Sunday, 25 January 2015

ഓം നമോ നാരായണായഃ

ഓങ്കാരപ്രതിപാദ്യമായ പൊരുളീ

ഞാനെന്നറിഞ്ഞീടുമെ-

ന്നാങ്കാരാദികളായ് തെളിഞ്ഞു പുനരെന്‍

കണ്ണും മറച്ചീടവേ

പങ്കേ താനെ വിരിഞ്ഞിടുന്ന കമലം

പോലെന്നിലായ് നില്പതായ്

ശങ്കാതീതമറിഞ്ഞിടേണമിതു താന്‍

ചിത്ജ്യോതിയായ് കാണ്മതും

നന്നായുള്ളിലുറച്ചഭക്തി തെളിയി-

ച്ചീടുന്ന വെട്ടത്തിനാ-

ലെന്നില്‍ തിങ്ങിടുമന്ധകാരമകലാന്‍

ദീപം തെളിച്ചൊക്കെയും

ഒന്നാണെന്നൊരുസത്യമെന്നുമകമേ

കാട്ടിത്തരാനുള്ളിലാ

മിന്നുന്നാപ്പൊരുളാണെനിക്കുലകിതും

കാട്ടുന്നതാം വെട്ടവും

മോഹം പൊങ്ങിയടങ്ങിടും മമ മനം

പാലാഴിയായിട്ടതില്‍

മോഹത്താലെ വലഞ്ഞിടാത്ത പൊരുളായ്

ശേഷിപ്പതെന്താണതോ

നാഗം പോലെ തെളിഞ്ഞു കാണുമതിലായ്

ശാന്തം ശയിച്ചീടുമാ

മോഹാതീതനറിഞ്ഞിടുന്നു മിഴിയാല്‍

കാണാത്തതാം സത്യമായ്

നാരം നല്കിടുവാനണഞ്ഞ കൃപയായ്

മായാത്ത സൌഭാഗ്യമായ്

നേരായ് നന്മകളേകിടുന്ന പൊരുളായ്

മോക്ഷം തരും ജ്ഞാനമായ്

നേരായുള്ളൊരു മാര്‍ഗ്ഗമോതിയനിശം

നെഞ്ചില്‍ തെളിഞ്ഞീടുമെന്‍

ചാരേ വന്നൊരു ദേശികന്റെ ദയയാണി-

ക്കാണ്മതായൊക്കെയും

രാഗദ്വേഷമദാദിയാല്‍ വലയുമെന്‍

ചാരത്തണഞ്ഞിട്ടക-

ത്താരേ ശാന്തി പകര്‍ന്നു കാത്തിടുവതായ്

കാണുന്നു ഞാന്‍ നിത്യവും

ശോകം മാറ്റിയെനിക്കു വാഴ്വിലനിശം

വാഴാന്‍ കരുത്തേകിടു-

ന്നാസത്യപ്പൊരുളേ നിനക്കു ഹൃദി ഞാന്‍

ചൊല്ലുന്നിതാ വന്ദനം

യന്ത്രം പോലെ വസിച്ചിടുന്ന സമയ-
ത്തുള്ളില്‍ ത്തെളിഞ്ഞിട്ടു നീ

മന്ത്രിച്ചെന്തതറിഞ്ഞതില്ല മിഴിയില്‍
സത്യം തെളിഞ്ഞില്ല മേ

മന്ത്രം ചൊല്ലി ജപിക്കുവാനറിവുമി-

ല്ലെന്തിന്നു ചെയ്യാവു ഞാന്‍

മന്ത്രിച്ചീടുവതൊക്കെയും മമ വിഭോ

നിന്‍ നാമമാകേണമേ

ണത്താരായുലകം തെളിഞ്ഞുവരുമാ

നേരത്തു കാണുന്നതാം

സത്തായുള്ളതിനെന്തു പേരുപറയാ-

നാവുന്നതുള്ളൂ വൃഥാ

ചിത്തേ തോന്നിയരൂപമേകിയടിയന്‍

പൂജിച്ചിടുന്നര്‍ഘ്യമായ്

ചിത്താം പത്മവുമേകിടുന്നു, കൃപയാ

കാക്കേണമേ നിത്യവും

യാതൊന്നില്‍ പല നാളു മുമ്പിലുളവായ്

കാണാവതായൊക്കെയും

യാതൊന്നില്‍ മറയുന്നു കാണ്മതഖിലം

കാലം കഴിഞ്ഞീടുകില്‍

യാതൊന്നിന്‍ കൃപയാലെ നിത്യമുലകില്‍

വാഴുന്നു ഞാനീവിധം

യാതൊന്നെന്നിലമര്‍ന്നു കാത്തരുളുമാ

കാരുണ്യമേ കൈ തൊഴാം

No comments:

Post a Comment