Friday, 31 May 2013

ധ്യാനം

പിടയ്ക്കുന്ന കണ്ണും മിടിയ്ക്കുന്ന നെഞ്ചും 
തളര്‍ന്നുള്ള പാദം വിറയ്ക്കുന്ന കൈയ്യും 
സമസ്തം ത്വദ് പാദത്തിലര്‍ പ്പിച്ചുമൂകം 
ജപിയ്ക്കുന്നു നിന്‍ നാമമിന്നെന്‍ മനസ്സും 

പ്രാരബ്ധം

പ്രായമിന്നേറെയായത്രേ
ഭൂമിയാം മാതാവിനെന്നാല്‍ 
ഭ്രമണം ചെയ്വതായ് കാണാം 
എന്നുമേയുള്ളത് പോലെ

തന്നുള്ളില്‍ നീറുന്ന തീയും 
തന്‍പുത്രര്‍ തന്നോരു നോവും 
തെല്ലുമേ കൂസാതെ ചുറ്റി
തീര്‍ക്കയോ തന്‍ ജീവകാലം? 

കര്‍മ്മത്തില്‍ പാശമറുക്കാന്‍ 
കെല്‍പ്പുള്ള ജീവനിങ്ങുണ്ടോ
പ്രാരബ്ദഭാരമിതയ്യോ
ദുഃഖത്തില്‍ വെന്തേയടങ്ങൂ

കണ്ണുനീര്‍ തിങ്ങും മിഴിയാല്‍ 
നിന്‍ ദുഃഖം കാണുവാനാകാ
കണ്ണേ മടങ്ങുകെന്നോതാ-
നെന്നാവിനൊട്ടുമേ വയ്യ

നിന്‍ പുത്രനാണ് ഞാനെന്നാല്‍ 
കര്‍മ്മപാശത്തില്‍ ബദ്ധനായ് ഞാനും 
വെന്തെരിഞ്ഞീടുന്നു ശോക-
തീയ്യിലെന്നേ ചൊല്ലിടാവൂ

മായാവിസ്മയം

ശിവമാമമരജ്യോതി
തെളിയുന്നേരമിതാരും
ശവമെന്നറിയുന്നില്ലാ
ശിവമതുമറിയുന്നില്ലാ

ശിവമിതുവിട്ടകലും നേരം
ശവമായിത് വീണേ തീരൂ
ശിവ ശിവ ശവമിതുമോരോ
ശവം തീനി കഴുകിന് ഭോജ്യം

മനുഷ്യത്വം

പഠിക്കുവാനാകാതെ
പതറുന്ന മനസ്സുമായ്
പടിയിറങ്ങുന്നുവോ
പാവം മനുഷ്യത്വം

Thursday, 30 May 2013

കാരണപുരുഷന്‍

കരളിന്റെ വേദന കവിതയായൊഴുകുമ്പോള്‍
കരുണ തന്‍ മിഴിനീരും താനറിയാതെയൊഴുകുന്നു

കരുണയായ് കനവായ് കാരുണ്യപ്പൊരുളായ്
കരളകം നിറയുന്ന കാരണപുരുഷനെയറിയുന്നു

ചന്ദ്രബിംബം

മാനത്തെ ചന്ദ്രക്കല
കവിമനസ്സില്‍ മാധുര്യം
അരികത്തങ്ങണയുമ്പോള്‍
സത്യത്തിന്‍ വൈരൂപ്യം

പരിഷ്ക്കാരം

കാടിന്റെ ജീവനു കാലില്‍ വിലങ്ങിട്ടു
കാലത്തിന്‍ കണ്ണിനെ കല്ലില്‍ തളച്ചിട്ടു
നാടിന്റെ, നഗരത്തിന്‍, നാഗരികപ്പെരുമതന്‍
പേരും പറഞ്ഞെന്നകക്കണ്ണുമടച്ചിട്ടു

കാട്ടിലെ സര്‍പ്പത്തെ കാവിലടച്ചിട്ടു
നോവും കരളിനെ കലയില്‍ കുറിച്ചിട്ടു
കൈയ്യെത്താദൂരത്ത് സ്വപ്നം വിതച്ചെന്നില്‍
സത്യപ്രകാശത്തിന്‍ കോവിലടച്ചിട്ടു

നന്മ

നീ നിന്നെയറിയുമ്പോള്‍
നീ എന്നെയറിയുന്നു
നാം നമ്മെയറിയുമ്പോള്‍
നന്മയുമുണരുന്നു
നന്മയുണരുമ്പോള്‍
മണ്ണുമുണരുന്നു
മണ്ണുമുണരുമ്പോള്‍
വിണ്ണുകനിയുന്നു

Wednesday, 29 May 2013

നിദ്ര

നിദ്രതന്‍ മാസ്മരലോകത്ത് തെല്ലിട
തന്നെ മറന്നുമയങ്ങാത്തവരുണ്ടോ
നിദ്രതന്‍ മാന്ത്രികസ്പര്‍ശനമേറ്റിട്ടു-
മുല്‍സാഹമോടുണരാത്തോരുമുണ്ടോ

അവസാനം

ലോകവനത്തിലെ കായും കനിയും 
തേടിയലയുന്ന മാനസമര്‍ക്കടം  
കയ്പും മധുരവുമേറെ ഭുജിച്ചഥ
മാതൃമടിത്തട്ടില്‍ വന്നുചേര്‍ന്നീടണം

