Wednesday, 12 February 2014

ഭക്തവാത്സല്യം

മുഞ്ചയെന്നവളന്ന് കേണതിന്നാലെയോ

പൂതനയ്ക്കേകി നീ മോക്ഷമന്ന് ?

സ്തന്യം പകര്‍ന്നവളെന്നതിനാലെയായ്

അമ്മയെ പോലെയെന്നാകയാലോ ?

 

നിന്നെ സ്മരിച്ചില്ല, മോഹപാശത്താലെ

നിന്‍ നാമധാരിയാം പുത്രന്റെ പേര്‍

ചൊല്ലി വിളിച്ചന്ത്യകാലത്തജാമിള-

നെങ്കിലും മോക്ഷം നീയേകിയില്ലേ ?

 

പാപി, നിന്‍ ജ്യേഷ്ഠരെ കൊന്നവനെങ്കിലും

മാതുലന്‍ കംസനുമേകി മോക്ഷം

നിന്‍ നാമമോതി കാലം കഴിച്ചവന്‍

ശത്രുഭാവത്തിലെന്നാവുകിലും

 

സൂകരമായ് പാതിമൃഗരൂപമായ് ഭക്ത-

മാനസം തന്നിലെ ചേതനയായ്

കാണും നിന്‍ ഭക്തവാത്സല്യമെത്രമേല്‍

ഗൂഢമചിന്ത്യമെന്നോര്‍ക്കുന്നു ഞാന്‍

No comments:

Post a Comment