പുണ്യപാപത്തിന്റെ ഇരുമുടിക്കെട്ടുമായ്
പമ്പാനദീതടം ലക്ഷ്യമാക്കി
ധന്യമീമണ്ഡലനാളിലെന്‍ മാനസം
തീര്‍ത്ഥാടനത്തിനൊരുങ്ങി നില്‍പൂ
എരുമേലി വാസന്റെ മുന്നിലഹന്തയും
അടിയോടെ തുള്ളിയടങ്ങി പിന്നെ
ഗുരുവായി വാവാരു സ്വാമിയെ കുമ്പിട്ടു
കാനനം തന്നിലേയ്ക്കെത്തിടുന്നു
അഴലിന്റെയഴുത ഞാനേറുമ്പോളെന്‍ പാദം
ഇടറാതെ കാക്കും പരം പൊരുളേ
കരിമലയാകുമജ്ഞാനമാമലയി-
റങ്ങിടാനൊപ്പമുണ്ടായിടണേ
ദുരിതങ്ങളൊക്കെയും പമ്പാനദിയില്‍ ഞാന്‍
കഴുകി ദേഹത്തിന്നു ശുദ്ധിയേകി
ഗണപതി,യുമ,രാമ,ഹനുമത് ചരണങ്ങളില്‍
തൊഴുതു നമസ്കാരം ചെയ്തശേഷം
കലിയുഗവരദന്റെ മാമലകേറുവാന്‍
ശബരീശകാരുണ്യം തേടുകയായ്
അപ്പാച്ചിമേട്ടിലും ശബരിപീഠത്തിലും
വിധിപോലെ കുമ്പിട്ടുവലവും വെച്ചു
ശരം കുത്തിയാലിലെന്‍ ശരവുമെറിഞ്ഞു ഞാന്‍
താവകസന്നിധാനത്തിലെത്തി
പതിനെട്ടുപടിമേലെ നില്‍ക്കുമാ വരദന്റെ
പാദപത്മം കൂപ്പി നിന്നിടുന്നു
No comments:
Post a Comment