കാണുന്നു നിന്നെയും
മുന്നിലെ ലോകമൊക്കെയും
ഏന്നാല്‍ കാണുവാന്‍ വയ്യെ-
നിക്കെന്‍ രൂപമെന്‍ കണ്‍കളാല്‍
കാണുന്നു എന്നെ
നിന്‍ മിഴിയില്‍ പ്രതിബിംബമായ്
അതില്‍കാണുന്ന രൂപമായ്
എന്നെ അറിയുന്നു ഞാനെപ്പോഴും
മാറുന്നുകാലം
അതിന്നൊത്തു മാറുന്നു ഋതുക്കളും
മാറും ഋതുഭേദങ്ങള്‍ക്കൊത്തു
മാറിയെന്‍ രൂപമെത്രയോ
മാറാതെ നില്‍ക്കും
എന്നിലെയെന്നെ മാത്രം, ഇനിയും
കാണുവാനില്ലയെന്നോ
എന്നെയറിവതുമിത്ര കഷ്ടമോ
പിന്‍കുറിപ്പ്:
മാമകമിഴികള്‍ക്കു
മിഴിയാമകമിഴി
എന്നകമേയെവിടെയോ
മറഞ്ഞിരിക്കയാണോ
മഹാമായാവിനിര്‍മ്മിത
സ്വര്‍ണ്ണപാത്രത്തില്‍ മൂടി
കാലമൊളിപ്പിച്ചുവെച്ച
സത്യമിതുതന്നെയാണോ
No comments:
Post a Comment