Monday, 1 December 2014

കാര്‍മുകിലിനോട്

ദാഹനീരേന്തി വന്നെത്തുന്ന കാര്‍മുകി-

ലെന്തിനായ് ഗര്‍ജ്ജിച്ചിടുന്നതേവം ?

ആഴിയില്‍ നിന്നും വരുന്നതാമാജല-


മാഴിയിലേക്കു മടങ്ങിടുന്നു

തെല്ലിട തന്‍ വശം വന്നതിത്ര മേല്‍

ഗര്‍വ്വം നടിപ്പതു നല്ലതാണോ ?

മാനത്തു പാറിപ്പറക്കുന്നതില്‍ സുഖം

കാണാമെന്നാകിലും  നീയറിയൂ

നിന്നകം നീറുന്ന നേരത്തതു മഴ-

നീരായീ ഭൂമിയില്‍ വന്നു ചേരും

ആറായിട്ടൊറെ കാടുകള്‍ മേടുകള്‍

താണ്ടിയതാഴിയില്‍ ചെന്നു ചേരും

ആഴിയില്‍ നിന്നു വരുന്നതിമ്മട്ടിലാ-

യാരുടെ കൈവശമെത്തിയാലും

ആഴിയിലേക്കതു ചെന്നു ചേരും ജല-

മാഴി തന്നാഴത്തില്‍ പോയ് മറയും

No comments:

Post a Comment