Thursday, 28 February 2013

കവിത?

അകമെ വന്നിടും ചിന്തകളോരോന്നും
എടുത്തുകോര്‍ ത്തൊരുഹാരമൊരുക്കുകില്‍
കവിതയെന്നൊരുപേരതിനേകുവതു
മുചിതമെന്നുതാന്‍ ചൊല്‍ കയോ നീ സഖേ

കവി മനസ്സില്‍ നിറഞ്ഞമാധുര്യം
കവിഞ്ഞൊഴുകിയരുവിപോലവേ
കഠിനാമാം മാമലകാടുകള്‍ കടന്നു
വന്നണയുമെങ്കിലേ കവിതയായിടൂ

കടല്‍ തീരത്ത്

കടലിന്‍ തീരത്തു പൈതല്‍ പോലവേ
ഇരുന്നു ഞാനേറും കൌതുകമോടെയും
കടലു നോക്കിയിരുന്നു പോയ ഞാന്‍
കാലം കടന്നു പോയതറിഞ്ഞതുമില്ല

ഉയര്‍ന്നിടുന്നതാം തിരകളോരോന്നും
എന്നരികിലേക്കണയ്വതോര്‍ത്തിട്ടും
ഉയര്‍ന്നുപൊങ്ങുമാതിരകള്‍ വന്നുടന്‍
കരയില്‍ വീണുടയുന്നതോര്‍ത്തിട്ടും
കടലിലേയ്ക്ക് മടങ്ങി പിന്നെയും പുതു
തിരകളായി വരുമെന്നോര്‍ത്തിട്ടും
ഇരുന്നുപോയാക്കടലിന്‍ തീരത്തു
കാലം കടന്നു പോയതറിഞ്ഞതുമില്ല

കടലുമെന്റെ മനസ്സുപോലെയാ
യിടവിടാതലയടിക്കുമെങ്കിലോ
കടലുകാണുവാനുള്ള കുതൂഹലം
വരികളാലൊട്ടും പറവതുമല്ല

Friday, 22 February 2013

യോഗവരാഹം

സ്വര്‍ണ്ണത്തില്‍ കണ്ണുനട്ടും സകലഭുവനവും കൈയ്യിലാക്കിപ്പിടിച്ചും
ഉള്ളത്തില്‍ ഗര്‍വ്വമായും ഉലകരതിസുഖം തന്നിലാറാടിയിട്ടും
അജ്ഞാനം തിങ്ങിനില്‍കും അധമരസതലം തന്നില്‍ വന്നെത്തി നില്ക്കും
ദര്‍പ്പം തീര്‍ക്കാന്‍ പിറക്കൂ കനിവിനുരുവമാം യോഗവാരാഹമായി

Thursday, 21 February 2013

നേരമില്ല

നേരമില്ലെന്നതില്‍ തെല്ലും
നേരില്ലോര്‍ക്ക സോദരാ
നേരമ്പോക്കെന്നു ചൊല്ലീട്ടു
നേരമെത്രകളഞ്ഞു നാം

നേരം പോവതില്ലെന്നും, ഹാ!
നേരം പോയല്ലൊ എന്നുമായ്
നേരമെന്നതിനെ ചൊല്ലി
നേരമെത്രെ കളഞ്ഞു നാം

Friday, 15 February 2013

ഇഷ്ടം

പൂവിറുത്തെന്നുമ്മറം മോടിചേര്‍ത്തേറ്റവും
പൂവെനിയ്ക്കത്രമേലിഷ്ടമത്രേ
പൂവറിഞ്ഞില്ല പോല്‍, കണ്ടിരിക്കെ തന്നെ
പൂവത് വാടിക്കരിഞ്ഞു കഷ്ടം

മനസ്സിന്‍ മൊഴി

പലതും പറയും മമ നാവരുളും
മൊഴിയല്ലറികെന്‍ മനസ്സിന്‍ മൊഴിയായ്
മിഴിയില്‍ നിറയും മിഴിനീര്‍ പറയും
മൊഴിയായറികെന്‍ മനസ്സിന്റെ മൊഴി

Sunday, 10 February 2013

മാക്ബെത്ത്

രക്തം പുരണ്ട കൈകളുമായി
മാക്ബെത്ത് ഇന്നുറക്കമായി
ഉറങ്ങുമ്പോള്‍ ആ മുഖം
തികച്ചും ശാന്തമായിരുന്നത്രേ

മാക്ബെത്ത് നീ ഇനി
സുഖമായുറങ്ങുക
ചിന്തകള്‍ അലട്ടാതെ
സ്വപ്നങ്ങള്‍ കണ്ടുറങ്ങുക

ഇനിയുണരാതെ ഉറങ്ങുക
ഉറങ്ങുന്ന നിന്റെ മനസ്സില്‍
ശാന്തിയുടെ കെടാവിളക്ക്
എന്നും ഇനി തെളിയട്ടെ

