Tuesday, 26 March 2013

അര്‍ച്ചന

കണ്ടു പൂങ്കാവനം തന്നില്‍
ചെംപനിനീരിന്‍ മൊട്ടു ഞാന്‍
പൂവിറുത്തു കൊരുത്തൂ ഞാന്‍
ഹാരം ഈശ്വരസേവയായ്

അര്‍പ്പണം ചെയ്തൊരാ പൂവോ
വാടി പോയതിവിസ്മയം
ദേവാര്‍പ്പണം ചെയ്തൊരാ
പൂവാടാനെന്താവാം കാരണം

അത്ഭുതം കൂറിടും നേരം
വിസ്മയാകാരനീശ്വരന്‍
അന്തരംഗത്തില്‍ നിന്നോതി
'വല്‍സാ, എന്തിതില്‍ വിസ്മയം'

പൂജയ്ക്കായ് നീയറുത്തോരാ
പൂവിനും ജീവനില്ലയോ
ദൈവചൈതന്യമാം ജീവന്‍
അറുപ്പതു നീയെന്തിനായ്

ഹിംസ ചെയ്യൊല്ല നീയേതും
എന്റെ നാമത്തിലെങ്കിലും
നല്‍ക നിന്നന്തരംഗത്തില്‍
പൂക്കും പൂവൊന്നുമാത്രമേ

ഇല്ല മറ്റേതു പൂവിന്നും
ഹൃദ്പത്മത്തിന്‍ സുഗന്ധവും
അര്‍ച്ചനചെയ്കിലോ ചൊല്ലാം
പൂവിതൊന്നാലെയാകണം

No comments:

Post a Comment