Wednesday, 12 February 2014

കാഴ്ച

ചൊല്ലാമൊരു കഥ, കേട്ട കഥ ബുദ്ധ-

ഭിക്ഷുക്കളോതുന്ന നല്ല കഥ

ഉണ്ടായിരുന്നു പോല്‍ പണ്ടൊരു നാട്ടിലായ്

രണ്ടു സഹോദരെങ്കിലോ, കേള്‍

 

ഉണ്ടായിരുന്നതേയില്ല പോല്‍ സാദൃശ്യം

സോദദരര്‍ തമ്മിലെന്നത്രെ വന്നു

ജേഷ്ഠനോ പണ്ഡിതന്‍, കരളലിവുള്ളന്‍

കനിഷ്ഠനജ്ഞാനി,യൊറ്റക്കണ്ണന്‍

 

വന്നു പോലാഗൃഹം തന്നിലൊരുനാളില്‍

സഞ്ചരിച്ചീടുന്ന ബുദ്ധഭിക്ഷു

വാദത്തിനായ് വിളിച്ചാനവന്‍, വീട്ടിലെ പണ്ഡിതന്‍

വാദത്തില്‍ ചേരണം പോല്‍

 

പൂജാദികര്മ്മങ്ങള്‍ ചെയ്കയാല്‍ ജ്യേഷ്ഠനു

വാദത്തില്‍ ചേരുവാനായതില്ല

കനിഷ്ഠനോടോതി പോല്‍  "വാദത്തില്‍ ചേരുക

മൌനമായ് വേണമതെന്ന് മാത്രം"

 

ഭിക്ഷുവൊരുങ്ങിയാമൌനവാദത്തിനായ്

"ഒന്നെ"ന്നൊരു വിരല്‍ കാട്ടി വേഗാല്‍

കനിഷ്ഠനന്നേരം കാട്ടി വിരല്‍ രണ്ടും

ഭിക്ഷു വിരല്‍ മൂന്നും കാട്ടിയത്രെ

 

കനിഷ്ഠനന്നേരത്ത് കാട്ടി തന്‍ മുഷ്ഠിയും

ഭിക്ഷുവും വാദം നിറുത്തിയത്രെ

ജ്യേഷ്ഠന്നടുത്തു വന്നോതിയാ ഭിക്ഷു "നിന്‍,

കനിഷ്ഠന്‍ മഹാജ്ഞാനി തന്നെയത്രെ"

 

ബുദ്ധനെയോര്‍ത്തു ഞാന്‍ കാട്ടിയൊരുവിരല്‍

തെല്ലുമേ ശങ്കിച്ചതില്ലയവന്‍

കാട്ടിയവന്‍ കയ്യാല്‍ രണ്ടു വിരലേവം

ശ്രേഷ്ഠ,മുപദേശം ചേര്‍ത്തതല്ലേ?!

 

ബുദ്ധസംഘം നിനച്ചൊപ്പമുയര്‍ത്തി  ഞാന്‍

മൂന്നാമതൊരു വിരലെ,ന്നാലവന്‍

എല്ലാമൊരു പൊരുളെന്നറിവോനത്രെ

തന്‍ മുഷ്ഠിയാലതു കാട്ടി വേഗാല്‍

 

"നന്മ ഭവിക്കട്ടെ ഞാന്‍ ഗമിച്ചീടുന്നു"

എന്നോതിയാഭിക്ഷു യാത്രയായി

എത്തീ കനിഷ്ഠനാ ഭിക്ഷുവേ തേടി

ഏറുന്ന കോപത്താലോതിയേവം

 

ഒറ്റക്കണ്ണനെന്നവഹേളിച്ചുവെങ്കിലും

ഏറ്റം വിനീതനായ് ചൊല്ലി ഞാനും

ഇല്ലേ നിനക്കോ, ര്ക്ക, കണ്ണുകള്‍ രണ്ടെണ്ണം

സന്തോഷം എന്ന് നിനയ്ക്ക നല്ലൂ

 

മൂന്നു വിരല്‍ കാട്ടിയന്നേരത്തുമവന്‍

"രണ്ട് പേര്‍ നമ്മള്, കണ്ണോ മൂന്ന്"

കോപത്തിനാലെ  ഞാന്‍ കാട്ടിയെന്‍ മുഷ്ടിയും

വാദവും നിര്‍ത്തി ഗമിച്ചാനവന്‍

 

പുഞ്ചിരി തൂകിയാ ജ്യേഷ്ഠന്‍ നിനച്ചു പോയ്

എത്ര വിചിത്രമീ ലോകമോര്‍ക്കില്‍

തന്റെ തന്നുള്ളിലായുള്ളതത്രെ കാണ്മൂ

കാണുന്നതാകുന്ന ലോകത്തിലും

 

നന്മയുണ്ടുള്ളിലായെങ്കിലോ കാണ്മു നാം

നന്മയീ കാണുന്ന ലോകത്തിലും

തിന്മയാണുള്ളിലെന്നാകിലോ കാണുന്നു

തിന്മയീ കാണുന്ന ലോകത്തിലും

No comments:

Post a Comment