീഃ, ധീയോ ദര്‍ശനേകിം, തത്രാഹമതഃ, ഭവാന്‍ പരമകം ജ്യോതിഃ, തദസ്മി പ്രഭോ

പരിഭാഷ:

ജ്യോതിയെന്തത്, രവിപ്രകാശമത്രേ, രാത്രിയിലോ, വിളക്കും
സൂര്യദീപങ്ങളെ കാണ്മതോ ചൊല്‍ക, അതെന്‍ മിഴികളത്രേ
കണ്‍ തുറക്കും മുന്നെ, എന്‍ ബുദ്ധിയാ, മെന്നാല്‍ ബുദ്ധിയറിവതോ
ഞാന്‍ തന്നെ, യതുനീയാം പരമമാം ജ്യോതി, യത് ഞാനാം പ്രഭോ

Tuesday, 16 October 2012

'അന്ധവിശ്വാസം '

വിശ്വാസമന്ധവിശ്വാസ
മെന്നുനാം ചൊല്വതൊക്കയും
ഒന്നുപാര്‍ക്കിലോ ചൊല്ലാം
'രണ്ടും വിശ്വാസമല്ലയോ'

സത്യം  സ്വയം പ്രകാശമാ
മെന്നും ജീവന്നനുഭവം
വിശ്വാസം മാറിവന്നീടും
സത്യമോ നിത്യമായ് വരും

വിശ്വാസമെന്നുമേ വ്യക്തി
തന്നിലധിഷ്ഠിതമെന്നാല്‍
സത്യമോ എന്നുമേ കാണാം
ജീവാനുഭവവേദ്യമായ്

വേഷങ്ങള്‍

ആടുന്നേനേറെനാളായ് പച്ചകത്ത്യാദി വേഷമായി
കാലം കത്തിച്ചുവെച്ചാകളിവിളക്കിന്‍ മുന്നിലായി
ആടാമാവും വിധേനയിനിയുമാട്ടവിളക്കിന്നുമുന്നില്‍
ആടാനായ് ത്വത്കരുണയിഹപദമായ് ചൊരിയുമെങ്കില്‍

ആടുമെന്നാട്ടമെല്ലാം തവപദസേവയായ് തീര്‍ന്നിടേണം
എന്നിലാടുമഹന്തയെന്നും പരിചൊടൊഴിഞ്ഞിടേണം
ആടാനായി തെളിച്ചാകളിവിളക്കണയ്വതിന്‍ മുന്നേ തന്നെ
കാണേണം അന്തരംഗേ കനിവൊടകവിളക്കിന്‍ ദീപമായി

 

Saturday, 6 October 2012

കാളിയന്‍

കാണുന്നു കാളിയനഹന്തയായെന്‍
കാണാത്തകത്തളങ്ങിലൊരുമിന്നലായി
നീറുന്ന മാനസയമുനാതടത്തില്‍
കനിവായ് കാരുണ്യമായ് നീയണഞ്ഞിടാവൂ

പാറുന്നു ദര്‍പ്പവിഷാസ്ഗ്നിചുറ്റും
ആടുന്നു കാളിയനെന്‍ മാനസത്തില്‍
കേഴുന്നു യമുനാപുളിനങ്ങളിപ്പോള്‍
തേടുന്നു തവാഗമനമതൊന്നുമാത്രം

Monday, 1 October 2012

മായാപ്രഭാവം

കാര്യം കാരണമെന്നുരണ്ടായി
കാണുന്നലോകം പകുത്തെടുക്കും
കാണാത്തമായയിനാലെ കഷ്ടം
കാണായതെല്ലാം വലയുന്നഹോ

കാര്യകാരണമുക്തനാമക
കാമ്പിലെദേവനരുളവേണം
കാര്യമായ് സത്യമായ് കാരണമായ്
കാരുണ്യമായ് നീ തെളിഞ്ഞിടേണം

ആത്മഗതം

ഖം വായുരഗ്നിരാപാദിയാര്‍ന്നോരിദം
രൂപപ്രാഭാവാല്‍ സ്വരൂപം വെടിഞ്ഞും
അഹങ്കാരദംശവിഷാഗ്നിയിലെരിഞ്ഞും
മത്ജന്മമിത്ഥം പഴുതാക്കിടൊല്ലിതൊട്ടും

Saturday, 29 September 2012

മാറ്റൊലി

പലകുറിപാടിയതാമിതെന്നുമാകാം തെല്ലുമേ
പടുതയില്ലാപാടുവാനെനിക്കെന്നുമാകാം
ഇടറുമെന്‍കണ്ഠത്തില്‍ വിറയാര്‍ന്നുനില്‍ക്കുന്നു
ഇടയന്‍തന്‍ വേണുഗാനത്തിന്‍ മാറ്റൊലി

Thursday, 13 September 2012

കവനസാഹസം

അതിപൂജ്യരാം പോയമഹാരഥികള്‍
വന്നീടുമീവഴിയെന്നുവന്നാല്‍
പൈതങ്ങള്‍ തന്‍ കേളിയെന്നു ചൊല്ലി
മന്ദസ്മിതം തൂകിടുമെന്നുമാവാം ?

അക്ഷരശ്ലോകം

അന്നന്നുവന്നിടുമക്ഷരമതൊന്നെ
ടുത്തിട്ടാവുംവിധം ചിലതുരച്ചും
ഒക്കുന്ന പോലെ കമന്റുപറഞ്ഞു
മിതക്ഷരമായ് തുടരാനായിടട്ടെ

സന്ധ്യാദീപം

അകമേയെരിയുന്നജ്യോതിയില്‍ നിന്നൊ
രുജ്യോതിമുന്നില്‍ കൊളുത്തിവെച്ചു
അതിന്‍ മുന്നിലിരുന്നേവം തിരഞ്ഞിടുന്നു
അതിന്‍ പൊരുളകമേ തെളിവതിനായ്

തെളിയുന്നു ലോകമിരുള്‍ മാറിയെന്നാ
ലകം പൊരുളേതുമേ തെളിവതില്ല
അകം പൊരുളുള്ളില്‍ തെളിവതിനായ്
ഗുരുവരുളെന്നില്‍ തെളിഞ്ഞിടേണം

Thursday, 6 September 2012

ജീവിതം

മേഘപാളികളിലിലലിയിലും
നീരായീഭൂമിയില്‍ തന്നെയൊഴുകണം
പൊന്‍കനവിന്‍ നിദ്ര പൂകിലും
ഉണര്‍ന്നുതന്നിഹ ഞാന്‍ വാഴണം

Wednesday, 22 August 2012

കവിയാര്

കവിയാരിവിടെ, കവിതയേതിഹ
കവിതയായുണരും കവിത്വമേത്
കവിയില്ലിവിടെ, കവിതയുമില്ല
കവിമനസ്സിന്‍ മധുരമധുമാത്രം

Tuesday, 21 August 2012

കെടാവിളക്ക്

വിശ്വാസം
നിത്യസത്യത്തെ
ഒരു വിഗ്രഹത്തില്‍
ബന്ധിച്ചു

സ്വര്‍ണ്ണമയ
ശ്രീകോവിലിന്നകമേ
ഇരുളിന്നേകാന്തതയില്‍
അടച്ചു

എന്നിട്ടും
സത്യമിവിടെ
കെടാവിളക്കിന്‍ ദീപനാളമായ്
എരിഞ്ഞുകൊണ്ടേ ഇരിക്കുന്നു

എന്നെന്നും എങ്ങെങ്ങും
നിറകനിവിന്‍  പ്രകാശം
ചൊരിഞ്ഞുകൊണ്ടേ ഇരിക്കുന്നു

Sunday, 19 August 2012

എന്റെ കവിത?!

ഞാനൊരു കവിയല്ല
ചൊല്വത് കവിതയല്ല
ഏകാന്തമെന്മനസ്സിന്‍
പാഴ് കിനാവ് മാത്രം

Wednesday, 15 August 2012

വന്ദനം

സ്വര്‍ണ്ണമയാകിലും ലങ്ക
രുചിക്കുന്നില്ല ലക്ഷ്മണാ
ജനനിയും ജന്മഭൂവും
സ്വര്‍ഗ്ഗത്തിലും മഹത്തരം

പ്രചോദനം

"അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ"

Saturday, 21 July 2012

പഞ്ജരം

പഞ്ജരത്തിന്നേകാന്തതയില്‍
ഇരുളില്‍ ഹൃദയം പിടച്ചു
തുളുമ്പിയൊലിച്ചരുവിയില്‍
സ്നേഹത്തുള്ളി തിരഞ്ഞു

കണ്ടത് ചുടു രക്തം മാത്രം
ഇനിയും മരിക്കാത്ത
മനസ്സിന്റെ കറയാര്‍ന്ന
എന്റെ ചുവന്ന രക്തം

എന്റെ ഫോട്ടോ

ഫോട്ടോ
എന്നെ
ഒരു പ്രതിരൂപമായ്
ദ്വിമാനപ്രതലത്തില്‍
ഒതുക്കി

പുറത്ത്
കടക്കാനാവാത്ത
ഒരു ചില്ലിന്‍
ചട്ടക്കൂട്ടിലെന്നെ
ബന്ധിച്ചു

ചുമരില്‍
ഒരു ആണിയില്‍
കെട്ടിതൂക്കി ക്രൂശിച്ചു
എന്തൊരത്ഭുതം
എന്നിട്ടും ഞാന്‍ മരിച്ചില്ല

