Thursday, 11 December 2014

തൃണം




മദ്ധ്യാഹ്നവെയിലിന്റെ കൊടുംചൂടില്‍ അല്പം വിശ്രമത്തിനായി നഗരമദ്ധ്യത്തിലെ ഒരു പുൽത്തകിടിയ്ക്കരികിലേയ്ക്ക് അവന്‍ നടന്നടുത്തു...

നഗരത്തിലെ നിരവധി പുൽത്തകിടികളില്‍ ഒന്ന്...പലപ്പോഴും നഗരത്തിന്റെ അഴകിന് മാറ്റു കൂട്ടുന്ന കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ക്കിടയിലെ മരുപ്പച്ച പോലെ കാണുന്ന പുൽത്തകിടിയില്‍ ഒരു വിശ്രമം പലപ്പോഴും കൊതിച്ചിട്ടുണ്ട്..


ഇന്നാദ്യമായി അവിടേയ്ക്ക് നടന്നടുക്കുമ്പോള്‍ മനസ്സില്‍ എന്തായിരുന്നു.... ഹരിതാഭമായ സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള ഓര്‍മ്മയോ ഗൃഹാതുരത്വമോ അജ്ഞാതമായ ഒരു നഷ്ടബോധമോ?

ആ പുൽത്തകിടിയ്ക്കരില്‍ ഇരിക്കാന്‍ ഒരുങ്ങുമ്പോള്‍ എവിടെ നിന്നോ ഒരു തേങ്ങല്‍ കേട്ടത് പോലെ

അതോ വെറും തോന്നലായിരുന്നുവോ? അത് ഉയര്‍ന്നത് പുൽത്തകിടിയിലെ പുല്ലില്‍ നിന്നായിരുന്നുവോ? ആ പുല്ലില്‍ കണ്ട ജലകണം ആരും കാണാത്ത കണ്ണുനീരായിരുന്നുവോ? നഗരത്തിന്റെ നിറപ്പകിട്ടില്‍ സ്വയം മറന്ന് അതില്‍ ഒന്നാകാന്‍ കൊതിച്ച് ഇവിടെ എത്തിച്ചേര്‍ന്നതിലെ ദുഃഖമായിരിക്കുമോ? അതോ ഓരോ വളര്‍ച്ചയിലും വെട്ടിനീക്കപ്പെടുന്ന പുത്തന്‍ പ്രതീക്ഷകളെ കുറിച്ചുള്ള ഇനിയും മരിക്കാത്ത ഓര്‍മ്മകളോ? അകലങ്ങളില്‍ എവിടെയോ ഇനിയും കാണാത്ത സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള സങ്കല്പങ്ങള്‍ കാറ്റായി തലോടുമ്പോള്‍ സ്വയം മറന്നാടി തളര്‍ന്ന ക്ഷീണത്തില്‍ തനിയെ ഉയര്‍ന്ന ഒരു നെടുവീര്‍പ്പായിരുന്നുവോ?





No comments:

Post a Comment