ബുദ്ധി

അസംഭവം സ്വര്‍ണ്ണമൃഗമെന്നിരിക്കെ
ഭ്രമിച്ചുപോയ് രാമനുമാമൃഗത്തില്‍
വിപരീതമായി കാലമണഞ്ഞിടുമ്പോള്‍
മനുഷ്യബുദ്ധിയും മലിനമായ് വരും

പ്രചോദനം:
അസംഭവം ഹേമമൃഗസ്യ ജന്മഃ
തതോപി രാമോ ലുലുഭേ മൃഗായ
പ്രായഃ സമാപന്നവിപത്തികാലേ
ധിയോപി പുംസാം മലിനീഭവന്തി

 

Tuesday, 28 May 2013

വിദ്യാഭ്യാസം

ആചാര്യനാലൊരു പാദമെന്നാല്‍
പാദം ശിഷ്യനാലെയുമഥവേണമത്രേ
പാദം സഹചാരികളൊത്തു നേടാം
പാദം കാലക്രമത്തിലുമായിടുന്നു

പ്രചോദനം
ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യസ്വമേധയാ
പാദം സബ്രഹ്മചാരിഭ്യ
പാദം കാലക്രമേണ ച

വീണ്ടും ചില ഹൈകു ചിന്തകള്‍

തീരാത്ത
വര്‍ത്തമാനം
ഒന്നും മിണ്ടാതെ

ഭാവിയുടെ സ്വപ്നങ്ങള്‍
ഭാവനയില്‍ തീര്‍ക്കുന്നു
വര്‍ത്തമാനം

ഭൂതത്തില്‍ നിന്നും
മോചനം തേടി
വര്‍ത്തമാനം

സ്നേഹമായാലും
വൈരമായാലും
മനസ്സിലെ നോവും തുല്യം

ചിന്തപുരളാത്ത ഹൈക്കും
ചിന്തിച്ചിടാതൊരു ലൈക്കും
ഹൈക്കല്ലത് ഹൈജാക്ക്!?

സുവോളജി ലാബിലെ തവളയുടെ മിടിയ്ക്കുന്നഹൃദയം
ഓരോ സ്പന്ദനത്തിലും ഉയരുന്ന ചോദ്യം
എന്തേ നീ പഠിച്ചൂ

സ്വപ്നസൌധങ്ങള്‍ തീര്‍ത്ത്
മനുഷ്യന്‍
വെറുതേ തട്ടിയുടയ്ക്കാന്‍

ഭൂമിതന്‍ നെഞ്ചുതുരന്ന്
മനുഷ്യന്‍
കാണാത്തസ്വര്‍ഗ്ഗമുയര്‍ത്താന്‍

പാവം പല്ലി
ഉത്തരത്തിന്റെ ഭാരവും പേറി

താളുകളടര്‍ന്ന
ഓര്‍മ്മയോരാല്‍ബം
നിറം മങ്ങാതെ മായാതെ

കണ്ണിന്റെ ഗവേഷണം
സത്യപ്രകാശം തേടി
അകക്കണ്ണടച്ച്

ഉദയാദ്രിയില്‍ നിന്നും
അലസമൊഴുകി
മുക്തിസാഗരം തേടി

ദേവദത്തബാണമേറ്റ
അരയന്നത്തിനു
സിദ്ധാര്‍ത്ഥസാന്ത്വനം

വാമൊഴിയല്ലാ
മൊഴിയായി
മിഴിനീര്‍

Monday, 27 May 2013

തൂലിക

മഷിയല്ലീതൂലികയില്‍ നിറയുന്നതെന്തേ
മിഴിനീരോ കരള്‍ നീറും ചുടുചോരക്കറയോ?
എഴുതുമ്പോള്‍ തെളിയുന്നത് കടലാസിലല്ല
കഥകേട്ടിരുന്നോരെന്മനസ്സിന്റെ ഇതളില്‍

കാരുണ്യം

പകരം നല്‍കിടാനില്ല കേവലം ഭക്തിപോലും മേ
സകലം നിന്റെകാരുണ്യം അല്ലാതെന്തുള്ളുവാഴ്വിതില്‍
ജനനം, ഞാനുമെന്റേതെന്നോര്‍ക്കും വസ്തുക്കളൊക്കെയും,
മരണം പോലുമോര്‍ത്താലോ താവത്കാരുണ്യമല്ലയോ

ഭവസാഗരം

വരുകില്ല ജന്മജരാമരണങ്ങളെന്നാല്‍
വലക്കില്ലിഷ്ടവിയോഗഭയങ്ങളെന്നാല്‍
ഇഹ സര്‍വ്വമനിത്യമൊട്ടാകയില്ലേല്‍
ഇഹജന്മരസമനിഷ്ടമെന്നുമാകയില്ല

പ്രചോദനം:
യദി ജന്മജരാമരണം ന ഭവേത്
യദി ഇഷ്ടവിയോഗഭയം ന ഭവേത്
യദി സര്‍ വ്വമനിത്യമിദം ന ഭവേത്
ഇഹജന്മനികസ്യരതിര്‍ ന ഭവേത്

സാഹിത്യരസം

സംഗീതരസമറിയുന്നു
ശിശു-പശു-നാഗങ്ങളും
സാഹിത്യരസമാധുര്യം
ശങ്കരന്നുമറിഞ്ഞിടാ

പ്രചോദനം:
ശിശുര്‍വേത്തി പശുര്‍വേത്തി
വേത്തി ഗാനരസം ഫണി
സാഹിത്യരസമാധുര്യം
ശങ്കരോ വേത്തി വാ ന വാ

