Saturday, 12 January 2013

ഒരു യുഗാന്ത്യം

തോളെല്ലുകള്‍ക്ക് ഭാരമേറ്റി കൊണ്ട് വിജ്ഞാനം ലാപ്ടോപ്പുകളില്‍ വളരുന്നു. ലൈക്കും 'ചോ ച്വീറ്റു'കളും ആയി ആധുനീകസാമൂഹ്യമാധ്യമങ്ങളിലെ സൌഹൃദം വളരുന്നു, അത് കൈപ്പിടിക്കുള്ളില്‍ ഒരു മൊബൈല്‍ ഫോണില്‍ നിറയുന്നു.

വൃത്തിയുള്ള തെരുവുകളില്‍ വൃത്തികെട്ട മനസ്സുമായ് ജീവനലയുന്നു. രണ്ടു കാലുകള്‍ കൈകളായുയര്‍ത്തി പരസ്പരം സൌഹൃദം നടിക്കുന്നു. രണ്ട് കാലുകളില്‍ നടക്കുന്നു. ഏതോ ശിഖണ്ഡിയുടെ മറവില്‍ നിന്നും ഒരൊളിയമ്പില്‍ വീഴുന്നു.

ഒരു യുഗത്തിന്റെ സംസ്കാരം ഒരു വൃദ്ധപിതാമഹനെ പോലെ ശരശയ്യയില്‍ പിടയുന്നു. സത്യദര്‍ശനത്തിനായ് കേഴുന്നു. നരനില്‍ നാരായണനെ തിരയുന്നു.

കറുത്ത കണ്ണടയ്ക്കുള്ളിലൊളിച്ച കൃഷ്ണമിഴികളെ തിരയുന്നു. ആ മിഴികളില്‍ കരുണ തന്‍ സത്യം തിരയുന്നു. കാരുണ്യത്തിന്റെ ഗംഗാപ്രവാഹം നുകര്‍ന്നൊരു കാലം യവനികയ്ക്കുള്ളില്‍ മറയുന്നു.

അശ്വത്ഥാമാവിന്റെ പ്രതികാരാസ്ത്രങ്ങളില്‍ പിടയുന്നൊരു ജീവന്‍ കരയുന്നു. കനിവിനായ് കേഴുന്നു. പരീക്ഷണങ്ങള്‍ക്കും അപ്പുറത്തൊരു സത്യം തെളിക്കുവാന്‍ സുദര്‍ശനത്തിന്‍ കാരുണ്യപ്രഭ തേടുന്നു.

മനസ്സിലെവിടെയോ ഒരു കാണാകോണില്‍ ഒരു സം സ്കാരക്രിയ നടക്കുന്നു. ഉയരും അഗ്നിജ്വാല തന്‍ തെളിവില്‍ ഒരു യുഗം ഉണരുന്നു. പെര്‍സോണകളുടെ പുതുയുഗസംസ്കാരം പിറക്കുന്നു.

No comments:

Post a Comment