പ്രതിരൂപങ്ങളിലൂടെ

പണ്ടെന്നോ ഒരു നാള്‍
ഞാനെന്നെ തിരഞ്ഞു
ദര്‍പ്പണത്തില്‍
എന്റെ പ്രതിരൂപം കണ്ടു
ആരോ പറഞ്ഞു
അതത്രേ ഞാന്‍

പിന്നെ എത്രയോ
ദര്‍പ്പണങ്ങള്‍
പിന്നെ എത്രയോ
പ്രതിബിംബങ്ങള്‍
എന്നിട്ടുമെനിയ്ക്ക്
എന്നെ നഷ്ടമായി

Thursday, 19 July 2012

History

Any bit of history
Is shrouded in wraps of mystery
Real truth's kinda slippery
And, at times, self-contradictory

Wednesday, 18 July 2012

പിതൃവന്ദനം

കവനകലയിലെ കുലപതികളനവധി
അറിവുദൈവമെന്നറിഞ്ഞുപാസിച്ച
മണ്ണിനും വംശത്തിനും പിതൃപാദത്തിനും
ശിരസ്സാല്‍ പ്രണമിപ്പൂ, സാഷ്ടാംഗം നമിയ്ക്കുന്നൂ

സത്യപ്രകാശം

മിഴിയുടെ തെളിവായിരുന്ന
തിന്‍ തെളിവിന്നവധി കുറിച്ചു
ചെവിയിലൊലിയറിയും പൊരുളാ
യതിന്നറിവിനു പരിധി വിധിച്ചു

അറിവായ് തെളിവായകമേ
യിരുന്നറിവിന്‍ തെളിവുമറച്ചു
സുവര്‍ ണ്ണസന്ധ്യതന്‍ ദിവ്യദീപവും
തമസ്സിന്‍ കയത്തില്‍ മറഞ്ഞു

മിഴികളടച്ചു ഞാനെന്നില്‍ തിരയവേ
അകമേയൊരു സത്യം തെളിഞ്ഞു
സത്യപ്രകാശത്തിന്‍ തെളിവന്നാദ്യമായ്
എന്നുള്ളിലെങ്ങും നിറഞ്ഞു

Monday, 9 July 2012

'വിഭക്തി'മാര്‍ഗ്ഗം

ഞാനെന്ന് ഞാനെന്നെയറിയുമൊരുഞാനിരിപ്പൂ
ഞാനായ് ഞാനെന്നഹങ്കാരമായെന്നുള്ളിലെന്നും
ഞാനല്ലത്, ഞാനതിന്‍ അറിവാമഹം ബോധമത്രേ
ബോധമായ് തെളിവത് ജ്ഞാനമതിന്നുവഴി ഭക്തിയും


ഞാനില്ലെനിക്കഹങ്കാരലേശമില്ലെന്നെത്ര ചൊല്ലീടിലും
ഞാനറിയാതെയതെന്നകമേയെന്നുമൊളിഞ്ഞിരിപ്പൂ

എന്നെ ചൊല്ലിയത്രേ ഉലകിലെ പൊരുളെല്ലാമിരിപ്പതും
ഞാന്‍ മൂലം തന്നെ വേണമവയുടെ പാലനം ചൊവ്വിനാവാന്‍

എനിക്കായിതീര്‍ത്തോരീയുലകിലോ ഞാനൊരൊത്തന്‍
എന്നെക്കാള്‍ മറ്റൊരുവനു ഹിതമായ് ചെയ്തിടാവതുണ്ടോ

എനിയ്ക്കുവേണമിഹസുഖം ദുഃഖമന്യത്ര പോയിടാം
എന്നില്‍ കാണുക സത്യത്തിന്‍ നിത്യപ്രകാശമേവരും

ഇത്ഥം വിഭക്തിയോരൊന്നായ് സന്ധ്യാനാമം ജപിക്കിലും
ഭക്തിയുള്ളിദുക്കേണമതിനായ് നിന്‍ കൃപാവേണമെന്നിലും

Saturday, 7 July 2012

ശ്രീപദ്മനാഭപ്രഭോ

ദൈവത്തിന്‍ പുരമെന്നുപലനാളായ് നാം വാഴ്ത്തുന്നുവെന്നാകിലും
ദൈവത്തിന്‍ കനിവെന്നുമിവിടെ മഴപോല്‍ പെയ്യുന്നുവെന്നാകിലും
ദൈവത്തിന്‍ ധനമിന്ന് പലരും തഞ്ചത്തിലൊപ്പൊച്ചെടുത്തൊരു
ദൈവം തന്നെ ചമഞ്ഞു നടപ്പതായറിവു ഞാനെന്‍ പദ്മനാഭപ്രഭോ

ദൈവത്തിന്‍ പുരമെന്നുപുകള്‍പെറ്റ നാട്ടിന്റെ നേര്‍ക്കാഴ്ചയി,ലൊട്ടും
ദൈവത്തെ ഓര്‍ത്തുകരയാല്‍ കെല്പില്ലെനിക്കെങ്കിലും, ചൊല്ലാം
ദൈവത്തിന്‍ കൃപയെന്നുമിവിടെയില്ലായ്കിലോ, ദൈവമേ, ലോകര്‍
ദൈവത്തിന്‍ തിരുനാമത്തിലിവിടെ നരകം ചമച്ചെന്നും വരാം

Friday, 6 July 2012

പാടാന്‍ മോഹം

പാടിയെന്നിരുന്നിടാം പുകളേറും ഗായകര്‍ പണ്ടൊതൊട്ടേ
പാടാന്‍ പടുതയില്ലെന്നുമിരുന്നിടാമതിലൊത്തുകൂടുവാനും  
പാടാനകമെയെന്നിലൊരൊമോഹമുണ്ടേറെ നാളായ് , ഞാനിഹ
പാടാം, ഞാന്‍ പാടാന്‍ പാടുകില്ലെന്നെന്നെ വിലക്കിടായ് കില്‍

ജീവമുരളിക

പിഴവുണ്ടാമതിന്‍ പാട്ടിലെന്നുകണ്ടാല്‍
പഴിക്കൊലാ പാഴുമുളം തണ്ടിനെ താന്‍
പടുതയില്ലാ പാടാനതിന്നുതെല്ലും , പാട്ടായ്
പിറപ്പതോ ഗായകന്‍ തന്റെ പ്രാണന്‍

അകമേയില്ലാ തണ്ടതിലൊന്നുമെന്നാല്‍
പഴുതുണ്ടതിലേറെയെന്നു കാണ്‍ മൂ
പലവഴി പ്രാണപ്രയാണരീതി മാറ്റി
ഉണര്‍ത്തുവത് ഗായകനതില്‍ ജീവനാദം

ഓര്‍മ്മകള്‍

ഇന്നലെയെന്നാലെന്നും എന്നെവിട്ടകന്നകന്നൊരു
നാളാണെന്നറിയുന്നു, അതെനിക്കോര്‍മ്മമാത്രം
ഇന്നലെയല്ല, നാളെയുമല്ലെനിക്കിഷ്ടം , എന്നുമെന്‍
കൂടെയുള്ളോരിന്ന്, അത് തന്നേ സത്യം

എങ്കിലും പോയകാല ഓര്‍മ്മതന്‍ മാറാപ്പില്‍ ഞാന്‍
ഇത്തിരി നേരം എന്തേലും തിരഞ്ഞെന്നാല്‍
ഉണ്ടാകാം ചവറതില്‍ എന്നാലതു മാറ്റി വെച്ച്
മുത്തുകളെടുത്തീടാം, മറ്റൊന്നും വേണ്ടേ വേണ്ടാ

Sunday, 1 July 2012

അറിവ്

തന്നെ മറന്നിഹ വാഴ്വതിലേറേ
തന്നെയറിഞ്ഞുതന്നെ വാഴ്കനല്ലൂ
തന്നിലിരുന്നുതന്നെയല്ലോ മുന്നിലെ
ലോകവുമറിവതുതന്നെയെന്നും

മുന്നില്‍ തെളിവൂ ലോകമെന്നാ
ലെന്നെയവിടെന്തേ കാണ്മതില്ലാ
പിന്നെ കണ്ടതെന്‍ പ്രതിരൂപമെന്നാ
ലെന്നിലെ ഞാനതിലല്പമില്ലാ

തന്നെയറിയാനായ് മിഴിതുറന്ന്
മന്നിലങ്ങിങ്ങായലയ്ക വേണ്ടാ
തന്‍ മിഴികളടച്ചിരുന്നുവെന്നാലത്
തന്നകമിഴിയില്‍ തെളിഞ്ഞു കാണ്മൂ