ഇന്ന്

ഭൂതവും ഭാവിയും തങ്ങളില്‍ പങ്കിട്ട്
മധുരമാം ജീവിതക്കനിനുകരുമ്പൊഴും
എന്നുമനാഥനായേകനായ് നില്‍ക്കായാ-
ണെന്തെന്നറിയാതെ ഇന്നിന്‍ മുഹൂര്‍ ത്തങ്ങള്‍

താളിയോല

താളിയോലകുറിച്ചിട്ടവാക്കുകള്‍
മാറ്റമില്ലാതെയുണങ്ങിക്കിടക്കുന്നു
മാറിവന്നീടുന്നകാലത്തിന്‍ കൈകളില്‍
മാറ്റമില്ലാത്തേകസത്യപ്രകാശമായ്

കണ്ണ്

കണ്ണടയ്ക്കാകയില്ലല്ലോ
കാണുന്നെന്തെന്നറിഞ്ഞിടാന്‍
കണ്ണിന്നുമാകയില്ലേതും
കാണും വസ്തുവറിഞ്ഞിടാന്‍

കണ്ണിനും കണ്ണായിടുന്നോ
രകകണ്ണാലെ മാത്രമേ
കാണുവാനുള്ളതായെല്ലാം
കാണുവാനാകയുമുള്ളൂ

അദ്വൈതം


ഞാനെന്റെന്നോതുമഹന്തമറയ്ക്കുന്നു
നമ്മിലലിഞ്ഞൊരാസത്യമെന്നും
ഞാനെന്നെവിട്ടിട്ടു നിന്നെ തിരയുമ്പോള്‍
എന്നില്‍ തെളിയുന്നു സത്യമന്ന്

ആ സത്യതെളിവില്‍ തെളിയുന്നു നാമൊക്കെ
രണ്ടല്ലേകമാം സത്യമെന്ന്
ഭേദചിന്തയ്ക്കിടമില്ല നിന്ദ്യമായില്ലൊന്നും
വേറിട്ടുകാണുവാനൊന്നുമില്ല

Saturday, 18 May 2013

ദൈവമേ

ദൈവമേ മാനുഷരിങ്ങു
ദൈവമായ് മാറാനൊരുങ്ങെ
ദൈവമായ് മാറുമാക്കാലം
ഓര്‍ത്തു ഞാനമ്പേ നടുങ്ങി

ദൈവത്തിന്‍ ധര്‍മ്മം കവര്‍ന്നാല്‍
ദൈവത്തിന്‍ മട്ടിലാമര്‍ത്ത്യന്‍
ചെയ്തിടും കാര്യങ്ങളോര്‍ക്കെ
പാവമെന്‍ ചിത്തം നടുങ്ങി

ദൈവകാരുണ്യമില്ലായ്കില്‍
ധരയും നരകമായ് മാറാം
ദൈവമേ നിന്‍ കൃപതന്നെ
നിത്യവും താങ്ങായ് വരേണം

ദൈവമായ് മാറും നരന്നില്‍
ദൈവകാരുണ്യം നിറയ്ക്കാന്‍
ദൈവത്തിന്‍ കാരുണ്യമൊന്നേ
എന്നും ശരണ്യമെന്നോര്‍ക്ക

Friday, 17 May 2013

ഭക്തി

ഭഗവത്പ്രേമത്തെയല്ലോ
ഭക്തിയെന്നോതുന്നു നാം
ഭയമേശില്ലതില്‍ തെല്ലും
വിശ്വാസബലമാര്‍ന്നതാം

മുരളിക

എന്തേ മുരളികയെന്നും
കണ്ണനോടൊപ്പമിരിപ്പത്?
ഉള്ളില്‍ കാണില്ല തെല്ലും
ഗര്‍വ്വമെന്നോര്‍ക്കിലാകുമോ

ത്രിവക്ര

മുക്കൂനിയാമെന്മനസ്സിന്റെ
മുക്കൂനും തീര്‍ത്തുണര്‍ത്തുവാന്‍
മാമകമധുരാപുരിയി -
ലെത്താന്‍ വൈകുന്നതെന്തു നീ

Thursday, 16 May 2013

വേഷം

കെട്ടിയാടുന്നവേഷങ്ങളില്‍ ചില
വേഷങ്ങള്‍ കണ്ട് ഞാനെന്തേ നടുങ്ങുന്നു

പാവം

ലോഭമോഹങ്ങളില്‍ പെട്ടു
പാപം ചെയ്യുന്നമാനവന്‍ 
പാവം തന്‍ കുലനാശത്തിന്‍ 
കാരണം തന്നെയായ് വരും

കവിത്വം

ഇല്ലാ കവിത്വമാധുര്യം
തെല്ലുമെന്നുള്ളിലെങ്ങുമേ
ചൊല്ലുന്ന വാക്കായ് വിരിയും
നല്ലതാം ഗാനം കവിത്വം

മാസ്മരഗാനമുതിര്‍ക്കും
വേണുവില്‍ രാഗങ്ങളില്ല
പാടുന്നഗായകപ്രാണന്‍
പാട്ടായൊഴുകുന്നതല്ലേ

സ്വസ്ഥാനബലം

സ്വസ്ഥാനസ്ഥിതനാം നക്രം
ഗജേന്ദ്രനേയും വലച്ചിടും
സ്വസ്ഥാനം വിട്ടാലതിനെ
നായ പോലും വലച്ചിടും

