എങ്ങു മറന്നുപോയ് ഞാനെന്റെ തൂലിക
എങ്ങു മറഞ്ഞുപോയിന്നെന്‍ മുരളിക
തെല്ലും ചലിയ്ക്കുന്നതില്ലെന്റെ തൂലിക
തേങ്ങലും നെഞ്ചില്‍ തളര്‍ന്നു മയക്കമായ്
ഓതുവാനായി ചലിയ്ക്കുന്നെന്‍ ചുണ്ടുകള്‍-
ക്കോതുവാനൊന്നുമൊട്ടാവതുമില്ലയോ
പാടുവാന്‍ വെമ്പുന്നതുണ്ടെന്‍ മനസ്സെന്നാല്‍
പാടുവാനാവുന്നതില്ലിന്നെനിയ്ക്കഹോ
വേണുവൂതുന്നൊരാ ഗായകന്‍ പോയ്മറഞ്ഞേ-
തൊരുഗോപികയ്ക്കൊപ്പം രമിക്കയോ
എന്തിനായന്നെന്റെയുള്ളത്തില്‍ വന്നെന്റെ-
യുള്ളത്തിന്‍ മാധുര്യമെല്ലാം കവര്‍ന്നുപോയ്
മന്ദാനിലന്‍, നിലാപൊയ്കയുമൊക്കെയെ-
ന്തേറ്റമസഹ്യമായ് തോന്നുന്നതിന്നുമേ
ജീവിതദുഃഖത്തിന്‍ തൈരും കടഞ്ഞു ഞാന്‍
സത്യമാധുര്യമൂറുന്ന വെണ്ണ തിരയുന്നു
ആവെണ്ണയും തേടിവന്നെത്തുന്നകണ്ണനെ
കാണുവാനായെന്നും കാത്തിരിയ്ക്കുന്നു ഞാന്‍
No comments:
Post a Comment