സുഗന്ധമാര്‍ന്നപുഷപങ്ങള്‍
കയറില്‍ കോര്‍ത്തെടുത്തു ഞാന്‍
കെട്ടി പിന്നെന്റെ കണ്ഠത്തില്‍
മാലയേന്നോര്‍ത്തു പണ്ടെടോ
കണ്ടു മോഹിച്ചുവന്നൊക്കെ
കാണുന്നോരൊക്കെയെന്നുമായ്
ഏറിവന്നെന്റുള്ളിലേറ്റം
കഷ്ടം നിന്ദ്യമഹന്തയും
കാലം കടന്നു പോയിന്നു
വരളും വേനലായഹോ
കരിഞ്ഞുപോയാ പുഷ്പങ്ങള്‍
മണവും വിട്ടു പോയതിന്‍
എരിയും വേനലില്‍ ചൂടില്‍
വലയും ദേഹവും പുനഃ
തളര്‍ന്നുറക്കമായല്ലോ
ദുഖതപ്തമനസ്സുമായ്
ഉണര്‍ന്നുപിന്നെയെപ്പോഴോ
കണ്ഠത്തില്‍ കയര്‍ കണ്ടഥ
പാമ്പെന്നോര്‍ത്തു ഭയം പൂണ്ടു
പാവമെന്‍ മാനസം സ്വയം
ആരോ കനിഞ്ഞു നീട്ടുന്ന
കനിവാം കനവെന്നപോല്‍
കാരുണ്യകിരണം പോലെ
പുതുനാളുപിറന്നുവോ
അറിവിന്‍ കിരണം കണ്ണില്‍
അരുളായ് തെളിഞ്ഞീടവേ
അറിയുന്നു പാമ്പല്ലിതു
കേവലം കയറെന്നതും
മായാഭ്രമത്താലല്ലോ ഞാന്‍
ഹാരമാണിതെന്നോര്‍ത്തതും
പിന്നിതു നാഗമാണെന്നും
നിനച്ചേറ്റം പകച്ചതും
മായാവലയിലുഴലും
മാനവനെന്തുചെയ്യുവാന്‍
മാനവമാനസം തന്നെ
മായാവിഭ്രമകാരണം
മായ കാട്ടി വലയ്ക്കുന്ന
മനം ചഞ്ചലമല്ലയോ
മത്തമര്‍ക്കടം പോലെന്നും
ചപലം മര്‍ത്ത്യമാനസം
No comments:
Post a Comment