പ്രചോദനം:
നക്രഃ സ്വസ്ഥാനമാസാദ്യ
ഗജേന്ദ്രമപി കര്‍ഷതി
സയേവ പ്രസ്ഥിതസ്ഥാനാത്
ശുനോപി പരിഭൂയ

Wednesday, 15 May 2013

ഉള്ളത്

ഉള്ളത്തിലുള്ളതാമെന്നുള്ളിലെ പൊരുള-
തുള്ളതായറിയാതെന്നുള്ളമെന്തെരിയുന്നു
ഉള്ളത്തിലിരുന്നെന്നുള്ളതായെല്ലാം കാക്കു-
മുള്ളിലെ പൊരുളിനെയുള്ളാലെ നമിക്കുന്നു

Tuesday, 14 May 2013

"വീണപൂവ്"

വാടിക്കരിയുന്ന പൂവിനെയാ കവി
സ്വര്‍ഗ്ഗകവാടത്തില്‍ കൊണ്ടുപോകും
ആ കവിപാദുകപൂജയിലെന്നും നാം
ആത്മസുഖത്തിലാറാടിനില്‍ക്കാം

ആസുഖമന്യര്‍ക്ക് സ്നേഹത്തിന്നൂഷ്മള
പുഷ്പസുഗന്ധമായ് പകര്‍ന്ന് നല്‍കാം
ആ നല്ലനാളിലെന്നാടുമൊരുസ്വര്‍ഗ്ഗ-
മാകുമെന്നോര്‍ത്തുനാമാശ്വസിക്കാം

ഹൈകു ?

ചില ഹൈകു ചിന്തകള്‍

കാര്‍മുകിലിന്റെ
പുഞ്ചിരി
മിന്നല്‍

കാര്‍മുകിലിന്റെ
രോദനം
മഴ

ദൈവത്തോടും ചെകുത്താനോടും
മുഖം കടം വാങ്ങി
മനുഷ്യന്‍

മാടി വിളിയ്ക്കുന്ന അലകളിലേയ്ക്ക്
മടങ്ങുന്ന സൂര്യന്‍
ദിനാന്ത്യം

തഴുകി തലോടി
അകലുന്നു
തിര

മിഴിനീരിലെ
മഴവില്ല്
സ്നേഹം

dreams of dark clouds
rainbow

colors of broken dreams
Kaleidoscope

കൊഞ്ഞനം കുത്തുന്നു
കണ്ണാടി

വാമൊഴിയല്ലാ
മൊഴിയായി
മിഴിനീര്‍

എന്നെ തിരയുന്നു ഞാന്‍
പ്രതിരൂപങ്ങളില്‍
വിചിത്രം

ശൂന്യം 'പൂജ്യ'മാണാത്രേ
മറ്റെല്ലാം അസംഖ്യമാം
ഒന്ന്

പൂവടരുന്നു
വേരുതേടി
പൂവേ വിട

മലയാളമാതൃഭൂവിലെ
തടയിട്ട കണ്ണുനീര്‍
നിള

പൂജയ്ക്കിറുത്തൊരു പൂവും
കരിഞ്ഞുണങ്ങുന്നു
കഷ്ടം

ഉപഗുപ്തന്‍ മൌനത്തില്‍
'സമയമായില്ല പോലും'
പാവം വാസവദത്ത

വീണപൂവിനും
സ്വര്‍ഗ്ഗസുഖം
കവിമനസ്സില്‍

മരിയ്ക്കാത്ത മലയാളമനസ്സിന്റെ
കനിവാര്‍ന്ന കണ്ണുനീര്‍
നിള

വാചലമാം മൌനത്തിന്റെ
ആദിസ്പന്ദനം
പ്രണവം

പൂവിറുത്ത് ഓമനിച്ചപ്പോള്‍
പൂ കരിഞ്ഞുപോയ്
കഷ്ടം

തുളുമ്പുന്ന കണ്ണിലും
തുടിക്കുന്ന ഹ്രിത്തിലും
സത്യം

തൊടുക്കുന്ന വാക്കിലും
ചിരിക്കുന്ന ചുണ്ടിലും
വ്യാജം

സ്വന്തം ഭാവിയറിയാതെ
കിളിക്കൂട്ടിലകപ്പെട്ട്
ഒരു പാവം തത്ത

ശാന്തി ദൂതുമായ് പറത്താന്‍
ശാന്തരാം പ്രാക്കളെ
പിടിച്ചുകെട്ടീ മനുഷ്യന്‍

ദാഹം തീരാത്ത മനുഷ്യന്ന്
അവസാനകണ്ണീര്‍ തുള്ളിയും പകരുന്ന
മാതൃഹൃദയം നിള

വട്ടപൂജ്യം

വട്ടം ചുറ്റുന്ന ലോകത്തില്‍ 
വട്ടം ചുറ്റുന്ന ജീവന്‍ ഞാന്‍ 
വട്ടപൂജ്യത്തിലാണെന്നും 
വട്ടത്തില്‍ ചുറ്റിടുന്നോന്‍ ഞാന്‍ 

Monday, 13 May 2013

പ്രാര്‍ത്ഥന

കൈവിട്ടിട്ടോടിലും നീരസം തോന്നൊല്ല
കൈയെത്തും ദൂരത്തായുണ്ടാകയെപ്പൊഴും
കൈപിടിച്ചൊപ്പം നടത്താ മടിയ്ക്കാതെ
കൈവല്യമേകുവാന്‍ കനിവുമുണ്ടാകണം

