Tuesday, 4 March 2014

പ്രാര്‍ത്ഥന

താനെരിയുമ്പോഴും മാലോകര്‍ക്കൊക്കെയും

വെട്ടം പകരുന്ന കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

കൂരിരുള്‍ മൂടുന്ന നേരത്തീലോകത്തില്‍

വെട്ടമായെത്തുന്ന കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

അമ്മയെ പോല്‍ ക്ഷമയോടെയെന്‍ വാഴ്വിന്ന്

താങ്ങായ് നില്‍ ക്കുന്ന കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

എന്റെ മാലിന്യങ്ങളൊക്കെയെടുത്തെന്നെ

ശുദ്ധമാക്കീടുന്ന കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

എന്‍ പാപമൊക്കെയെരിച്ചറിവിന്‍ വെട്ടം

കാട്ടിത്തരുന്നതാം കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

ജീവനായ്, പ്രാണനായ്, കുളിരേകുന്ന കാറ്റായ്

എങ്ങും നിറയുന്ന കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

മോഹമാം മഴവില്ലും നക്ഷത്രജാലവും

കാട്ടിക്കൊതിപ്പിക്കും കാരുണ്യമേ

നീയെനിക്കെന്നുമേ ഗുരുവായമരുന്ന

വിശ്വേശചൈതന്യമെന്നറിവൂ

 

കാണുന്ന കണ്ണായി, കാണുമീ ലോകമായ്

കാണുന്ന കണ്ണിനും കണ്ണുമായി

കാണാതെ കാണുന്ന കാരുണ്യമേ നിത്യ-

മാനന്ദമായെന്നില്‍ തെളിയേണമേ

No comments:

Post a Comment