വീണ്ടും ഒരു ബാല്യം തേടി

സൂര്യനരികത്തല്ല പോലും
ഭൂമി പരന്നിട്ടുമല്ല പോലും
ഓടിക്കളിക്കുമ്പോള്‍ കൂടെക്കളിക്കു
മെന്നമ്പിളിമ്മാമനോ ഗോളം പോലും

ഓടിപൊയ്കൊള്‍ക ശാസ്ത്രമേ നീ ദൂരെ
നിന്നീവിധം സത്യമോ വേണ്ടെന്നറിക നീ
തൊട്ടുതലോടുന്ന കാറ്റുരിയാടത്ത നിന്‍
സത്യമെന്താകിലും വേണ്ടെനിയ്ക്ക്

മൂടി വെച്ചീടുക സ്വര്‍ണ്ണപാത്രത്തിലോ
കനമുള്ള പുസ്തകതാളുകള്‍ക്കുള്ളിലോ
അമ്മ കൈചൂണ്ടി കാണിച്ചു തന്നൊരെന്‍
അമ്പിളിമ്മാമന്റെ കൂടെ കളിക്കട്ടെ

Friday, 8 February 2013

കാണാമറയത്തൊരു കാട്ടുകള്ളന്‍

അങ്ങിനെ ഒരു നിമിഷം കൂടി
എന്നെ കടന്നു പോയി

നഷ്ടപ്പെട്ട നിമിഷങ്ങളുടെ
തീരാകണക്കെഴുതി വെച്ച
എന്റെ കണക്കുപുസ്തകം
നിറഞ്ഞു കഴിഞ്ഞു

വിരല്‍ ഞൊടിയ്ക്കുന്ന മാത്രയില്‍
എന്റെ സ്വപ്നങ്ങള്‍ നിറഞ്ഞ
നാളെയുടെ ഒരു നിമിഷം കൂടി
എന്നെ കടന്നു പോയി

ഞാന്‍ ആ സ്വപ്നം
കണ്ടു കൊണ്ടിരിക്കെ തന്നെ
ആ ഒരു നിമിഷവും കൂടി
എന്നെ കടന്നു പോയി

എന്റെ മനസ്സ് ഒപ്പിയെടുത്ത ചിത്രങ്ങളിലൂടെ
ഒന്ന് കണ്ണോടിയ്ക്കുന്ന ക്ഷണമാത്രയില്‍
ഗ്രിഹാതുരതയുണര്‍ത്തുന്ന
ഏതോ പഴയ വരികള്‍ മൂളി
ഒരു നിമിഷം കൂടി
എന്നെ കടന്നു പോയി

ഇന്നലെയുടെ മരിക്കാത്ത ഓര്‍മ്മകളില്‍
നാളെയുടെ മോഹന പ്രതീക്ഷകളില്‍ മനമുടക്കവേ
ആരോ പോക്കറ്റടിക്കുന്നുവോ
ഈ ഒരു നിമിഷം, എന്റെ വിലപ്പെട്ട നിമിഷം

എന്തിനു തന്നു ഈ സ്വപ്നങ്ങള്‍
ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളും
ഇതു ചതിയായിരുന്നോ

കാണാമറയത്തൊളിച്ചിരിക്കുന്ന
കാലമാം കാട്ടുകള്ളനെന്തേ
സ്വയം ചിരിക്കുകയാണോ

എണ്ണി തിട്ടപ്പെടുത്തിതന്നയച്ച
എത്രയോ നിമിഷങ്ങള്‍
കാലത്തിന്റെ ഖജനാവിലേയ്ക്ക്
ഇതുപോലെ തട്ടിയെടുത്തു കഴിഞ്ഞു

വലയിലെ ജീവന്‍ പിടയുന്നത് കണ്ടിട്ടും
ചിരിക്കുന്നക്രൂരനാം വേടനെ പോലെ
നീ പിന്നെയും ചിരിക്കയാണോ

Thursday, 7 February 2013

ചിതയും ചിന്തയും

ചിതയും ചിന്തയും തമ്മില്‍ 
വേറിട്ടിരിപ്പതെന്തെടോ
അര്‍ദ്ധാക്ഷരം മാതമത്രേ
ഒന്നിലേറുള്ളതായ് വരും 


ചിതയില്‍ വെന്തുനീറുന്നു
മ്രിതമാം ദേഹമെങ്കിലോ
ചിന്തയെരിപ്പതോ കഷ്ടം 
പാവം മാനവമാനസം

Sunday, 3 February 2013

വിഡ്ഢിപ്പെട്ടി

വിഡ്ഢിപ്പെട്ടി തുറന്നു വിഡ്ഢി
പെട്ടിതന്‍ മുന്നിലിരുന്നു വിഡ്ഢി
വിഡ്ഢിത്തത്തില്‍ തീരേ ധാരാ
കണ്ടുരസിച്ചുചിരിച്ചൂ വിഡ്ഢി