Saturday, 30 June 2012

മധുരം

നറുതേനിനില്ല മധുരം
എന്‍ നാവിനില്ല മധുരം
തേന്മധുരരസം നുകരും
എന്‍മനസ്സിലത്രേ മധുരം

മലരിനില്ല കപടം
മധുപനില്ല കപടം
മധുപമധു കവരുമൊരു
മനസ്സിലത്രേ കപടം

Friday, 22 June 2012

മാനസമുരളി

ഏകാന്തമെന്‍ മാനസയമുനാതടത്തില്‍
എകാകിയായ് ഞാനലഞ്ഞീടുമ്പോള്‍
എങ്ങുനിന്നോ വന്നവേണുഗാനത്തില്‍
എല്ലാം മറന്നു ഞാന്‍ നിന്നുപോയി

എങ്ങുനിന്നെത്തിയീ ഗാനമെന്നോര്‍ത്തു
ഞാനെല്ലായിടത്തും തിരഞ്ഞുവെന്നാല്‍
കണ്ടതില്ലെങ്ങുമെന്നുള്ളമൊന്നു കാണാ
നെന്നും കൊതിക്കുമാഗായകനെ

എങ്കിലോ കണ്ടു, പാഴ് മുളം തണ്ടൊന്നിത്ര,
മധുരഗാനമുതിര്‍ന്നതീ തണ്ടില്‍ നിന്നോ
ഉള്ളിലൊന്നുമേയില്ലാത്ത ത്തണ്ടില്‍ നിന്നിത്ര
മേല്‍ മാസ്മരഗാനമുതിര്‍ന്നതെന്തേ

എന്നുള്ളില്‍ നിന്നാരോ അതിന്നുത്തരമോതി
അതിന്നുള്ളിലില്ലൊന്നുമഹങ്കാരലേശമില്ല
സച്ചിദാനന്ദസ്വരൂപമായൊഴുകുന്ന പ്രാണനാ
മാമുളംതണ്ടിലെപാട്ടിന്റെ സത്യമത്രേ

മനുഷ്യമൃഗം

വിദ്യയില്ല തപസ്സില്ല ദാനം ചെയ്കയില്ല
അറിവില്ല ധര്‍മ്മമില്ല ശീലഗുണവുമില്ല
ഭൂമിക്ക് ഭാരമായിന്നു മനുഷ്യലോകേ
മനുഷ്യരൂപത്തില്‍ മൃഗങ്ങള്‍ വാഴ്വൂ

പ്രചോദനം
യേഷാം ന വിദ്യ ന തപോ ന ദാനം
ന ജ്ഞാനം ന ശീലം ന ഗുണോ ന ധര്‍മ്മ:
തേ മര്‍ത്ത്യലോകേ ഭുവി ഭാരഭൂതാ
മനുഷ്യരൂപേണ മൃഗാശ്ചരന്തി

ധര്‍മ്മസങ്കടം

അറിയുന്നു ധര്‍മ്മമതുചെയ്ക വയ്യ, ഞാ
നറിയുന്നധര്‍മ്മം,ചെയ്യാതെ വയ്യതാനും
ഹൃദയത്തിലിരിക്കുന്നൊരുദേവനേതോ
ചൊല്ലുന്നപോല്‍ തന്നെ ചെയ്യുന്നു ഞാനും

പ്രചോദനം
ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തിഃ
ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തിഃ
കേനാപി ദേവേന ഹൃദിസ്ഥിതേന
യഥാ നിയുക്തോസ്മി തഥാ കരോമി

ദന്തവിലാപം

ഇരക്കുന്നിങ്ങിനെ ദന്തങ്ങള്‍
"നാവേ നീയൊന്നടങ്ങുക
തെറ്റുചെയ് വത് നീയെന്നാലും
സ്ഥാനചലനമെനിക്കെടോ"

പ്രചോദനം
ഇതി പ്രാർത്ഥയതേ ദന്തോ
ഹേ ജിഹ്വേ! ബഹു മാ വദ
ത്വയാऽപരാധേ തു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ.

പ്രാര്‍ത്ഥന

പതറുമെന്‍ പാദത്തിനു
ബലമേകി കനിയുക
ഇടറുമെന്‍ കണ്ഠത്തില്‍
നാദബ്രഹ്മമൊഴുക്കുക

തളരുമെന്‍ നാവില്‍
പ്രണവമന്ത്രമായുണരുക
പിടക്കുമെന്നുള്ളത്തില്‍
അമൃതായ് നിറയുക

ഇരുള്‍ മൂടും മിഴിയില്‍
സത്യദീപം തെളിക്കുക
മിഴിനീര്‍ മറ നീക്കിയെന്നും
സത്യമായ് തെളിയുക

Thursday, 21 June 2012

മനസ്സേ അടങ്ങുക

മനസ്സേ അടങ്ങുക
ആഴിപരപ്പിന്‍
അലകള്‍ പോലിളകുമെന്‍
മനസ്സേ അടങ്ങുക

ആകാശദൂരത്തിലാരോ
കൊളുത്തിയ ദിവ്യദീപപ്രഭ
നിന്നില്‍ നിറയുവാന്‍
മനസ്സേ അടങ്ങുക

Tuesday, 19 June 2012

ദര്‍പ്പണദൃശ്യം

കാണുന്നു നിന്നെയും
മുന്നിലെ ലോകമൊക്കെയും
ഏന്നാല്‍ കാണുവാന്‍ വയ്യെ-
നിക്കെന്‍ രൂപമെന്‍ കണ്‍കളാല്‍

കാണുന്നു എന്നെ
നിന്‍ മിഴിയില്‍ പ്രതിബിംബമായ്
അതില്‍കാണുന്ന രൂപമായ്
എന്നെ അറിയുന്നു ഞാനെപ്പോഴും

മാറുന്നുകാലം
അതിന്നൊത്തു മാറുന്നു ഋതുക്കളും
മാറും ഋതുഭേദങ്ങള്‍ക്കൊത്തു
മാറിയെന്‍ രൂപമെത്രയോ

മാറാതെ നില്‍ക്കും
എന്നിലെയെന്നെ മാത്രം, ഇനിയും
കാണുവാനില്ലയെന്നോ
എന്നെയറിവതുമിത്ര കഷ്ടമോ

പിന്‍കുറിപ്പ്:
മാമകമിഴികള്‍ക്കു
മിഴിയാമകമിഴി
എന്നകമേയെവിടെയോ
മറഞ്ഞിരിക്കയാണോ

മഹാമായാവിനിര്‍മ്മിത
സ്വര്‍ണ്ണപാത്രത്തില്‍ മൂടി
കാലമൊളിപ്പിച്ചുവെച്ച
സത്യമിതുതന്നെയാണോ

Sunday, 17 June 2012

Me, My Mind, and Deep Sea

An evening:
I am sitting on a sea shore
Enjoying waves on as it comes
Watching waves endless, restless
Approaching from a distance

I am watching waves as it comes
Jostling and joining, to reach me
Yet, at last, crashing on the shore
Withdrawing itself into deep sea.

Thought waves:
Each of these waves start off
As a small movement, at a distance
Moved on to hit the shore far off
Fanned by force of unseen winds.

Sunset:
As a tired sun retires quietly
Into yet another mystic night
I withdraw into my own self
I realize an ocean within me.

Endless thoughts hit shore
In a gentle touch of hope, care
And, of divine benevolence
And, as ferocious tsunami waves

Sleep:
I seek depth of tranquility
Beneath turbulent rush of waves
Depth beyond winds of change
As I fall asleep in my very own self

Saturday, 16 June 2012

ഒരു കടല്‍ക്കരയില്‍

വിജനമാമൊരു തീരത്തില്‍
ഏകാന്തമൌനത്തിന്‍ ക്കരയില്‍
സത്യദര്‍ശനം കാത്തിരിക്കുന്നു
അകലെ മിഴി നട്ടു ഞാനിരിക്കുന്നു

അകലെ ചക്രവാളസീമയില്‍
സത്യപ്രകാശമുദിക്കും
പൊന്‍ പുലരിക്കായ്
മിഴിനട്ടു ഞാന്‍ ഇരിക്കുന്നു

ആഴി തന്‍ സാന്ത്വനസ്പര്‍ ശമായ്
തഴുകാനടുക്കും തിരകളോതുന്നു
എന്‍ മനവുമാഴിയുമൊന്നത്രെ

വെറുമൊരു ചലനമായ്
അലയായ് പിറക്കുമെന്‍ ചിന്തകള്‍
മോഹത്തിരകളായലറിയടുക്കുന്നു

ശിലകളില്‍ തട്ടിയുടയുന്നു
തമ്മില്‍ തലതല്ലി കരയുന്നു
ഒടുവിലാഴിയിലേക്കു മടങ്ങുന്നു

എണ്ണിയാല്‍ തീരാത്ത
ഒരുനാളുമടങ്ങാത്ത
സാഗര തിരകളില്‍
സത്യം തിരയൊല്ല

തിരയല്ല സത്യം
ആഴിയത്രെ സത്യം
ആഴിതിരയിളക്കും
വായുവത്രെ സത്യം

ആഴിയും വായുവും
അറിയുമെന്‍
മിഴിയത്രെ സത്യം
മിഴിതന്‍ മിഴിയത്രെ സത്യം

Friday, 8 June 2012

ഓര്‍മ്മയിലെന്‍ ഗ്രാമം

ഓര്‍മ്മയില്‍ തെളിയുന്നൊരു ഗ്രാമം
ഓണത്തുമ്പികള്‍ നിറയുമെന്‍ ഗ്രാമം
ഓണപ്പാട്ടിന്നിമ്പമായലിയുന്ന ഗ്രാമം
ഇന്നോര്‍മ്മയായ് മാറിയെന്‍ ഗ്രാമം

