Sunday, 2 November 2014

മാലിനി

ലക്ഷണം നനമയയുഗമെട്ടിൽ തട്ടണം മാലിനിയ്ക്ക്

000/000/---/0--/0--

മിഴികളിലതിഗൂഢസ്മേരമോടെന്തിനാവോ

മഴമുകിലൊളിവര്‍ണ്ണന്‍ ഹൃത്തിനുള്ളില്‍ മറഞ്ഞൂ

മിഴികളിലിവിടാടിക്കാണ്മതായുള്ളതെല്ലാം

നിഴലിതു നിജമല്ലെന്നോതിയോ നീ ചിരിച്ചൂ

കരിവരചരണത്തേ നക്രവും തേടി വന്നൂ

മുരരിപു കരുണയ്ക്കായെന്നുതന്നേ നിനയ്ക്കാം

ഹരിയുടെ പദമെന്നും പൂജചെയ്തീടുവോര്‍ക്കീ

ധരണിയിലൊരപായം വന്നു കൂടുന്നതല്ലാ

കറുക, യവിലു, കേരം നിന്‍ പദേ വെച്ചു കൂപ്പാം
കരിമുഖ! മമ വിഘ്നം മാറ്റിടാന്‍ ശംഭുസൂനോ
ഗുരുവരകൃപയായും ബോധമായ് ജ്ഞാനമായും
വരിക, തെളിയുകെന്നും നിര്‍മ്മലസ്നേഹമായ് നീ

അരുവികളുതരുന്നൂ ദാഹനീരെങ്കിലും നാം

വരുവതെവിടെ നിന്നെന്തിനായ് തേടിടുന്നു ?

ഗുരുകൃപയതു പോലെ തന്നെയാണെന്നു ചൊല്വൂ

കരുണയരുവിയായിട്ടെത്തിയെന്നേ നിനയ്ക്കാം

പറയുക ജഗദംബേ നിന്‍ കൃപാവര്‍ഷമല്ലാ-

തറിവതിനിവിടെന്താണുള്ളതായുള്ളതെന്നും

അറിവുമുലകമായ് ഞാന്‍ കാണ്മതും ചിത്തമായി-

ട്ടറിവതുമഖിലം നീ തന്നെയാണെന്നതോര്‍പ്പൂ

മുരളിയിലുയരുന്നീഗാനമെന്തേ മനസ്സില്‍

തരുവതുസുഖമേറ്റം, വിസ്മയം തന്നെയോര്‍ത്താല്‍ !

വെറുമൊരുകുഴലല്ലേ, നിന്റെ ചുണ്ടോടുചേര്‍ന്നെ-

ന്നൊരുഗണ,മതിനാലോ തണ്ടുപാടുന്നിതേവം ?

കനിവൊരുകണമില്ലീവാഴ്വിലെന്നോര്‍ത്തുകൊണ്ടോ
മനുജഹൃദയമേ നീ നെഞ്ചകത്തായൊളിച്ചൂ ?
കനവു പലതു കാട്ടും കണ്ണിനാല്‍ കാണ്മതല്ലാ
മനമിതിലുയരും ഹൃത് സ്പന്ദനത്തിന്റെ താളം

No comments:

Post a Comment