Wednesday, 30 January 2013

ചിപ്പി

എന്തിന്ന് സോദരാ നിന്മിഴിക്കോണി
ലറിയാതൊരുതുള്ളിനീര്‍ വിതുമ്പി
കണ്ണുനനയ്ക്കുമാത്തുള്ളിയിലോര്‍ക്ക നീ
കയ്പേറും ശോകനീരായിടൊല്ല

കേള്‍ക്കുന്നതുണ്ടു ഞാന്‍ നിന്നകതാരിലെ
കോവില്‍ മുഴക്കുന്ന മന്ത്രധ്വനി
കേള്‍ക്ക നീ, അന്തരംഗത്തിലെപ്പൊഴും
മന്ത്രിച്ചിടുന്നൊരാ മധുരധ്വനി

അന്തരംഗത്തിലലതല്ലിടും ചിന്തക
ളൊന്നടങ്ങിയെങ്കിലോ കാണായിടാം
ആഴത്തിലൊളിച്ചൊരു ചിപ്പിയില്‍ നിത്യവും
മന്ത്രം ജപിക്കും നിന്‍ പ്രാണനേകന്‍

ഈ മിഴിനീരെടുത്താദരവോടുടന്‍
ഏകാനാമാപ്രാണനിലര്‍പ്പിക്ക നീ
കാലങ്ങള്‍ പോകവേ, വറ്റീടുമാ കടല്‍
പ്രാണനാമാചിപ്പി മുത്തായിടും

No comments:

Post a Comment