ദുഃസ്സംഗഫലം

തെറ്റുരപ്പതുനാവെന്നാല്‍
ഭേദ്യം പല്ലിനുമായ് വരും
ദുഃസ്സംഗം സര്‍വ്വധാ ത്യാജ്യം
ദുഃഖകാരണമായ് വരും

തിരച്ചില്‍

ക്ഷരമാമെന്‍ ജീവിതത്താളുകളില-
ക്ഷരമാലയൊളിച്ചുവെച്ചോന-
ക്ഷരരൂപിയാമവനേകനായി
ക്ഷിതിതന്നില്‍ തിരഞ്ഞിടുന്നു

ശത്രു

ഇല്ല ലോകത്രയം തന്നി-
ലെനിയ്ക്കേതൊരു ശത്രുവും
എന്നിലെന്നുമിരുന്നീടും
കാമക്രോധാദിയെന്നിയേ

ഭക്തിവാദം

ഉള്ളില്‍ കാണാത്ത ദൈവത്തെ
കല്ലില്‍ തേടുന്നു യുക്തി
ഉള്ളില്‍ കാണുന്ന സത്യത്തെ
കല്ലില്‍ കാണുന്നു ഭക്തി

Sunday, 12 May 2013

ദുഷ്ടന്‍

ദുഷ്ടനെ തേടി ഞാനെത്ര
ദുഷ്ടനെ കണ്ടതില്ല ഞാന്‍
ദുഷ്ടനെ തേടും ഞാനത്രെ
ദുഷ്ടനെന്നറിയുന്നു ഞാന്‍

പ്രചോദനം (കുട്ടിക്കാലത്ത് അമ്മ പറഞ്ഞ് തന്ന കബീര്‍ ദാസിന്റെ ദോഹ):

ബുരാ ജോ ദേഖ്ന് മേ ചലാ
ബുരാ ന മിലിയാ കോയ്
ജോ ദില് ഖോജാ അപ്നാ
മുഝ്സേ ബുരാ ന കോയ്

പലതല്ല

പലതായ് നാം കാണുന്നൊരുസത്യത്തിന്‍ തെളിവ്
പലതല്ലത്ദ്വൈതത്തിലുളവാകുന്നതായ് കാണാം 
പലവുരുവിതുനിരുപിച്ചാലുടന്‍ കാണാനെളുതല്ലോ
'പലതാം പൊരുളദ്വൈതപൊരുളായൊരുമിപ്പൂ'

 

Advaitham

സുഭാഷിതം

തേളിന്നു വിഷമോ വാലില്‍
ഈച്ചയ്ക്കോ തന്‍തലയിലും
തക്ഷകന്റെ വിഷം പല്ലില്‍
ദുഷ്ടര്‍ക്കതുസര്‍വ്വാംഗവും

പ്രചോദനം:
വൃശ്ചികസ്യ വിഷം പുച്ഛം
മക്ഷികായാ : വിഷം ശിര:
തക്ഷകസ്യ വിഷം ദന്തം
സർവ്വാംഗം ദുർജ്ജനസ്യ ച

 

മാറാപൊരുള്‍

മാറിക്കാണുന്നുരൂപങ്ങള്‍
മാറും ലോകത്തിലെങ്കിലും
മാറതുള്ളില്‍ തെളിയേണം
മാറാപൊരുളതെന്നുമേ

മിന്നാമിനുങ്ങ്

മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍ കാണുന്നു
മിന്നാമിനിങ്ങൊരുകൊച്ചുലോകം
മിന്നാതിരുള്‍ മൂടും ലോകത്തെ കാണില്ല
മിന്നാമിനുങ്ങെന്നതു നിര്‍ണ്ണയം

ആനന്ദനര്‍ത്തനം

ആടും പാമ്പാടുമാമെയ്യും
ആടും നാഥന്റെയാട്ടവും
ആടുമെന്‍ മാനസം തന്നില്‍
ആടുന്നെന്നറിവേകണേ

ആദിമനാദമായ് ഢക്കാ
സംഹാരാഗ്നിപ്രകാശവും
കാലഭ്രമണതാളത്തില്‍
ആടും ആനന്ദനര്‍ത്തനം

ആടുമാനര്‍ത്തനം കാണാം
ആടും ചടുലതാളവും
ആടുന്നോനവനെ കാണാന്‍
ആവുന്നില്ലെന്തൊരാശ്ചര്യം

ആടുന്നപാമ്പുമാശ്ചര്യം
ആടുന്നമെയ്യുമാശ്ചര്യം
ആദിമനാദമാശ്ചര്യം
സംഹാരാഗ്നിപ്രഭാവവും

സൂര്യന്‍

കത്തിജ്വലിക്കുന്ന സൂര്യബിംബത്തൊടേല്‍ക്കാന്‍
പെട്ടെന്നടുക്കുന്ന കാര്‍മുകില്‍കൂട്ടം
പൊട്ടിക്കരഞ്ഞുനീര്‍ത്തുള്ളിയായ് വീഴുന്നു
പൊട്ടിച്ചിരിക്കുന്നു സൂര്യനോ വാനിലും

മാല

പുഷ്പങ്ങള്‍ കോര്‍ത്തൊരു കയറല്ലെ മാലയും
കയറാണതെന്നൊട്ടറിയുന്നില്ലാരുമേ
കാലം കഴിഞ്ഞാല്‍ കഴുത്തില്‍ മുറുകുമാ
പാശത്തില്‍ കാണില്ല പുഷ്പങ്ങളേതുമേ

പങ്കജം

ചൊല്ലും താളത്തിനായ് വൃത്തം 
ഭംഗിയ്ക്കായലങ്കാരവും 
വാക്കില്‍ തത്തുന്ന ലാളിത്യം 
ഇല്ലെന്‍ തൂലികത്തുമ്പിലും 
 
എങ്കിലും ചൊല്ലിടുന്നെന്തോ
നെഞ്ചില്‍ വിങ്ങുന്നവാക്കുകള്‍ 
പങ്കത്തില്‍ ജന്യമാകുന്ന
പങ്കജം പോലെയാകുമോ?

