കുരുകുലത്തിലെ നായകരൊക്കെയും
കരു കണക്കഥ നിന്നൊരു വേളയില്‍
കരുണയോടൊരു ചേല തരാനുമെ-
ന്തൊരുവനില്ലിഹ ധര്‍മ്മമകന്നുവോ ?
കുരുകുലത്തിലെ ധര്‍മ്മവുമൊപ്പമായ്
വരുമൊരാബലവും ഹൃദിയോര്‍ത്തു ഞാന്‍
ചടുലമാം ശരമെയ്യുവതിന്നൊരാ
കഴിവുമെന്‍ തുണയെന്നു നിനച്ചു പോയ്
തരികയില്ലിവയൊന്നുമെനിക്കൊരാള്‍
തുണയുമെന്നറിയുന്നൊരുവേളയില്‍
മിഴിയിലായണയും മിഴിനീരിനും
കഴിയുമോ കദനം കളയാന്‍ വിഭോ ?
പിഴവിതെങ്ങിനെ വന്നതു കേശവാ
കഴിവുകെട്ടകുലത്തിലണഞ്ഞതോ ?
പിഴവിതാരുടെയാകിലുമിന്നു ഞാന്‍
പഴി പറഞ്ഞതു കൊണ്ടിതുമാറുമോ ?
ഹൃദയപത്മമതിങ്കലണഞ്ഞതാം
കരുണ താനൊരു രക്ഷയറിഞ്ഞു ഞാന്‍
മിഴിയുമല്ല മിഴിയ്ക്കുമകത്തെഴു-
ന്നഴലെഴാപ്പൊരുളേ തുണയേകണേ
No comments:
Post a Comment