Tuesday, 13 May 2014

പ്രണാമം *

എന്നില്‍ ഞാനെന്ന ഗര്‍വ്വം പലകുറിപകരും നോവകറ്റീടുവാനാ-

യെന്നുള്ളില്‍ തിങ്ങി നില്ക്കും തമസുടനകലാന്‍ സത്യമുള്ളില്‍ തെളിയ്ക്കാന്‍

ബ്രഹ്മജ്ഞാനപ്രകാശം ഹൃദയമലരിതില്‍ നിത്യമായ് കാണുവാനായ്

വന്ദിച്ചീടുന്നു ഞാനും ഗുരുപദകമലം, സദ്ഗുരോയെന്‍ പ്രണാമം

 

സത്യം ജ്യോതിസ്വരൂപം കനിവൊടുതെളിയും സച്ചിദാനന്ദമോര്‍ത്താ-

ലേകാന്തധ്യാനവേദ്യം തെളിവൊടെയനിശം മിന്നിടുന്നാത്മദീപം

ഞാന്‍ ഞാനെന്നുള്ള മന്ത്രം സകലനിമിഷവും ഗൂഢമായ് തങ്ങി നിന്നി-

ട്ടെന്നെഞ്ചിന്നുള്ളിലെന്നും സസുഖമമരുമാ സത്യമേ,യെന്‍ പ്രണാമം

 

* എന്റെ വൃത്തത്തില്‍ എഴുതാനുള്ള ശ്രമങ്ങളുടെ ഭാഗം ആയി എഴുതിയതാണ്...ഈ രൂപത്തില്‍ എത്തുന്നതിനു മുമ്പ് സഹൃദയമനസ്സുകളുടെ തിരുത്തുകളുണ്ടായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.  അങ്ങിനെയുള്ള എന്റെ പ്രത്യക്ഷഗുരുക്കന്മാര്‍ക്കും ആദിഗുരുവായ ദക്ഷിണാമൂര്‍ത്തിയ്ക്കും പ്രണാമം

 

സദാശിവസമാരംഭാം

ശങ്കരാചാര്യ മദ്ധ്യമാം

അസ്മദാചാര്യ പര്യന്താം

വന്ദേ ഗുരുപരമ്പരാം

No comments:

Post a Comment