Tuesday, 11 February 2014

രണ്ട് സഹോദരര്‍

പണ്ടൊരു കാലത്തു, പണ്ടൊരു നാട്ടിലാ-

യുണ്ടായിരുന്നത്രെ സോദരര്‍ രണ്ടു പേര്‍

വിദ്യയും നേടി വന്നെത്തി പിതാവിന്റെ

മുന്നിലാമോദം വണങ്ങി നില്‍ക്കുന്നേരം

 

എന്തോ നിനച്ചേവമോതിയാ താതനും

"മക്കളേ നിങ്ങള്‍ക്കേകുന്നിതാ പണം

പത്തു പണമുണ്ട്, മുറിയുണ്ട് രണ്ടാള്‍ക്കും

വാങ്ങും പൊരുളാലെ മുറി നിറച്ചീടുക"

 

പത്തു പണത്താലെ എന്തു താന്‍ ലഭ്യമെ-

ന്നോര്‍ത്തു വശം കെട്ടു പോയതില്‍ മൂത്തവന്‍

കിട്ടുന്നു ചാണകം മാത്രമെന്നോര്‍ത്തിട്ടു

വാങ്ങിയതിന്നാലെ മുറിയും നിറച്ചവന്‍

 

പത്തു പണത്തിലൊരുപണം മാത്രം

കൊടുത്തു വാങ്ങീ കര്‍പ്പൂരദീപാദിയനുജനും

കര്‍പ്പൂരഗന്ധത്തിനാലെ നിറഞ്ഞത്രെ-

യനുജന്റെ മുറിയെന്നാ,ലാരിതിലുത്തമന്‍ ?

 

ഓര്‍ക്കുക കൂട്ടരെ നമ്മുടെ കഥയിതു

സോദരരെന്നുമേ നമ്മളെന്നറിയുക

അല്പമുള്ളാപണം പോലെയാണായുസ്സ്

മാനസമെന്നതാമുറിയുമെന്നറിയുക

 

കാണ്മതുണ്ടാം തിന്മ ലോകത്തിലെങ്കിലും

മാനസം തന്നില്‍ നിറച്ചിടാന്‍ നല്ലതോ ?

നന്മ തന്‍ സാന്ത്വനമേകും സുഗന്ധ-

മൊരല്പമെന്നാകിലും നന്നതു താനല്ലേ ?

No comments:

Post a Comment