തുമ്പയോണപൂക്കളമിടുമെന്‍ ഗ്രാമം
തുമ്പത്തില്‍ തേങ്ങി തളരാത്ത ഗ്രാമം
മോദത്തിന്നാര്‍പ്പുവിളികേട്ടുണരും
കൊച്ചുസ്വര്‍ഗ്ഗമായ് മാറുമെന്‍ ഗ്രാമം

കൈവിട്ടുപോയൊരാബാല്യം പോല്‍
ഇന്നെന്നെ മാടിവിളിക്കുമെന്‍ ഗ്രാമം
കാണാന്‍ കൊതിക്കുന്നുവെന്നാലുമി
ന്നേറെമാറിപോയെന്‍ കൊച്ചുഗ്രാമം

Wednesday, 6 June 2012

മധുരിക്കും ബന്ധനം

ഇരുമ്പിന്‍ ചങ്ങലയും
പൊന്നിന്‍ ചങ്ങലയും
പകരുന്നനോവൊന്നു
തന്നെയെന്നിരിക്കിലും
ഇരുമ്പിന്‍ ചങ്ങല
വലിച്ചെറിയുന്നു
പൊന്നിന്‍ ചങ്ങല
സഹര്‍ഷമണയുന്നു

Monday, 4 June 2012

അസ്തമനം

അകലെ
ചക്രവാളസീമയില്‍
ഹിരണ്‍മയപ്രഭയില്‍
സത്യം മറയുന്നു

ഉലകില്‍
ഇരുള്‍ നിറയുന്നു
ഇരവിതെന്നറിയുന്നു
എന്‍ മിഴികളടയുന്നു

അറിയുന്നു
സത്യം മരിച്ചതല്ല
അതു മരിക്കയുമില്ല

ഇരുളിന്‍
നെന്ചുപിളര്‍ന്നുണരും
ഒരു പുതുകനവിനായ്
ഒരു ഇടവേള

Friday, 1 June 2012

ശലഭം

എരിയുന്ന തീ,
അതില്‍ പിടയും
ജീവനോടു ചോദിച്ചു
"എന്തിനിത്ര തിടുക്കം"

സത്യമൊരു
നൊമ്പരമായ്
എരിഞ്ഞുടുങ്ങവേ
മൌനം പ്രകാശമായി

Friday, 18 May 2012

ഞാന്‍ ഞാനറിയുന്ന എന്റെ മുഖം

പണ്ടൊരു നാള്‍,
‘ആരുഞാനെ’ന്ന്
ആദ്യമായ് ഞാന്‍
ആരാഞ്ഞ നാള്‍
ഒരു മുഖം കണ്ടു

ആദ്യമായ് ഞാന്‍
ഒരു ദര്‍പ്പണത്തില്‍
ആരോ പകര്‍ത്തിയ
ഒരു മുഖം കണ്ടു

അന്നു മുതല്‍
എനിക്കതെന്നും
എന്‍ മുഖമായി
അതു ഞാനായി

Friday, 11 May 2012

എന്‍ പ്രണാമം

ഒന്നുമേയില്ലാത്ത
ശൂന്യമാം സത്യത്തില്‍
ഒന്നിനോടൊന്നുചേരാതെയും
ഓരോന്നെടുത്ത്
അതിലോരോന്നായ്
ഒന്നിനോടൊന്നുചേര്‍ത്തും
എല്ലാം ഒരൊന്നുതന്നെയെന്ന്
എന്നുമിരുന്നരുളും
ഒന്നുമാത്രമാം
ഒരേയൊരുപൊരുളേതോ
നിത്യസത്യമാം
ആ പൊരുളിനായ്
എന്‍ പ്രണാമം

Thursday, 10 May 2012

മഴവില്ല്

അകലെയാകാശത്തില്‍ സത്യം തെളിയുന്നു
ഇരുളിന്‍ മറനീക്കിയതുനിത്യം തെളിയുന്നു
കാലത്തിന്‍ കനിവായാസത്യം തെളിയുന്നു
താനേതെളിയുമൊളിയായതു തെളിയുന്നു

മൂകമെന്‍ മിഴികളില്‍ മിഴിനീരുനിറയുന്നു
ഒഴുകുമാമിഴിനീരില്‍ മഴവില്ലുതെളിയുന്നു
മിഴിനീര്‍ മണികളെന്‍ മിഴികളെ മറക്ക് യുന്നു
മിഴിനീരിന്‍ മറയിലിരുളിലെല്ലാം മറയുന്നു

Friday, 4 May 2012

നിത്യസത്യം

ഞാനെന്നസത്യം, നിത്യ
കേവലാനുഭവസത്യം
ആദിയും അന്ത്യവും
ഇല്ലാതമരുമൊരുസത്യം

ദൃഷ്ടിയും ദൃശ്യവും
ദ്രഷ്ടാവിലലിയുമ്പോള്‍
ദര്‍ശനാനന്ദസുഖമായ്
ഞാനറിയുമേകസത്യം

വട്ടപൂജ്യം

ഞാനൊരു വട്ടം വരച്ചു
ഞാനാവട്ടത്തിലിരുന്നു
ഞാന്‍ വളര്‍ന്നു
എന്റെ വട്ടം നിറഞ്ഞു

അങ്ങിനെ ഞാന്‍
ഒരു വട്ടപൂജ്യമായ്

മനസാക്ഷിക്കൊരു ശ്രീകോവില്‍

എനിക്കൊരുകൂട്ടായ്,
എന്‍ കൂടെപിറപ്പായ്,
ജീവരഥസാരഥിയായ്,
എന്‍ കൂടെ നീയിരുന്നു

എന്നെ അറിയുന്ന
എന്‍ ഹിതമറിയുന്ന
എന്‍ പ്രിയതോഴനായ്
ഞാന്‍ തന്നെയായിരുന്നു

ഒരുനാള്‍:
ഞാനറിയാതെയെന്‍ നിഴല്‍ പിറന്നു
എന്നിലുമേറെവലുതായതു വളര്‍ന്നു
എന്‍ നിഴലിന്‍ തണലിലലസം മയങ്ങി
എന്നെ മറന്നു, എന്‍ തോഴനെ മറന്നു

വിതുമ്പും കാര്‍മുകിലുകള്‍
ഇരുളിന്‍ നിഴല്‍ വിരിച്ചു
കാലവര്‍ഷത്തില്‍ ശോകം
ഇവിടെ മിഴിനീരായൊഴുകി

എന്നിട്ടും:
കാര്‍മുകില്‍ പാളികള്‍ക്കിടയില്‍
ഒരുമിന്നലായെന്‍ വഴിതെളിച്ചു
കുളിര്‍ തെന്നലായ്, കരുണയായ്,
നീയെന്നെ തഴുകിയുറക്കി

എന്നിട്ടും നിന്‍ മിഴികളിലെ
സത്യമെന്‍ മിഴികളറിഞ്ഞില്ല
സത്യത്തിടിമുഴക്കം പോലും
എന്‍ കാതുകളറിഞ്ഞില്ല

ശാസ്ത്രത്തിന്‍ സുവര്‍ണ്ണത്താളില്‍
ഞാന്‍ സത്യപ്രകാശം തിരഞ്ഞു
സത്യത്തിന്‍ മൊഴിതിരഞ്ഞു
കേവലസത്യദര്‍ശനം തിരഞ്ഞു

ഒടുവില്‍:
കണ്ടില്ലെങ്ങുമാസത്യമൊടുവില്‍
ഹിരണ്‍മയമൊരു ശ്രീകോവില്‍ കെട്ടി
ഞാനൊരുസ്വര്‍ണ്ണതിടമ്പുതീര്‍ത്തു

ഇനിയുമറിയാത്തസത്യത്തിനെ
എന്‍ പ്രാണനായാവാഹിച്ചു
ഞാനാതിടമ്പില്‍ ബന്ധിച്ചു

എന്‍ നിഴലിന്‍ ഇരുളില്‍
ഞാന്‍ വീണ്ടുമേകനായെന്‍
യാത്ര ഇനിയും തുടരുന്നു

പുതിയൊരു സത്യത്തിന്‍
കാണാക്കരയിലെ ദിവ്യമൊരു
കിനാവുതേടിയലയുന്നു

 

Saturday, 28 April 2012

Human 'had been'

When man loses himself in eternal indulgence
When man is caught in web of his own pretense
When man loses a touch of divine compassion
When man is cleaned of humanity, and passion
What is left of a man, I wonder; no more a human
Neither God nor a beast is reckless and inhuman
No more a human ‘being’, that we seek in a man
I say, call it human-’had-been’ is all that we can

Thursday, 26 April 2012

നിള വരളുന്നു

നിള വരളുന്നു
കനിവിന്‍ നിള വരളുന്നു
ദാഹനീരിനണകെട്ടിവിലപേശവേ
നിള വരളുന്നു, നിളയെങ്ങോ മറയുന്നു

നിഴല്‍ വളരുന്നു

എന്‍ നിഴല്‍ വളരുന്നു
എന്നെ മറന്നുമെന്‍ നിഴല്‍ വളരുന്നു
എന്നെ മറച്ചുമെന്‍ നിഴല്‍ വളരുന്നു
എന്നിലും മേലെയെന്‍ നിഴല്‍ വളരുന്നു

Friday, 13 April 2012

The Infinite!

