Thursday, 17 January 2013

മനുജമാനസം

മത്താശ്വബന്ധമാം തേരു
രഥിയറ്റോടുവത് പോല്‍
മൂഢമെന്‍ മാനസം കഷ്ടം
ഗതിവിട്ടലയുന്നഹോ

പാരിലെ ജീവനേതിന്നും
ഇല്ലാ നീറുന്നശോകവും
ഇല്ലാ തെല്ലുമതിന്നെല്ലാം
വെന്തെരിക്കുന്നക്രോധവും

എന്തേ നീറുന്നു ശോകത്താല്‍
പ്രബുദ്ധമാനവന്‍ മാത്രം
എന്തിന്നെരിയുന്നു ക്രോധേ
നെല്ലാമെരിക്കുമൊരഗ്നിവത്

മുന്നില്‍ കാണുവതെന്തെന്തോ
അതോടൊട്ടിചേരുകയായ്
പുനഃ പ്രിയമപ്രിയമായ്
നഷ്ടബോധവുമായഥ

ശോകമായതിനൊപ്പമാ
യുണ്ടാം ക്രോധവുമക്ഷണം
ഏറും ശോകാദിയാലെന്നും
നീറും മനുജമാനസം

എന്തിനായ് തീര്‍ത്തതീവണ്ണം
ചപലം മാനസം വിഭോ
എന്തിനായ് തന്നതീമായാ
മോഹദുഖാദികാരകം

No comments:

Post a Comment