Tuesday, 29 January 2013

'വിഷയസുഖം'

വിഷമങ്ങളില്ലാത്തൊരാളിനേയും
വിഷമമാണിന്നിഹ കണ്ടീടുവാന്‍
വിഷമത്തിന്‍ ഹേതുവേതൊരാള്‍ക്കും
വിഷയങ്ങള്‍ തന്നെയാണെന്നുചൊല്ലാം

വിഷയങ്ങളില്‍ പെട്ട മാനസം തന്നെയാം
വിഷമങ്ങളില്‍ പെട്ടുലയുന്നതും
വിഷയങ്ങളെ വിട്ടു പോരുവാനെങ്കിലും
വിഷമമാണത്രേയെന്നുകാണ്മൂ

വിഷയസുഖങ്ങള്‍ നുകരുന്നവനതു തന്നെ
വിഷമാവതൊട്ടുമേയറിവതില്ല
വിഷയബദ്ധം മനം, ചുട്ടെരിക്കുന്നൊരാ
വിഷമധുപാനം വിട്ടൊഴിവതില്ല

വിഷമമകതാരില്‍ ചെന്നുവെന്നാലതു കൊടും
വിഷമായകമെല്ലാം ചുട്ടെരിക്കും
വിഷമതു വെളിയില്‍ വന്നുവെന്നാകിലോ
വിഷമിക്കുമുലകമതിന്റെ തീയാല്‍

വിഷമതു കണ്ഠേ തങ്ങിനിന്നീടിലോ
വിഷമമില്ലാര്‍ക്കുമെന്നായിടാം
വിഷമതകമേ ചെല്ലായ്കില്‍ താപത്താല്‍
വിഷമിക്കയില്ലന്തരംഗമെന്നുമാകാം

No comments:

Post a Comment