I was taught to divide complex things into smaller ones, learn those simpler things and put together. It made my life easy too.

It was to happen sometimes, and it happened! I ended up with only one and zero. Then, I divided  one by zero... I had no answer! It turned out that the answer is, 'well, it is not defined', I was told.... It was beyond what I have known so far. I could not comprehend, contemplate, work with ...

I realized existence of something other than unknown and known, for the first time. That is, I learned about the unknowable, undefinable, unfathomable, ... I called it infinite.

I looked around for help. Everyone around is talking about infinite, as well! Some divided 2 by zero, some others 3 by zero and so on. Every one has their very own infinite.

Now that we have many 'infinite's, each infinite gathered its own set of dogmatic followers. No one has ever seen an infinite. Yet, followers  of one infinite claimed their infinite is better, more powerful, and fought with followers of the other 'infinite's, to prove superiority of their infinite... and any discussion on infinite without reverence was blasphemy!

Amidst the din, the master asked the question 'Who wants to know the truth?' ..... and there was eloquent silence all around, as we realized the infinite within and outside dissolving into an enlightening experience, transcending the confines of individual existence!

Thursday, 12 April 2012

മാനസമര്‍ക്കടം

അഹങ്കാരമദിരകുടിച്ചതിചപലമായ്
അലയുന്നു, പാവമെന്‍മാനസമര്‍ക്കടം
അതിഘോരസംസാരവനത്തിലലക്ഷ്യം
അലയുന്നു, മധുരരസത്തിന്‍ കനി തേടി

അളവറ്റ കര്‍മ്മമാമരങ്ങളോരോന്നായ്
അതിവേഗമേറിയതിന്‍ കനിനുകര്‍ന്നും
അതുരുചിക്കാതെയുടനാമരചില്ലവിട്ടും
അലയുന്നു കാണാകനിതന്‍ സുഖം തേടി

അരികിലണയുക ഭിക്ഷുവാം ഭവാന്‍ , തവ
അധീനത്തിലാക്കുക ദ്രിഢഭക്തിപാശത്താല്‍
അതിദാരുണമേതോദുഷ്ടമ്രിഗങ്ങള്‍ക്കിരയാ
വതിന്‍ മുന്നേ കനിയുക തന്നോടു ചേര്‍ക്കുക

പ്രചോദനം:

(ശങ്കരാചാര്യവിരചിതമായ ശിവാനന്ദലഹരിയില്‍ നിന്നും)

സദാ മോഹാടവ്യാം ചരതി യുവതിനാം കുചഗിരൌ
നടത്യാശാശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ
കപാലിന്‍ ഭിക്ഷോ മേ ഹ്രിദയകപിമത്യന്തചപലം
ദ്രുഢം ഭക്ത്യാ ബദ്ധ്വാ ശിവ ഭവദധീനം കുരു വിഭോ

Monday, 9 April 2012

മൌനം

ആദിമവചനത്തിനും മുമ്പേ കേവലസത്യത്തിന്‍ നിറവായമര്‍ ന്ന മൌനം
ആകാശഗംഗയില്‍, അനന്തകോടിതാരകസമൂഹങ്ങളില്‍ ഉറയുന്നമൌനം
തന്മാത്രയിലണുവില്‍ പരമാണുകണികയിലന്തര്‍ ലീനമായമരുന്ന മൌനം
എന്നിലെയെന്നെയറിയുമ്പോളൊരുജ്യോതിയായെന്നില്‍ നിറയുന്നമൌനം 

പ്രാര്‍ത്ഥന

അഹങ്കാരവിഷസര്‍പ്പദംശനമേറ്റു ഞാന്‍ വലയുന്നു
എന്‍ ഹ്രിദയം പിടക്കുന്നു, മമ പാദം വിറക്കുന്നു
അഹം ബോധമാം നിത്യശിവശക്തിയാമമ്രിതായെ
ന്നകതാരില്‍ നിന്നുണരുക, കരുണയായ് തെളിയുക

അപ്പൂപ്പന്‍ താടി



കാലങ്ങളേറെ മുമ്പ്, കുഞ്ഞുന്നാളില്‍ മറന്നെവിടെയോ വിട്ടുവന്ന അപ്പൂപ്പന്‍ താടി....എന്നുമെന്‍ മുറ്റത്തു കളിക്കൂട്ടായ് വരാറുണ്ടായിരുന്ന, നിഷ്കളങ്കമായ ഇളം മനസ്സുപോലെ എങ്ങും പാറി നടന്ന എന്റെ പ്രിയ തോഴന്‍... ഇന്നിതാ, ലോകം നിറയുന്ന മായികവലയുടെ കണ്ണികള്‍ക്കിടയിലൂടെ എന്നെ തേടി വന്നു.

കാലമേറെ കഴിഞ്ഞിട്ടും അപ്പൂപ്പന്‍ താടിക്കു ഇന്നും ഒരു മാറ്റവുമില്ല. ഞാന്‍ എന്റെ പഴയ സുഹ്രിത്തിനെ തിരിച്ചറിഞ്ഞു. പക്ഷേ, അപ്പൂപ്പന്‍ താടിയെന്നെ തിരിച്ചറിഞ്ഞുവോ? കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ടൊഴുകുമ്പോള്‍ എവിടെയോ വഴിയില്‍ ഞാനെന്നെ സ്വയം മറന്നുവച്ചു

ചക്രവാളസീമയിലെ സ്വര്‍ണദ്വീപില്‍ സ്വര്‍ഗം തിരയുന്ന നാഗരികതയുടെ കൊടുംവെയിലിലെന്‍ മിഴിനീര്‍ പുഴവരണ്ടതും, ആള്‍ത്തിരക്കിലേകന്തതയുടെ അതിശൈത്യത്തിലെന്നോ എന്റെ മനസ്സ് മരവിച്ചൊരു പാറപോലെയുറച്ചതും, അറിയാതെയോര്‍ത്തുപോയി.

അപ്പൂപ്പന്‍ താടിയുടെ മ്രിദുലമാം സ്നേഹസ്പര്‍ശത്തില്‍ ഞാനുണര്‍ന്നു. അകമേ വിരിയുമൊരു നിര്‍മ്മല സുഖകുസുമത്തിന്‍ മന്ദസ്മിതം തൂവി, വാല്‍സല്യനിധിയായ് എന്നോടു ചോദിച്ചു 'എന്തേ തളര്‍ന്നുവോ, സഖേ? മാനവജീവിതസുഖമാം   മായാമരീചിക തേടിയുള്ള യാത്ര നിന്നെയും വലച്ചുവോ? നിന്‍ ജീവശ്വാസത്തിന്‍ അനന്ദാമ്രിതപാത്രമുടഞ്ഞുവോ? നാമൊന്നിച്ചിരുന്ന് കാതോര്‍ത്ത് നുകര്‍ന്ന നിന്‍ ചിദാകാശത്തിലെ ഗംഗാപ്രവാഹത്തിന്‍ കളകളാരവം മറന്നുവോ?

മടങ്ങുക, ആ ഗംഗാപുളിനങ്ങളിലേക്കു വീണ്ടുമൊരാത്മശാന്തിക്കായി. പുനര്‍ജനനങ്ങളില്ലാത്ത നിത്യാനന്തത്തിനായ്

Wednesday, 4 April 2012

Spider and Net

In the depth of darkness

In silent corner of wilderness

Shrieking yowl of woeful distress

 

Death of a soul, alone and helpless

Spellbound, in enchanting web boundless

I trapped my soul,  glutted callous and  ruthless

Tuesday, 3 April 2012

ചിലന്തിവല

മനസ്സിന്നിരുളില്‍
തടവറയിലൊരു കോണില്‍
പിടയുന്നു ജീവന്റെ രോദനം

എനിക്കായൊരു വലയൊരുക്കി
ഞാനെന്നെപിടിച്ചുകൊന്നു തിന്നുന്നു
ഞാന്‍ തന്നെ ചിലന്തി ഞാന്‍ തന്നെയിരയും

Friday, 30 March 2012

മനസ്സേ മടങ്ങുക

മനസ്സേ അടങ്ങുക
തെരുവുനായായെന്തിനാലയുന്നു?
വരുമോരോ  ചിന്തയാം
പഥികനു പിന്നിലുമെന്തിനലയുന്നു?

