എനിക്കൊരുകൂട്ടായ്,
എന്‍ കൂടെപിറപ്പായ്,
ജീവരഥസാരഥിയായ്,
എന്‍ കൂടെ നീയിരുന്നു
എന്നെ അറിയുന്ന
എന്‍ ഹിതമറിയുന്ന
എന്‍ പ്രിയതോഴനായ്
ഞാന്‍ തന്നെയായിരുന്നു
ഒരുനാള്‍:
ഞാനറിയാതെയെന്‍ നിഴല്‍ പിറന്നു
എന്നിലുമേറെവലുതായതു വളര്‍ന്നു
എന്‍ നിഴലിന്‍ തണലിലലസം മയങ്ങി
എന്നെ മറന്നു, എന്‍ തോഴനെ മറന്നു
വിതുമ്പും കാര്‍മുകിലുകള്‍
ഇരുളിന്‍ നിഴല്‍ വിരിച്ചു
കാലവര്‍ഷത്തില്‍ ശോകം
ഇവിടെ മിഴിനീരായൊഴുകി
എന്നിട്ടും:
കാര്‍മുകില്‍ പാളികള്‍ക്കിടയില്‍
ഒരുമിന്നലായെന്‍ വഴിതെളിച്ചു
കുളിര്‍ തെന്നലായ്, കരുണയായ്,
നീയെന്നെ തഴുകിയുറക്കി
എന്നിട്ടും നിന്‍ മിഴികളിലെ
സത്യമെന്‍ മിഴികളറിഞ്ഞില്ല
സത്യത്തിടിമുഴക്കം പോലും
എന്‍ കാതുകളറിഞ്ഞില്ല
ശാസ്ത്രത്തിന്‍ സുവര്‍ണ്ണത്താളില്‍
ഞാന്‍ സത്യപ്രകാശം തിരഞ്ഞു
സത്യത്തിന്‍ മൊഴിതിരഞ്ഞു
കേവലസത്യദര്‍ശനം തിരഞ്ഞു
ഒടുവില്‍:
കണ്ടില്ലെങ്ങുമാസത്യമൊടുവില്‍
ഹിരണ്‍മയമൊരു ശ്രീകോവില്‍ കെട്ടി
ഞാനൊരുസ്വര്‍ണ്ണതിടമ്പുതീര്‍ത്തു
ഇനിയുമറിയാത്തസത്യത്തിനെ
എന്‍ പ്രാണനായാവാഹിച്ചു
ഞാനാതിടമ്പില്‍ ബന്ധിച്ചു
എന്‍ നിഴലിന്‍ ഇരുളില്‍
ഞാന്‍ വീണ്ടുമേകനായെന്‍
യാത്ര ഇനിയും തുടരുന്നു
പുതിയൊരു സത്യത്തിന്‍
കാണാക്കരയിലെ ദിവ്യമൊരു
കിനാവുതേടിയലയുന്നു
No comments:
Post a Comment