Monday, 19 May 2014

പൊരുള്‍

വിണ്ണില്‍ കാണുന്ന സൂര്യന്‍

ചെറിയ ജലകുടം തന്നിലായ് കാണുമെന്നാല്‍

ചൊല്ലാന്‍ പാടില്ല, ചൊല്ലാം,

ചെറുകുടമിതിലായ് കാണ്മതാണുണ്മയെന്നായ്

വെവ്വേറേ കാണ്മതുണ്ടാ-

മിവിടെ പല കുടം തന്നിലും സൂര്യനെന്നാല്‍

ചൊല്ലാമീവണ്ണമത്രേ

"കരുതുക, പലത,ല്ലൊന്നു താന്‍ സത്യമെന്നായ്"

 

മണ്ണായ് തീരുന്നതാണീ

ചെറിയ ജലകുടം തെല്ലു നേരം കഴിഞ്ഞാല്‍

കാണില്ലാ തെല്ലു പോലും

ജലവു,മതിനകത്തൊട്ടു കാണില്ല സൂര്യന്‍

പൊട്ടിപ്പോയാല്‍ കുടം ഹാ!

ധരയിലൊരുജഡം താനിതെന്നോര്‍ത്തിടാതേ

തീര്‍ക്കൂന്നൂ ശബ്ദജാലം

ഭുവി,യിതു വെറുതേ മായ കാട്ടും വിലാസം

 

എന്നാലും ചൊല്ലിടാം ഞാന്‍

ധരണിയിലനിശം കാണുമീകാഴ്ചയോര്‍ത്താല്‍

തോന്നുന്നൂ വിസ്മയം മേ

പറയുകയെളുത,ല്ലുള്ളമോ തേങ്ങിടുന്നൂ

മുന്നില്‍ കാണുന്നതെല്ലാ-

മവനവനുസുഖം നല്കുമെന്നോര്‍പ്പു മര്‍ത്ത്യ-

ന്നീ മണ്ണില്‍ സ്വാര്‍ത്ഥമോഹാത്

പല പല ദുരിതം തിന്നവന്‍ വാണിടുന്നൂ

No comments:

Post a Comment