വൃത്തനിബദ്ധമായി എഴുതുക എന്നത് എന്റെ ഒരു ചിരകാലമായുള്ള ആഗ്രഹം ആയിരുന്നു. ഇപ്പോള്‍ ഞാന്‍ പഠിച്ചു എന്നല്ല, എങ്കിലും എന്നെക്കൊണ്ട് എഴുതാനാവും എന്ന വിശ്വാസം തോന്നുന്നു. ഇനിയും തെറ്റാം ഇനിയും കുറെയേറെ അറിയാനുണ്ട് എന്നൊക്കെയാണെങ്കിലും ഇങ്ങിനെയെങ്കിലും എഴുതാന്‍ സാധിക്കാന്‍ കാരണം ഫേസ്ബുക്കിലെ ഒരു സഹൃദയസുഹൃത്ത് ((പേരു അദ്ദേഹത്തിന്റെ അനുവാദമില്ലാതെ കൊടുക്കുന്നത് ശരിയല്ല എന്നത് കൊണ്ട് മറയ്ക്കുന്നു)) കാണിച്ച തെറ്റ് ചൂണ്ടിക്കാണിച്ച് ശരിയായ വഴിയെ നടത്താനുള്ള സന്മനസ്സും ക്ഷമയും ആണ് എന്ന് കൂടി സൂചിപ്പിച്ചില്ല എങ്കില്‍ ഗുരുനിന്ദയാകും
ഇങ്ങിനെ ഞാന്‍ എഴുതിയ ചില ശ്ലോകങ്ങള്‍
വരേണമെന്നും തവപാദപങ്കജം
മമാന്തരംഗത്തിലതിന്നു സംഗതി
ശിവേ! തവാരാധനയെന്നതെന്നിയേ
എനിക്കു കാണ്മാന്‍ കഴിയില്ലൊരാശ്രയം
വൃത്തം: വംശസ്ഥം.
ഗണേശ, ദേവാ, തവപാദയുഗ്മം
എന്നെന്നുമെന്നുള്ളില്‍ തെളിഞ്ഞുകാണാന്‍
വരേണമേ നിന്‍ കൃപയെങ്കലായി
പാദാരവിന്ദത്തില്‍ നമിപ്പു ഞാനും
വൃത്തം: വിപരീതാഖ്യാനകി.
ഞാനെന്നുമേയിവിടെയോതാനെനിക്കുമൊരുവാക്കായുണര്‍ന്നിടുക നീ
ഞാനെന്നഹന്തയകലാനായിയെന്നകമനസ്സില്‍ തെളിഞ്ഞിടുക നീ
കാണുന്നതൊക്കെയകതാരിന്നുദുഖഫലമേകുന്നതായറിയുവാന്‍
കാണായിടേണമതിചേതോഹരം, അഭയമേകുന്ന നിന്റെ ചരണം
വൃത്തം: മത്തേഭം
അഹോ കഷ്ടമജ്ഞാനമുള്ളില്‍ നിറഞ്ഞെ-
ന്നഹന്തയ്ക്കു നിന്‍ രൂപമജ്ഞാത,മെന്നാല്‍
സ്മരിച്ചില്ല നിന്‍ പാദപത്മങ്ങളെന്നായ്
പഴിക്കൊല്ല, കൈവിട്ടിടൊല്ലെന്നെയമ്മേ
അഹോ കഷ്ടമത്യുഗ്രസംസാരസര്‍പ്പം
കടിച്ചാ വിഷത്തില്‍ ദഹിക്കുന്നനേരം
അടുത്തെത്തി മോക്ഷം തരാനായിയമ്മേ
മറക്കൊല്ല, നീയെന്റെ കൈവിട്ടിടല്ലേ
വൃത്തം: ഭുജംഗപ്രയാതം
കനിയുക, ദേവീ അടിയനിലെന്നു-
മൊരു ചെറുവാക്കായുണരുകവേണം
ഒരു ചെറുവാക്കായുണരുവതെല്ലാം
തവപദയുഗ്മേയടിയനുമേകാം
വൃത്തം: കുസുമവിചിത്ര
മമ മാനസകമലേ തവ തിരുനര്‍ത്തനസമയേ
മിഴിനീര്‍ മണി മിഴിവിട്ടഥ തവപാദമതണയാന്‍
മമ ജീവനിലണയും പല ദുരിതങ്ങളുമകലാന്‍
കരുണാമയ, തരുകില്ലയൊ ചരണാംബുജശരണം
വൃത്തം: ശങ്കരചരിതം
ഭജിക്കാം ഞാന്‍ നിത്യം തവചരണപ.ത്മം ശിവസുതാ
ജപിക്കാം നിന്നാമം വരികയരികില്‍ ഗൌരിതനയാ
മറക്കാതേയെന്നും മനവുമുരുകും നേരമിവനോ
കൊളുത്താമെന്നും ഞാന്‍ ചെറിയൊരുവിളക്കും ഭയഹരാ!
