Tuesday, 11 February 2014

പ്രണാമം

ചോദിച്ചു പൂവിനോടായൊരുനാളില്‍ ഞാന്‍

"സാനന്ദമാടുവതെങ്ങിനെ നീ?"

"ആടുന്നതല്ല ഞാനാട്ടുന്നതിന്നൊ-

ത്താടുന്നതാണെന്നേ ചൊല്ലിടാവൂ"

 

ചോദിച്ചു ഞാനാഴിത്തിരകളോടാ"യേവ-

മാര്‍ത്തിരമ്പുന്നു നീയെന്തിനായി?"

"ആര്‍ത്തിരമ്പീടുകയല്ല ഞാന്‍ കാറ്റേറ്റി-

ട്ടാടിയുലയുകയാണ്" പോലും

 

ചോദിച്ചു "വിണ്ണിലെ കാര്‍മുകിലേ നിങ്ങ-

ളോടിയകലുന്നതെന്തിനായി?"

"ഓടിയകലുകയല്ല ഞാന്‍ കാറ്റെന്നെ-

യാട്ടിയകറ്റുകയാ,ണറിക"

 

ആളിപ്പടരുന്ന തീയോടു ചോദിച്ചു

"കാടുനശിപ്പിയ്ക്കുന്നെന്തിനായി?"

"ആളിപ്പടരുകയല്ല ഞാന്‍ സോദരാ

കാറ്റാണ്  കാരണമെ,ന്നറിക"

 

ആടിയുലയുന്ന ദീപത്തോടാരാഞ്ഞു

"കെട്ടടങ്ങീടുവതെന്തെ കഷ്ടം?!"

കെട്ടടങ്ങീടാന്‍ കൊതിച്ചല്ല മത്സഖേ

വീശുന്ന കാറ്റു നീ കാണ്മതില്ലേ?"

 

"കാണുന്നതില്ല ഞാന്‍ കാറ്റെന്‍ സഖേ-

യെന്നാല്‍ കാണാതെ കാണ്മതുണ്ടിന്നു ഞാനും"

"കാണാപൊരുളായെന്‍ പ്രാണനായുണരുന്ന

കാറ്റേ നിനക്കായിതെന്‍  പ്രണാമം"

No comments:

Post a Comment