Thursday, 28 March 2013

മണ്ഡനമിശ്രന്റെ തത്ത

വേദം പ്രമാണമെന്നോതും
മണ്ഡനമിശ്രന്റെ തത്ത
മൂകമായ് തന്നെയിരിക്കാന്‍
കാരണമെന്തായിരിക്കാം

കര്‍മ്മത്തിന്‍ പൈങ്കിളിക്കൂട്ടില്‍
ബന്ധനനോവിനാലാമോ
അദ്വൈതസത്യം തന്നുള്ളില്‍
താനെ തെളിവതിനാലോ

ഭാരതത്തില്‍ അന്ന് നിലനിന്നിരുന്ന പല ചിന്താധാരകളെ അദ്വൈതസിദ്ധാന്തത്തില്‍ സമന്വയിപ്പിച്ചു എന്നാണ് കേട്ടിട്ടുള്ളത്. ആ സാഹചര്യത്തില്‍ സമകാലീനനായിരുന്ന മണ്ഡനമിശ്രനും ആയി ഒരു സം വാദം ഉണ്ടായിരുന്നു എന്നും അതിനുശേഷം മണ്ഡനമിശ്രനും ശങ്കരശിഷ്യനായി മാറി എന്നും കേട്ടിട്ടുണ്ട്. ശങ്കരാചര്യര്‍ വാദഭിക്ഷയ്ക്കായ് മണ്ഡനമിശ്രനെ കാണാന്‍ പോകുമ്പോള്‍  മണ്ഡനമിശ്രന്റെ ആശ്രമത്തില്‍ 'വേദാഃ പ്രമാണം' എന്ന് സദാ പറഞ്ഞുകൊണ്ടിരുന്ന ഒരു തത്ത ഉണ്ടായിരുന്നു അത്രെ. പക്ഷെ പിന്നീട് (വാദത്തിന്റെ അവസാനം അന്നത്തെ നിലവില്‍ നിന്നുരുന്ന രീതി അനുസരിച്ച്) മണ്ഡനമിശ്രനും (കൂടെ സഹധര്‍മ്മിണിയും) ശങ്കരാചാര്യരുടെ കൂടെ ചേര്‍ന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ആ തത്തയെ പറ്റി ഒന്നും പറഞ്ഞു കേട്ടിട്ടില്ല. (ആ തത്തയെ കുറിച്ചാലോചിക്കുമ്പോള്‍ എന്ത്, എന്തിന്, എന്നറിയാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമായി കഴിയുന്ന ഒരു സാധാരണ മനുഷ്യന്റെ മുഖം ആണ്, മനസ്സില്‍ വരുന്നത്)

No comments:

Post a Comment