വൃത്തം: ശിഖരിണി
വിശ്വം നിന്‍ തിരുരൂപമെന്നു ഹൃദയേ നന്നായുറച്ചീടുവാന്‍
നിത്യം കാണുവതായ് വരുന്നതഖിലം പൊയ്യെന്നറിഞ്ഞീടുവാന്‍
ഹൃദ്യം താവകനാമമാധുരിയൊഴിഞ്ഞില്ലേതുമെന്നായിടാന്‍
കൃഷ്ണാ മാമകമാനസത്തിലനിശം നന്നായ് തെളിഞ്ഞീടണേ
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
ഹൃദ്യം ജ്യോതിസ്വരൂപം പലരിതുപലതായ് കാണുമദ്വൈതസത്യം
ഒന്നാണെന്നുള്ളതോര്‍ക്കാനടിയനവയിലുണ്ടായ മോഹം ശമിക്കാന്‍
ഗര്‍വ്വത്തിന്‍ വിത്തറുക്കാനടിമലരിണയല്ലാതെയില്ലോരുപായം
എന്നോര്‍ത്തെന്നും കൊളുത്താമടിയനിഹവിളക്കെന്റെ കൈലാസനാഥാ !
വൃത്തം: സ്രഗ്ദ്ധരാ
തരികയെന്നുമെനിക്കു ദയാപരാ
ദുരിതശാന്തിയണഞ്ഞിടുവാന്‍ കൃപാ
തവപദങ്ങളിലേക ഗണേശ നീ-
യധികഭക്തി വരുന്നതിനായ് വരം
വൃത്തം: ദ്രുതവിളംബിതം
കാണുന്നതൊക്കെ മദകാരണമെന്നുകണ്ടു
മോഹം വെടിഞ്ഞു തവപാദബലം നിനച്ചാല്‍
നിന്‍ പാദഭക്തിയണയാന്‍ കരുണാകടാക്ഷം
എന്നില്‍ കനിഞ്ഞു പകരൂ ശിവശക്തി രൂപേ
വൃത്തം: വസന്തമാലിക/വസന്തതിലകം
ചിന്തചെയ്തമരേണമെങ്കിലൊ നല്ലതായതുവന്നിടാന്‍
നിന്റെ രൂപമതിങ്കലെന്റെ മനസ്സു വന്നു നിറഞ്ഞിടാന്‍
നല്ല വാക്കുരിയാടുവാനുമെനിക്കു നീ കൃപയേകിടാ-
നിന്നിതാതെളിയിച്ചിടുന്നു വിളക്കു, നീ വരമേകണേ
വൃത്തം: മല്ലിക
വരികയെന്നുമെന്നുള്ളിലായി നീ
തരിക ദര്‍ശനം ഭീതിയറ്റിടാന്‍
തരിക മേ വരം ശങ്കരപ്രിയേ
മമ മനസ്സിലെ ജ്യോതിരൂപമേ
വൃത്തം: സമ്മത
എന്നകതാരിന്നിരുളകലാനായ്
അന്തകഹാരീ വരുകിനിവേഗം
എന്മനതാരില്‍ തിരുവിളയാട്ടം
ചെയ്യുവതിന്നായണയുക, ദേവാ
വൃത്തം: മൌക്തിക മാല
പ്രാണപ്രവാഹത്തെയൊഴുക്കി ഞാനാ-
മോടക്കുഴല്‍ തന്നിലണഞ്ഞു പാട്ടായ്
കേള്‍ക്കാന്‍ കൊതിച്ചെന്നുമിരിപ്പു ഞാനും
വാണീയണഞ്ഞീടുക വൈകിടാതെ
വൃത്തം: ഇന്ദ്രവജ്ര
പ്രകാശമുള്ളില്‍ തെളിയാനെനിയ്ക്കെന്‍
വിനായകാ നീ തുണയായിടേണേ
വരുന്നദുഃഖത്തെയകറ്റിയെന്നേ
ഗണേശ, കാത്തീടുകയെന്നുമേ നീ
വൃത്തം: ഉപേന്ദ്രവജ്ര
No comments:
Post a Comment