Tuesday, 16 December 2014

രാധാമാധവം

ക്രൂരജന്തുക്കളേറുന്നൊരീകാട്ടിലേ-

യ്ക്കെന്തിനായിട്ടെന്നെ കൊണ്ടുവന്നന്നു നീ ?

ഘോരമീകാടുകണ്ടുള്ളം നടുങ്ങുമ്പോള്‍

കാണാമറയത്തായൊളിച്ചതുമെന്തിനായ് ?


കൂരിരുള്‍ മൂടുമീരാവിലയ്യോ കഷ്ടം

ഭീതിദമാം മട്ടിലാരലറീടുന്നു

കണ്ണടച്ചുള്ളില്‍ തിരഞ്ഞാലുമെന്തതില്‍

തിങ്ങുന്നഹോയിരുള്‍ ലോകത്തിലെന്ന പോല്‍

മാനസമാം യമുനാ നദി കേഴുന്നൂ

മാധവപാദത്തെ തേടിയലയുന്നൂ

സാന്ത്വനമേകുമാവേണുഗാനം പോലും

കാതിലണയാതിരപ്പതുമെന്താവോ ?

പാലൊളിചന്ദ്രികപോലുമസഹ്യമാം

നോവുപകരുവാന്‍ കാരണമെന്താവോ ?

വൃന്ദാവനം വിട്ടു പോകയോ, കണ്ണാ നിന്‍

മന്ദസ്മിതം കാണാനാവുകയില്ലയോ ?

No comments:

Post a Comment