Saturday, 16 March 2013

സ്നേഹം

സ്നേഹമെന്‍ മിഴികളില്‍
മിഴിനീര്‍ നിറയ്ക്കുമ്പോള്‍
സ്നേഹമെന്‍ കരളിനെ
ചിതയായെരിക്കുമ്പോള്‍

സ്നേഹമാണുലകത്തില്‍
ഏകസാരമാം പൊരുളെ-
ന്നോതിയ കവിമത-
മറിയാതോര്‍ക്കുന്നു ഞാന്‍

കരളിനെയെരിക്കുന്ന
കദനമാണോ സ്നേഹം?
മിഴിയില്‍ വിതുമ്പുമെന്‍
മിഴിനീരിന്‍ മുത്തതാമോ?

അകമേ നിന്നിതുകേട്ട്
ചൊല്ലുന്നുണ്ടീവണ്ണമാരോ
കദനല്ല കണ്ണുനീരിന്‍
തുള്ളിയുമല്ല നൂനം

താനേ തന്നകതാരില്‍
താന്‍ പോലുമറിയാതെ
മധുരം പകര്‍ന്നേകും
മധുവിന്‍ കണമല്ലോ

വ്യാപാരപൊരുളല്ല സ്വാര്‍ത്ഥ-
മോഹവുമല്ല തെല്ലും
ഭ്രാന്തമാം മനസ്സിന്റെ
കാമവിഭ്രാന്തിയുമല്ല

പ്രേമായ് കരുണയായ്
ആശ്രിതവാല്‍സല്യമായ്
കണ്ടിടാമവനിയിതില്‍
സ്നേഹത്തിന്‍ പലരൂപം

മാധുര്യമിതിന്‍  സത്യം
മാധുര്യമിതില്‍  നിത്യം
മധുരമാം മധുവിലും
മാധുര്യമേറും രസം

No comments:

Post a Comment