Tuesday, 4 March 2014

പ്രകൃതി

ചൊല്ലാമൊരുകഥ, കേള്‍ക്ക നീ, മത്സഖേ

ഉണ്ടായിരുന്നൊരു സ്വാമിയേവം *

സ്വാമി തന്‍ ശിഷ്യരുമൊത്തൊരുനാളാറ്റില്‍

സ്നാനത്തിനായിട്ടെത്തി പോലും

 

സ്നാനമദ്ധ്യേ സ്വാമി കണ്ടൊരു തേളിനെ

കൈയ്യിലെടുത്തു കരേറ്റും നേരം

തേളു കടിച്ചു, സ്വാമിയും കൈവിട്ടു

വീണുപോല്‍ തേളു പുഴയില്‍ വീണ്ടും

 

വീണ്ടുമെടുത്തത്രെ സ്വാമിയാ തേളിനെ

തേളും ഭയത്താല്‍ കടിച്ചു വീണ്ടും

ഇങ്ങിനെയേറെ കഴിഞ്ഞ നേരം ശിഷ്യര്‍

ചോദിച്ചു സ്വാമിയോടായിട്ടേവം

 

"സ്വാമിജി, തേളു കടിക്കും, പ്രകൃതി താ-

നെന്തേ ഭവാനുമറിവതല്ലേ?

എന്തിനായേവം വൃഥാ ഭാവാന്‍ ചെയ്യുന്നു,

വിട്ടേക്കുകെന്നു കരുതിക്കൂടേ?"

 

"എന്തു താന്‍ ചെയ്യാം ഞാന്‍, ശിഷ്യരേ ചൊല്ക മേ

തേളിന്‍ പ്രകൃതിയതെങ്കിലോ  കേള്‍

എന്‍ കര്‍മ്മം, കാണുന്ന ജീവനെല്ലാം രക്ഷ-

യേകണമെന്നതാണെന്നറിക

 

തേളു വിടില്ലതില്‍ പ്രകൃതിയാപത്തിലും

ഞാനെന്‍ പ്രകൃതി വിടാവുന്നതോ?

തേളു കടിച്ചാലുമില്ലായ്കിലും കര്‍മ്മം

ചെയ്കയെന്നല്ലാതെയെന്തു ചെയ്യാം"

 

* പണ്ട് കേട്ട് മറന്ന ഒരു കഥ...വിവേകാനന്ദസ്വാമികളുടെ കഥയാണ് എന്നാണ്  എന്റെ കേട്ടറിവ്

No comments:

Post a Comment