Thursday, 23 October 2014

മദനാര്‍ത്ത

ലക്ഷണം: ചേർന്നാൽ തയ സം ഭം ഗഗവൃത്തം മദനാർത്താ
--0/0--/00-/-00/--

എന്മാനസമാം ഭൂവിലെ ഗംഗാനദിയായ് നീ

വന്നീടുകയിന്നീവിധമേകീടുക മോക്ഷം

എന്നുള്ളിലിരുള്‍ മൂടിയചിന്തയ്കൊരുവെട്ടം

തന്നീടുക നിന്‍ ചേവടി പൂകാന്‍ കൃപയേകൂ

 

ചിന്തിയ്ക്കുക,യുള്ളില്‍ ത്തെളിയുന്നേതൊരുദീപം ?

ചിന്തിപ്പതറിഞ്ഞീടുവതാരാണകതാരില്‍ ?

അന്തിത്തിരിമാറ്റുന്നിഹതിങ്ങുന്നിരുളേവം

സ്വന്തം മനതാരില്‍ തെളിയുന്നാര,തു ചൊല്ലൂ

 

കാണുന്നതു,ചൊല്ലുന്നതു,കേള്‍ക്കുന്നതുമെല്ലാം

കാണാം പലതേയല്ലതു മാറുന്നതുമല്ലാ .

കാണാമതുതാനെന്നിലുമെങ്ങും നിറയുന്നൂ

കാണാപ്പൊരുളെന്നുള്ളൊരുകാരുണ്യവുമോര്‍ക്കൂ

 

"മണ്ണായതുവിണ്ണായതുമൊന്നെന്നതുകാണാ-

നമ്മേ ഹൃദി മേവും കൃപയെന്താണതുതേടൂ"

കണ്ണന്നിതുചൊല്ലുന്നതുകേള്ക്കൂം മമ ഹൃത്തില്‍

മിന്നുന്നൊളി കാണാനിനി വൈകീടുവതെന്തേ

 

മുഞ്ചേതി* കരഞ്ഞീടുവതായ് വന്നതിനാലോ

നെഞ്ചോടെയണച്ചെന്നതു കണ്ടോ ദയ തോന്നീ

അഞ്ചാതവളന്നോളമഘം ചെയ്തതിനെല്ലാം

നിന്‍ ചേവടി മാപ്പേകിയിതെല്ലാം കൃപയല്ലേ

 

*

മുഞ്ച = മോചിപ്പിച്ചാലും

ഇതി = എന്ന്

മുഞ്ചേതി = മോചിപ്പിച്ചാലും എന്ന്

 

എന്മാനസമാം പൂവിലെ തേനായതുമെങ്ങും

ചെന്നെത്തിടുമാഗന്ധവുമെല്ലാമതു പോലെ

നിന്‍ പാദമണഞ്ഞീടുവതായുള്ളൊരുഭക്ത-

ന്നെന്നും തവ പൂജാഫലമായേകണമമ്മേ

വിഘ്നാദികളായെന്നഘമെത്തുന്നൊരു നേരം
വിഘ്നങ്ങളകന്നീടുവതിന്നായിവനെന്നും
വിഘ്നേശ്വര! നിന്‍ ചേവടി തേടുന്നതു കണ്ടെന്‍
വിഘ്നങ്ങളകറ്റീടുക, നീക്കീടുക പാപം

ഇന്നീമിഴി കാട്ടീടുവതായുള്ളൊരുലോകം
തന്നീടുവതെല്ലാം പല നോവെന്നറിയുമ്പോള്‍
വന്നീടുവതാം ജീവനു വൈരാഗ്യമതോര്‍ക്കും
നിന്‍ ചേവടിയല്ലാതവനില്ലാ ഗതിയേതും

നാവോതുവതല്ലാ നിജമെന്നാരറിയുന്നൂ
പാവം മനമോ മൌനിയുമായ് താന്‍ കഴിയുന്നൂ
ആവും വിധമോതാനണയുന്നാമിഴിനീരി-
ന്നാവുന്നതുമില്ലാ പറയാനായൊരു വാക്കും

നീ വന്നരികത്തായൊരുനാളാകിലുമീശാ
മേവീടുക നല്കൂ ഹൃദിയെന്നും പദഭക്തി
സേവിച്ചിടുവോര്‍ക്കെന്നുമണഞ്ഞീടുവതാകും
ഭാവം പകരൂ മോക്ഷവുമേകൂ ശിവശംഭോ

കഷ്ടം ഭുവി ഞാനും പല നോവാലലയുമ്പോള്‍
കൃഷ്ണാ തവ ചുണ്ടില്‍ ച്ചിരിയെന്തേ തെളിയുന്നൂ ?
സൃഷ്ടിച്ചതു നീയെന്നെയുമെന്തേ പല നോവില്‍
കഷ്ടപ്പെടുവാനോ പറയൂ നീയിതു നന്നോ ?

ആരും തുണയില്ലെന്നു വരാമോ തവ ഭക്തന്‍
പാരം വലയുന്നെന്നതു ചേരില്ല വിഭോ തേ
നേരാണിവനും ചെയ്തതുതെറ്റാകിലുമെന്റെ
ചാരത്തണയാതങ്ങുമറഞ്ഞെന്നതു നന്നോ ?
അമ്മേ തവ പാദത്തലെ പൂവായമരാനാ-
യെന്മാനസമെന്നും തിരയുന്നൂ പല മാര്‍ഗ്ഗം
നിന്മന്ത്രമതായീടണമോതും മൊഴിയെല്ലാം
ചെമ്മേ തെളിയേണം ഹൃദിയെന്നും ശിവപുത്രീ

No comments:

Post a Comment