Friday, 26 December 2014

കര്‍മ്മയോഗം

വഴി തെളിച്ചിടുവാന്‍ ഭഗവാന്‍ സ്വയം
നിഴലു പോലരികത്തൊരു തോഴനായ്
കഴിവെഴുന്നൊരു സോദരരഞ്ചുപേര്‍-
ക്കഴലകന്നതുമില്ലിതുമത്ഭുതം

നിയതി മാറി വരില്ലതു കൊണ്ടു നാം
സ്വയമറിഞ്ഞു വസിക്കണമെപ്പൊഴും
ജയപരാജയമല്ലിതു ജീവിതം
ക്ഷണികമെങ്കിലുമെത്ര രസാവഹം

കഴിയുകില്ലിവിടാര്‍ക്കുമിതോര്‍ക്ക നാ-
മഴലെഴാതെ വസിച്ചിടുവാന്‍ സഖേ
അഴലിലും തുണയാകുമൊരാ കൃപാ-
ബലമതൊന്നു മനസ്സിലുറയ്ക്കണം

ചെറിയതാകിലുമല്ലതുമേറ്റവും
പെരിയതാകിലുമൊക്കെയുമെന്നുമേ
കരുതണം മനതാരിതിലീശ്വര-
ചരണപത്മമതിങ്കലെ പൂജയായ്

വിധി കണക്കു വരും പല കര്‍മ്മവും
കഴിവു പോല്‍ തുടരേണമതെന്നിയേ
വഴിയൊരുത്തനുമില്ലിവിടീശ്വര-
കൃപയതിന്നുതുണയ്ക്കുവതിന്നെടോ

No comments:

Post a Comment