കനിവാം കാണക്കനിക്കോ,
സകരുണമെറിയും
ആരോ ചവച്ചിട്ടൊരു
മോഹമാം എലുമ്പിന്‍ തുണ്ടിനോ

സ്വദംശനത്താല്‍ ജീവനാം ജിഹ്വ
പിടയുന്നതറിയുന്നില്ലയോ
മൂകമാം ജിഹ്വയിലുതിരും
രുധിരത്തിന്‍ മധുരമറിയുന്നില്ലയോ

മനസ്സേ മടങ്ങുക,
ദിനകരനുണരുമുദയമായ്
കുരച്ചും കുതിച്ചുമലയും
ഇരവിന്നറുതിയായ്

Monday, 19 March 2012

ഉള്ളതു ചൊല്ലാം

ഉള്ളതു ചൊല്ലാമെന്നുള്ളമുരപ്പതും
ഉള്ളതായെങ്ങുമുള്ളാലെയറിവതും
ഉള്ളതിന്‍ പൊരുളുമതിന്‍ നിറവുമാ
യെന്നുള്ളത്തിലെന്നെന്നും തെളിവതും

ഉള്ളതായുലകിലുള്ളതാം പൊരുളെല്ലാം
ഉള്ളാലെയറിയുമെന്നിലൊരുപൊരുള്‍
ഇല്ലയെന്നാകിലുലകിലെനിക്കിനിയുള്ള
തായൊന്നുമില്ല,  ഉലകമേയില്ലെന്നാകാം ?

ഉള്ളാലെയറിയാത്തപൊരുളുണ്ടെന്നാകി
ലുലകിലതുമെനിക്കില്ലാത്തപോലെയല്ലേ?
ഉള്ളതെന്നൊടുചൊല്ലുമെന്നുള്ളവുമുലക
വുമൊന്നുതാന്‍ രണ്ടല്ലെന്നുള്ളമറിയുന്നു

Saturday, 17 March 2012

വിദ്യാര്‍ത്ഥിയെവിടെ?

'വിദ്യ അര്‍ഥിക്കുന്നവനാ'ണു വിദ്യാര്‍ഥിയാവതെന്നാകില്‍
വിദ്യ അര്‍ഥിക്കുമാ വിദ്യാര്‍ഥിയെവിടെ?

സ്ഥാനാര്‍ത്തിയാലെ വിദ്യതേടുന്നവന്‍ , സ്ഥാനാര്‍ഥിയാണെന്നാകാം,
വിദ്യാര്‍ഥിയെന്നായിക്കൂടാ

ധനാര്‍ത്തിയാലെ വിദ്യതേടുന്നവനോ‍, ധനാര്‍ഥിയാണെന്നാകാം
വിദ്യാര്‍ഥിയെന്നായിക്കൂടാ


"കാകദ്രുഷ്ടിര്‍ ബകധ്യാനം ശ്വാനനിദ്രാ തഥൈവ ച
അല്‍പാഹാരം ജീര്‍ണവസ്ത്രം ഏതദ് വിദ്യാര്‍ത്ഥിലക്ഷണം"

പാലാഴിമഥനം

നന്മയുടെ തിന്മയുടെ തീരങ്ങള്‍ക്കിടയിലെന്‍
ജീവിതസാഗരത്തിരതല്ലിയാര്‍ക്കുന്നു
പുണ്യപാപങ്ങളൊരു കര്‍മ്മപാശത്തിനാല്‍
മമമാനസശൈലത്തില്‍ കെട്ടിവരിയുന്നു

കദനം നിറയുന്നു, ജീവനിരുളില്‍ വലയുന്നു
അനവരതമിതില്‍ മഥനം തുടരുന്നു….
സംസാരദുഃഖമാം ആഴിതന്നാഴത്തിലേക്കെന്‍
മാനസമെന്തിതാ താഴുന്നു മറയുന്നു

പന്‍ചേന്ത്രിയങ്ങളുള്‍ വള്‍വലിച്ചാദികൂര്‍മ്മ
മായിങ്ങെന്നിലാവിര്‍ഭവിക്കുക
താഴുമെന്‍മാനസപര്‍വതമിനിയും, ആഴിയില്‍
താഴാതെ താങ്ങായി നില്‍ക്കുക

ഉയരും വിഷാഗ്നിയില്‍ വലയുമെന്നിലൊരു
നീലകണ്ടകവചമായെന്നും നിറയുക
നിത്യസുഖത്തിന്നമ്രിതപാത്രവുമായൊരാ
നന്ദസത്യമായെന്നുള്ളില്‍ തെളിയുക

Sunday, 11 March 2012

'Education' നിന്നും 'വിദ്യാഭ്യാസ'ത്തിലേക്ക്


വിദ്യാഭ്യാസരംഗത്തില്‍ ഇന്നു കാണുന്ന മൂല്യച്യുതിയുടെ വേദനയില്‍ നിന്നും തിരിഞ്ഞുനോക്കുമ്പോള്‍, ഇതെല്ലാം എന്തിനുവേണ്ടിയെന്നു മറന്നതായ് തോന്നുന്നു

നമുക്കിനിയെങ്കിലും ഒരു യഥാര്‍ഥമായൊരു വിദ്യാഭ്യാസം തുടങ്ങിക്കൂടെ.... അതിലേക്കായൊരു തിരിഞ്ഞുനോട്ടം ....

വ്യവസായവല്‍ക്കരണത്തിന്റെ യന്ത്രവല്‍ക്കരണത്തിന്റെ 'പുരോഗതി'യെന്ന മായാപ്രപന്ചത്തിന്റെ കളിപ്പാവകളായ് മനുഷ്യന്‍ മാറുമ്പോള്‍ പ്രാഥമികമാനുഷികമൂല്യങ്ങള്‍ എവിടെയോ ചോര്‍ന്നു പോയോ എന്നു സംശയം ബാക്കി നില്‍ക്കുന്നു.

മനുഷ്യന്‍ യന്ത്രങ്ങള്‍ക്കുവേണ്ടിയല്ല, മനുഷ്യന്‍ വ്യവസായത്തിനുള്ള ഉപകരണമല്ല, മനുഷ്യന്‍ ഒരു വ്യാപാരവസ്തുവല്ല.... ഇവയെല്ലാം മനുഷനുവേണ്ടിയാണ്, മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചക്കായിട്ടാണ്, ലോകനന്മക്കായിട്ടാണ്

സാങ്കേതികവിദ്യയിന്ന് മനുഷ്യനെ കൂട്ടിയിണക്കുമ്പോള്‍ മനുഷ്യന്‍ മനുഷ്യനില്‍ നിന്നുമകന്നുവോ?

സൌരയൂഥങ്ങളില്‍ കണ്ണുനട്ടിരിക്കെ, വേദനിക്കുന്ന നിന്നയല്‍ക്കാരനെ മറന്നുവോ?

അണുവിന്നകത്തെ പരമാണുതിരയവെ, അവനവനില്‍ നിന്നുമകന്നുവോ?

ഒരു നിമിഷം ​ചിന്തിക്കുക: എവിടെക്കാണീ ഓട്ടം? എന്തിനുവേണ്ടിയാണീ നെട്ടോട്ടം? എന്താണീ പുരോഗതി? എന്തിനാണ്?

ഒരു നേരത്തെ ഭക്ഷണത്തിനോ? ഒരു ക്ഷണനേരത്തെ സുഖത്തിനോ? വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ സുരക്ഷക്കോ? കേവല മനഃ സമാധാനത്തിനോ?

അതെന്തു തന്നെ ആയാലും: അതു കിട്ടിയോ? അതു കിട്ടുമോ? ..... ഈ ഓട്ടത്തിനിടയിലെവിടെയോ കാലിടറിവീഴും മുമ്പെങ്കിലും ?

ഉത്തരം 'കിട്ടും' എന്നാണെങ്കില്‍, സഖേ, ഗമിച്ചുകൊള്‍ക, തവപന്‍ഥാവിലതിശീഘ്രം.

ഉത്തരം 'ഇല്ലെ'ന്നാകില്‍, സംശയം ഉണ്ടെന്നാകില്‍ ഒരു നിമിഷം നില്‍ക്കുക, സ്വദര്‍പ്പണത്തിനു മുന്പില്‍. അവിടെ ആ മിഴികളില്‍, അകകണ്ണില്‍ സത്യം തിരയുക


വിദ്യയത്രെ സര്‍വധനത്തിലും പ്രഥമവും
വിദ്യയെന്നാല്‍ പരമമാമറിവെന്നറിയുക
അറിവകമേ സ്വയം പ്രകാശമായമരുന്നു
അറിവെന്നാല്‍ സത്യപ്രകാശമായറിയുക

അറിവുതേടുവതു സ്വധര്‍മ്മമെന്നറിയുക
അറിവിന്നറിവുതാനഴലിലും തുണക്കുന്നു
അറിവുനേടുവാന്‍ സ്വപ്രയത്നമുണ്ടാവണം
ഗുരുകരുണയാലറിവിന്‍ മിഴിതെളിയുന്നു

വിദ്യയര്‍ത്ഥിപ്പവനൊരു യോഗിയെന്നറിയുക
വിദ്യയഭ്യസിക്കുവതൊരുയത്നമെന്നറിയുക
വിദ്യനല്‍കുവതീശ്വരസേവതാനെന്നുമറിയുക
വിദ്യനല്‍കുവനറിവിനുള്‍പൊരുളുമറിയണം

