Monday, 1 June 2015

ധ്യാനം

തെറ്റാകാം മോഹമെന്നില്‍
വരുവതു ഭഗവന്നെന്തു ചെയ്യേണ്ടു ഞാനെന്‍ -
തെറ്റെല്ലാം മാറ്റിടാനായ്
തവ കൃപയൊഴികില്ലെങ്ങുമേയാശ്രയം മേ
തെറ്റായിക്കണ്ടിടാതാ-
കുറവുകളഖിലം തീര്‍ത്തു തന്നീടുവാനായ്
മാറ്റം കൂടാതെയെന്നും
തെളിയണമകമേപ്പൂവിലെത്തേന്‍ കണക്കേ

തെറ്റുന്നെന്‍ പാദമെന്നാ-
ലരികിലണയണേ കൃഷ്ണ! നീ വൈകിടാതെന്‍
ചുറ്റും താങ്ങായി നിന്നി-
ട്ടുടലിനുയിരിനും നിന്‍ കൃപാവര്‍ഷമേകൂ
ഏറ്റം കാരുണ്യമോട-
ന്നുലകിലമരുമാദൈത്യയാം പൂതനയ്ക്കും
കുറ്റം തീര്‍ത്തേകിമോക്ഷം
തവ കൃപയിവനും നല്കിടാവുന്നതല്ലേ

തെല്ലായാലും കൃപാലോ
തവ കരുണയിവന്നുണ്ടതിന്നാലെയല്ലേ
യെല്ലാനാളും ശ്രവിക്കാന്‍
കഥകളുരുവിടാന്‍ വന്നതാചാര്യനേവം
ചൊല്ലീടാനാവുകില്ലാ
മമ ഹൃദി നിറയും മോദമെന്തെന്നു കണ്ണീ-
രല്ലാതിന്നെന്തു നല്കാന്‍
കരുതുകയിതു ഞാന്‍ ചെയ്തിടും പൂജയായ് നീ


പ്രചോദനം ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ in facebook)

No comments:

Post a Comment