Saturday, 10 January 2015

ശ്രീഹരേ നമഃ

ശ്രീവാഴും നിന്റെ പാദം മമ ഹൃദി സതതം കാണുവാനായി വിഷ്ണോ

നീ വന്നെന്‍ ചിത്തമാകും കടലിലമരണേ നിര്‍മ്മലാനന്ദമായി

ജീവന്നാധാരമായെന്നുടലിതിലലിയും പ്രാണനായന്നമായി-

ട്ടേവം കാണുന്നതെല്ലാം തവ കൃപമയമായ് കാട്ടണേ വിശ്വനാഥാ


ഹംസം പോല്‍ വാഴുവാനാ,യുലകിലെ പലതായുള്ളമാലിന്യമെല്ലാം

നിസ്സന്ദേഹം കളഞ്ഞാകൃപയുടെ കടലാം നിന്നെ മാത്രം സ്മരിക്കാന്‍

കംസാരേ! നിന്‍ കടാക്ഷം മമ ഹൃദി തെളിയാന്‍, നീ കനിഞ്ഞീടണേയീ

സംസാരം ദുഃഖമേകാതിവിടെയമരുവാനേകണേ ഭക്തിയെന്നില്‍

രേ മത് ചിത്തേ മറന്നീടരുതൊരുനിമഷം പോലുമാദിവ്യരൂപം

കാമക്രോധാദിയില്‍ നീ വലയരുതതിനായ് നിത്യവും നീ സ്മരിക്ക

നാമം ചൊല്ലീടുവാനായൊരുമടിയരുതേ, ചെയ്തിടും കര്‍മ്മമെല്ലാം

സാമോദം ചെയ്തിടേണം ഹരിചരണയുഗം പൂകുവാനായി നിത്യം

നാനാമോഹങ്ങളാകും തിരകളുയരുമെന്മാനസം തന്നിലെന്നും

ജ്ഞാനത്തിന്‍ രൂപമായ് നീ തെളിയണമതിനായ് വൈകിടുന്നെന്തിതേവം

ഞാനെന്നുള്ളോരഹന്താഫണിയുടെ വിഷമെല്ലാമകറ്റീട്ടു വേഗം

പാനം ചെയ്തീടുവാനായ് പകരുക ഭഗവന്‍ ഭക്തിയാമൌഷധം നീ

മന്ദസ്മേരം തുളുംമ്പും തവ മുഖകമലം കാണുവാനായി നിത്യം

സന്തോഷത്തോടെ വാഴാന്‍ കനിയുക ഭഗവന്‍ ചിത് പ്രകാശസ്വരൂപാ

ചിന്താഗോക്കള്‍ക്കിടയ്ക്കായ് തെളിയുമിടയനായ് മിന്നുമാസത്യമേ നീ-

യെന്നും കാണായ് വരേണേ യടിയനുമറയാതുള്ളതാം വെട്ടമായി

No comments:

Post a Comment