Thursday, 8 March 2012

മാമലയിലെ ജ്യോതി

അകലെ തെളിയുന്ന ജ്യോതിയെന്‍
അകമെ തെളിയുന്ന ജ്യോതി
മാമലമുകളില്‍ തെളിയുന്ന ജ്യോതി, കാണ്‍ മാന്‍
മാമകചിത്തം കൊതിക്കുന്ന ജ്യോതി

ഇരുളില്‍ തെളിയുന്ന ജ്യോതി, മനസിന്‍
ഇരുളുമകറ്റുന്ന ജ്യോതി
നിത്യസത്യമായമരുന്ന ജ്യോതി 'തത്വമസി'
തത്വമരുളുന്ന ജ്യോതി

Saturday, 3 March 2012

നരസിഹാവതാരം

മാടിവിളിക്കുമാഴിത്തിരകളിലാ
ദിത്യബിംബം മറഞ്ഞുപോയിപൊ
ന്നിന്‍ തിളക്കത്തിലിപ്പാരിലാകെ
ഉന്മാദനര്‍ത്തനവേളയായി

അജ്ഞാനമാം തമസ്സെങ്ങും നിറഞ്ഞു
പോല്‍, എന്നിലഹങ്കാരമെന്നപോലെ
ഈരേഴുലോകത്തില്‍ ചെന്നു നോക്കീ
സത്യമെങ്ങോ പോയ് മറഞ്ഞിരുന്നു

സ്വര്‍ണ്ണത്തിന്‍മെത്തയിലിരുന്നു മദോന്മത്തം
ഞാന്‍ സത്യഭല്‍സനം ചെയ്തീടുമ്പോള്‍
സ്തൂപഗര്‍ഭത്തില്‍ പിറക്ക നീയെന്നിലെ
ദര്‍പ്പതമസ്സിന്‍ നെഞ്ചം പിളര്‍ക്കുക

 

Friday, 2 March 2012

ശബ്ദജാലം മഹാരണ്യം...

ഹിന്ദുത്വ‍ത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള് കേള്‍ക്കുമ്പോള്‍ പലപ്പോളും ഓര്‍മ്മവരുന്നതു ശംകരാചാര്യരുടെ വാക്കുകള്‍ "ശബ്ദജാലം മഹാരണ്യം ...." തന്നെയാണ്.

കാലത്തിന്റെ മൂശയില്‍ മാറ്റുരച്ചും, കാലപാശത്തെ അതിജീവിച്ചും വളര്‍ന്നുവന്ന ഒരു സംസ്കാരത്തിനെ കേവലം അഭിപ്രായം എന്നര്‍ത്ഥത്തിലൊതുങ്ങുന്ന 'മതം ' എന്ന പദത്തിലൊതുക്കുവാനാകുമോ?

അഥവാ പ്രയോഗസാധുത്വത്തിന്റെ പിന്‍ബലത്തോടെ മാനവരാശിയെ ഒരു പ്രസ്ഥാനത്തില്‍ കെട്ടിവരിയാന്‍ മുതിരുന്ന ധാര്‍ഷ്ട്യമായതിനെ കാണുവാനാകുമോ? ആ ധാര്‍ഷ്ട്യത്തിനു 'മത'മെന്നതിനേക്കാല്‍ 'മദ'മെന്ന പ്രയോഗമാകും യോജിക്കുക എന്നു തോന്നുന്നു

ലോകമംഗളവും 'പ്രായോഗിക' ജീവിതരീതിയും ആത്മാന്വേഷണത്തിലൂടെ സമന്വയിപ്പിച്ച ഒരു പൈത്റുകം ... കൈയൂക്കിന്റെ ബലത്തില്‍ തന്റേതല്ലാത്തതെല്ലാം തട്ടിയുടക്കുന്ന പരദേശ പ്രാക്റുത 'സംസ്ക്റുതി'യുടെ സുനാമിയില്‍ തകര്‍ന്നില്ല.

നൂറ്റാണ്ടുകള്‍ താണ്ടി അത് വളര്‍ന്നു, ഭൂഖണ്ടങ്ങള്‍ കടന്നു ഇന്നും വളരുന്നു. സാങ്കേതിക വിദ്യയുടെ മായാപ്രപന്ചത്തിലും ആ ജ്യോതി അനവരതം തെളിയുന്നു.

വിലപേശി മാത്റുത്വം പോലും വില്‍പ്പനചരക്കാക്കുന്ന പുത്തന്‍ ഉപഭോഗ 'സംസ്കാര'കൊടുംകാറ്റിലും ഇതു തകരുകില്ല.

കാഷായവേഷം ധരിച്ചവതരിച്ചു സത്യത്തെ അപഹരിച്ചാല്‍ പോലും, അശോകവാടിയില്‍ സത്യം ഒരു പോറലുമേല്‍ക്കാതെ ധര്‍ മ്മവിജയകാരണമായിരുന്നു കൊള്ളും. അഭിനവ പൌണ്ട്രക വാസുദേവന്മാര്‍ സ്വയമേവ കാലപുരുഷന്റെ സുദര്‍ശനചക്രത്തിനു മുന്പില്‍ അടിയറവു പറയുകയും ചെയ്യും

അഥവാ തകരുമെങ്കിലതിനേ സനാതനമെന്നു പറയുക വയ്യ (ജാതസ്യ ഹി ധ്രുവോ മ്റുത്യു ധ്രുവം ജന്മ മ്റുതസ്യ ച)


ആദിശബ്ദത്തിന്റെ ഉത്ഭവം തേടി താമരനൂലിലൂടെ പാലാഴിമദ്ധേ ശയിക്കുന്ന ആദിസത്യം തിരയുന്ന അഹംബോധത്തിനെ അറിയാതെ സത്യം ഹിരണ്‍ മയപാത്രമയത്തിലൊളിപ്പിച്ച മായാപ്രപന്ചത്തിന്‍ മൂകമാം തൂണിന്‍ തന്മാത്രകള്‍ക്കുള്ളില്‍ നിന്നും സംഹാരമൂര്‍ത്തിയെ ഉണര്‍ത്താന്‍ വെമ്പുന്ന ആസുരീകസംസ്കാരത്തെ കുറിച്ചെന്തുപറയാന്‍ ? ... ധര്‍മ്മസം സ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ എന്നല്ലാതെ?

ആശംസ

ലളിതമായൊഴുകുമീവരികളിലറിയുന്നു, തവ
അകതാരിലുണരും കവനകലാകതിരൊളിയും
ഗതകാലകവികുലപതികള്‍ ചൊരിയുന്ന കനിവും
വിടരാന്‍ കൊതിക്കുമൊരുമലരിന്‍ നറുമണവും

നിധിപോല്‍ നിനച്ചിതു കാത്തു രക്ഷിക്കയെന്നും
വിധിപോലെയെന്നെന്നും പരിപാലിച്ചു കൊള്‍ക
അനസ്യൂതമിനിയൊഴുകട്ടെ തവ സര്‍ഗ്ഗഗംഗാ
വിരിയട്ടെ പുതു കനിവിന്‍ പനിനീര്‍ മലരെങ്ങും

Saturday, 18 February 2012

കേവലസത്യം

കണ്‍കളാല്‍ കാണുവതൊരു സത്യം
കാതുകള്‍ ചൊല്ലുവതൊരു സത്യം

മമ മനസ്സുമന്ത്രിപ്പതുമൊരുസത്യം
യുക്തിതന്നനുമാനവുമൊരു സത്യം

കണ്ണുകള്‍ കാണതെ, കാതുകള്‍ കേള്‍ക്കാതെ
യമരുന്ന ഞാനുമൊരുസത്യം

മനസ്സിന്നറിയാത്ത യുക്തിയില്‍ തെളിയാത്ത
തെളിവായറിയുന്നഞാനൊരുസത്യം

മകരജ്യോതി

നന്മയും തിന്മയും ചൊല്ലിപഠിച്ചൊരു
ബാല്യമെന്നെ കടന്നുപോയി
ശരിയുടെ തെറ്റിന്റെ പാഠങ്ങളോതിയ
കാലങ്ങളെന്നേ കഴിഞ്ഞുപോയി

അതിര്‍വരമ്പെല്ലാം തകര്‍ത്തെറിഞ്ഞെത്രയോ
വേലിയേറ്റങ്ങള്‍ വന്നുപോയി
ഇനിയുമൊടുങ്ങാത്ത മോഹമാറാപ്പുമായി
ഞാന്‍ പലകുറിയെത്തിനോക്കി

സത്യത്തിന്‍ രേഖാചിത്രം തിരയുമെന്‍
രൂപവുമെനിക്കന്യമായി
മിഥയില്‍ സത്യം തിരയുന്ന ഞാനെനിക്കൊ-
രുകടം കഥയായിമാറി

ഉരുകുമെന്‍ മനമൊരുമുദ്രയുമാക്കി
ഞാനിരുമുടിക്കെട്ടുമുറുക്കി
സത്യത്തിന്‍ വഴിതേടി യാത്രയായി
താവകസന്നിധിതേടുകയായി

ദിനകരബിംബമെങ്ങോ മറഞ്ഞുപോയി
പാരെങ്ങുമിരുളിലായി
അകലെയെരുചക്രവാളസീമയിലൊരുചെറു
ജ്യോതിസ്സുതെളിവായി

ഇരുളിലും തെളിയുമകക്കണ്‍വിളക്കായി
ഞാനതിന്‍ സത്യമറിയുന്നു
എന്നിലതുനിറയുന്നു, എന്നുള്ളം തെളിയുന്നു
മിഴിനീരിന്‍ പമ്പയൊഴുകുന്നു

Friday, 17 February 2012

മിഴിനീര്‍ മണികളേ വിട!

