Saturday, 1 November 2014

വിയോഗിനി

ലക്ഷണം: വിഷമേ സസജം ഗവും സമേ, സഭരം ലം ഗുരുവും വിയോഗിനീ

00-/00-/0-0/-
00-/-00/-0-/0-

ഗുണമായ് നിജബോധരൂപമായ്
ഗണനാഥാ വരികെന്റെയുള്ളിലായ്
അണയും പല ദുഃഖമൊക്കെ നിന്‍
തുണയാല്‍ മാറ്റിയനുഗ്രഹിക്കണേ

വിരിയും പല പൂവിലൊക്കെയും

നിറയും തേന്‍ കണമെന്നപോലെയെന്‍

ഹൃദയേ തെളിയേണമേ സദാ

കൃപയാ നിത്യവുമംബികേ മുദാ

ഉരുകും മനതാരിലെന്നുമേ

വരണേ നീ തുണയേകണേ സദാ
മുരുകാ തവ പാദപങ്കജേ
തരണേ നീ മമജീവനാശ്രയം  


പുഴയായിഹ കാണ്മതെന്തെടോ

മിഴിനീരെന്തിനിയും വരുന്നുവോ

അഴലായി വരുന്ന കാര്‍ മുകില്‍

മഴയായ് പെയ്യുകയോ നിരന്തരം

വിരിയും മലരില്‍ തുഷാരമോ

മിഴിനീരോ തെളിയുന്നു കണ്‍കളില്‍

കരയേണ്ടതു ശോഭയല്ലെടോ

ചിരിതൂകുന്നതു തന്നെ നന്നു തേ

മൃദുവായൊരു വാക്കു നല്കുവാന്‍

സദയം നാവിലണഞ്ഞു കാണണേ

പദമായ് വരു നാദമായ് ഭവത്

പദമേകൂ കൃപ കാട്ടുകംബികേ

ചെറുതാമൊരുതണ്ടിലായ് വരും

മുരളീനാദമിതെത്ര സുന്ദരം

വരുമോ മമ ദേഹമാകുമീ

മുരളിക്കുള്ളിലെ നാദമായ് ഹരേ

ചിരിയും ചിരി തൂകിടും മനം
നിറയെ കാണുവതായ സൗഖ്യവും
തിരയുന്നതിനാൽ വരില്ലെടോ
വരുമെന്നാലതു തന്നെ ഭാഗ്യവും

വെറുതേ മനമെന്തിനായെടോ
കരയാനായ് വഴി തേടിടുന്നിതേ
നിറയും മിഴിനീരിനാലെയോ
കുറയുന്നെന്നകതാരിലുള്ള നോവ്

വിറ പൂണ്ടൊരു ചുണ്ടിനാകുമോ
പറയാനായൊരു വാക്കു,മെങ്കിലും
അറിയാമകതാരിനെന്നുമേ
നിറയും കണ്ണുകളോതിടും പൊരുള്‍

വിരിയുന്നൊരു പൂവുമേവമാ
ചിരിതൂകും ചെറു പൈതലും സദാ
പറയാതുരയുന്ന കേള്‍ക്കെടോ
നിറവേകും കൃപ താനിതൊക്കെയും

കരയേണ്ട,തു കൊണ്ടൊരാള്‍ക്കുമേ
വരുകില്ലാ ഗുണമെന്നു ചൊല്കിലും
കരയും മിഴി, നീരിലുണ്മയും
മറയുന്നൂ, നരനെന്തു ചെയ്തിടാന്‍

പഴിയെന്തിനു ചൊല്ലിടേണമീ

പിഴവുണ്ടാവതു നീ പൊറുക്കണം

കഴിവും മമ ജീവിതത്തിലെ

പിഴവും /നിന്നരുളല്ലയോ ശിവേ

കഴിവില്ലയൊരുത്തനെങ്കിലാ

പഴിയും  ദേവി നിനക്കു തന്നെയാം

പിഴവൊക്കെയകറ്റി നിന്‍ കൃപ

കഴിവായെന്നകതാരിലെത്തണം

തുഴയറ്റൊരു തോണി പോലവേ-

യുഴലുന്നൂ മമ ജീവനെന്നുമേ

വഴിപോലെയതിന്നു ശങ്കരീ

വഴികാട്ടൂ കര/യേറ്റുകെന്നെ നീ

ശരണാഗതവത്സലേ, ശിവേ

വരണേ നീ ഹൃദി വെട്ടമേകുവാന്‍

വരമായ്/ തവ പാദഭക്തി നീ

തരണേ, ജീവനു മുക്തിമാര്‍ഗ്ഗമായ്

No comments:

Post a Comment