പിറന്നുപുനരഹന്ത
അജ്ഞാനതമസൃഷ്ടിയാം
മഹിഷമായ് വളര്‍ന്നുള്ളില്‍
കവര്‍ന്നെന്‍ ലോകമൊക്കയും
വധിക്കിലോ പിറക്കുന്നു
രൂപം മാറീട്ടു പിന്നെയും
മഹിഷമാം സിംഹമാവും
മനുജനായെന്നും വരും
രൂപം മാറി പിറന്നെത്രെ
ദ്രോഹം ചെയ്യുന്നു പിന്നെയും
തളരുന്നെന്‍ ദേഹമെന്നില്‍
നിറയുന്നിരുളെങ്ങുമേ
ഭയത്തില്‍ ജീവനാമിന്ദ്രന്‍
സ്വപ്രഭാവം മറന്നപോല്‍
സ്വര്‍ലോകവും വെടിഞ്ഞെന്തേ
സ്വയമേവ മറഞ്ഞുവോ
ഇച്ഛാജ്ഞാനക്രിയാശക്തി
സമന്വയസ്വരൂപമായ്
പിറക്കെന്നന്തരംഗേ
ഹനിക്കീമഹിഷത്തിനെ
മാനസസരസ്സക്കരെ
കേവലബിന്ദുരൂപമായ്
കാണാകുന്നപരാശക്തി
കനിവോടുണരേണമേ
ശിവശക്തിപ്രഭാവത്തില്‍
മാനസസരസ്സിങ്കലായ്
അഹങ്കാരമൊടുക്കാനായ്
കൌശികിയായ് പിറക്കണേ
No comments:
Post a Comment