നീലപരപ്പിന്നനന്തതിയിലെവിടെയോ
എനിക്കായൊരു നിമിഷം പിറക്കുന്നു
ആടിത്തിമിര്‍ത്തും അടക്കിചിരിച്ചും
വിതുമ്പികരഞ്ഞുമതൊഴുകിവരുന്നു

മോഹമൊളിക്കുമൊരുഗൂഢസ്മിതമാ
യെന്നിലിയുവാനായതൊഴുകിവരുന്നു
മോഹനമൊരുലാസ്യനടനചാരുതയി
ലെന്നെമയക്കുവാനതൊഴുകിവരുന്നു

കെട്ടിപുണര്‍ന്നും പിണക്കം നടിച്ചും
പുലഭ്യം പറഞ്ഞുമതൊഴുകിവരുന്നു
മൌനം ശിലയായുറഞ്ഞ തീരങ്ങളില്‍
തലത്തല്ലികരഞ്ഞതൊഴുകിവരുന്നു

തീരങ്ങള്‍ തല്ലിതകര്‍ക്കാനടുക്കും സുനാമി
ത്തിരകള്‍ പോലതൊഴുകി വരുന്നു
ആര്‍ത്തട്ടഹസിച്ചൊരുസംഹാരമൂര്‍ത്തി
തന്‍ ലീലപോലതൊഴുകി വരുന്നു

സാന്ത്വനമായ് സ്വയമറിയാതെയെന്നില്‍
പിറന്ന മമ മിഴിനീര്‍ മണികളേ നന്ദി
ഈ മിഴികളില്‍ നിന്നുമിനിമറയുക, എന്‍
മിഴികളെ മറക്ക്യാതെ മാറുക

ചക്രവാളങ്ങളില്‍ വിളക്കണയും മുന്‍പേ
കണ്‍കുളിര്‍ക്കെയൊന്നു കാണട്ടെ ഞാന്‍
ഹിരണ്‍മയപാത്രത്തിലെളിച്ചുവച്ചൊരീ
പ്രപഞ്ചതാളത്തിലുറങ്ങുന്നസത്യം

ഈ നിമിഷമെന്നൊരുകേവലസത്യം
പാലാഴിത്തിരകളില്‍ തെളിയുന്ന സത്യം
ഞാനായെന്നിലെന്നുമുണരുന്ന സത്യം
ഞാനായെന്നെഞാനറിയുന്നസത്യം

Tuesday, 31 January 2012

നിറവ്

നിറവെങ്ങും നിറയുന്നു
നിറവെന്നില്‍ നിറയുന്നു
നിറയുവതറിയുന്നു,അതി-
ന്നറിവെന്നില്‍ തെളിയുന്നു

ഇരുളിലും തെളിയുന്നു
ഇരുള്‍ മാറ്റി തെളിയുന്നു
സ്വയമേയതു തെളിയുന്നു
എന്നകമേയതു തെളിയുന്നു

അകകണ്ണില്‍ തെളിയുന്നു
എന്നുയിരായതറിയുന്നു
എന്നുണര്‍വായിവളരുന്നു
എന്മിഴിരണ്ടും നിറയുന്നു

Thursday, 26 January 2012

പ്രണാമം

പാഠപുസ്തകതാളുകളിലൂടെ ചരിത്രം പഠിക്കുമ്പോള്‍ കണ്ടതെല്ലാം , തീരാപകയുടെ കിടമല്‍സരത്തിന്റെ യുദ്ധത്തിന്റെ ചോരപുഴയുടെ അധിനിവേശത്തിന്റെ കഥകളത്രേ.

പലപ്പോളും ഒര്‍ക്കാറുണ്ട്, ഇതോ നാം വാഴ്ത്തുന്ന പാരമ്പര്യം, ഇതോ നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന മാനവസംസ്കാരം

സാമാന്യേന വിരളമെങ്കിലും, അങ്ങിങ്ങായ് കാണാം വേറിട്ടൊരു സംസ്കാരം.

മാനവിക പരിമിതികളില്‍ നിന്നും വലയുന്ന വളരുന്ന മനുഷനെ സ്നേഹിച്ച, കേവലം അറിവിനെ പരമാം ദൈവമായ് ആദരിച്ച ഓര്‍മ്മകള്‍ ഇവിടെയുറങ്ങുന്നു.

ഉച്ചനീചത്വതടയണകള്‍ തകര്‍ത്തെറിഞ്ഞ് ജ്ഞാനഗംഗ മലയാളഭൂവിലൂടൊഴുക്കിയ ഭഗീരഥപ്രയത്നത്തിന്റെ ഓര്‍മ്മകള്‍ ഇവിടെയുറങ്ങുന്നു.

ആ ഓര്‍മ്മകള്‍ക്കു മുന്നില്‍, തീരാത്ത കടപ്പാടിനു മുമ്പില്‍, എത്രയും വിലപ്പെട്ട പൈതൃകത്തിനായ് എന്റെ വിനീത പ്രണാമം

Friday, 20 January 2012

എന്റെ നിഴല്‍

വീണ്ടുമൊരു പ്രഭാതമായ്, ഞാനുണര്‍ന്നു
ഞാനെന്‍ യാത്ര തുടരുന്നു
എന്‍ മുന്നിലൊരുചെറുനിഴല്‍ തെളിഞ്ഞു
അതെന്‍നിഴലായ് ഞാനറിയുന്നു

കത്തും വെയിലെന്‍ ദേഹമെരിയുന്നു
ചിത്തം തളരുന്നു, പാദം വിറക്കുന്നു
തണലിന്‍ സുഖം തേടി ഞാനെന്‍ നിഴല്‍ തിരയുന്നു
നിഴലുലുമെന്നെവിട്ടകന്നതായ് ഞാനറിയുന്നു

തളരുമെന്‍ മിഴികളില്‍ ശോകം നിറയുന്നു
ചിതറും മിഴിനീരില്‍ മഴവില്ലുതെളിയുന്നു
മഴവില്ലിന്‍ ശോഭയിലൊരു സത്യം തെളിയുന്നു
നിറപകിട്ടിന്‍ നിറമാമതിന്‍ സത്യം ഞാനറിയുന്നു

നിഴല്‍ വീണ്ടും തെളിയുന്നു, നിഴലകന്നതല്ല,
ഞാനായ് എന്നിലലിഞ്ഞതായ് ഞാനറിയുന്നു
തളരുമേതോ പഥികനു തണലായെന്‍ നിഴല്‍ വളരുന്നു
നിശയിലിരുട്ടിലൊളിക്കുവാനെന്‍ നിഴല്‍ വളരുന്നു

വിശ്വാസം

'വിശ്വാസി' തന്‍ വിശ്വാസം വെടിഞ്ഞു
ദൈവമൊരു പൂജാവിഗ്രഹമായ്
കേവല സ്വാനിഷ്ടനിവ്രിത്തിയായ്
നിത്യവ്രിത്തിക്കൊരുരൂപമായ്

ദൈവമൊരു കോവില്‍ നടയിലൊളിച്ചു
വിശ്വാസി സാന്ത്വനത്തണല്‍ തേടിയലഞ്ഞു
വിദൂരസ്വര്‍ഗ്ഗത്തിലെവിടെയോ, ഇനിയും
അടങ്ങാത്ത മനസ്സിന്‍ ശാന്തി തിരയുന്നു

Thursday, 19 January 2012

സത്യദര്‍ശനം

യുക്തി ശാസ്ത്രദര്‍പ്പണത്തില്‍ സത്യം തിരഞ്ഞു
പിഞ്ചുവിരല്‍കളാല്‍ സത്യത്തിന്നളവുകുറിക്കുന്നു
മനനഭകാര്‍മുകില്‍മറക്കുള്ളിലെവിടെയോ സത്യമൊളിക്കുന്നു,
പുനരൊരുമിന്നലായ്, മുകിലിന്‍ നെഞ്ചകം തകര്‍ത്തലറുന്നു

ചിന്തകള്‍ തന്‍ ചക്രവാളസീമയില്‍ സത്യം ജ്വലിക്കുന്നു
സ്വയം പ്രകാശമാം സത്യപ്രകാശത്തില്‍ സത്യം തിരയുന്നു
ദിനാന്ത്യത്തിന്നിരുളില്‍ സ്വര്‍ണ്ണമെങ്ങുംവിതറി സത്യം മറയുന്നു
അകത്തളത്തിലെവിടെയോ യുഗപ്പിറവിതന്‍ ശംഖൊലി മുഴങ്ങുന്നു