കുട്ടികള്‍ വളരാന്‍ കോംപ്ലാന്‍ വേണം
ബുദ്ധീണ്ടാവാന്‍ ഗുളിക കഴിയ്ക്കൂ
വിശ്വാസത്തിനു കല്യാണെങ്കില്‍
സ്നേഹണ്ടെങ്കില്‍ ആലൂക്കാസും

നിറപറയുണ്ടേന്‍ നിറവയറുണ്ണാം
ഈസ്റ്റേണുണ്ടേല്‍ കൂട്ടാനായി
പല്ലില്‍ ക്കേറും കീടാണുക്കടെ
ശല്യം തീര്‍ക്കാന്‍ കോള്‍ഗേറ്റോര്‍ക്ക

ബൂസ്റ്റുകഴിച്ചാല്‍ സചിന്നാകാം
ഇന്‍ഡിയന്‍ ടിമില്‍ കേറിക്കൂടാം
പുത്രന്‍ വന്നതിലെത്തും വരെയിനി
പത്രാസില്‍ തന്നവിടെ ക്കൂടാം

തടിയെ ചൊല്ലി പൈസ പിടുങ്ങാന്‍
ലവണം ചേര്‍ന്നാതൈലം തന്നെ
ഫ്രാഞ്ചോയിലിന്നെവിടെ പോയി
പതിവായ് നാമിതില്‍ കണ്ടപരസ്യം

മലയാളം ചൊല്ലാനാറിവില്ലാത്ത
മലയാളിത്തമൊരുക്കും മങ്കകള്‍
ഭാരതവര്‍ഷ പേരും പെരുമയും
കോമഡിയാക്കും കോമാളികളും

കാവിയില്‍ മുങ്ങിയ ഭോഗികളും
പൈസയിരക്കും ഭക്തിയും സുലഭം
ദൈവത്തിന്‍ തിരുനാമത്തില്‍ ജന
ധ്വംസനമരുളും കാപാലികരും

കണ്ണീര്‍ വിറ്റും കാശുണ്ടാക്കാന്‍
പല സീരിയലെന്നും പ്രൈം ടൈമില്‍
സന്ദേശത്തിന് തെണ്ടിനടക്കും
സ്റ്റാര്‍സിങ്ങേര്‍സിന്‍ കോപ്രായം

ആര്‍ത്തുചിരിച്ചു രസിച്ചൂ വിഡ്ഢി
വിഡ്ഢിപെട്ടിതന്‍ മുന്നിലെ വിഡ്ഢി
വിഡ്ഢികള്‍ കാട്ടും വിഡ്ഢിത്തങ്ങ
ളിതോര്‍ത്തുചിരിച്ചു രസിച്ചു വിഡ്ഢി

ആധുനിക വിദ്യാഭ്യാസം

വിദ്യാഭ്യാസം വിറ്റുമുടിച്ചൊരു
വ്യാപാരികളുടെയഭ്യാസം
വിദ്യയില്പം രുചിയില്ലാത്തൊരു
വിദ്യാര്‍ത്ഥികളുടെയഭ്യാസം

വിദ്യയില്‍ വിത്തം തേടിമടുത്തോ
രദ്ധ്യാപകര്‍ തന്നഭ്യാസം
വിദ്യമറന്നൊരു വിദ്യാഭ്യാസമിതു
'വിദ്യ'നിറഞ്ഞോരഭ്യാസം

Friday, 1 February 2013

ബാലകാണ്ഡം

ജീവിക്കാന്‍ കാശുവേണമെന്നാല്‍
കാശിനായ് ജിവിച്ചിടാതെടോ
കാശിനാല്‍ വന്നിടാ സൌഖ്യം
ദുഖവും പോവുകില്ലെടോ

നാലുപേര്‍ 'നന്നു'ചൊല്വതും
നല്ലതാണെന്നിരിക്കിലും
'നന്നു'ചൊല്വതിനായ് മാത്രം
നന്നുചെയ്വതുമാകൊല

സത്യപൊരുള്‍

സത്യപൊരുളിന്‍ ദര്‍ശനമാര്‍ക്കും
അത്യാനന്ദപ്രദായകമല്ലോ
നിത്യമിതോര്‍ക്കിലൊ ഉണ്ടായീടാം
സത്യപൊരുളിന്‍ ദര്‍ശനഭാഗ്യം

ഗുരുവായുപുരം

ഗുരുവാം ബ്രഹ്മസത്യവും
മത്ജീവനാം പ്രാണവായും
അമരും പുരമൊന്നോര്‍ത്താല്‍
സാക്ഷാത് വൈകുണ്ഠമല്ലയോ