കളവുണ്ടെന്നുള്ളിലായെങ്കിലാ
കളവും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു
കളവിലാബാലിയെ കൊന്നകാരുണ്യമായ്
കളവൊടുക്കീടു നീ കണ്ണാ
കുറവുണ്ടെന്നുള്ളിലായെങ്കിലാ
കുറവും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു
കുറവകറ്റീട്ടുള്ളിലറിവായ് തെളിക നീ
കാരുണ്യവാരിധേ കണ്ണാ
പിഴയുണ്ടെന്നുള്ളിലായെങ്കിലാ
പിഴയും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു
വഴിപോലെ പിഴതീര്‍ത്തു കാത്തരുളീടുക
വഴിവിളക്കാക നീ കണ്ണാ
അഴലുണ്ടെന്‍ വാഴ്വിലായെങ്കിലാ
അഴലും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു
അഴലലട്ടീടുമ്പോള്‍ കനിവോടെ വന്നെന്നെ
കാത്തരുളീടുകെന്‍ കണ്ണാ
അഹന്തയുണ്ടുള്ളിലായെങ്കിലാ-
അഹന്ത നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു
അലിവോടണഞ്ഞഹന്തയാം നക്രത്തിന്‍
ഗളമറുത്തെന്നെ നീ കാക്ക
കഴിവുണ്ടെന്നുള്ളിലായെങ്കിലാ
കഴിവും നിന്‍ കാല്‍ക്കലര്‍പ്പിച്ചിടുന്നു
കഴിവെല്ലാമര്‍ ച്ചനാപുഷ്പമായ് നിന്‍ പാദ-
സേവയ്ക്കുതകട്ടെ കണ്ണാ
No comments:
Post a Comment