Tuesday, 30 December 2014

നവവത്സരാശംസകള്‍

നിലയ്ക്കാത്ത കാലപ്രവാഹത്തിനൊത്തേ
ചലിയ്ക്കുള്ളു മാനത്തെ താരങ്ങളും, കേള്‍
നിലത്തിന്നതും നോക്കി നില്ക്കുന്ന ഞാനീ
ചിലയ്ക്കുന്നതെല്ലാമതേസത്യമോതാന്‍

നിണം ചിന്തിടും നാളിരുട്ടില്‍ മറച്ചി-
ട്ടണഞ്ഞോരുരാവില്‍ മറഞ്ഞോരുസൂര്യന്‍
കണക്കറ്റതാം നല്‍ ക്കതിര്‍ ചൂടി മാന-
ത്തണഞ്ഞീടുമെന്നത്രെ കാണുന്നു നിത്യം

കഴിഞ്ഞോരു കാലം മറക്കേണ്ടതത്രെ
കൊഴിഞ്ഞോരു പൂവും വിടര്‍ന്നീടുകില്ലാ
മിഴിപ്പൂവിലെന്തിന്നു കണ്ണീരു തിങ്ങു-
ന്നഴല്‍ തന്നകാലം കഴിഞ്ഞിട്ടുമേവം

വരും കാലമാനന്ദമേകുന്നതാകാന്‍
ചിരം മോദമേടൊത്തു വാഴാന്‍ സുഹൃത്തേ
മറന്നീടൂ പൊയ്പോയ കാലത്തെ, ചിത്തേ
നിറയ്ക്കൂ മനശ്ശാന്തിയേകും പ്രകാശം

നിനക്കായുരാരോഗ്യമെല്ലാമതൊത്തായ്
മനശ്ശാന്തിയാനന്ദ,സൌഭാഗ്യമെല്ലാം
കനിഞ്ഞേകിടാനേകസത്യത്തെ ഞാനും
നിനച്ചിന്നു വന്ദിച്ചിടുന്നെന്‍ സുഹൃത്തേ

No comments:

Post a Comment