Friday, 10 May 2013

മരുഭൂമി

നിഴലും മരിക്കുന്ന പകല്‍, ഉച്ചവെയിലില്‍
മരുഭൂവില്‍ തളരുന്നു, തരളം മമ ഹൃദയം
മരുപ്പച്ചകള്‍ തിരയുന്നു, പതറുന്നെന്‍ മിഴികള്‍
ഇരുളില്‍ ഞാന്‍ പരതുന്നു, കനിവിന്‍ നിറകതിരും

തെറ്റ്

തെറ്റിനെ ചൊല്ലി നീ മാഴ്കൊല്ല സോദരാ 
തെറ്റ് പറ്റാത്തോരായാരുമില്ല
കര്‍മ്മത്തിന്‍ വീഥിയില്‍ യാത്രികര്‍ നമ്മളില്‍ 
തെറ്റുചെയ്യാത്തവരാരുമില്ല

കര്‍മ്മത്തിന്‍ കാരണം നാമല്ല, നമ്മിലെ
കാരണപൂരുഷനെന്നതോര്‍ക്ക
ചെയ്യുന്ന കര്‍മ്മത്തിന്‍ തെറ്റുകുറ്റങ്ങളെ
ആദിവ്യതേജസ്സിലര്‍പ്പിക്കുക 

നെഞ്ചിലെ സത്യമാം സ്നേഹസ്വരൂപനാ- 
സ്നേഹിതന്‍ തെല്ലൊന്നൊളിച്ചീടിലും 
നിന്നെവിട്ടെങ്ങുമേ പോകുവാനാകില്ല
ദുഃഖത്തിന്‍ കാര്‍മുകില്‍ കാട്ടില്‍ മറയില്ല

കത്തിജ്വലിയ്ക്കുന്ന സൂര്യനെ മൂടുവാന്‍ 
കാര്‍മേഘപാളികള്‍ക്കാവന്നതല്ലല്ലോ
തെല്ലുമറഞ്ഞാലും വീണ്ടും തെളിഞ്ഞിടും 
പുത്തന്‍പ്രഭാതത്തിന്‍ പൊന്‍കതിരെന്നപോല്‍

പേര്?

പേരിലൊരിക്കലും കാണില്ല നീയെന്നെ

പേരില്‍ നീ തേടൊല്ലയെന്‍സത്യമേതുമേ

ചൊല്ലുന്ന വാക്കിലും കാണില്ല നീയെന്നെ

വെല്ലുന്ന വീമ്പിലും കാണുവാനാകില്ല


ചൊല്ലുന്ന വാക്കുകള്‍ പാഴായിടുമ്പൊഴെന്‍

കണ്ണിലെ കണ്ണുനീര്‍ കാണുന്നുവെങ്കിലോ

മൂകം പിടയ്ക്കുമെന്‍ചിത്തത്തിന്‍ സ്പന്ദനം

കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കും നീയെങ്കിലോ


കണ്ടിടാം നിന്നിലെ നീയാട്ടെന്നെയും

രണ്ടല്ലാത്തേകമാം സത്യപ്രകാശമായ്

നിന്‍കണ്ണിലൂറുന്ന കണ്ണിനീര്‍ തുള്ളിയില്‍

കണ്ടിടാമെന്‍സത്യമന്നെന്നറിക നീ

കരിമ്പൂച്ച

കുഞ്ഞേ കറുപ്പാണ്, നിന്നിറമെന്നതില്‍ തെറ്റില്ല, നീ ലക്ഷണക്കേടുമല്ല
ഏറുമജ്ഞാനതമസ്സില്‍ പിടയുന്ന മര്‍ത്ത്യമനസ്സിലാണല്ലോ ദോഷം
ചെയ്യുന്നകര്‍മ്മത്തില്‍ തിക്തഫലം തിന്നും മര്‍ത്ത്യമനസ്സിന്റെ ജല്പനങ്ങള്‍
കേട്ടിട്ട് നോവൊല്ല നിന്മനമൊട്ടുമേ, ദോഷം നീ കാരണം വന്നതല്ല

Kitten

Thursday, 9 May 2013

ആശംസകള്‍

കണ്ടിട്ടുമേറേ നാളായിന്നു നാം തമ്മില്‍ 
കണ്ടാലറിഞ്ഞേക്കുകില്ല
എങ്കിലുമോര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു
പോയി മറഞ്ഞൊരാകാലം 

വിദ്യാലയത്തിന്റെ മതിലുകള്‍ക്കുള്ളില്‍ നാം 
ഒന്നിച്ചിരുന്നൊരാക്കാലം 
ഒന്നിലും ദുഃഖവും ഭേദവുമില്ലാതെയേവരും 
ഒത്തുകളിച്ചൊരാക്കാലം

ഇന്നും മരിക്കാത്തൊരോര്‍മ്മതന്‍നാവിനാല്‍ 
നേരും നിനക്കായ് മനസ്സും 
ജന്മദിനത്തിന്റെ ആശംസകള്‍ സഖേ
നിനക്കെന്നെന്നും നന്മകള്‍ മാത്രം

