Friday, 9 December 2011

ശുന്യചിന്ത

ശൂന്യമാമെന്‍മനമിന്നെന്തേ
പൂജ്യചോദ്യമായ് വന്നെത്തി
ശൂന്യമെങ്ങിനെ പൂജ്യമായി
പൂജ്യമെങ്ങിനെ 'പൂജ്യ'മായി

മാറ്റുവാനിനിയൊന്നുമില്ലെന്നറി
യുമെന്നതിനാലോ, അതല്ലേതും
മാറ്റുകില്ലെന്നതിനാലോ താനൊ
രിക്കലും മാറുകില്ലെന്നതിനാലോ

കോടിസംഖ്യകള്‍ക്കിടയിലാകിലു
മതോടൊട്ടുകില്ലെന്നതിനാലോ
കോടിസംഖയകള്‍ക്കുമപ്പുറമൊ
രാദിസത്യമാകുവതിനാലോ

പൂര്‍ണമാമൊരുവൃത്തരൂപമിതി
നാകുവതിനാലോ, സ്വയമേവ
പൂര്‍ണ്ണമാകുവതിനാലൊരു
പൂര്‍ണ്ണവൃത്തരൂപമെടുത്തോ

കാലചക്രഭ്രമണമിതില്‍ നാം
എന്നും കാണുവതിനാലൊ
കാലക്രമതാളമിതില്‍ നിത്യ
മുയിര്‍ കൊള്ളുവതിനാലോ

ആദിമദ്ധ്യാന്തകാലമിതില്‍
തന്നെ നിറയുവതിനാലോ,
തനിയാവര്‍ത്തനരസസുഖ
മിതിലുറയുവതിനാലോ

ശുന്യമല്ലാതൊന്നുമില്ലിങ്ങെ
ന്നറിയുന്നതിനാലോ, ഹന്തഃ
ശൂന്യത്തിലാണൊരുനാളെല്ലാം
വീണൊടുങ്ങുകെന്നതിനാലോ

ശൂന്യമാമെന്‍മനമിന്നെന്തേ
പൂജ്യചോദ്യമായ് വന്നെത്തി
ശൂന്യമാമിരിളിനപ്പുറമൊരു
ജ്യോതികാട്ടുവതിനാണോ..

എന്റെ ഒരു പ്രിയവിഷയമായ കണക്കിനെയും മറ്റൊരു ഇഷ്ടവിഷയമായ അദ്വൈതത്തെയും വിവരസാങ്കേതികവിദ്യയുടെ മായാപ്രപഞ്ചത്തെയും സമന്വയിപ്പിക്കാനൊരു വിഫലശ്രമം ആണിത്. ഒരു കടലിനണകെട്ടുന്നതേ ദുഷ്കരം. അപ്പോള്‍ മൂന്നു കടലുകളായാലോ? അതിലൊന്നു മഹാസമുദ്രം തന്നെയും!

ചോദ്യം ഇതാണ്: സ്വതവേ നമ്മള്‍ താരതമ്യപഠനത്തില്‍ കൂടുതലുള്ളത് വലുതും അല്ലാത്തത് ചെറുതും ആയി കാണുന്നു. പക്ഷെ ഇവിടെ ഒന്നും ഇല്ല എന്ന് സൂചിപ്പിക്കുന്ന അവസ്ഥയ്ക്ക് പൂജ്യം എന്ന് പറയുന്നു. പൂജ്യം എന്നാല്‍ പൂജിക്കപ്പെടേണ്ടത് എന്ന അര്‍ത്ഥമല്ലേ? ... സ്വതവേ നമ്മള്‍ താരതമ്യപഠനത്തില്‍ കൂടുതലുള്ളത് വലുതും അല്ലാത്തത് ചെറുതും ആയി കാണുന്നു. പക്ഷെ ഇവിടെ ഒന്നും ഇല്ല എന്ന് സൂചിപ്പിക്കുന്ന അവസ്ഥയ്ക്ക് പൂജ്യം എന്ന് പറയുന്നു. പൂജ്യം എന്നാല്‍ പൂജിക്കപ്പെടേണ്ടത് എന്ന അര്‍ത്ഥമല്ലേ? ഒന്നും ഇല്ല എന്നുള്ള അവസ്ഥ എന്തുകൊണ്ട് പൂജ്യം ആകുന്നു?

ഇതിലെ പൂജ്യം കൊണ്ട് ഞാനുദ്ദേശിച്ചത് നിര്‍ഗുണശിവതത്വവും അളവറ്റ സംഖ്യ ശക്തിയും എന്നാണ്. അതായത് നാമറിയുന്ന ലോകം ശിവശക്തിസമന്വയമാണ് എന്ന്. (നാമറിയുന്ന ഏതു സംഖ്യയും പല ഒന്നുകളുടെ സമന്വയം മാത്രമല്ലേ.... എന്തിനേറേ., വിര്‍ച്യുവല്‍ ലോകത്തില്‍ എല്ലാ സംഖ്യകളും അക്ഷരങ്ങളും ചിത്രങ്ങളും ചലച്ചിത്രങ്ങളും എല്ലാം തന്നെ പൂജ്യത്തിന്റെയും ഒന്നിന്റെയും രൂപാന്തരങ്ങള്‍ തന്നെയല്ലേ?)

No comments:

Post a Comment