Sunday, 11 March 2012

'Education' നിന്നും 'വിദ്യാഭ്യാസ'ത്തിലേക്ക്


വിദ്യാഭ്യാസരംഗത്തില്‍ ഇന്നു കാണുന്ന മൂല്യച്യുതിയുടെ വേദനയില്‍ നിന്നും തിരിഞ്ഞുനോക്കുമ്പോള്‍, ഇതെല്ലാം എന്തിനുവേണ്ടിയെന്നു മറന്നതായ് തോന്നുന്നു

നമുക്കിനിയെങ്കിലും ഒരു യഥാര്‍ഥമായൊരു വിദ്യാഭ്യാസം തുടങ്ങിക്കൂടെ.... അതിലേക്കായൊരു തിരിഞ്ഞുനോട്ടം ....

വ്യവസായവല്‍ക്കരണത്തിന്റെ യന്ത്രവല്‍ക്കരണത്തിന്റെ 'പുരോഗതി'യെന്ന മായാപ്രപന്ചത്തിന്റെ കളിപ്പാവകളായ് മനുഷ്യന്‍ മാറുമ്പോള്‍ പ്രാഥമികമാനുഷികമൂല്യങ്ങള്‍ എവിടെയോ ചോര്‍ന്നു പോയോ എന്നു സംശയം ബാക്കി നില്‍ക്കുന്നു.

മനുഷ്യന്‍ യന്ത്രങ്ങള്‍ക്കുവേണ്ടിയല്ല, മനുഷ്യന്‍ വ്യവസായത്തിനുള്ള ഉപകരണമല്ല, മനുഷ്യന്‍ ഒരു വ്യാപാരവസ്തുവല്ല.... ഇവയെല്ലാം മനുഷനുവേണ്ടിയാണ്, മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചക്കായിട്ടാണ്, ലോകനന്മക്കായിട്ടാണ്

സാങ്കേതികവിദ്യയിന്ന് മനുഷ്യനെ കൂട്ടിയിണക്കുമ്പോള്‍ മനുഷ്യന്‍ മനുഷ്യനില്‍ നിന്നുമകന്നുവോ?

സൌരയൂഥങ്ങളില്‍ കണ്ണുനട്ടിരിക്കെ, വേദനിക്കുന്ന നിന്നയല്‍ക്കാരനെ മറന്നുവോ?

അണുവിന്നകത്തെ പരമാണുതിരയവെ, അവനവനില്‍ നിന്നുമകന്നുവോ?

ഒരു നിമിഷം ​ചിന്തിക്കുക: എവിടെക്കാണീ ഓട്ടം? എന്തിനുവേണ്ടിയാണീ നെട്ടോട്ടം? എന്താണീ പുരോഗതി? എന്തിനാണ്?

ഒരു നേരത്തെ ഭക്ഷണത്തിനോ? ഒരു ക്ഷണനേരത്തെ സുഖത്തിനോ? വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ സുരക്ഷക്കോ? കേവല മനഃ സമാധാനത്തിനോ?

അതെന്തു തന്നെ ആയാലും: അതു കിട്ടിയോ? അതു കിട്ടുമോ? ..... ഈ ഓട്ടത്തിനിടയിലെവിടെയോ കാലിടറിവീഴും മുമ്പെങ്കിലും ?

ഉത്തരം 'കിട്ടും' എന്നാണെങ്കില്‍, സഖേ, ഗമിച്ചുകൊള്‍ക, തവപന്‍ഥാവിലതിശീഘ്രം.

ഉത്തരം 'ഇല്ലെ'ന്നാകില്‍, സംശയം ഉണ്ടെന്നാകില്‍ ഒരു നിമിഷം നില്‍ക്കുക, സ്വദര്‍പ്പണത്തിനു മുന്പില്‍. അവിടെ ആ മിഴികളില്‍, അകകണ്ണില്‍ സത്യം തിരയുക


വിദ്യയത്രെ സര്‍വധനത്തിലും പ്രഥമവും
വിദ്യയെന്നാല്‍ പരമമാമറിവെന്നറിയുക
അറിവകമേ സ്വയം പ്രകാശമായമരുന്നു
അറിവെന്നാല്‍ സത്യപ്രകാശമായറിയുക

അറിവുതേടുവതു സ്വധര്‍മ്മമെന്നറിയുക
അറിവിന്നറിവുതാനഴലിലും തുണക്കുന്നു
അറിവുനേടുവാന്‍ സ്വപ്രയത്നമുണ്ടാവണം
ഗുരുകരുണയാലറിവിന്‍ മിഴിതെളിയുന്നു

വിദ്യയര്‍ത്ഥിപ്പവനൊരു യോഗിയെന്നറിയുക
വിദ്യയഭ്യസിക്കുവതൊരുയത്നമെന്നറിയുക
വിദ്യനല്‍കുവതീശ്വരസേവതാനെന്നുമറിയുക
വിദ്യനല്‍കുവനറിവിനുള്‍പൊരുളുമറിയണം

No comments:

Post a Comment