Wednesday, 8 May 2013

കവിത്വം

ഉപമാ കാളിദാസന്റെ ഭാരവീടര്‍ത്ഥഗൌരവം

ദണ്ഡിതന്‍പദലാളിത്യം മാഘനിലിവയൊക്കെയും



പ്രചോദനം :

ഉപമാ കാളിദാസസ്യ ഭാരവേരര്‍ത്ഥഗൌരവം 

ദണ്ഡിനഃ പദലാളിത്യം മാഘേ സന്തി ത്രയോഗുണാഃ



ഈ വരികളുടെ പശ്ചാത്തലത്തില്‍ എന്റേതടക്കം ഉള്ള പല രചനകളും കാണുമ്പോള്‍  അറിയാതെ ഓര്‍ത്തുപോകുന്നു കവിത്വം എത്ര അകലെ എന്ന്.

ആരറിവൂ

പല്ലുകള്‍ കാട്ടിച്ചിരിക്കും മുഖത്തിനെ-
ന്നുള്ളത്തിന്‍ വേദനയെന്തെന്നറിയുമോ ?
പാടുവാന്‍ വെമ്പുമെന്‍കണ്ഠത്തിനാവുമോ
ഹൃത്സ്പന്ദനത്തിന്റെ താളത്തില്‍ പാടുവാന്‍ ? 
 
കാതോര്‍ത്തിരിക്കുമെന്‍ കാതുകള്‍ക്കാവുമോ
തേങ്ങും കരളിന്റെ രോദനം കേള്‍ക്കുവാന്‍ ?
കണ്ണുനീര്‍ തൂകി കരയുന്ന കണ്ണിന്റെ
കണ്ണുനീര്‍ കാണുവാന്‍ കണ്ണിന്നുമാകുമോ ?
 
നാവില്‍ പിറക്കുന്നവാക്കുകള്‍ക്കാവുമോ
നോവും മനസ്സിന്റെസത്യമുരയ്ക്കുവാന്‍ ?
നന്മകള്‍ നേരുമെന്‍ മനസ്സിന്നുമാവുമോ
നിത്യസത്യത്തിന്റെ നേരറിഞ്ഞീടുവാന്‍ ?

യാചകന്‍

എങ്ങുമേ കാണാസുഖത്തിനായെന്തഹോ
മൂവുലകും ചുറ്റിതേടുന്നു ഞാനിന്നും 
ചുറ്റിലും കാണുന്നവസ്തുക്കളര്‍ത്ഥിച്ചു
യാചകനായിന്നലയുന്നതെന്തു ഞാന്‍?  
 
വിദ്യാര്‍ത്ഥിവേഷത്തില്‍ സത്യാര്‍ത്ഥിഭാവത്തില്‍ 
ഭക്ത്നായ്, മുക്തനാം സന്യാസിയായി ഞാന്‍ 
വിദ്യാ,ധനം സുഖം എന്നൊട്ടനവധി
വസ്തുക്കള്‍ ഭിക്ഷയായര്‍ത്ഥിപ്പതെന്തിനായ്‍?
 
തന്നില്‍ തിരയേണ്ടതൊന്നും തിരിയാതെ
മന്നില്‍ തിരയുന്നതെന്തേ വിചിത്രമായ്?
തന്റെ ഗൃഹത്തില്‍ നിധിയുള്ളതോര്‍ക്കാതെ
തെണ്ടിതിരിഞ്ഞു ഞാന്‍ കാലം കഴിക്കയോ?
 
തന്നില്‍ തെളിയും തിരിയില്‍ തെളിയുന്ന
സത്യപ്രകാശത്തെ കാണാത്തതെന്തു ഞാന്‍? 
സത്യത്തിന്‍ പൊന്‍ജ്യോതി തെല്ലുമറിയാതെ
സത്യത്തെ തന്നെ തിരയുന്നതെന്തഹോ?

മാറ്റം

പലതാം 'ശരി'യെന്നാലും
പലര്‍ക്കും പലമട്ടിലും
ചിലപ്പോള്‍ ശരിതെറ്റീടാം
തെറ്റോ ശരിയുമായിടാം

എന്നാലും മാറുകില്ലല്ലോ
സത്യം കാലക്രമത്തിലും
മാറില്ലൊരിക്കലും സത്യം
മാറ്റവും സത്യമാകിലും

മാറാതെഴും പൊരുളേകം
മാറാസത്യമെന്നോര്‍ക്ക നാം
മാറും മാറ്റത്തിനാധാരം
മാറ്റത്തിന്‍ പൊരുളും തഥാ

മാറാതെഴുന്നൊരാ സത്യം
മായ മറയ്പ്പതെങ്കിലും
മാനസത്തിലുണര്‍ന്നെന്നെ
മാറാതെന്നും തുണയ്ക്കണേ

Monday, 6 May 2013

വിദ്യാധനം

രാജാവെടുക്കില്ല, കള്ളനാവില്ലെടുക്കുവാന്‍ 
ഭാഗിച്ചിടേണ്ടിതിന്നുഭാരമില്ലൊട്ടുമേ 
വ്യയം ചെയ്കിലോ വര്‍ദ്ധിയ്ക്കുമാകയാ--
ലീധനം സര്‍വ്വധനത്തിലും മേലെയാണെന്നുമേ
 
