Tuesday, 4 March 2014

കാലത്തിന്‍ കൈകള്‍

കാലത്തിന്‍ കൈകളാ,ണെന്നത്രെ ചൊല്ലാവൂ

കാലം കഴിഞ്ഞാലും മാറാ,യിതൊന്നുമേ

മാറത്തു ചേര്‍ത്തു വളര്‍ത്തിയ മക്കളും

മാറുന്നതായ് കാണാം, കാലം കഴിയുമ്പോള്‍

 

തെല്ലിട വന്നൊന്നു കാണാന്‍ കഴിഞ്ഞെന്നാല്‍

നന്നെന്നു തന്നെ നാമാശ്വസിച്ചീടണം

കാലപ്രവാഹത്തിലീവണ്ണമേവരും

പാടെ മറക്കുന്നു, വന്ന വഴിയൊക്കെ

 

മാറി പോല്‍ കാല,മെന്നു നാം ചൊല്ലിടാം

മാറീതു മക്കളാണെന്നും കരുതീടാം

മാറുകയില്ലെന്നാല്‍ കാണുമീ കാഴ്ചകള്‍

മാറിക്കൊടുക്കണം, കാലത്തിനായ് നമ്മള്‍

 

ഇന്നു നാം കാണ്മതു മാത്രമാം സത്യവു-

മിന്നലെയെന്നതു 'പാഴ്വസ്തു'വെന്നുമായ്

തട്ടി തകര്‍ക്കുന്നു ഇന്നലെ കണ്ടവ-

യൊട്ടുമേ നന്നല്ലെ'ന്നിന്നു' പറയുന്നു

 

ഇന്നിപ്പറയുന്ന'യിന്നു' മറക്കുന്നു

ഇന്നൊരു നാളിലീ'യിന്നും' മറഞ്ഞുപോം

ഇന്നിനുമീഗതി തന്നെ വരും നാളി-

ലിന്നിനെ 'പാഴ്വസ്തു'വെന്നത്രെ ചൊല്ലിടും

No comments:

Post a Comment