പ്രചോദനം: 
"ന രാജഹാര്യം ന ച ചോരഹാര്യം
പ്രയാണകാലേ ന കരോതി ഭാരം
വ്യയേകൃതേ വർദ്ധത ഏവ നിത്യം
വിദ്യാധനം സർവ്വധനാൽ പ്രധാനം"

ജ്യോതി

എരിയുന്ന പകലിലും 
തിരയുന്നുണ്ടെങ്കിലും 
തിരിയുന്നൊരുലകിലാം 
തിരവതെന്നോര്‍ക്കണം 

തിരിക, നിന്നകമേയായ്
അരികിലായ് കണ്ടിടാം 
ഇരുളിലും പകലിലും 
തെളിയുന്ന ജ്യോതിയായ്

Sunday, 5 May 2013

കണ്ണനെ തേടി

എങ്ങു മറന്നുപോയ് ഞാനെന്റെ തൂലിക
എങ്ങു മറഞ്ഞുപോയിന്നെന്‍ മുരളിക

തെല്ലും ചലിയ്ക്കുന്നതില്ലെന്റെ തൂലിക
തേങ്ങലും നെഞ്ചില്‍ തളര്‍ന്നു മയക്കമായ്

ഓതുവാനായി ചലിയ്ക്കുന്നെന്‍ ചുണ്ടുകള്‍-
ക്കോതുവാനൊന്നുമൊട്ടാവതുമില്ലയോ

പാടുവാന്‍ വെമ്പുന്നതുണ്ടെന്‍ മനസ്സെന്നാല്‍
പാടുവാനാവുന്നതില്ലിന്നെനിയ്ക്കഹോ

വേണുവൂതുന്നൊരാ ഗായകന്‍ പോയ്മറഞ്ഞേ-
തൊരുഗോപികയ്ക്കൊപ്പം രമിക്കയോ

എന്തിനായന്നെന്റെയുള്ളത്തില്‍ വന്നെന്റെ-
യുള്ളത്തിന്‍ മാധുര്യമെല്ലാം കവര്‍ന്നുപോയ്

മന്ദാനിലന്‍, നിലാപൊയ്കയുമൊക്കെയെ-
ന്തേറ്റമസഹ്യമായ് തോന്നുന്നതിന്നുമേ

ജീവിതദുഃഖത്തിന്‍  തൈരും കടഞ്ഞു ഞാന്‍
സത്യമാധുര്യമൂറുന്ന വെണ്ണ തിരയുന്നു

ആവെണ്ണയും തേടിവന്നെത്തുന്നകണ്ണനെ
കാണുവാനായെന്നും കാത്തിരിയ്ക്കുന്നു ഞാന്‍

Friday, 3 May 2013

ചുവന്നചക്രവാളം

ചക്രവാളത്തിലെ ചോരയെന്തേ
മുറിവേറ്റ സത്യത്തിന്‍ കണ്ണുനീരോ
കേട്ടുമടുത്തൊരാപാഴ്മൊഴികള്‍ 
ചൊല്ലുന്നു പിന്നെയും പൈങ്കിളികള്‍

Thursday, 2 May 2013

ദാമ്പത്യം

ദാമ്പത്യം എന്നതേറ്റം പരമപവിത്രമായ് കണ്ടിടുന്നാത്മബന്ധം
തന്നെതാനേപകുത്തിരുവരൊരുമേനിയായ് വാഴും മായാവിലാസം
ഇല്ലാ മറ്റേതുബന്ധോം ഇതിനുപരിയാണെന്നോതുവാനാവതുള്ളൂ
കാണാനായെന്നുവന്നാല്‍ പ്രകൃതിപുരുഷനില്‍ ചേരുമദ്വൈതസാരം

വിശ്വാസം

വിശ്വാസമെന്നതില്‍ തെല്ലും 
സന്ദേഹമാകൊലാ സഖേ
വിശ്വസിപ്പിലവന്‍ കാക്കും 
വേണ്ടാ സംശയലേശവും  

മനുഷ്യന്‍ ?

മറ്റൊരുജീവനെ കണ്ണുനീരില്‍ 
കൊന്നൊടുക്കുന്നവന്‍ മര്‍ത്ത്യനെന്നോ
കണ്ണുനീരില്‍ തെല്ലലിഞ്ഞിടാത്ത-
മര്‍ത്ത്യന്‍ മൃഗത്തിലും നിന്ദ്യനത്രേ

പാവമെന്‍ കണ്ണുനീര്‍തുള്ളികള്‍ക്കി-
ന്നാവുന്നതില്ലൊരുവാക്കുചൊല്ലാന്‍
തന്‍ സഹജീവിതന്‍ കണ്ണുനീരി-
ന്നൊപ്പാനുണര്‍ന്നവനെ തൊഴുന്നേന്‍

 

Wednesday, 1 May 2013

പ്രാര്‍ത്ഥന

കാരുണ്യരൂപാ നിന്‍ കൈകളാല്‍ നിര്‍മ്മിച്ച കേവലം ​നിന്‍കളിപാവയാം ഞാന്‍

കാട്ടുന്നതൊക്കെയും നിന്‍ പ്രീതിയ്ക്കെന്നോര്‍ത്തിതാ നിന്‍ പാദപത്മത്തിലര്‍പ്പിക്കുന്നു

കാത്തരുളേണമേ കാരുണ്യപൂര്‍ണ്ണമാം നിന്‍ മിഴിയെങ്കലുണ്ടായിടേണേ

കാണുന്നതെറ്റുകള്‍ നീ പൊറുക്കേണമേ നിന്‍ പൈതലിന്‍ കേളിയിതെന്നതോര്‍ത്ത്